India - 2026

ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി; ക്രിസ്ത്യൻ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്ന വിധവകൾക്കു അപേക്ഷിക്കാം

പ്രവാചകശബ്ദം 11-09-2026 - Friday

തിരുവനന്തപുരം: ക്രിസ്‌ത്യൻ, മുസ്‌ലിം, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന എന്നീ ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെടുന്ന വിധവകൾ/വിവാഹബന്ധം വേർപെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കുള്ള 'ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതിയിൽ' ന്യൂനപക്ഷ ക്ഷേമ വകുപ്പ് ധനസഹായം നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. ശരിയായ ജനലുകൾ/വാതിലുകൾ, മേൽക്കൂര, ഫ്ലോറിംഗ്/ ഫിനിഷിംഗ്/ പ്ലംബിംഗ്/ സാനിറ്റേഷൻ/ ഇലക്ട്രിഫിക്കേഷൻ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം നൽകുന്നത്.

ഒരു വീടിൻ്റെ അറ്റകുറ്റപ്പണികൾക്ക് 50,000 രൂപയാണ് ധനസഹായം. തുക തിരിച്ചടയ്‌ക്കേണ്ടതില്ല. അപേക്ഷകയുടെ സ്വന്തം/പങ്കാളിയുടെ പേരിലുള്ള വീടിന്റെ പ രമാവധി വിസ്തീർണം 1200 സ്ക്വയർഫീറ്റ് കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. ബിപിഎൽ കുടുംബത്തിന് മുൻഗണന. ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന അപേക്ഷക, അവരുടെ മക്കൾ, പെൺകുട്ടി കൾ മാത്രമുള്ള/ മക്കളില്ലാത്ത അപേക്ഷക തുടങ്ങിയവർക്ക് മുൻഗണന നൽകും.

പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകൾ സഹിതം അതത് ജില്ലാ കളക്‌ടറേറ്റിലെ ന്യൂനപക്ഷ ക്ഷേമ സെക്‌ഷനിൽ നേരിട്ടോ, ഡെപ്യൂട്ടി കളക്‌ടർ (ജനറൽ), ജില്ലാ ന്യൂനപക്ഷ ക്ഷേമ സെക്ഷൻ, ജില്ലാ കളക്ടറേറ്റ് എന്ന വിലാസത്തിൽ അതാത് ജില്ലാ കളക്ടറേറ്റിലേക്ക് തപാൽ മുഖാന്തിരമോ അപേക്ഷിക്കാം. അപേക്ഷാഫോം www.mwdscholarship.kerala.gov.in ൽ ലഭിക്കും. അപേക്ഷകൾ അതത് ജില്ലാ കളക്‌ടറേറ്റിൽ സ്വീകരിക്കുന്ന അവസാന തീയതി - ഒക്ടോബർ 10.


Related Articles »