News - 2026

FACT CHECK; സോഷ്യല്‍ മീഡിയായില്‍ പ്രചരിക്കുന്ന പോസ്റ്ററുകളും യാഥാര്‍ത്ഥ്യവും

പ്രവാചകശബ്ദം 26-10-2026 - Monday

കൊച്ചി: ക്രൈസ്തവ സമൂഹവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ വീണ്ടും വ്യാജ പ്രചരണം. റോബിൻ വടക്കുംചേരിയെക്കുറിച്ചുള്ള അവകാശവാദങ്ങളും കുരിശുരൂപം ചങ്ങലകൊണ്ട് ബന്ധിച്ചിരിക്കുന്നതായി കാണിക്കുന്ന എ‌ഐ ചിത്രവും ഉൾപ്പെടെയുള്ള പോസ്റ്റുകളിലൂടെയുമാണ് ഇപ്പോള്‍ നുണ പ്രചരണം നടക്കുന്നത്. ഇക്കഴിഞ്ഞ ഒക്ടോബർ 8-ന് പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികളുടെ അധ്യക്ഷയായി കത്തോലിക്ക സന്യാസിനിയായ സിസ്റ്റർ മേരി തെരേസ ബാരണിനെ വത്തിക്കാൻ ഔദ്യോഗികമായി നിയമിച്ചിരിന്നു.

എന്നാല്‍ റോബിൻ വടക്കുംചേരിയെ ഇറ്റലിയിലെ പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികളുടെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചുവെന്ന തരത്തിലാണ് സാമൂഹിക മാധ്യമങ്ങളിൽ വ്യാജ പ്രചരണം നടക്കുന്നത്. റോമൻ കൂരിയയിലെ ഏറ്റവും ഉന്നത പദവിയിലുള്ള വനിതകളില്‍ ഒരാളായും, നൂറ്റിഇരുപതിലധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന പൊന്തിഫിക്കൽ മിഷ്ണറി ശൃംഖലയെ നയിക്കുന്ന ആദ്യ വനിതയെന്ന നിലയിലും മാധ്യമ ശ്രദ്ധ നേടിയ സിസ്റ്റർ മേരിയുടെ നിയമന വാര്‍ത്ത ഏറെ ശ്രദ്ധ നേടിയിരിന്നു. യാഥാര്‍ത്ഥ്യം ഇതായിരിക്കെയാണ് റോബിന്‍ വടക്കുംചേരിയ്ക്കു സഭ നിര്‍ണ്ണായക പദവി നല്‍കിയെന്ന വ്യാജ പ്രചരണം സോഷ്യല്‍ മീഡിയായില്‍ ഇപ്പോള്‍ നടക്കുന്നത്.

ഇതോടൊപ്പം അള്‍ത്താരയില്‍ ചങ്ങലകളാല്‍ ബന്ധിച്ച ക്രൂശിത രൂപത്തിന് മുന്നില്‍ ഹെല്‍മറ്റ് ധരിച്ച് ബലിയര്‍പ്പിക്കുന്ന വൈദികന്റെ എ‌ഐ ചിത്രവും ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇക്വഡോറില്‍ ക്രൂശിത രൂപം വൈദികന്റെ മേല്‍ പതിച്ച സംഭവത്തെ മറയാക്കിയാണ് എ‌ഐ ഉപയോഗിച്ച് തയാറാക്കിയ ചിത്രം നിരീശ്വരവാദികള്‍ പ്രചരിക്കുന്നത്. സഭയെക്കുറിച്ച് അടിസ്ഥാനരഹിതമായ വിവരങ്ങൾ പ്രചരിപ്പിച്ച് വിശ്വാസികൾക്കിടയിലും പൊതുസമൂഹത്തിലും തെറ്റിദ്ധാരണ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ക്രൈസ്തവ സാമൂഹിക മാധ്യമ രംഗത്തെ പ്രമുഖര്‍ മുന്നറിയിപ്പ് നല്കുന്നുണ്ട്.

(Tag: Fact checking false social media claims about Robin Vadakkumchery’s alleged Vatican appointment and an AI-generated image targeting the Catholic Church)


Related Articles »