News
ഐടി മിഷനും അൾത്താര ശുശ്രൂഷയും ഒരുമിച്ച്; ഓസ്‌ട്രേലിയയിലെ ആദ്യ മലയാളി പെര്‍മനന്‍റ് ഡീക്കനായി ജോഷി സ്കറിയ
ലിസ / പ്രവാചകശബ്ദം 23-11-2026 - Monday
ബ്രിസ്ബേൻ: ആഗോള കത്തോലിക്കാ അൽമായ പ്രേഷിത കൂട്ടായ്മയായ 'എഫ്ഫാത്ത ഗ്ലോബൽ മിനിസ്ട്രി'യുടെ നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്ന മലയാളി ജോഷി സ്കറിയ ബ്രിസ്ബേൻ അതിരൂപതയിൽ സ്ഥിരം ഡീക്കനായി അഭിഷിക്തനായി. ഇതോടെ ഓസ്‌ട്രേലിയയിലെ ആദ്യ മലയാളി പെര്‍മനന്‍റ് ഡീക്കൻ എന്ന ഖ്യാതി അദ്ദേഹം സ്വന്തമാക്കി. നവംബർ 14 ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 11:30-ന് ബ്രിസ്ബേനിലെ സെന്റ് സ്റ്റീഫൻസ് കത്തീഡ്രലിൽ നടന്ന ഭക്തിനിർഭരമായ തിരുക്കർമ്മങ്ങള്‍ക്കു ബ്രിസ്ബേൻ ആർച്ച് ബിഷപ്പ് ഷെയ്ൻ മക്കിൻലേ മുഖ്യകാര്‍മ്മികനായി.
ജോഷി സ്കറിയയോടൊപ്പം ഡാനിയേൽ ഇബോട്ട് , പോൾ ബ്ലോം എന്നിവരും സ്ഥിരം ഡീക്കന്മാരായി അഭിഷിക്തരായി. മാഴ്‌സ്ഡനിലെ സെന്റ് മാക്സിമിലിയൻ കോൾബെ ഇടവകയിലാണ് ഡീക്കൻ ജോഷി സ്കറിയയ്ക്ക് ആദ്യ നിയമനം ലഭിച്ചിരിക്കുന്നത്. ഇടവകയിലെ കുടുംബങ്ങളുടെ സന്തോഷങ്ങളിലും പ്രതിസന്ധി ഘട്ടങ്ങളിലും ചേര്‍ന്ന് പ്രവര്‍ത്തിക്കുവാനും ശുശ്രൂഷകള്‍ നിര്‍വ്വഹിക്കാനും കഴിയുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
നിലവിൽ ബ്രിസ്ബേനിൽ ഐടി മേഖലയിൽ പ്രവർത്തിക്കുന്ന ജോഷിക്ക് അതിരൂപതയുടെ 'ഐടി മിഷൻ' ചുമതലയും ലഭിച്ചിട്ടുണ്ട്. ആധുനിക സാങ്കേതികവിദ്യയും ഡിജിറ്റൽ ഉപകരണങ്ങളും ഉപയോഗിച്ച് സഭയെ ജനങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കാനും സുവിശേഷം പങ്കുവെക്കാനുമുള്ള പ്രായോഗിക വഴികൾ കണ്ടെത്താൻ ഈ ദൗത്യത്തിലൂടെ സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കൂടാതെ, നിർമ്മിത ബുദ്ധിയുടെ ഈ കാലഘട്ടത്തിൽ 'ശരീരത്തിന്റെ ദൈവശാസ്ത്രത്തിലൂടെ' മനുഷ്യബന്ധങ്ങളുടെ മൂല്യം ഉയർത്തിപ്പിടിക്കുന്നതിനെക്കുറിച്ചുള്ള ദൈവശാസ്ത്ര ഗവേഷണങ്ങളിലും അദ്ദേഹം വ്യാപൃതനാണ്. ഡീക്കന്‍ പട്ട സ്വീകരണം വാക്കുകൾക്കതീതമായ ആത്മീയ അനുഭവമായിരുന്നുവെന്ന് ഡീക്കൻ ജോഷി പങ്കുവെച്ചു.
സ്ഥിരം ഡീക്കൻ പദവി എന്നത് ഒരാളുടെ മാത്രം വിളിയല്ല, അതൊരു കുടുംബത്തിന്റെ ഒന്നിച്ചുള്ള ദൈവവിളിയാണ്. ഭാര്യ തെരേസയും നാല് മക്കളും കത്തീഡ്രലിൽ എനിക്കൊപ്പമുണ്ടായിരുന്നത് വലിയ കരുത്തായി. ഞങ്ങൾ ഒരു കുടുംബമായി ദൈവത്തിന് സമർപ്പിക്കുന്ന നിമിഷമായാണ് തനിക്ക് അനുഭവപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. തിരുക്കർമ്മങ്ങളിലെ സകല വിശുദ്ധരുടെയും ലുത്തിനിയ ചൊല്ലുന്ന സമയത്ത് കത്തീഡ്രലിൽ കൂടിയവരുടെ പ്രാർത്ഥനകളാൽ താൻ താങ്ങിനിർത്തപ്പെടുന്നതുപോലെ തോന്നിയെന്നും, ആദ്യമായി ഡീക്കന്റെ തിരുവസ്ത്രങ്ങൾ അണിഞ്ഞ് സുവിശേഷ ഗ്രന്ഥം ഏറ്റുവാങ്ങി ആർച്ച്ബിഷപ്പിനൊപ്പം അൾത്താരയിൽ ശുശ്രൂഷ ചെയ്തത് ജീവിതത്തിലെ മറക്കാനാവാത്ത നിമിഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചങ്ങനാശ്ശേരിയിലെ കത്തോലിക്കാ കുടുംബത്തിൽ ജനിച്ച ജോഷി, മുൻപ് റെഡംപ്റ്ററിസ്റ്റ് സന്യാസ സമൂഹത്തിൽ ആറ് വർഷത്തോളം വൈദിക പരിശീലനവും നടത്തിയിരുന്നു. 2013-ലാണ് ഭാര്യ തെരേസയോടൊപ്പം ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയത്. 15 വർഷത്തെ ദാമ്പത്യ ജീവിതം പിന്നിടുന്ന ഇവർക്ക് നാല് മക്കളുണ്ട്. ഒരു വർഷം കൊണ്ട് സമ്പൂർണ്ണ ബൈബിൾ വായിച്ചു തീർക്കാൻ വിശ്വാസികളെ സഹായിക്കുന്ന ആഗോള കത്തോലിക്കാ കൂട്ടായ്മ എഫ്ഫാത്ത ഗ്ലോബൽ മിനിസ്ട്രിയിൽ നിന്നും ഡീക്കൻ പട്ടം സ്വീകരിക്കുന്ന ആദ്യ വ്യക്തി കൂടിയാണ് ജോഷി.
പതിനൊന്നാം വർഷത്തിലേക്ക് കടക്കുന്ന ഈ മിനിസ്ട്രി ലോകമെമ്പാടുമായി 15 ഭാഷകളിലാണ് പ്രവർത്തിക്കുന്നത്. അനുദിന ജപമാലയും ഓൺലൈൻ വചന ശുശ്രൂഷയുമായി സജീവമായ കൂട്ടായ്മയുടെ പ്രേഷിത പ്രവർത്തനങ്ങൾക്ക് ലഭിച്ച വലിയൊരു അംഗീകാരമായാണ് ജോഷി സ്കറിയയുടെ ഡീക്കൻ പട്ടാഭിഷേകത്തെ വിശ്വാസീസമൂഹം വിലയിരുത്തുന്നത്.
എന്താണ് സ്ഥിരം ഡീക്കൻ പട്ടം അഥവാ പെർമനന്റ് ഡയാക്കനേറ്റ്?
ഇന്ത്യക്ക് പുറത്ത്, വിദേശ രാജ്യങ്ങളിൽ സാധാരണ വിവാഹിതരായ പുരുഷൻമാർക്ക് നല്കുന്ന തിരുപട്ട കൂദാശയാണ് പെർമനന്റ് ഡിയാക്കനേറ്റ്. പൗരോഹിത്യത്തിനു വേണ്ടിയല്ല, ശുശ്രൂഷക്കു വേണ്ടിയാണ് അവർക്ക് കൈവയ്പു നല്കുന്നത്. ഡീക്കൻ പട്ടം നൽകുമ്പോൾ മെത്രാൻ മാത്രമാണ് ആർഥിയുടെ മേൽ കൈകൾ വക്കുന്നത്. ഡീക്കനു മെത്രാനുമായുള്ള പ്രത്യേക അടുപ്പമാണ് ഇത് സൂചിപ്പിക്കുന്നത്. ക്രിസ്തുവിന്റെ ദൗത്യതിലും കൃപയിലും ഡീക്കന്മാർ പ്രത്യേകമായ വിധത്തിൽ പങ്കു പറ്റുന്നു. ഈ തിരുപട്ട കൂദാശ അവരിൽ മായ്ക്കാനാവാത്ത ഒരു മുദ്ര പതിപ്പിക്കുന്നു. ഈ മുദ്ര എല്ലാവരുടെയും ദാസൻ ആയി മാറിയ ക്രിസ്തുവുമായി അവരെ അനുരൂപപ്പെടുത്തുന്നു.
ദൈവിക രഹസ്യങ്ങളുടെ ആഘോഷത്തിൽ, പ്രത്യേകിച്ച് വി. കുർബാനയിൽ വൈദികനെയും മെത്രാനെയും സഹായിക്കുക, മാമ്മോദീസ നൽകുക, വി. കുർബാന വിതരണം ചെയ്യുക. വിവാഹ ശുശ്രൂഷയിൽ സഹായിക്കുകയും അത് ആശീർവദിക്കുകയും ചെയ്യുക, സുവിശേഷം പ്രഘോഷിക്കുകയും പ്രസംഗിക്കുകയും ചെയ്യുക, മൃതസംസ്കാര ശുശ്രൂഷക്കു നേതൃത്വം കൊടുക്കുക, വിവിധ പരസ്നേഹ പ്രവർത്തനങ്ങൾക്കായി സ്വയം സമർപ്പിക്കുക എന്നിവയെല്ലാം ഡീക്കന്മാരുടെ കർത്തവ്യങ്ങളിൽപെടുന്നു.
'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?
നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.
സംഭാവന നൽകുക / Donate




















