News

ഹൃദയം കർത്താവിനോട് അടുത്തിരിക്കുമ്പോൾ മാത്രമാണ് ശുശ്രൂഷ ഫലപ്രദമാകുന്നത്: പുതിയ മെത്രാന്മാരോട് ലെയോ പാപ്പ

പ്രവാചകശബ്ദം 11-09-2026 - Friday

വത്തിക്കാന്‍ സിറ്റി: മെത്രാന്മാരുടെ ഹൃദയം കർത്താവിനോട് അടുത്തിരിക്കുമ്പോൾ മാത്രമാണ്, സേവനങ്ങൾ കൂടുതൽ ശാന്തവും സ്വതന്ത്രവും ഫലപ്രദവുമാകുന്നതെന്നും ലെയോ പാപ്പ. കത്തോലിക്ക സഭയിൽ, പുതുതായി അഭിഷിക്തരായ മെത്രാന്മാർക്ക് വേണ്ടി വത്തിക്കാനിൽ നടന്ന പരിശീലന പരിപാടിയിൽ സംസാരിക്കുകയായിരിന്നു പാപ്പ. മെത്രാന്മാരും, അവരുടെ സഭകളും എപ്പോഴും തന്റെ പ്രാർത്ഥനകളിൽ ഉണ്ടായിരിക്കുമെന്നും, തങ്ങൾക്ക് ഏല്പിക്കപ്പെട്ടിരിക്കുന്ന എല്ലാവർക്കും, മെത്രാന്റെ ഹൃദയത്തിൽ ഒരു സ്ഥാനം കണ്ടെത്തുവാൻ ഇടയുണ്ടാകണമെന്നും പാപ്പ പറഞ്ഞു. മെത്രാന്മാരെന്ന നിലയിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം, യേശുവിനോടുകൂടെ ആയിരിക്കുക എന്നതാണെന്ന് പാപ്പ ഊന്നിപ്പറഞ്ഞു.

യേശുവിനെ കുറിച്ച് സംസാരിക്കുവാൻ, നാം അവനോടുകൂടെ ആയിരിക്കേണ്ടത് ഏറെ ആവശ്യമെന്നും, അവിടുത്തെ ജനത്തെ നയിക്കാൻ, എല്ലാ ദിവസവും അവനാൽ നയിക്കപ്പെടാൻ നാം സ്വയം അനുവദിക്കണമെന്നും പാപ്പ പറഞ്ഞു. വിശുദ്ധ കുർബാന, ദൈവവചന വായന, പ്രാർത്ഥന എന്നിവയെല്ലാം ശിഷ്യന്റെ ലളിതമായ ഹൃദയത്തോടെ കർത്താവിന്റെ സാന്നിധ്യത്തിൽ കഴിയാൻ കഴിയുന്ന നിമിഷങ്ങളാണെന്നു പാപ്പ ചൂണ്ടിക്കാട്ടി. മെത്രാന്മാരുടെ ഹൃദയം കർത്താവിനോട് അടുത്തിരിക്കുമ്പോൾ മാത്രമാണ്, സേവനങ്ങൾ കൂടുതൽ ശാന്തവും സ്വതന്ത്രവും ഫലപ്രദവുമാകുന്നതെന്നും പാപ്പ പറഞ്ഞു.

നല്ല ഇടയനായ യേശുവിന്റെ ഹൃദയം, മെത്രാന്മാർ സ്വന്തമാക്കണം. "ഞാൻ നല്ല ഇടയനാണ്. നല്ല ഇടയൻ ആടുകൾക്കുവേണ്ടി തന്റെ ജീവൻ നൽകുന്നു" എന്ന യേശുവിന്റെ വാക്കുകളാണ് മെത്രാന്മാരുടെ മാതൃക. തന്റെ ജനത്തെ സ്നേഹിക്കാൻ അനുദിനം കൂടുതൽ കൂടുതൽ പഠിക്കുന്ന ഒരു മനുഷ്യനാണ് മെത്രാനെന്നും, തന്റെ ജനത്തിന്റെ സന്തോഷവും ദുഃഖങ്ങളും അറിയുക, അവരുടെ സ്വപ്നങ്ങൾ പങ്കിടുക, സമൂഹങ്ങൾ വളരുന്നത് കാണുന്നതിൽ സന്തോഷിക്കുക എന്നിവ മെത്രാന്റെ ശുശ്രൂഷയുടെ പ്രധാന വശങ്ങൾ ആണെന്നും പാപ്പ ചൂണ്ടിക്കാട്ടി.

"കർത്താവ് നിങ്ങളെ ഏൽപ്പിച്ചിരിക്കുന്ന ആളുകളെ സ്നേഹിക്കുക. അവരുടെ പേരുകൾ പഠിക്കുക, അവരുടെ ജീവിതകഥകൾ കേൾക്കുക, നിങ്ങൾക്ക് കഴിയുമ്പോഴെല്ലാം അവരുടെ വീടുകളിൽ സന്ദർശനം നടത്തുക, അവരോടൊപ്പം പ്രാർത്ഥിക്കുക"- പാപ്പ നവ മെത്രാന്മാരെ ഉദ്‌ബോധിപ്പിച്ചു. മെത്രാന്റെ മറ്റൊരു സവിശേഷത അജപാലന സംവേദനമാണെന്നും, ഇതിനർത്ഥം ആളുകളെ തന്റെ ഹൃദയത്തിൽ സംവഹിക്കുക എന്നതാണെന്നും പാപ്പ പറഞ്ഞു. അഞ്ചു ഭൂഖണ്ഡങ്ങളിൽ നിന്നായി അടുത്തിടെ നിയമിതരായ 147 പുതിയ മെത്രാന്മാരാണ് വത്തിക്കാനിലെ പരിശീലന കോഴ്സില്‍ സംബന്ധിക്കുന്നത്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »