News

ഉത്തര കൊറിയയിൽ ക്രൈസ്തവര്‍ക്ക് നേരെ കടുത്ത മതപീഡനമെന്നു ബ്രിട്ടീഷ് സംഘടനയുടെ പുതിയ റിപ്പോർട്ട്

പ്രവാചകശബ്ദം 26-11-2026 - Thursday

പ്യോങ്‌യാങ്: ഉത്തര കൊറിയൻ ഭരണകൂടം ക്രൈസ്തവര്‍ക്ക് നേരെ ക്രൂരമായ മതപീഡനം നടത്തുവെന്ന ആധികാരികമായ വെളിപ്പെടുത്തലുമായി പുതിയ റിപ്പോര്‍ട്ട് പുറത്ത്. ബ്രിട്ടൻ ആസ്ഥാനമായുള്ള 'കൊറിയ ഫ്യൂച്ചർ' (Korea Future) എന്ന സംഘടന പ്രസിദ്ധീകരിച്ച 'എനിമീസ് ഓഫ് ദി സ്റ്റേറ്റ്: അണ്ടർസ്റ്റാൻഡിംഗ് ആന്റി-ക്രിസ്ത്യൻ പെർസിക്യൂഷൻ ഇൻ ദി ഡെമോക്രാറ്റിക് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് കൊറിയ' റിപ്പോര്‍ട്ടിലാണ് ക്രൈസ്തവര്‍ നേരിടുന്ന പീഡനങ്ങളെ കുറിച്ചുള്ള വിവരങ്ങളുള്ളത്. സംശയത്തിന്റെ പേരിൽ പോലും ചോദ്യം ചെയ്യലുകളും തടങ്കലും ക്രൂരമായ പീഡനങ്ങളും ക്രൈസ്തവര്‍ നേരിടേണ്ടി വരുന്നതായി റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തലുണ്ട്.

രാജ്യത്ത് പീഡനത്തിനിരയാകുന്ന ക്രൈസ്തവരുടെ കൃത്യമായ എണ്ണം റിപ്പോർട്ടിൽ പറയുന്നില്ലെങ്കിലും, ഭരണകൂട അടിച്ചമർത്തലുകൾ നടപ്പാക്കുന്ന രീതികൾ വിശദമാക്കുന്നുണ്ട്. ബൈബിൾ കണ്ടുകെട്ടൽ, അകാരണമായ തടങ്കലിൽ വയ്ക്കൽ, ക്രൂരമർദനം എന്നിവ ഉള്‍പ്പെടെ രാജ്യത്തു അരങ്ങേറുന്നു. 2025-ൽ പോലും ക്രിസ്ത്യാനിയാണെന്ന സംശയത്തിന്റെ പേരിൽ ആളുകൾ ക്രൂരമായി മർദിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നതായി ദക്ഷിണ കൊറിയയിലേക്ക് രക്ഷപ്പെട്ട രണ്ട് ഉത്തര കൊറിയൻ സ്ത്രീകളുമായി ബിബിസി (BBC) നടത്തിയ അഭിമുഖത്തെ ചൂണ്ടിക്കാട്ടി സംഘടന വിവരിക്കുന്നു.

സ്കൂളുകളിലും അയല്‍പക്കത്തും നിരീക്ഷണം ‍

ഭരണാധികാരികളുടെ കുടുംബത്തോടും 'വർക്കേഴ്സ് പാർട്ടി ഓഫ് കൊറിയ'യോടും സമ്പൂർണ്ണ വിധേയത്വം ആവശ്യപ്പെടുന്ന ഉത്തര കൊറിയൻ നിരീക്ഷണ സംവിധാനം ജനങ്ങളുടെ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും പിന്തുടരുകയാണ്. കിൻഡർഗാർട്ടൻ മുതൽ സ്കൂളുകളിലെ രാഷ്ട്രീയ വിദ്യാഭ്യാസത്തിലൂടെയും മിഷ്ണറിമാരെയും ക്രിസ്തീയ വിശ്വാസത്തെയും ശത്രുക്കളെ പോലെയാണ് കാണുന്നത്. 'ഇൻമിൻബാൻ' എന്നറിയപ്പെടുന്ന അയൽപക്ക നിരീക്ഷണ സമിതികൾ സംശയാസ്പദമായ പ്രവർത്തനങ്ങൾ ശേഖരിച്ച് അധികൃതർക്ക് റിപ്പോർട്ട് ചെയ്യുന്നു.

യാത്രകൾ, സംഭാഷണങ്ങൾ, വിശുദ്ധ ഗ്രന്ഥം കൈവശം വയ്ക്കൽ എന്നിവയൊക്കെ പോലീസ് നിരീക്ഷണത്തിന് കാരണമാകുന്നു. സുരക്ഷാ വിഭാഗത്തിന് വിവരങ്ങൾ നൽകിയിരുന്ന ബോറം എന്ന സ്ത്രീയുടെ അനുഭവം റിപ്പോർട്ടിലുണ്ട്. 2015-ൽ ക്രിസ്തീയ വിശ്വാസം അനുഷ്ഠിക്കുന്നവരെ കുറിച്ച് വിവരങ്ങൾ ശേഖരിക്കാൻ തനിക്ക് നിർദ്ദേശം ലഭിച്ചിരുന്നതായി അവർ വെളിപ്പെടുത്തി. സുമിൻ എന്ന സ്ത്രീയുടെ അനുഭവവും റിപ്പോർട്ടില്‍ പരാമര്‍ശമാക്കിയിട്ടുണ്ട്.

വിശ്വാസം സംരക്ഷിക്കുവാന്‍ 'അഭിനയവും' ‍

കുട്ടിക്കാലത്ത് അമ്മ പ്രാർത്ഥിക്കുമ്പോൾ വീടിന് പുറത്ത് കളിക്കുന്നതായി നടിച്ച് കാവൽ നിൽക്കാനും, ആരെങ്കിലും വരുന്നത് കണ്ടാൽ ചുമച്ച് മുന്നറിയിപ്പ് നൽകാനും അമ്മ അവളെ പഠിപ്പിച്ചിരുന്നു. വർഷങ്ങൾക്ക് ശേഷം, സുമിന്റെ മകളും തന്റെ മുത്തശ്ശിയുടെ പ്രാർത്ഥനയ്ക്ക് സംരക്ഷണമൊരുക്കാൻ ഇതേ രീതി പിന്തുടർന്നു. പിന്നീട് സൗത്ത് ഹാംഗ്യോങ് പ്രവിശ്യയിലെ തടങ്കൽ കേന്ദ്രത്തിൽവച്ച് കണ്ണടച്ച് പ്രാർത്ഥിച്ചത് ശ്രദ്ധയിൽപ്പെട്ട ഗാർഡുകൾ സുമിനെ ക്രൂരമായി മർദിച്ചു. രണ്ട് വാരിയെല്ലുകൾ, തോളെല്ല്, താടിയെല്ല് എന്നിവ തകര്‍ക്കപ്പെട്ട ശേഷമാണ് പുറത്തുവന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബൈബിള്‍ കണ്ടെത്തിയാല്‍ തടവ് ‍

വിശ്വാസപരമായ വസ്തുക്കൾ കണ്ടെടുക്കുന്നത് അന്വേഷണങ്ങളിൽ നിർണ്ണായകമാകുന്നു. അയൽപക്കത്തുനിന്നുള്ള രഹസ്യവിവരത്തെത്തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ ബൈബിൾ കണ്ടെത്തിയതിനെ തുടർന്ന് അറസ്റ്റിലായ അമ്മയെയും മകളെയും തടങ്കൽ കേന്ദ്രത്തിൽവച്ച് കണ്ടതായി ഡോയുൻ എന്നയാൾ വെളിപ്പെടുത്തി. ക്രിസ്ത്യാനിയെന്ന് തിരിച്ചറിയപ്പെട്ട ഒരാളുടെ മക്കൾക്കും പേരക്കുട്ടികൾക്കും ഉന്നത വിദ്യാഭ്യാസത്തിനോ സർക്കാർ ജോലികൾക്കോ അവസരം ലഭിക്കുന്നത് കഠിനമാകുന്നു.

ചൈനയിൽ നിന്ന് എത്തിയ പാഴ്സലിൽ ബൈബിൾ ഉണ്ടായിരുന്നതിനെ തുടർന്ന് അതിർത്തി കാവൽക്കാരൻ വിവരം നൽകിയതനുസരിച്ച് നാരി എന്ന സ്ത്രീയെയും ബന്ധുവിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും സ്റ്റേറ്റ് സെക്യൂരിറ്റി ഓഫീസിലേക്ക് മാറ്റുകയും ചെയ്ത സംഭവവും റിപ്പോർട്ടിലുണ്ട്. ലോകത്ത് ക്രൈസ്തവര്‍ക്ക് ജീവിക്കുന്നതിന് ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യങ്ങളെ കുറിച്ച് 'ഓപ്പണ്‍ ഡോഴ്സ്' തയാറാക്കിയ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള രാജ്യമാണ് ഉത്തര കൊറിയ.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »