India - 2026
കാക്കനാട് മൗണ്ട് സെൻ്റ് തോമസിൽ എഴുപതോളം വൈദികരുടെ ജൂബിലി ആഘോഷം നടത്തി
പ്രവാചകശബ്ദം 25-11-2026 - Wednesday
കൊച്ചി: പൗരോഹിത്യ ശുശ്രൂഷയുടെ സുവർണ, രജത ജൂബിലി ആഘോഷിക്കുന്ന വൈദികരെ ആദരിക്കുന്നതിനായി സീറോ മലബാർ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെൻ്റ് തോമസിൽ ജൂബിലി ആഘോഷം സംഘടിപ്പിച്ചു. വിവിധ രൂപതകളിൽ നിന്ന് എഴുപതോളം വൈദികർ പങ്കെടുത്തു. മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന്റെ കാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയിൽ, സുവർണജൂബിലി ആഘോഷിക്കുന്ന ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, ക്ലെർജി കമ്മിഷൻ ചെയർമാൻ ബിഷപ്പ് മാർ ടോണി നീലങ്കാവിൽ എന്നിവരും ജൂബിലേറിയൻമാർക്കൊപ്പം സഹകാർമികരായിരുന്നു.
പൗരോഹിത്യജീവിതത്തിൻ്റെ വിവിധ ഘട്ടങ്ങളിൽ വിശ്വാസത്തോടും സമർപ്പണത്തോടുംകൂടി വൈദികർ സഭയ്ക്കും വിശ്വാസി സമൂഹത്തിനും നൽകിയ സേവനങ്ങളെ അഭിനന്ദിക്കുകയും ദൈവവിളിയോടുള്ള വിശ്വസ്തതയിലും ആത്മീയശുശ്രൂഷയിലും കൂടുതൽ തീക്ഷ്ണതയോടെ മുന്നേറാൻ ജൂബിലി ആഘോഷം പ്രചോദനമാകട്ടേയെന്നും മാർ റാഫേൽ തട്ടിൽ സന്ദേശത്തിൽ പറഞ്ഞു.
അനുമോദനസമ്മേളനം മേജർ ആര്‍ച്ച് ബിഷപ്പ് ഉദ്ഘാടനം ചെയ്തു. ആര്‍ച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, ബിഷപ്പ് മാർ ടോണി നീലങ്കാവിൽ, സഭാ ചാൻസലർ ഫാ. ഡോ. ഏബ്രഹാം കാവിൽപുരയിടത്തിൽ, ഫാ. ഡോ. ഫിലിപ്പ് കാരക്കാട്ട്, ക്ലെർജി കമ്മിഷൻ സെക്രട്ടറി ഫാ. ഡോ. ടോം ഓലിക്കരോട്ട് എന്നിവർ പ്രസംഗിച്ചു. ജൂബിലി ആഘോഷത്തിന് സീറോമലബാർ സഭയു ടെ ക്ലെർജി കമ്മിഷനാണു നേതൃത്വം നൽകിയത്.
'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?
നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.
സംഭാവന നൽകുക / Donate

















