News

ഭാരതത്തില്‍ കാൽനടയായി സുവിശേഷം പ്രസംഗിച്ച മിഷ്ണറി ബിഷപ്പ് മാരെംഗോ ധന്യപദവിയിൽ

പ്രവാചകശബ്ദം 27-10-2026 - Tuesday

വത്തിക്കാൻ സിറ്റി: ഇന്ത്യയിൽ ദീർഘകാലം മിഷ്ണറിയായി സേവനമനുഷ്‌ഠിച്ച സലേഷ്യൻ സന്യാസ സമൂഹാംഗമായ ബിഷപ്പ് ഓറെസ്റ്റെ മാരെംഗോ ഉൾപ്പടെ ആറു ദൈവദാസന്മാരെ ലെയോ പതിനാലാമൻ മാർപാപ്പ ധന്യ പദവിയിലേക്ക് ഉയര്‍ത്തി. 1951 മുതൽ ദിബ്രുഗഢിലെ ബിഷപ്പായി സേവനമനുഷ്ഠിച്ച ഓറെസ്റ്റെ, 1964-ൽ തേസ്‌പൂരിലേക്ക് സ്ഥലംമാറ്റം ലഭിക്കുകയും അവിടെ 1969 വരെ സേവനം തുടരുകയും ചെയ്തു. മേഘാലയയിലെ തുറ രൂപതയുടെ അപ്പ‌സ്തോലിക് അഡ്‌മിനിസ്ട്രേറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കുട്ടിക്കാലം മുതൽക്കേ മിഷൻ പ്രവർത്തനങ്ങളിൽ ചേരാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു. കൗമാരത്തിന്റെ അവസാന ഘട്ടത്തിൽ, ഇന്ത്യയിലെ മിഷൻ പ്രവർത്തനങ്ങൾക്കായി പോകാൻ അദ്ദേഹത്തിന് അനുമതി ലഭിച്ചു. 1932 ഏപ്രിൽ 2-ന് ഷില്ലോങ്ങിൽ വെച്ച് മാരെംഗോ പൗരോഹിത്യത്തിലേക്ക് അഭിഷിക്തനായി; ഷില്ലോങ്ങിൽ നിന്ന് പത്ത് കിലോമീറ്റർ അകലെ, മലനിരകൾ നിറഞ്ഞ പ്രദേശത്തുള്ള ഒരു ഉൾനാടൻ ഗ്രാമത്തിലാണ് അദ്ദേഹം തന്റെ ആദ്യ വിശുദ്ധ കുർബാന അർപ്പിച്ചത്.

വിദൂര ഗ്രാമങ്ങളിലേക്ക് പലപ്പോഴും കാൽനടയായി യാത്ര ചെയ്തിരുന്ന മാരെംഗോ, അവിടെയുള്ള ജനങ്ങൾക്ക് ഇടയില്‍ സുവിശേഷം പ്രസംഗിക്കുകയും, അവരുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുകയും ചെയ്തു. മെത്രാനായി നിയമിതനാകുന്നതിനോട് അദ്ദേഹത്തിന് വിമുഖതയുണ്ടായിരുന്നുവെങ്കിലും സഭാനേതൃത്വത്തിന്റെ നിര്‍ദേശത്തിന് അദ്ദേഹം വഴങ്ങി. തനിക്ക് ചുമതലയുള്ള രൂപതകളിൽ സുവിശേഷ പ്രഘോഷണവും മതബോധനവും അദ്ദേഹം തുടർന്നു. അദ്ദേഹത്തിന്റെ ജീവിതകാലത്ത് തന്നെ വിശുദ്ധിയുള്ള വ്യക്തി എന്ന നിലയില്‍ അറിയപ്പെട്ടിരിന്നു. 2007 ഏപ്രിൽ 12-നാണ് അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചത്.

പെറുവിലെ ബൈബിൾ പ്രചാരണത്തിന്റെ തുടക്കക്കാരനായ ജർമൻ വംശജനായ ബിഷപ്പ് ഫ്രെഡറിക് കൈസർ ഡെപ്പൽ, ഫോക്കോളാരെ പ്രസ്ഥാനത്തിലെ പ്രമുഖ അംഗമായ അർജൻ്റീനിയൻ സന്യാസിനി മാർഗരിറ്റത്ത ബവോസി, മിലാൻ അതിരൂപതയിലെ ദരിദ്രർക്കും ഭിന്നശേഷിക്കാരായ കുട്ടികൾക്കുമായി സ്ഥാപനങ്ങൾ നിർമിച്ചു സേവനം ചെയ്ത ഫാ. ദോ മെനിക്കോ പോളിയാനി, ഇറ്റലിയിലെ കാലാബ്രിയയിൽനിന്നുള്ള ഫാ. അലെസാൻഡ്രോ വിത്തെറ്റി, കപ്പൂച്ചിൻ സന്യാസി ബ്രദർ ദനിയേ ലെ എന്നിവരാണ് ഇക്കഴിഞ്ഞ ദിവസം ധന്യപദവിയിലേക്ക് ഉയർത്തപ്പെട്ട മറ്റുള്ളവർ.


Related Articles »