News - 2026

പശ്ചിമ ബംഗാളിൽ മരിയന്‍ ഗ്രോട്ടോ തകര്‍ത്ത് അക്രമം

പ്രവാചകശബ്ദം 11-11-2026 - Wednesday

കൊൽക്കത്ത: ഏതാനും മാസങ്ങളായി ക്രൈസ്തവര്‍ക്ക് നേരെ ആക്രമണം ശക്തമായ പശ്ചിമ ബംഗാളിൽ ക്രിസ്‌ത്യൻ പള്ളിക്കുനേരെ ആക്രമണം. പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലുള്ള റൈദിഘിയിലെ 'ഖാരി ബാമുനെർ ചക്' എന്ന ഗ്രാമത്തിൽ പള്ളിക്കരികില്‍ സ്ഥാപിച്ച മരിയന്‍ രൂപമാണ് ആക്രമികള്‍ തകര്‍ത്തത്. സഭാധികൃതർ റൈദിഘി പൊലീസിൽ പരാതി നൽകിയെങ്കിലും പ്രതികളെ പിടികൂടിയിട്ടില്ല. പാസ്‌റ്ററൽ റീജനൽ ചുമതലയുള്ള ഫാ. ഉജ്ജ്ജ്വൽ മൊണ്ടൽ സ്ഥ‌ലം സന്ദർശിച്ചു.

ക്രൈസ്തവരുടെ മതവികാരങ്ങളെ വ്രണപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, അസഹിഷ്ണുതയുള്ള ചില വ്യക്തികളാണ് ഈ പ്രവര്‍ത്തി ചെയ്യുന്നതെന്ന് ഫാ. ഉജ്ജ്ജ്വൽ 'ദി ടെലിഗ്രാഫ്' എന്ന ദിനപത്രത്തോട് പറഞ്ഞു. ആക്രമണങ്ങൾ ഓരോ ദിവസവും തുടരുകയാണെന്നും 16 സംഭവങ്ങളിൽ പോലീസ് പരാതി റജിസ്‌റ്റർ ചെയ്യാൻ പോലും തയാറായില്ലെന്നും ബംഗീയ ക്രിസ്തീയ പരിസേവ (ബിസിപി) സെക്രട്ടറി ഹെറോഡ് മല്ലിക് പറഞ്ഞു. കഴിഞ്ഞ മെയ് മാസത്തില്‍ പശ്ചിമ ബംഗാളിന്റെ ഭരണം ബിജെപി പിടിച്ചെടുത്ത ശേഷം, സംസ്ഥാനത്തെ ക്രൈസ്തവ ദേവാലയങ്ങള്‍ക്കും ക്രിസ്ത്യൻ സ്ഥാപനങ്ങൾക്കും ക്രൈസ്തവരുടെ ഭവനങ്ങള്‍ക്കു നേരെ വ്യാപക ആക്രമണമാണ് അരങ്ങേറുന്നത്.

ആക്രമണ പരമ്പരയിലെ ഒടുവിലത്തെ സംഭവമാണ് മരിയന്‍ രൂപത്തിന് നേരെയുള്ള ആക്രമണം. ഓരോ സംഭവത്തിന് ശേഷവും പരാതികളില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും, കുറ്റവാളികളെ കണ്ടെത്തി അവർക്കെതിരെ ഫലപ്രദമായ നടപടി സ്വീകരിക്കണമെന്നും ക്രിസ്ത്യൻ സംഘടനകൾ ദീർഘകാലമായി ആവശ്യപ്പെട്ടുവരുന്നുണ്ടെങ്കിലും ഫലം കാണുന്നില്ല. ക്രൈസ്തവർക്കെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞയാഴ്ച കൊല്‍ക്കത്തയില്‍ ആയിരകണക്കിന് ക്രൈസ്തവരുടെ റാലി നടന്നിരുന്നു.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »