News
സുവിശേഷത്തിന്റെ നിർഭയ പ്രഘോഷകരാകാൻ ആഹ്വാനം; ഘാനയില്‍ 10 ഡീക്കന്മാർ തിരുപ്പട്ടം സ്വീകരിച്ചു
പ്രവാചകശബ്ദം 28-07-2026 - Tuesday
അക്ര: ആഫ്രിക്കന്‍ രാജ്യമായ ഘാനയിലെ അക്ര കത്തോലിക്ക അതിരൂപതയില്‍ 10 ഡീക്കന്മാര്‍ തിരുപ്പട്ടം സ്വീകരിച്ചു. ജൂലൈ 25-ന് അക്ര അതിരൂപതയുടെ ഹോളി സ്പിരിറ്റ് കത്തീഡ്രലിൽ നടന്ന വിശുദ്ധ കുർബാന മധ്യേ ആർച്ച് ബിഷപ്പ് ജോൺ ബോണവെഞ്ചർ ക്വോഫിയില്‍ നിന്നാണ് പത്തു ഡീക്കന്മാരും തിരുപ്പട്ടം സ്വീകരിച്ച് അഭിഷിക്തരായത്. സുവിശേഷത്തിന്റെ നിർഭയരായ പ്രഘോഷകരായി തങ്ങളുടെ വിളി സ്വീകരിക്കാനും സഭയുടെ പ്രബോധനങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ ക്രിസ്തുവിന്റെ സത്യം വിശ്വസ്തതയോടെ പ്രസംഗിക്കാനും വൈദികരായി അഭിഷേകം ചെയ്ത ഡീക്കന്മാരോട് ആർച്ച് ബിഷപ്പ് ആഹ്വാനം ചെയ്തു.
ഡീക്കൻമാരായ റെയ്നോൾഡ് അക്വെറ്റി നാർട്ടി, ജാസ്മിൻ ജോൺ ക്വാബെന ഒബിരി-യബോവ, ജെയിംസ് ബാഗ ബോന്യേ ബോന്യാ, ക്രിസ്ത്യൻ ഡെലാലി എസോർ, ആന്റണി അനിം അഡോ, ഇമ്മാനുവൽ മൗലി കൊഡ്‌സോ അഹിയാട്രോഗ, ഫ്രാൻസിസ് ജെയിംസ് നീ അയി അൻക്രാ, ജസ്റ്റിസ് ക്വാകു സിനോവോപെ, ഗബ്രിയേൽ ന്യൂർട്ടെ അറ്റാക്പ്ലി, മൈക്കൽ അറ്റിയാവിൻ അബില്ല എന്നിവരായിരുന്നു തിരുപ്പട്ടം സ്വീകരിച്ചത്. വിശുദ്ധ പത്രോസിന്റെയും വിശുദ്ധ പൗലോസിന്റെയും മാതൃക പിന്തുടർന്ന് സഭ കൈമാറിയ സുവിശേഷം പ്രഘോഷിക്കുക എന്നതാണ് തങ്ങളുടെ പരമപ്രധാനമായ ഉത്തരവാദിത്തമെന്ന് ആർച്ച് ബിഷപ്പ് ക്വോഫി നിയുക്ത വൈദികരെ ഓർമ്മിപ്പിച്ചു.
വിശുദ്ധ പത്രോസും വിശുദ്ധ പൗലോസും പ്രഘോഷിച്ച അതേ സന്ദേശം പ്രഘോഷിക്കാനാണ് നിങ്ങൾ അഭിഷിക്തരായത്. സഭ പഠിപ്പിക്കുന്നതുപോലെ സമൂഹത്തോട് വചനം പ്രഘോഷിക്കാനാണ് നിങ്ങൾ നിയോഗിക്കപ്പെട്ടിരിക്കുന്നത്. പൗരോഹിത്യം സ്വീകരിക്കുന്ന നിമിഷം തന്നെ നിങ്ങൾ സുവിശേഷത്തിന്റെ പ്രഘോഷകരോ സഭയുടെ വക്താക്കളോ ആയിത്തീരുന്നു. സുവിശേഷ പ്രഘോഷണം പൗരോഹിത്യ ശുശ്രൂഷയുടെ കാതലായ ഭാഗമാണ്. വചനപ്രഘോഷണത്തിനും വിശ്വാസപരിശീലനത്തിനുമായി തങ്ങളെത്തന്നെ സമർപ്പിക്കാനും ആര്‍ച്ച് ബിഷപ്പ് നവവൈദികരോട് ആഹ്വാനം ചെയ്തു.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️

















