India - 2026
സമാധാനപരമായി ക്രിസ്തുമസ് ആഘോഷിക്കാൻ അവസരമൊരുക്കണം; പ്രധാനമന്ത്രിക്ക് കത്തുമായി യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം
പ്രവാചകശബ്ദം 26-11-2026 - Thursday
ന്യൂഡൽഹി: രാജ്യത്തെ ക്രൈസ്തവർക്ക് ഭയരഹിതമായും സമാധാനപരമായും ക്രിസ്തുമസ് ആഘോഷിക്കാൻ സാഹചര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഇതിനായി സംസ്ഥാന മുഖ്യമന്ത്രിമാരോട് ആഹ്വാനം ചെയ്യുന്ന പൊതുപ്രസ്താവന പ്രധാനമന്ത്രി പുറപ്പെടുവിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭീഷണിപ്പെടുത്തലുകൾ, പ്രാർത്ഥനാ യോഗങ്ങൾ തടസ്സപ്പെടുത്തൽ, ക്രൈസ്തവ ആരാധനാലയങ്ങൾക്കു നേരെയുള്ള ആക്രമണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ ക്രിസ്മസ് കാലത്തിന് മുന്നോടിയായി ക്രൈസ്തവ സമൂഹത്തിനിടയിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെന്ന് സംഘടന വെളിപ്പെടുത്തി. ക്രമസമാധാന പാലന ഏജൻസികൾ ജാഗ്രത പാലിക്കുന്നുണ്ടെന്നും, വർഗീയ സംഘർഷങ്ങൾ തടയുന്നുണ്ടെന്നും, സ്വന്തം വിശ്വാസം ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള പൗരന്മാരുടെ ഭരണഘടനാപരമായ അവകാശം സംരക്ഷിക്കപ്പെടുന്നുണ്ടെന്നും ഉറപ്പാക്കാൻ എല്ലാ മുഖ്യമന്ത്രിമാരോടും ആവശ്യപ്പെടണമെന്ന് പ്രധാനമന്ത്രി മോദിയോട് ഫോറം അഭ്യർത്ഥിച്ചു.
പ്രധാനമന്ത്രിയിൽ നിന്നുള്ള വ്യക്തമായ സന്ദേശം ക്രൈസ്തവർക്കും സമാധാനകാംക്ഷികളായ മറ്റ് പൗരന്മാർക്കും ആത്മവിശ്വാസം നൽകുമെന്നും, ഒപ്പം മതസ്വാതന്ത്ര്യ നിലപാടിനോടുള്ള സർക്കാരിന്റെ പ്രതിബദ്ധതയെ അത് ഉറപ്പിച്ചു പറയുമെന്നും യു.സി.എഫ് (UCF) വ്യക്തമാക്കി. ക്രൈസ്തവ സമൂഹത്തെ ബാധിക്കുന്ന സംഭവവികാസങ്ങളിൽ കേരള മുഖ്യമന്ത്രി വി. ഡി. സതീശൻ അടുത്തിടെ പ്രകടിപ്പിച്ച ആശങ്കയെയും സംഘടന സ്വാഗതം ചെയ്തു. ക്രിസ്മസ് ആഘോഷങ്ങൾക്ക് ഭീഷണിയുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നേരിട്ട് ബന്ധപ്പെടുമെന്ന് സതീശൻ അറിയിച്ചിരുന്നു.
'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?
നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.
സംഭാവന നൽകുക / Donate

















