News

സാങ്കേതിക മുന്നേറ്റം പൊതുനന്മയുടെ സേവനത്തിനാകണം: ബെൻസ് കമ്പനി പ്രതിനിധികളോട് പാപ്പ

പ്രവാചകശബ്ദം 28-10-2026 - Wednesday

വത്തിക്കാൻ സിറ്റി: സാങ്കേതിക കണ്ടുപിടുത്തങ്ങളും നവീകരണങ്ങളും മനുഷ്യന്റെ അന്തസ്സിനും സൃഷ്ടിയുടെ പരിപാലനത്തിനും പൊതുനന്മയ്ക്കും വേണ്ടിയുള്ള സേവനമായി മാറണമെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. മാർപാപ്പയുടെ പ്രത്യേക വാഹനമായ ‘പോപ്പ്മൊബൈൽ’ സേവനത്തിന് നൂറ് വർഷം തികയുന്നതിന്റെ ഭാഗമായി വത്തിക്കാനിൽ ഒരുക്കിയ പ്രത്യേക പ്രദർശനത്തോടനുബന്ധിച്ച് ജർമ്മൻ വാഹന നിർമ്മാണ കമ്പനിയായ മെഴ്‌സിഡസ് ബെൻസിന്റെ ഉന്നത പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു പാപ്പ.

ബുധനാഴ്ചത്തെ പ്രതിവാര കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായാണ് മെഴ്‌സിഡസ് ബെൻസ് കമ്പനിയുടെ പ്രതിനിധികള്‍ പാപ്പയെ സന്ദര്‍ശിച്ച് കൂടിക്കാഴ്ച നടത്തിയത്. വത്തിക്കാനുമായുള്ള ദീർഘകാല സഹകരണത്തിന് കമ്പനിയുടെ എക്സിക്യൂട്ടീവുകൾക്കും തലമുറകളായി പ്രവർത്തിച്ച എഞ്ചിനീയർമാർക്കും തൊഴിലാളികൾക്കും മാർപാപ്പ നന്ദി അറിയിച്ചു. കേവലം ഒരു യാത്രാവാഹനം എന്നതിലുപരി വിശ്വാസികളുമായി കൂടുതൽ അടുക്കാനും അവരെ നേരിൽ കാണാനുമുള്ള ഒരു മാധ്യമമായി പോപ്പ്മൊബൈൽ മാറിയെന്ന് ലെയോ പാപ്പ ചൂണ്ടിക്കാട്ടി.

2025-ലെ ജൂബിലി വർഷത്തോടനുബന്ധിച്ച് ഫ്രാൻസിസ് മാർപാപ്പയ്ക്ക് മെഴ്‌സിഡസ് ബെന്‍സ് കമ്പനി ആദ്യത്തെ സമ്പൂർണ്ണ ഇലക്ട്രിക് പോപ്പ്മൊബൈൽ സമ്മാനിച്ച കാര്യവും പാപ്പ സ്മരിച്ചു. 1930-ൽ പീയൂസ് പതിനൊന്നാമൻ മാർപാപ്പയ്ക്ക് മെഴ്‌സിഡസ് ബെൻസ് ആദ്യത്തെ വാഹനം സമ്മാനിച്ചതിന്റെ സ്മരണാർത്ഥം ‘പോപ്പ്മൊബൈലിന്റെ ഒരു നൂറ്റാണ്ട്’ എന്ന പേരിലാണ് വത്തിക്കാനിൽ പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »