India - 2026
സീറോ മലബാർ ഹെറിറ്റേജ് ആൻഡ് റിസർച്ച് സെന്റർ ആശീർവദിച്ചു
പ്രവാചകശബ്ദം 28-08-2026 - Friday
കാക്കനാട്: മൗണ്ട് സെന്റ് തോമസിൽ പ്രവർത്തിക്കുന്ന സീറോമലബാർ ഹെറിറ്റേജ് ആൻഡ് റിസർച്ച് സെന്റർ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ആശീർവദിച്ചു. സീറോമലബാർ സഭയുടെ 34-ാമത് മെത്രാൻ സിനഡിൽ പങ്കെടുക്കാനെത്തിയ എല്ലാ മെത്രാന്മാരും ചടങ്ങിൽ സന്നിഹിതരായിരുന്നു. സീറോ മലബാർ സഭയുടെ വിശ്വാസപാരമ്പര്യം, ചരിത്രം, ആരാധനാപാരമ്പര്യം, സംസ്കാരം, കലാപൈതൃകം എന്നിവ സംരക്ഷിക്കുകയും പഠിക്കുകയും ഗവേഷണം നടത്തുകയും വരുംതലമുറയ്ക്ക് കൈമാറുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഹെറിറ്റേജ് ആൻഡ് റിസർച്ച് സെന്റർ സ്ഥാപിച്ചത്. മുൻ മേജർ ആർച്ച്‌ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും സിനഡ് പിതാക്കന്മാരും ചേർന്നാണ് സെന്ററിന്റെ ശിലാസ്ഥാപനം നിർവഹിച്ചത്.
സഭയുടെ സമ്പന്നമായ പൈതൃകവും ചരിത്രസ്മരണകളും ശാസ്ത്രീയമായി രേഖപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്യുന്നതിനൊപ്പം ഗവേഷകർക്കും വിദ്യാർഥികൾക്കും വിശ്വാസികൾക്കും പഠനത്തിനാവശ്യമായ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതിനായി ഹിസ്റ്റോറിക്കൽ ലൈബ്രറിയും ഡിജിറ്റൽ ലൈബ്രറിയും സജ്ജീകരിച്ചിരിക്കുന്നു.
മാർത്തോമാശ്ലീഹായുടെ ഇന്ത്യയിലെ സുവിശേഷപ്രഘോഷണ പാരമ്പര്യം മുതൽ സീറോമലബാർ സഭയുടെ വളർച്ചയുടെയും വിശ്വാസജീവിതത്തിന്റെയും വിവിധ ഘട്ടങ്ങളുമായി ബന്ധപ്പെട്ട ചരിത്രരേഖകൾ, പൈതൃകവസ്തുക്കൾ, ആരാധനോപകരണങ്ങൾ, കലാസൃഷ്ടികൾ തുടങ്ങിയവ സംരക്ഷിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്നതിനായി സെന്റ് തോമസ് ഹെറിറ്റേജ് മ്യൂസിയവും സെന്ററിൽ പ്രവർത്തിക്കുന്നു. സഭയുടെ ചരിത്രവും പൈതൃകവും ദൃശ്യശ്രാവ്യ മാധ്യമങ്ങളിലൂടെ അവതരിപ്പിക്കുന്ന സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
പ്രശസ്ത മ്യൂസിയോളജിസ്റ്റ് ഡോ. ജോൺ ഫിലിപ്പോസിന്റെ നേതൃത്വത്തിലാണ് സെന്റ് തോമസ് ഹെറിറ്റേജ് മ്യൂസിയം വിഭാവനം ചെയ്ത് സജ്ജീകരിച്ചിരിക്കുന്നത്. സീറോമലബാർ സഭയുടെ ചരിത്രവും പൈതൃകവും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ രേഖപ്പെടുത്തുകയും പഠനവിധേയമാക്കുകയും ചെയ്യുന്ന പ്രധാന കേന്ദ്രമായി ഹെറിറ്റേജ് ആൻഡ് റിസർച്ച് സെന്റർ മാറുകയാണ്. ഹെറിറ്റേജ് ആൻഡ് റിസർച്ച് സെന്റർ ചെയർമാൻ ബിഷപ്പ് മാർ ടോണി നീലങ്കാവിൽ, ഫാ. ഡോ. ജോബിൻ കാഞ്ഞിരത്തിങ്കൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. മ്യൂസിയത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പിന്നീട് നടത്തുന്നതാണ്.

















