News
നിരായുധീകരണത്തിനും സമാധാനത്തിനും വേണ്ടി ലെയോ പാപ്പയുടെ മാര്ച്ച് മാസത്തെ പ്രാർത്ഥനാനിയോഗം
പ്രവാചകശബ്ദം 06-03-2026 - Friday
വത്തിക്കാന് സിറ്റി: ലോകത്ത് വർദ്ധിച്ചുവരുന്ന യുദ്ധങ്ങളുടെ പശ്ചാത്തലത്തിൽ, സമാധാനത്തിനായി നിരവധി തവണ നടത്തിയ ആഹ്വാനങ്ങൾക്ക് പിന്നാലെ, നിരായുധീകരണത്തിനും സമാധാനത്തിനും വേണ്ടിയുള്ള പ്രാർത്ഥനകൾക്ക് ലോകത്തെ ക്ഷണിച്ച് ലെയോ പതിനാലാമൻ പാപ്പ. മാർച്ച് മാസത്തേക്കുള്ള പ്രാർത്ഥനാനിയോഗങ്ങളുമായി, പരിശുദ്ധ പിതാവിന്റെ പേരിലുള്ള പ്രാർത്ഥനാശൃംഖല പുറത്തുവിട്ട വീഡിയോ സന്ദേശത്തിലൂടെയാണ് പാപ്പ ഈ അഭ്യർത്ഥന മുന്നോട്ടുവെച്ചത്.
ലെയോ പതിനാലാമൻ പാപ്പ സമാധാനത്തിനായി അപേക്ഷിച്ചുകൊണ്ട് നടത്തുന്ന പ്രാർത്ഥനയുടെ ദൃശ്യങ്ങളോടെയാണ് വീഡിയോ സന്ദേശം പ്രസിദ്ധീകരിച്ചത്. പ്രാര്ത്ഥന സഹിതമാണ് വീഡിയോ. ഏതാനും ദൃശ്യങ്ങള്ക്ക് ശേഷം ത്രിത്വ സ്തുതി ചൊല്ലിക്കൊണ്ടാണ് പാപ്പയുടെ പ്രാര്ത്ഥന ആരംഭിക്കുന്നത്. പരിശുദ്ധ പിതാവിന്റെ പ്രാർത്ഥനയുടെ പരിഭാഷ ഇപ്രകാരമാണ്:
"പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ, ആമേൻ. തന്റെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ച, ജീവന്റെ നാഥാ, കൂട്ടായ്മയ്ക്കായാണ്, യുദ്ധത്തിനായല്ല, സഹോദര്യത്തിനായാണ് നാശത്തിനായല്ല അങ്ങ് ഞങ്ങളെ സൃഷ്ടിച്ചതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
"നിങ്ങൾക്ക് സമാധാനം" എന്ന വാക്കുകളാൽ ശിഷ്യന്മാരെ അഭിവാദ്യം ചെയ്ത അങ്ങ്, നിന്റെ സമാധാനവും, അത് ചരിത്രത്തിൽ യാഥാർത്ഥ്യമാക്കാനുള്ള ശക്തിയും ഞങ്ങൾക്ക് നൽകണമേ. രാഷ്ട്രങ്ങൾ ആയുധങ്ങൾ ഉപേക്ഷിക്കണമേയെന്നും സംവാദത്തിന്റെയും നയതന്ത്രത്തിന്റെയും പാത സ്വീകരിക്കണമേയെന്നും അപേക്ഷിച്ചുകൊണ്ട്, ലോകത്ത് സമാധാനത്തിനായുള്ള പ്രാർത്ഥനകൾ ഞങ്ങൾ ഉയർത്തുന്നു. അനുരഞ്ജനത്തിന്റെ ഉപകരണങ്ങളായി ഞങ്ങൾ മാറുവാൻ വേണ്ടി ഞങ്ങളുടെ ഹൃദയങ്ങളെ വെറുപ്പിലും, നീരസത്തിലും നിസംഗതയിലും നിന്ന് നിരായുധീകരിക്കുക.
ഭയത്താൽ പോഷിപ്പിക്കപ്പെടുന്ന നിയന്ത്രണത്താലല്ല, ജനങ്ങൾക്കിടയിലെ പരസ്പരവിശ്വാസത്തിലും നീതിയിലും, ഐക്യദാർഢ്യത്തിലും നിന്നാണ് യഥാർത്ഥ സുരക്ഷ ഉണ്ടാകുന്നതെന്ന് മനസ്സിലാക്കാൻ ഞങ്ങളെ സഹായിക്കുക. മരണത്തിന്റെ പദ്ധതികളെ ഉപേക്ഷിക്കുന്നതിനും, ആയുധങ്ങൾക്കുവേണ്ടിയുള്ള മത്സരം നിറുത്താനും ഏറ്റവും ദുർബലരായവരുടെ ജീവന് പ്രഥമസ്ഥാനം നൽകാനും വേണ്ടി കർത്താവേ രാഷ്ട്രങ്ങളുടെ നേതാക്കളെ പ്രബുദ്ധരാക്കണമേ. ആണവഭീഷണി ഇനിയൊരിക്കലും മാനവികതയുടെ ഭാവിയെ നിർണ്ണയിക്കാതിരിക്കട്ടെ.
പരിശുദ്ധാത്മാവേ, ഞങ്ങളുടെ ഹൃദയങ്ങളിലും, കുടുംബങ്ങളിലും, സമൂഹങ്ങളിലും, നഗരങ്ങളിലും, അനുദിന സമാധാനത്തിന്റെ വിശ്വസ്തരും ക്രിയാത്മകരുമായ നിർമ്മാതാക്കളായി ഞങ്ങളെ മാറ്റുക. സൗമ്യതയോടെയുള്ള ഓരോ വാക്കും, അനുരഞ്ജനത്തിന്റെ ഓരോ പ്രവർത്തികളും, സംവദിക്കാനായുള്ള ഓരോ തിരഞ്ഞെടുപ്പുകളും പുതിയ ഒരു ലോകത്തിന്റെ വിത്തുകളാകട്ടെ.
♦️ 'പ്രവാചകശബ്ദ'ത്തെ സഹായിക്കാമോ? ♦️

















