News

പാപുവ ന്യൂ ഗിനിയയിൽ വെടിയേറ്റു കൊല്ലപ്പെട്ട കത്തോലിക്ക വൈദികന് വിട

പ്രവാചകശബ്ദം 23-11-2026 - Monday

റബോൾ: ഓഷ്യാനിയയിലെ പാപുവ ന്യൂ ഗിനിയയില്‍ ഈസ്റ്റ് ന്യൂ ബ്രിട്ടൻ പ്രവിശ്യയില്‍ വെടിയേറ്റു കൊല്ലപ്പെട്ട കത്തോലിക്ക വൈദികന് വിട. ഏതാനും ആഴ്ചകൾക്ക് മുൻപ് അജ്ഞാത സംഘത്തിന്റെ വെടിയേറ്റ മലഗുനൻ സെന്റ് ജോസഫ് ദി വർക്കർ ഇടവക വികാരി ഫാ. ഫ്രാൻസിസ് പാസ്കയ്ക്ക് (61) മരിക്കുകയായിരിന്നു. റബോൾ അതിരൂപതയിലെ വിശ്വാസി സമൂഹം വിട നൽകി. നവംബർ 19നു നടന്ന മൃതസംസ്കാര ശുശ്രൂഷകളിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. ഫാ. ഫ്രാൻസിസിനെ അതീവ ഗുരുതരാവസ്ഥയിൽ വുണപോപ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

ദിവസങ്ങളോളം ചികിത്സയിൽ കഴിഞ്ഞ അദ്ദേഹം കഴിഞ്ഞ പത്തിനാണ് മരണത്തിന് കീഴടങ്ങിയത്. പ്രദേശത്ത് പ്രവർത്തിക്കുന്ന ക്രിമിനൽ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നു പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരിന്നു. വൈദികന്റെ മരണത്തിന് പിന്നാലെ പ്രദേശത്ത് വ്യാപകമായ സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെട്ടിരിന്നു. ഇവാകാക്ക, മലഗുന എന്നിവിടങ്ങളിലെ യുവാക്കൾ തമ്മിലുണ്ടായ ഏറ്റുമുട്ടലുകളെത്തുടർന്ന് ക്രമസമാധാനം പുനഃസ്ഥാപിക്കാൻ പോലീസ് 40 പേരെ അറസ്റ്റ് ചെയ്തു.

മലഗുന സമൂഹത്തെ കരുതലോടെ ചേർത്തുപിടിക്കുകയും മേഖലയ്ക്കു വേണ്ടി അക്ഷീണം പ്രവര്‍ത്തിക്കുകയും ചെയ്ത വൈദികനാണ് ഫാ. ഫ്രാൻസിസെന്നു സാമൂഹ്യ പ്രവര്‍ത്തകനായ അൽഫോൺസ് മൗർ അനുസ്മരിച്ചു. ദൈവവചനം പങ്കുവെക്കുകയും സമൂഹത്തിന്റെ നന്മയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്ത വൈദികനെ ക്രൂരമായി കൊലപ്പെടുത്തിയ യുവാക്കളെ അറസ്റ്റ് ചെയ്ത് ജീവപര്യന്തം തടവിന് ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈസ്റ്റ് ന്യൂ ബ്രിട്ടൻ പ്രവിശ്യയിലുടനീളം അക്രമാസക്തമായ കവർച്ചകൾ, യുവാക്കളുടെ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുകൾ എന്നിവ വർദ്ധിച്ചുവരികയാണ്.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »