News - 2025
ഫ്രാന്‍സിസ് പാപ്പയുടെ ആഗ്രഹം പൂര്‍ത്തീകരിച്ച് പോപ്മൊബീൽ ഗാസയിലെ കുഞ്ഞുങ്ങള്‍ക്ക് സാന്ത്വനകേന്ദ്രമാകും
പ്രവാചകശബ്ദം 05-05-2025 - Monday
വത്തിക്കാൻ സിറ്റി: ഗാസയിലെ സാധാരണക്കാര്‍ക്ക് വേണ്ടി സ്വരമുയര്‍ത്തിയ ഫ്രാന്‍സിസ് പാപ്പ ഉപയോഗിച്ചിരിന്ന പോപ്മൊബീൽ പാപ്പയുടെ ആഗ്രഹ പ്രകാരം ദുരിതഭൂമിയിലെ കുഞ്ഞുങ്ങള്‍ക്ക് സാന്ത്വനകേന്ദ്രമാക്കുവാനുള്ള തീരുമാനം വത്തിക്കാന്‍ നടപ്പാക്കി. കാരിത്താസ് ജെറുസലേമാണ് ഫ്രാന്‍സിസ് പാപ്പയുടെ അവസാന ആഗ്രഹം പൂര്‍ത്തീകരിച്ച് ഗാസയിലെ കുട്ടികൾക്കു വേണ്ടിയുള്ള മൊബൈൽ ഹെൽത്ത് യൂണിറ്റായി മാറ്റുവാന്‍ ഇടപ്പെട്ടിരിക്കുന്നത്.
രോഗങ്ങൾ തിരിച്ചറിയാനും പരിശോധിച്ച് ചികിൽസിക്കാനും ആവശ്യമായ വിവിധ സൗകര്യങ്ങളും ഒരുക്കിക്കൊണ്ടാണ് മൊബൈൽ ഹെൽത്ത് യൂണിറ്റ് സജ്ജമാക്കുന്നത്. ജീവൻ രക്ഷാ ഉപരണങ്ങൾ, വാക്‌സിനുകൾ എന്നിവയോടൊപ്പം മികച്ച വൈദ്യശാസ്ത്ര വിദഗ്ധരുടെ സാന്നിധ്യവും ഇതില്‍ ഒരുക്കുന്നുണ്ട്. വേദനിക്കുന്നവരോട് പാപ്പ കാട്ടിയ അടുപ്പവും സ്നേഹവുമാണ് ഈ വാഹനം പ്രതിനിധീകരിക്കുന്നതെന്ന് കാരിത്താസ് ജെറുസലേമിന്റെ ജനറൽ സെക്രട്ടറി ആന്‍റണ്‍ അസ്‌ഫർ പറഞ്ഞു.
ഗാസയിലെ ആരോഗ്യ സംവിധാനം ഏതാണ്ട് പൂർണ്ണമായും തകർന്നിരിക്കുന്ന സമയത്ത് ഇത് ജീവൻ രക്ഷിക്കുന്ന ഇടപെടലാണെന്ന് പദ്ധതിയെ പിന്തുണയ്ക്കുന്ന കാരിത്താസ് സ്വീഡന്റെ സെക്രട്ടറി ജനറൽ പീറ്റർ ബ്രൂൺ വത്തിക്കാൻ ന്യൂസിനോട് പറഞ്ഞു. 2023 ഒക്ടോബറിൽ ഹമാസ് തീവ്രവാദികൾ തെക്കൻ ഇസ്രായേലിനെ ആക്രമിച്ചതോടെ പുനരാരംഭിച്ച യുദ്ധത്തില്‍ മിക്കവാറും എല്ലാ ദിവസവും ഫ്രാൻസിസ് പാപ്പ ഗാസയിലെ ഹോളി ഫാമിലി ദേവാലയത്തിലേക്ക് ഫോണ്‍ ചെയ്യുമായിരിന്നു. അഞ്ഞൂറോളം വരുന്ന ഗാസയിലെ ക്രൈസ്തവ സമൂഹം ഹോളി ഫാമിലി ഇടവകയിലാണ് അഭയം പ്രാപിച്ചിരിക്കുന്നത്. ഇസ്ലാം മതസ്ഥര്‍ ഉള്‍പ്പെടെ നിരവധി അക്രൈസ്തവര്‍ക്കും ഇവിടെ അഭയം ഒരുക്കിയിട്ടുണ്ട്.
⧪ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
