News
നൈജീരിയയിലെ ക്രൈസ്തവ പീഡനം പുറത്തുകൊണ്ടുവന്ന മാധ്യമപ്രവർത്തകന് നീതി; വ്യാജ കേസ് കോടതി തള്ളി
പ്രവാചകശബ്ദം 28-08-2026 - Friday
കടൂണ: നൈജീരിയായിലെ ദക്ഷിണ കടൂണയിൽ ക്രൈസ്തവർ നേരിടുന്ന അതിക്രൂരമായ പീഡനങ്ങളെക്കുറിച്ചും വംശഹത്യയെക്കുറിച്ചും വാർത്ത നൽകിയ പ്രമുഖ മാധ്യമപ്രവർത്തകൻ ലൂക്കാ ബിന്നിയാറ്റിനെതിരെ ചുമത്തിയ വ്യാജ ക്രിമിനൽ മാനനഷ്ടക്കേസ് നൈജീരിയൻ ഫെഡറൽ ഹൈക്കോടതി തള്ളി. നീണ്ട അഞ്ചു വർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് ലൂക്കയെ കോടതി പൂർണ്ണമായും കുറ്റവിമുക്തനാക്കിയത്. വിധിയിൽ സന്തോഷം പ്രകടിപ്പിച്ച ലൂക്കാ ബിന്നിയാറ്റ്, സത്യം ലോകത്തോട് പറഞ്ഞതിനാണ് താൻ തടവിലാക്കപ്പെട്ടതെന്നും നൈജീരിയയിൽ ക്രൈസ്തവർ നേരിടുന്ന കൊടും പീഡനങ്ങൾ ലോകമറിയാൻ മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്നും പ്രതികരിച്ചു.
2021 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ദക്ഷിണ കടൂണയിൽ ക്രൈസ്തവർക്കെതിരെ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ച് ഒരു ജനപ്രതിനിധി നടത്തിയ പ്രസ്താവന ലൂക്കാ ബിന്നിയാറ്റ് യു.എസ് അധിഷ്ഠിത പത്രമായ 'എപ്പോച്ച് ടൈംസിൽ' റിപ്പോർട്ട് ചെയ്തിരുന്നു. ഭരണകൂടം ഈ വംശഹത്യ നിസ്സാരവത്കരിക്കാൻ ശ്രമിക്കുകയാണെന്നായിരുന്നു ജനപ്രതിനിധിയുടെ ആരോപണം. വാർത്ത പ്രസിദ്ധീകരിച്ചതിന് തൊട്ടുപിന്നാലെ, ക്രിമിനൽ മാനനഷ്ടം ആരോപിച്ചു നൈജീരിയൻ അധികൃതർ ലൂക്കയെ അറസ്റ്റ് ചെയ്യുകയും മാസങ്ങളോളം തടവിലിടുകയുമായിരിന്നു.
2022 ഫെബ്രുവരിയിൽ ജാമ്യത്തിൽ ഇറങ്ങിയെങ്കിലും കേസിന്റെ നടപടികൾ തുടരുകയായിരുന്നു. കേസിൽ ലൂക്കയ്ക്കെതിരെ പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ വിശ്വസനീയമല്ലെന്നും കുറ്റം തെളിയിക്കാൻ യാതൊരു തെളിവുമില്ലെന്നും നിരീക്ഷിച്ചാണ് കടൂണയിലെ ഫെഡറൽ ഹൈക്കോടതി കേസ് തള്ളിയത്. മാധ്യമപ്രവർത്തകൻ തന്റെ ധർമ്മം മാത്രമാണ് നിർവ്വഹിച്ചതെന്നും കോടതി വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും വലിയ ക്രിസ്ത്യൻ നീതിന്യായ സംഘടനയായ അലയൻസ് ഡിഫൻഡിങ് ഫ്രീഡം (ADF) എന്ന മനുഷ്യാവകാശ സംഘടനയാണ് ലൂക്കയ്ക്ക് നിയമസഹായം നൽകിയത്.
ലോകത്ത് ക്രൈസ്തവർ ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്ന രാജ്യങ്ങളിലൊന്നാണ് നൈജീരിയ. വടക്കൻ-മധ്യ നൈജീരിയൻ മേഖലകളിൽ മാത്രം പ്രതിവർഷം ആയിരക്കണക്കിന് ക്രൈസ്തവ വിശ്വാസികളാണ് മതതീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. പ്രമുഖ ക്രിസ്ത്യൻ മനുഷ്യാവകാശ സംഘടനകൾ വിധിയെ സ്വാഗതം ചെയ്തു.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


















