News
ഫ്രാൻസിസ് പാപ്പയുടെ ഉള്ക്കാഴ്ചകളും സംഘർഷങ്ങളും വെളിപ്പെടുത്തി ഡയറി പതിപ്പ്
പ്രവാചകശബ്ദം 25-11-2026 - Wednesday
വത്തിക്കാന് സിറ്റി: ഫ്രാൻസിസ് പാപ്പയുടെ ആത്മീയ ചിന്തകളും ഉൾക്കാഴ്ചകളും സംഘർഷങ്ങളും വെളിപ്പെടുത്തുന്ന അദ്ദേഹത്തിന്റെ സ്വകാര്യ കുറിപ്പുകൾ അടങ്ങിയ പുതിയ പുസ്തകം ചൊവ്വാഴ്ച പുറത്തിറങ്ങി. 'ദ പ്രൈവറ്റ് ഡയറി ഓഫ് പോപ്പ് ഫ്രാൻസിസ്' (The Private Diary of Pope Francis) എന്ന ഈ പുസ്തകത്തിൽ, ജോർജ് മാരിയോ ബെർഗോഗ്ലിയോ (ഫ്രാൻസിസ് പാപ്പ) 1992 ഡിസംബർ 20 മുതൽ 2024 ഓഗസ്റ്റ് 18 വരെ എഴുതിയ ഡയറിക്കുറിപ്പുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 'വിശ്വാസത്തിനായുള്ള ഡിക്കാസ്റ്ററി'യുടെ തലവനും, പാപ്പയുടെ അടുത്ത സഹകാരിയുമായ കർദ്ദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസാണ് ഇതിന് വ്യാഖ്യാനങ്ങൾ നൽകിയിരിക്കുന്നത്.
കാലക്രമത്തിനു പകരം വിഷയങ്ങൾ അടിസ്ഥാനമാക്കിയാണ് ഈ ഡയറിക്കുറിപ്പുകൾ ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ, ഫ്രാൻസിസ് പാപ്പയുമായുള്ള സംഭാഷണങ്ങളെക്കുറിച്ചുള്ള കർദ്ദിനാൾ ഫെർണാണ്ടസിന്റെ സ്വന്തം നിരീക്ഷണങ്ങളും ഓർമ്മക്കുറിപ്പുകളും ഇതിൽ ഉടനീളം കാണാം. 2021 ജനുവരി മുതൽ 2022 ഡിസംബർ വരെയുള്ള രണ്ട് വർഷക്കാലം ഫ്രാൻസിസ് പാപ്പ ആത്മീയ പ്രതിസന്ധിയിലൂടെ കടന്നുപോയെന്ന് പുസ്തകത്തിലെ വെളിപ്പെടുത്തലുണ്ട്.
ഒരാൾക്ക് ഈ കാര്യങ്ങളെ അദ്ദേഹത്തിന്റെ സ്വന്തം ഭാവനയുടെ സൃഷ്ടികളായോ, അല്ലെങ്കിൽ വെറും ഭയപ്പെടുത്തുന്ന വിശദാംശങ്ങളായോ കാണാവുന്നതാണെന്നു കർദ്ദിനാൾ വിക്ടർ മാനുവൽ പറഞ്ഞു. എന്നാൽ ഇവയുടെ അർത്ഥം വളരെ ആഴമേറിയതാണ്. ഉപരിപ്ലവതയെ പിന്നിലുപേക്ഷിക്കാനും, ജീവിതത്തിന്റെ ആഴങ്ങളിലേക്ക് പ്രവേശിക്കാനും, തന്റെ അസ്തിത്വത്തിന്റെ ഏറ്റവും പ്രധാനപ്പെട്ടതും നിർണ്ണായകവുമായ അർത്ഥം വീണ്ടെടുക്കാനും പാപ്പയ്ക്കു അനുഭവപ്പെട്ട വിളി, ദൈവം അനുവദിച്ച നിമിഷങ്ങളെയാണ് അടയാളപ്പെടുത്തുന്നതെന്നും കർദ്ദിനാൾ വിക്ടർ മാനുവൽ പറയുന്നു.
ബാഹ്യമായി, ഇവയൊന്നും അദ്ദേഹത്തിന്റെ സന്തോഷവും നർമ്മബോധവും കവർന്നെടുത്തില്ല എന്ന് നമുക്ക് കാണാൻ കഴിയുമായിരുന്നു. അദ്ദേഹം തമാശകൾ പറയുകയും ചിരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഉള്ളിന്റെയുള്ളിൽ ഈ അനുഭവങ്ങൾ അദ്ദേഹത്തോട് പറയുകയായിരുന്നു: നീ ജാഗ്രതയുള്ളവനായിരിക്കണം, എന്തിനുവേണ്ടിയാണ് നീ ജീവിക്കേണ്ടതെന്ന് ഓർക്കുക, നിന്റെ ദൗത്യം വളരെ ഗൗരവമായി എടുക്കുക, നിന്റെ ജീവിതത്തിന്റെ യഥാർത്ഥ ദിശ നഷ്ടപ്പെടുത്തരുത്.- പാപ്പ കുറിച്ചു.
'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?
നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.
സംഭാവന നൽകുക / Donate


















