News

പശ്ചിമ ബംഗാളിൽ വീണ്ടും ക്രൈസ്തവ വേട്ട; ബൈബിൾ നശിപ്പിച്ചു, വിശ്വാസം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബത്തിന് മര്‍ദ്ദനവും ഭീഷണിയും

പ്രവാചകശബ്ദം 28-10-2026 - Wednesday

ഈസ്റ്റ് മിഡ്‌നാപൂർ: പശ്ചിമ ബംഗാളില്‍ ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കുവാന്‍ ആവശ്യപ്പെട്ട് തീവ്രഹിന്ദുത്വവാദികള്‍ ആക്രമണം നടത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം നടക്കുന്നതിനിടെ വീണ്ടും ക്രൈസ്തവ കുടുംബങ്ങള്‍ക്ക് നേരെ ആക്രമണം. ഈസ്റ്റ് മിഡ്‌നാപൂർ ജില്ലയിലുള്ള പാൻസ്കുരയിലെ വെസ്റ്റ് അർജുൻഡ ഗ്രാമത്തിൽ, ഒക്ടോബർ 26 തിങ്കളാഴ്ച വൈകുന്നേരമാണ് ക്രിസ്ത്യൻ കുടുംബത്തിന് നേരെ ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ഇന്നു (ഒക്ടോബർ 28) പാൻസ്കുര പോലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

വിശ്വഹിന്ദു പരിഷത്തുമായി (വി.എച്ച്.പി) ബന്ധമുള്ളവരും, അയൽവാസികളും ഉൾപ്പെടെ ഏകദേശം 30 പേരടങ്ങുന്ന സംഘം തന്നെ ആക്രമിച്ചതായും, വീട്ടിലുണ്ടായിരുന്ന ബൈബിള്‍ നശിപ്പിച്ചതായും പാർവതി ഹെംബ്രാം സോറൻ എന്ന യുവതി കൊടുത്ത പരാതിയില്‍ പറയുന്നു. ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിക്കണമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി വെളിപ്പെടുത്തി. പാർവതിയും ഭര്‍ത്താവ് സന്തുവും, സന്തുവിന്റെ അമ്മാവനും അമ്മായിയും ഉള്‍പ്പെടെയുള്ള കുടുംബം നേരത്തെ കത്തോലിക്ക വിശ്വാസം സ്വീകരിച്ചിരിന്നു. ഇവർ ബലിചക് കത്തോലിക്കാ ഇടവകയ്ക്ക് കീഴിലുള്ള 'ക്രൈസ്റ്റ് ദി കിംഗ് മിഷൻ ചർച്ചിലെ അംഗങ്ങളായി തുടരുന്നതിനിടെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്.

തിങ്കളാഴ്ച വൈകുന്നേരം താനും കുടുംബവും ചേർന്ന് പ്രാർത്ഥിക്കുകയായിരുന്നുവെന്നും ഏഴരയോടെ ഏകദേശം 30 പേരടങ്ങുന്ന സംഘം തങ്ങളുടെ വീട്ടിലേക്ക് അതിക്രമിച്ചുകയറി ഭീഷണി മുഴക്കുകയായിരിന്നുവെന്നും പാര്‍വതി വെളിപ്പെടുത്തി. തങ്ങളുടെ കൈവശമുണ്ടായിരുന്ന ബൈബിൾ പിടിച്ചുവാങ്ങി എറിഞ്ഞുകളഞ്ഞു. തുടർന്ന്, കുടുംബാംഗങ്ങളെ ഒരു മുറിയിൽ പൂട്ടിയിടുകയും തങ്ങളെ മർദ്ദിക്കുകയുമായിരിന്നു. ആക്രമികൾ ബൈബിൾ കീറിക്കളയാനും കത്തിക്കാനും ശ്രമിച്ചപ്പോള്‍ അവരെ തടയാൻ ശ്രമിച്ചെന്നും ഇതേ തുടര്‍ന്നു തന്റെ മുടിയിൽ പിടിച്ച് വീട്ടിൽ നിന്ന് പുറത്തേക്ക് വലിച്ചിഴയ്ക്കുകയും വസ്ത്രം കീറി വീണ്ടും മർദ്ദിക്കുകയും ചെയ്തതായി പാര്‍വതി പറയുന്നു.

കഴിഞ്ഞ ആഴ്ച പാസ്കിം മിഡ്‌നാപൂർ ജില്ലയിൽ ക്രിസ്ത്യൻ കുടുംബങ്ങൾക്കുനേരെ തീവ്ര ഹിന്ദുത്വ സംഘടനയായ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയെന്ന ആരോപണത്തിൽ പോലീസ് എഫ്.ഐ.ആർ (FIR) രജിസ്റ്റർ ചെയ്ത ശേഷം ഇരകളായ കുടുംബങ്ങൾക്ക് പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിരിന്നു. യേശുക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട്, പ്രായപൂർത്തിയാകാത്ത കുട്ടികളടങ്ങിയ മൂന്ന് കുടുംബങ്ങളെ ആക്രമിച്ചുവെന്നും, ബലാത്സംഗ ഭീഷണിയും വധഭീഷണിയും മുഴക്കിയതായും അന്ന് ക്രൈസ്തവര്‍ വെളിപ്പെടുത്തിയിരിന്നു. ഇതിന്റെ ഞെട്ടല്‍ മാറും മുന്‍പാണ് അടുത്ത ആക്രമണം.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »