India - 2026
സിസിബിഐ പ്രതിനിധി സംഘം ലെയോ പാപ്പയെ സന്ദര്‍ശിച്ചു
പ്രവാചകശബ്ദം 03-09-2026 - Thursday
വത്തിക്കാന്‍ സിറ്റി: ഇന്ത്യയിലെ ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിസിബിഐ) പ്രതിനിധി സംഘം ലെയോ പതിനാലാമന്‍ പാപ്പയെ സന്ദര്‍ശിച്ചു. സിസിബിഐ - എഫ്എബിസി പ്രസിഡന്റും ഗോവ-ദാമന്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദ്ദിനാള്‍ ഫിലിപ്പ് നേരി ഫെറാവോയുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം. കൂടിക്കാഴ്ചയില്‍ ഇന്ത്യയിലെ ലത്തീന്‍ കത്തോലിക്കാ സഭയുടെ പ്രവര്‍ത്തനങ്ങളും മിഷന്‍ ദൗത്യവും സംബന്ധിച്ച് വിശദമായ ചര്‍ച്ച നടന്നു.
സിസിബിഐ വൈസ് പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ. പീറ്റര്‍ മച്ചാഡോ, സെക്രട്ടറി ജനറല്‍ ആര്‍ച്ച് ബിഷപ്പ് ഡോ. വിന്‍സെന്റ് ഐന്ദ്, ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഡോ. സ്റ്റീഫന്‍ ആലത്തറ എന്നിവരും സംഘത്തിലുണ്ടായിരുന്നു. കേരളത്തിലെ സംസ്ഥാന അവാര്‍ഡ് ജേതാവായ ശില്പി റാഫേല്‍ തടിയില്‍ കൊത്തിയെടുത്ത പ്രത്യേക ഓക്ക് തടി രൂപം കര്‍ദ്ദിനാള്‍ ഫിലിപ്പ് നേരി ഫെറാവോ പാപ്പയ്ക്ക് സമ്മാനിച്ചു. തോമാശ്ലീഹാ, ഫ്രാന്‍സിസ് സേവ്യര്‍, മദര്‍ തെരേസ, അല്‍ഫോന്‍സാമ്മ, ചാവറ കുര്യാക്കോസ് ഏലിയാസ്, ഏവുപ്രാസ്യാമ്മ, മറിയം ത്രേസ്യ തുടങ്ങിയ ഇന്ത്യയുമായി ബന്ധപ്പെട്ട വിശുദ്ധരും വാഴ്ത്തപ്പെട്ടവരും യേശുവിനോടൊപ്പം നില്‍ക്കുന്ന രൂപമാണ് സമ്മാനിച്ചത്.
ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ മച്ചാഡോയും ആര്‍ച്ച് ബിഷപ്പ് വിന്‍സെന്റ് ഐന്ദും ചേര്‍ന്ന് പരമ്പരാഗത കസവ് ഷാളും കശ്മീരി പട്ട് ഷാളും പാപ്പയ്ക്ക് കൈമാറി. ഡാര്‍ജിലിംഗ്, അസം, നീലഗിരി എന്നിവിടങ്ങളില്‍നിന്നുള്ള അഞ്ച് ഇനം തേയിലകളും സമ്മാനിച്ചു.റവ. ഡോ. സ്റ്റീഫന്‍ ആലത്തറ സിസിബിഐയുടെ ‘മിഷന്‍ 2033’ പാസ്റ്ററല്‍ പ്ലാനും ഭുവനേശ്വര്‍ രേഖയും പാപ്പയ്ക്ക് സമര്‍പ്പിച്ചു. സിസിബിഐ അംഗീകരിച്ച ഇംഗ്ലീഷ് സ്റ്റാന്‍ഡേര്‍ഡ് വേര്‍ഷന്‍ ബൈബിളിന്റെ കോപ്പിയും കൈമാറി. പാപ്പയുടെ ജന്മദേശമായ ചിക്കാഗോയ്ക്ക് സമീപമുള്ള വീറ്റണിലെ പ്രസാധകരാണ് ബൈബിള്‍ പുറത്തിറക്കിയത്.

















