News
സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 14:43-72 | ഭാഗം 33
ഫാ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍/ പ്രവാചകശബ്ദം 14-11-2026 - Saturday
വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷം പതിനാലാം അധ്യായത്തിലെ ഈശോയെ ബന്ധിക്കുന്നു, ന്യായാധിപസംഘത്തിന്റെ മുമ്പില്‍, പത്രോസ് തള്ളിപ്പറയുന്നു എന്നീ സുവിശേഷ ഭാഗങ്ങളെ കുറിച്ച് വിശുദ്ധ ക്രിസോസ്തോം, അലക്സാണ്ഡ്രിയായിലെ ഡയനീഷ്യസ്, വിശുദ്ധ ബീഡ്, വിശുദ്ധ അപ്രേം, ഒരിജന്‍, വിശുദ്ധ ആഗസ്തീനോസ്, പോയിറ്റേയേഴ്സിലെ ഹിലരി, രക്തസാക്ഷിയായ ജസ്റ്റിന്, സിപ്രിയാന്‍, വിശുദ്ധ ജറോം, വിശുദ്ധ എവുസേബിയൂസ്, മഹാനായ ഗ്രിഗറി എന്നീ സഭാപിതാക്കന്മാര് വിവരിക്കുന്ന സുവിശേഷ ഭാഷ്യമാണ് ഇവിടെ പങ്കുവെയ്ക്കുന്നത്.
♦️ വചനഭാഗം: ഈശോയെ ബന്ധിക്കുന്നു - വിശുദ്ധ മര്‍ക്കോസ് 14:43-52 (മത്താ 26,47-56) (ലൂക്കാ 22,47-53) (യോഹ 3,3-12)
43 അവന് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ, പന്ത്രണ്ടുപേരില്‍ ഒരുവനായ യൂദാസ് അവിടെയെത്തി. അവനോടുകൂടെ പ്രധാന പുരോഹിതന്മാരുടെയും നിയമജ്ഞരുടെയും ജനപ്രമാണികളുടെയും അടുത്തുനിന്നു വാളും വടിയുമായി ഒരു ജനക്കൂട്ടവും വന്നിരുന്നു. 44 ഒറ്റുകാരന് അവര്‍ക്ക് ഒരടയാളം നല്‍കിയിരുന്നു; ഞാന്‍ ആരെ ചുംബിക്കുന്നുവോ അവന് തന്നെ. അവനെ പിടിച്ച് സുരക്ഷിതമായി കൊണ്ടുപൊയ്ക്കൊള്ളുക. 45 അവന് ഈശോയെ സമീപിച്ച്, ഗുരോ! എന്നു വിളിച്ചുകൊണ്ട് അവനെ ഗാഢമായി ചുംബിച്ചു. 46 അപ്പോള്‍ അവര്‍ അവനെ പിടിച്ചു ബന്ധിച്ചു.
47 സമീപത്തു നിന്നിരുന്ന ഒരുവന് വാള് ഊരി പ്രധാന പുരോഹിതന്റെ സേവകനെ വെട്ടി അവന്റെ ചെവി ഛേദിച്ചുകളഞ്ഞു. 48 ഈശോ അവരോടു പറഞ്ഞു: കവര്‍ച്ചക്കാരനെതിരേ എന്നതുപോലെ, വാളും വടിയുമായി എന്നെ ബന്ധിക്കാന്‍ നിങ്ങള്‍ വന്നിരിക്കുന്നുവോ? 49 ഞാന്‍ ദിവസവും ദൈവാലയത്തില്‍ പഠിപ്പിച്ചുകൊണ്ട് നിങ്ങളോടുകൂടെ ഉണ്ടായിരുന്നു; നിങ്ങള്‍ എന്നെ പിടിച്ചില്ല. എന്നാല്‍, വിശുദ്ധലിഖിതങ്ങള്‍ പൂര്‍ത്തിയാകേണ്ടിയിരിക്കുന്നു. 50 അപ്പോള്‍, ശിഷ്യന്മാരെല്ലാവരും അവനെ വിട്ട് ഓടിപ്പോയി. 51 എന്നാല്‍, ഒരു യുവാവ് അവനെ അനുഗമിച്ചു. അവന് ഒരു പുതപ്പു മാത്രമേ തന്റെ ശരീരത്തില്‍ ചുറ്റിയിരുന്നുള്ളൂ. അവര്‍ അവനെ പിടിച്ചു. 52 അവന് പുതപ്പുപേക്ഷിച്ച് നഗ്നനായി ഓടിപ്പോയി.
***************************************************************
➤ വിശുദ്ധ ക്രിസോസ്തോം:
യൂദാസിന് എന്തു സംഭവിച്ചുവെന്ന് കാണുക. ഒരേസമയം അവന് പണം നഷ്ടപ്പെടുകയും അവന് തെറ്റുചെയ്യുകയും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തുകയും ചെയ്തു. ഈ ലോകത്തില്‍ പണം ആസ്വദിക്കാനോ വരാനിരിക്കുന്ന ജീവിതത്തിനുവേണ്ടി സമ്പാദിക്കാനോ അവനു കഴിഞ്ഞില്ല. അവന്റെ കൂടെ ഗൂഢാലോചനയില്‍ പങ്കുചേര്ന്നവര്പോലും അവസാനം അവനെ ദുഷിച്ചവനായി കണക്കാക്കുകയും അവന് തൂങ്ങിച്ചാവുകയും ചെയ്തു (മത്താ 27,3-10) (Gospel of St. Matthew 85.2)..
➤ അലക്സാണ്ഡ്രിയായിലെ ഡയനീഷ്യസ്:
എത്ര മഹത്തരമായാണ് കര്‍ത്താവ് തിന്മയെ നേരിട്ടത്! ഒറ്റിക്കൊടുത്തവനെ ചുംബിക്കുകയും ചുംബനത്തെക്കാള്‍ മൃദുലമായ വാക്കുകള്‍ അവനോടരുളുകയും ചെയ്തു. എന്തെന്നാല്‍, ''നശിച്ചവനേ, ഒറ്റുകാരാ, ഇതാണോ നീ കരുണയ്ക്കുപകരം തരുന്നത്'' എന്നവന് പറഞ്ഞില്ല. പിന്നെയോ, ''യൂദാസേ'' എന്നവനെ പേരുചൊല്ലി വിളിച്ചു (ലൂക്കാ 22,48). ഇത് മറ്റൊരുവനോട് സഹതപിക്കുന്നതിന്റെയോ അവന് തിരികെവരാന്‍ ആഗ്രഹിക്കുന്നവന്റെയോ സ്വരമാണ്: കോപത്തിന്റെതല്ല (Exegetical Fragments).
➤ വിശുദ്ധ ബീഡ്:
അഞ്ചു ദിവസങ്ങള്‍ക്കുശേഷം, അതുവരെ പഴയനിയമ പെസഹായുടെ ആചരണങ്ങള്‍ നിവര്‍ത്തിച്ചശേഷം, ഈശോ അവയുടെ പൂര്‍ണതയായ പുതിയ ഉടമ്പടി കൈമാറി. തുടര്‍ന്ന് ഒലിവുമലയിലേക്കു പോയ അവനെ യഹൂദര്‍ പിടികൂടി പിറ്റേന്ന് ക്രൂശിച്ചു. സാത്താന്റെ വലയില്‍ നിന്നു അവന് നമ്മെ രക്ഷിച്ചത് ഹെബ്രായജനത ഈജിപ്തിലെ നുകത്തിന്‍കീഴില്‍ നിന്ന് രക്ഷിക്കപ്പെട്ടതിന്റെ ഓര്‍മ്മയ്ക്കായി കുഞ്ഞാടിനെ ബലിയര്‍പ്പിച്ചിരുന്ന ദിവസം തന്നെയായിരുന്നു (പുറ 12,1.20) (Homilies on the Gospels 2.3).
➤ വിശുദ്ധ അപ്രേം:
എന്തുകൊണ്ട് അവന് യൂദാസിനെ തിരഞ്ഞെടുത്ത് കാര്യസ്ഥനായി നിയമിച്ചു? അവിടുത്തെ പരിപൂര്‍ണ്ണ സ്നേഹവും ദയയും വെളിപ്പെടുത്താന്‍. കൂടാതെ വ്യാജപ്രബോധകര്‍ സഭയില്‍ ഉണ്ടായാലും അവര്‍ നിലനില്‍ക്കുകയില്ലെന്ന് സഭയെ പഠിപ്പിക്കാനും അവനാഗ്രഹിച്ചു. എന്തെന്നാല്‍ യൂദാസിന്റെ സിംഹാസനം അവനോടുകൂടിത്തന്നെ ഇല്ലായ്മയായിത്തീര്ന്നു. ദുഷ്ടരായ കാര്യസ്ഥന്മാര് ഉണ്ടായാലും കാര്യസ്ഥത യഥാര്‍ത്ഥമാണെന്നും അവന് തെളിയിച്ചു.
അവന് എഴുന്നേറ്റ് കൊലപാതകികളുടെ പക്കലേക്ക് നടക്കാനുപയോഗിച്ച അതേ കാലുകളെ മിശിഹാ കഴുകിയത് അതുകൊണ്ടാണ് (യോഹ 13,5). ഈശോ അവന്റെ അധരങ്ങളെ ചുംബിച്ചു. യൂദാസ് അതുതന്നെ ഒറ്റിക്കൊടുക്കലിന്റെ അടയാളമാക്കി മാറ്റി (മത്താ 26,48-49; മര്‍ക്കോ. 14,44-45; ലൂക്കാ 2,47-48). മുപ്പതു വെള്ളിക്കാശുകള്‍ വാങ്ങാനും അവനെ കൊലയ്ക്ക് ഏല്‍പ്പിച്ചുകൊടുക്കാനും ഉപയോഗിച്ച കരങ്ങളില്‍ത്തന്നെ അവന് അപ്പം നല്‍കിയിരുന്നു (Commentary on Tatian's Diatessaron).
♦️ വചനഭാഗം: ഈശോ സാന്ഹെദ്രീന്റെ മുമ്പാകെ - വിശുദ്ധ മര്‍ക്കോസ് 14:53-65 (മത്താ 26,57-68) (ലൂക്കാ 22,54-71) (യോഹ 18,13-24)
53 അവര്‍ ഈശോയെ പ്രധാന പുരോഹിതന്റെ അടുത്തേക്കു കൊണ്ടുപോയി. എല്ലാ പുരോഹിതപ്രമുഖന്മാരും ജനപ്രമാണികളും നിയമജ്ഞരും ഒരുമിച്ചുകൂടി. 54 പത്രോസ് പ്രധാന പുരോഹിതന്റെ മുറ്റംവരെ അവനെ അല്പം അകലെയായി അനുഗമിച്ചു. പിന്നീട്, അവന് പരിചാരകരോടൊപ്പം തീ കാഞ്ഞുകൊണ്ടിരുന്നു. 55 പുരോഹിതപ്രമുഖന്മാരും ന്യായാധിപസംഘം മുഴുവനും ഈശോയെ വധിക്കുന്നതിന് അവനെതിരേ സാക്ഷ്യം അന്വേഷിച്ചു. പക്ഷേ, അവര്‍ കണ്ടെത്തിയില്ല. 56 പലരും അവനെതിരേ കള്ളസാക്ഷ്യം പറഞ്ഞെങ്കിലും അവ തമ്മില്‍ പൊരുത്തപ്പെട്ടില്ല.
57 ചിലര്‍ എഴുന്നേറ്റ് അവനെതിരേ ഇപ്രകാരം കള്ളസാക്ഷ്യം പറഞ്ഞു: 58 കൈകൊണ്ടു പണിത ഈ ദൈവാലയം ഞാന്‍ നശിപ്പിക്കുകയും കൈകൊണ്ടു പണിയാത്ത മറ്റൊന്ന് മൂന്നു ദിവസംകൊണ്ടു നിര്‍മിക്കുകയും ചെയ്യും എന്ന് ഇവന് പറയുന്നതു ഞങ്ങള്‍ കേട്ടിട്ടുണ്ട്. 59 ഇക്കാര്യ ത്തിലും അവരുടെ സാക്ഷ്യങ്ങള്‍ പൊരുത്തപ്പെട്ടില്ല. 60 പ്രധാനപുരോഹിതന്‍ മധ്യത്തില്‍ എഴുന്നേറ്റുനിന്ന് ഈശോയോടു ചോദിച്ചു: ഇവര്‍ നിനക്കെതിരേ സാക്ഷ്യപ്പെടുത്തുന്നതിന് നിനക്കു മറുപടിയൊന്നും പറയാനില്ലേ? 61 അവന് നിശ്ശബ്ദനായിരുന്നു; മറുപടിയൊന്നും പറഞ്ഞില്ല. പ്രധാനപുരോഹിതന്‍ വീണ്ടും ചോദിച്ചു: നീയാണോ വാഴ്ത്തപ്പെട്ടവന്റെ പുത്രനായ മിശിഹാ?
62 ഈശോ പറഞ്ഞു: ഞാന്‍ തന്നെ. മനുഷ്യപുത്രന് ശക്തിയുടെ വലത്തുഭാഗത്ത് ഉപവിഷ്ടനായിരി ക്കുന്നതും വാനമേഘങ്ങളില്‍ വരുന്നതും നിങ്ങള്‍ കാണും. 63 അപ്പോള്‍ പ്രധാനപുരോഹിതന്‍ വസ്ത്രം വലിച്ചുകീറിക്കൊണ്ടു പറഞ്ഞു: ഇനി സാക്ഷി കളെക്കൊണ്ട് നമുക്ക് എന്താവശ്യം? 64 ദൈവദൂഷണം നിങ്ങള്‍ കേട്ടുവല്ലോ? നിങ്ങള്‍ക്ക് എന്തു തോന്നുന്നു? അവന് മരണത്തിന് അര്‍ഹനാണെന്ന് അവരെല്ലാവരും വിധിച്ചു. 65 ചിലര്‍ അവനെ തുപ്പാനും അവന്റെ മുഖം മൂടിക്കെട്ടി മുഷ്ടികൊണ്ട് ഇടിക്കാനും, നീ പ്രവചിക്കുക എന്ന് അവനോടു പറയാനും തുടങ്ങി. ഭൃത്യന്മാര് അവന്റെ ചെകിട്ടത്തടിച്ചു.
***************************************************************
➤ ഒരിജന്‍:
നമ്മുടെ കര്‍ത്താവിനെതിരായി അവരുന്നയിച്ച ആരോപണം ഒരുപക്ഷേ ഈ വാക്കുകളെ അടിസ്ഥാനപ്പെടുത്തിയായിരിക്കാം. ''നിങ്ങള്‍ ഈ ദൈവാലയം നശിപ്പിക്കുക. മൂന്നു ദിവസത്തിനകം ഞാനതു പുനരുദ്ധരിക്കും'' (യോഹ 2,19). തന്റെ ശരീരമാകുന്ന ദൈവാലയത്തെക്കുറിച്ചാണ് അവനിതു പറഞ്ഞിരുന്നതെങ്കിലും കല്ലുകളാല്‍ നിര്‍മ്മിതമായ ആലയത്തെപ്പറ്റിയാണവന് സംസാരിച്ചതെന്ന് അവര്‍ കരുതി (Commentary on John 10.21).
➤ വിശുദ്ധ ആഗസ്തീനോസ്:
''രോമം കത്രിക്കുന്നവരുടെ മുമ്പില്‍ നില്ക്കുന്ന ചെമ്മരിയാട്ടിന്കുട്ടിയെപ്പോലെ അവന് നിശബ്ദനായിരുന്നു'' എന്ന പ്രവചനം വ്യര്‍ത്ഥമായില്ല (ഏശ 53,7). മിശിഹാ നിശബ്ദനായി നിന്നപ്പോള്‍ ഒരു ചെമ്മരിയാട്ടിന്‍ കുട്ടിയെ ഓര്‍മ്മിപ്പിച്ചു. പാപത്തെക്കുറിച്ചുള്ള കുറ്റബോധം മൂലമല്ല, മറ്റുള്ളവരുടെ പാപങ്ങള്‍ക്കുവേണ്ടി ജീവനര്പ്പിക്കുവാനുള്ള സന്നദ്ധത മൂലമായിരുന്നു അവന് നിശബ്ദനായിരുന്നത് (Tractates on John 116:4).
➤ പോയിറ്റേയേഴ്സിലെ ഹിലരി:
മിശിഹാ ആരെന്ന് അവനെ സ്വീകരിച്ചവരില്‍നിന്ന് നിങ്ങള്‍ പഠിക്കുകയില്ലെങ്കില് അവനെ തിരസ്ക്കരിച്ചവരില്നിന്നെങ്കിലും ഗ്രഹിക്കുവിന്‍. അവന്റെ ശത്രുക്കള്‍ ബോധപൂര്‍വ്വമല്ലെങ്കിലും നടത്താന്‍ നിര്‍ബന്ധിതമായ വിരോധാഭാസേനയുള്ള ഏറ്റുപറച്ചില്തന്നെ അവര്‍ക്കുള്ള ശാസനയാണ്. മിശിഹാ ശരീരത്തില്‍ പ്രത്യക്ഷനായപ്പോള്‍ അവര്‍ അവനെ അംഗീകരിച്ചില്ല. എന്നാല്‍ യഥാര്‍ത്ഥ മിശിഹാ ദൈവപുത്രനാണെന്ന കാര്യത്തില്‍ അവര്‍ക്കു തര്‍ക്കമില്ലായിരുന്നു. മിശിഹായ്ക്കെതിരെയുള്ള കള്ളസാക്ഷികള്‍ പരാജയപ്പെട്ടപ്പോള്‍ പുരോഹിതന് ചോദിച്ചു ''നീ അത്യുന്നത ദൈവത്തിന്റെ പുത്രനായ മിശിഹായാണോ?'' (മത്താ 26,63; മര്‍ക്കോ 14:61).
ദിവ്യരഹസ്യം അവനില്‍ പൂര്‍ത്തീകരിക്കപ്പെട്ടിരിക്കുന്നുവെന്ന് അവരറിഞ്ഞില്ല. എന്നാല്‍ ദൈവസ്വഭാവം അതിനാവശ്യമാണെന്ന് അവര്‍ ഗ്രഹിച്ചിരുന്നു. അവന് മിശിഹായാണോ എന്നാണവര്‍ ചോദിച്ചത്. മിശിഹാ ദൈവപുത്രനായിരിക്കണമെന്ന കാര്യത്തില്‍ അവര്‍ക്കു സംശയമില്ലായിരുന്നു. അവര്‍ക്ക് ആളെക്കുറിച്ച് പിശകിപ്പോയി. എന്നാല്‍ ദൈവപുത്രനെക്കുറിച്ച് പിശകുപറ്റിയില്ല. മിശിഹാ ദൈവപുത്രനായിരിക്കുമെന്ന് അവര്‍ക്ക് തീര്ച്ചയുണ്ടായിരിക്കെത്തന്നെയാണ് 'നീ മിശിഹായാണോ' എന്നവര്‍ ചോദിച്ചത് (On the Trinity 6.50).
➤ രക്തസാക്ഷിയായ ജസ്റ്റിന്:
സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള അവന്റെ മഹത്ത്വപൂര്‍ണ്ണമായ ആഗമനത്തെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ പ്രവാചകന്റെ വചനങ്ങള്‍ ഓര്‍ക്കുക ''മനുഷ്യപുത്രന് വാനമേഘങ്ങളില്‍ വരുന്നത് കണ്ടാലും'' (ദാനി 7,13; ജറ 4,13; മത്താ 24,30; 26,64). മിശിഹായുടെ രണ്ട് ആഗമനങ്ങളും പ്രവാചകര്‍ മുന്‍കൂട്ടി ചിത്രീകരിച്ചിരുന്നു. ഒന്ന്, ഇപ്പോള്‍ത്തന്നെ സംഭവിച്ചതുപോലെ അറിയപ്പെടാത്തവനും മരണവിധേയനുമായുള്ള ആഗമനം. രണ്ട്, മഹത്ത്വത്തോടെ സ്വര്‍ഗത്തില്‍ നിന്നുള്ള ആഗമനം (ഹഗ്ഗ 2,7; മത്താ 16,27; 25,31; ലൂക്കാ 9:26) (First Apology 51:52).
➤ വിശുദ്ധ സിപ്രിയാന്‍:
മുമ്പ് താന്‍ നിശബ്ദനായിരുന്നു. എപ്പോഴും അങ്ങനെയായിരിക്കുകയില്ല എന്നു പറയുന്ന ഇവന് ആരാണ്? കൊലക്കളത്തിലേക്കു നയിക്കപ്പെടുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുമ്പില്‍ നില്ക്കുന്ന ചെമ്മരിയാടിനെപ്പോലെയും നിശബ്ദനായിരിക്കുന്ന ഇവന് ആര്? (ഏശ 53,7). ആരാണ് സ്വരമുയര്ത്തുകയില്ലാത്തത്? ആരുടെ സ്വരമാണ് തെരുവീഥികളില്‍ കേള്ക്കപ്പെടുകയില്ലാത്തത്?
തന്റെ പുറം ചമ്മട്ടിയടികള്‍ക്കും കവിളുകള്‍ പ്രഹരങ്ങള്‍ക്കും വിട്ടുകൊടുത്തപ്പോള്‍ പ്രതിഷേധിക്കാത്തവന്‍ തന്നെ. അവരുടെ അഴുക്കുനിറഞ്ഞ തുപ്പലില്നിന്ന് അവന് തന്റെ മുഖം തിരിച്ചില്ല (ഏശ 50,5-6; മത്താ 26,67; മര്‍ക്കോ 14,65; ലൂക്കാ 22,63). പുരോഹിതരും പ്രമാണികളും ചോദ്യം ചെയ്തപ്പോള്‍ അവന് ഒന്നും ഉരിയാടിയില്ല (മത്താ 26,63; മര്‍ക്കോ 14,61). പീലാത്തോസ് വിസ്മയിക്കത്തക്ക വിധത്തില്‍ അവന് അത്യന്തം ക്ഷമാപൂര്‍വ്വം നിശബ്ദത പാലിച്ചു (മത്താ 27,14; മര്‍ക്കോ 15,5). . (The Good of Patience 23).
➤ പ്രൂഡന്‍ഷ്യസ്:
കണ്ടാലും, ദുഷ്ടനും ദൈവദൂഷകനുമാം
കയ്യാഫാസിന് ഭവനം വീണുപോയി.
എന്തെന്നാല്‍, അവിടെ വച്ചാണല്ലോ
മിശിഹായുടെ തിരുമുഖത്തവര് തുപ്പിയത് (മത്താ 26,57-67; മര്‍ക്കോ 14,53-65).
കഷ്ടനഷ്ടങ്ങള്ക്കിടയിലിതുപോലെതന്നെ
ദുഷ്ടപാപികളുടെ ജീവിതവും
തകര്ന്നിടുമെന്നേക്കുമായ്.
ഈ ഭവനത്തില്‍ കര്‍ത്താവ് തൂണിനോട് ബന്ധിക്കപ്പെട്ട് നിവര്‍ന്നു നിന്നു.
അടിമയെന്നപോലെ തന്റെ പുറം
അനേകം നിര്‍ഭയ താഡനങ്ങള്ക്കു അവന് സമര്‍പ്പിച്ചു.
ആദരവിനര്ഹമാം ആ തൂണിതാ
ആലയത്തെ താങ്ങി നിവര്‍ന്നു നില്ക്കുന്നു
ഒപ്പം, ശിക്ഷാവിമുക്തമാം ജീവിതമെങ്ങനെ നയിക്കാമെന്നൊരു പാഠവുമേകുന്നു
(Scenes from Sacred History 40:41).
കരങ്ങളാല്‍ നിര്‍മ്മിതമായ ആലയം
കൊത്തിയെടുത്ത കല്ലുകളാല്‍
സോളമന് പടുത്തതാം ഗംഭീര ദൈവാലയം, കരങ്ങളാല്‍ നിര്‍മ്മിതം,
വീണിതാ കിടക്കുന്നു (നടപടി 7,47-48).
എന്തെന്നാല്‍, മര്‍ത്യമാം കരങ്ങളത്രേ
ക്ഷണികമാമതിനെ നിര്‍മ്മിച്ചു.
യഥാര്ഹമവ തകരുന്നു,
ഇല്ലായ്മയിലേക്കാഴുന്നു.
സൃഷ്ടമായവയെല്ലാമൊരുദിനം
വീഴും നൂനം.
നമ്മുടെ ദൈവാലയം മറ്റൊന്നത്രേ (ഹെബ്രാ 8,1-2).
ശില്പി നിര്‍മ്മിച്ചതല്ല,
പൈന്മരങ്ങള് കടഞ്ഞതല്ല,
കൊത്തിയ വെള്ളക്കല്ലുകളവിടെ
കാണ്മാനില്ല.
കനത്ത ഭാരത്തെയും
കമാനത്തെയും താങ്ങുവാന്‍
താഴെയായി തടിച്ച തൂണുകളുമില്ല.
നിത്യം നിലനില്‍ക്കുന്ന
ദൈവവചനത്താലത്രേയത് പണിയപ്പെട്ടൂ-
മാംസം ധരിച്ച ദൈവവചനത്താല്‍
(യോഹ 1,14).
ഇതത്രേ നിലനില്‍ക്കുന്ന നിത്യഭവനം.
അതിനെ കുരിശിനാലും ചമ്മട്ടിയാലും നിങ്ങള്‍ പ്രഹരിച്ചു
തീവ്രസഹനങ്ങളാലാ ദൈവാലയം തകര്‍ന്നു (മര്‍ക്കോ 14,58).
അമ്മയില്‍നിന്നു സ്വീകരിച്ച പുറംരൂപം
മരണനേരത്ത് വീണുടഞ്ഞു പിരിഞ്ഞു.
എന്നാല്‍, പിതാവിന്റെ ശക്തി
മൂന്നാംദിനമതിനെ പുനഃസ്ഥാപിച്ചു (The Divinity of Christ).
♦️ വചനഭാഗം: പത്രോസ് തള്ളിപ്പറയുന്നു - വിശുദ്ധ മര്‍ക്കോസ് 14:66-72 (മത്താ 26,69-75) (ലൂക്കാ 22,56-62) (യോഹ 18,15-18.25-27)
66 പത്രോസ് താഴെ മുറ്റത്തിരിക്കുമ്പോള്‍, പ്രധാനപുരോഹിതന്റെ പരിചാരികമാരില്‍ ഒരുവള്‍ വന്ന്, 67 അവന് തീ കാഞ്ഞുകൊണ്ടിരിക്കുന്നതു കണ്ട് അവനെ നോക്കി പ്പറഞ്ഞു: നീയും നസറായനായ ഈശോയുടെ കൂടെയായിരുന്നല്ലോ. 68 അവനാകട്ടെ, നീ പറയുന്നതെന്തെന്നു ഞാന്‍ അറിയുന്നില്ല; എനിക്കു മനസ്സിലാകുന്നുമില്ല എന്നു നിഷേധിച്ചു പറഞ്ഞു. പിന്നെ, അവന് പുറത്ത് പടിവാതില്ക്കലേക്കു പോയി. 69 ആ പരിചാരിക അവനെ പിന്നെയും കണ്ടപ്പോള്‍, അടുത്തു നിന്നവരോടു പറഞ്ഞു: ഇവന് അവരില്‍ ഒരുവനാണ്. 70 അവന് വീണ്ടും അതു നിഷേധിച്ചു.
അല്പം കഴിഞ്ഞപ്പോള്‍, അടുത്തു നിന്നവര്‍ പത്രോസിനോടു പറഞ്ഞു: നിശ്ചയമായും നീ അവരില്‍ ഒരുവനാണ്. നീയും ഗലീലിയക്കാരനാണല്ലോ. 71 നിങ്ങള്‍ പറയുന്ന ആ മനുഷ്യനെ ഞാന്‍ അറിയുന്നില്ല എന്നുപറഞ്ഞ് അവന് ശപിക്കാനും ആണയിടു വാനും തുടങ്ങി. 72 ഉടന്‍തന്നെ കോഴി രണ്ടാം പ്രാവശ്യം കൂവി. കോഴി രണ്ടു പ്രാവശ്യം കൂവുന്നതിനുമുമ്പ് നീ മൂന്നു പ്രാവശ്യം എന്നെ നിഷേധിക്കുമെന്ന് ഈശോ പറഞ്ഞവാക്ക് അപ്പോള്‍ പത്രോസ് ഓര്‍മിച്ചു. അവന് ഉള്ളുരുകിക്കരഞ്ഞു.
***************************************************************
➤ വിശുദ്ധ ക്രിസോസ്തോം:
വിരോധാഭാസം നിറഞ്ഞ ഈ സംഭവപരമ്പരകളില്‍ എന്തെല്ലാം ശ്രദ്ധേയമായ കാര്യങ്ങള്‍! തന്റെ ഗുരുവിനെ പിടികൂടുന്നതു കണ്ട മാത്രയില്‍ വാളെടുക്കാനും ഭൃത്യന്റെ ചെവി ഛേദിക്കാനും മാത്രം തീക്ഷ്ണത മുറ്റിയവനായിരുന്നു പത്രോസ് (യോഹ 18,10). എന്നാല്‍ കര്‍ത്താവിനെതിരെ ദുര്ഭാഷണങ്ങളുയരുന്നതു കേട്ടപ്പോള്‍, അനേകമടങ്ങ് രോഷംകൊള്ളാനും ജ്വലിക്കാനും സാധ്യമായിരുന്നിട്ടും, കഷ്ടം! അയാള്‍ ഉള്‍വലിഞ്ഞ തള്ളിപ്പറയലുകാരനായിത്തീര്ന്നു. അതും അപ്രധാനിയായ ഒരു വേലക്കാരി സ്ത്രീയുടെ മുമ്പാകെ, ഒരിക്കല്‍ മാത്രമല്ല, രണ്ടാമതും മൂന്നാമതും അയാള്‍ തള്ളിപ്പറഞ്ഞു (മത്താ 26, 69-75; മര്‍ക്കോ 14,66-72; ലൂക്കാ 22, 55-60; യോഹ 18,17-27) (The Gospel of St. Matthew, Homily 85.1).
➤ വിശുദ്ധ ജറോം:
''എന്റെ സുഹൃത്തുക്കളെ നീ എന്നില്‍ നിന്നും അകറ്റിയിരിക്കുന്നു'' (സങ്കീ 88,8). കുരിശിലെ സഹനസമയത്ത് എന്റെ ശ്ലീഹന്മാര് പോലും എന്നില്‍നിന്ന് ഓടിയകന്നു. ''ഞാനവനെ അറിയുകയില്ല'' എന്നു പത്രോസ് പോലും പറയത്തക്കവിധത്തില്‍ അവര്‍ എന്നെ തള്ളിക്കളഞ്ഞു (മത്താ 26,72; ലൂക്കാ 22,57) (Homilies of St. Jerome, Homily 65).
➤ ഒരിജന്‍:
രണ്ടാമത് തള്ളിപ്പറഞ്ഞപ്പോള്‍ അവന് ശപഥത്തോടെയും മൂന്നാമത് ആണയിട്ടും അതു ചെയ്തു. മാനുഷിക കഴിവുകള്ക്കപ്പുറമുള്ളവയില് ഇത്തരത്തില്‍ ചിന്താശൂന്യമായ വാഗ്ദാനങ്ങള്‍ ചെയ്യരുതെന്ന് ഇതുവഴി നമ്മള് പഠിപ്പിക്കപ്പെടുന്നു (Commentary on Matthew 86).
➤ വിശുദ്ധ എവുസേബിയൂസ്:
മര്‍ക്കോസ് എഴുതിയിരിക്കുന്ന ഇക്കാര്യങ്ങളില്‍നിന്ന് പത്രോസിന്റെ തന്നെ സാക്ഷ്യമാണ് നമുക്കു ലഭിച്ചിരിക്കുന്നത്. എന്തെന്നാല്‍ പത്രോസിന്റെ പ്രഘോഷണത്തിന്റെ രേഖപ്പെടുത്തലാണ് മര്‍ക്കോസ് നടത്തിയതെന്നാണ് പറയപ്പെടുന്നത്. തങ്ങളെക്കുറിച്ച് പ്രശംസാര്‍ഹമായ കാര്യങ്ങള്‍ രേഖപ്പെടുത്തുന്നതില്‍ ശ്ലീഹന്മാര് സസൂക്ഷ്മം വൈമനസ്യം പ്രകടിപ്പിച്ചു. യുഗങ്ങളോളം തങ്ങള്‍ക്കെതിരെ ഉയരാവുന്ന ആരോപണങ്ങളും പാപങ്ങളും മറച്ചുവയ്ക്കാന്‍ അവര്‍ പരിശ്രമിച്ചില്ല. അവര്‍ തന്നെ പറഞ്ഞ് ഇതെഴുതപ്പെട്ടില്ലായിരുന്നെങ്കില് ലോകം ഒരിക്കലും ഈ കുറവുകള്‍ അറിയുമായിരുന്നില്ല. ഇത്രമാത്രം സത്യസന്ധമായി കുറവുകള്‍ വിവരിക്കുന്നതിനാല്‍ ഇല്ലായെന്നുറപ്പ്. സത്യത്തോടുള്ള അവരുടെ സ്നേഹത്തിന്റെ സുവ്യക്തമായ തെളിവാണിത്. ശ്ലീഹന്മാരെ നുണയരും കെട്ടുകഥകള്‍ മെനയുന്നവരുമായി കണക്കാക്കുകയും വഞ്ചകരെന്ന് ദുഷിച്ചുപറയുകയും ചെയ്യുന്നവരുടെ ഭോഷത്തം ഇതില്‍നിന്നു വ്യക്തമല്ലേ? അവര്‍ അസൂയയുടെയും വിദ്വേഷത്തിന്റെയും മിത്രങ്ങളും സത്യത്തിന്റെ ശത്രുക്കളുമാണെന്ന് ഇതിനാല്‍ തെളിയുന്നില്ലേ? എന്തെന്നാല്‍ ഇത്രമാത്രം സത്യസന്ധരും സമഗ്രതയും ആത്മാര്ത്ഥതയുമുള്ളവരായ ശ്ലീഹന്മാരെ തെമ്മാടികളും കെട്ടുകഥകള്‍ മെനയുന്ന വിജ്ഞാനാഭാസക്കാരും തങ്ങളുടെ ഗുരു ചെയ്യാത്ത കാര്യങ്ങള്‍ ചെയ്തെന്നു പ്രചരിപ്പിക്കുന്നവരുമായി ചിത്രീകരിച്ചില്ലേ? ഇപ്രകാരം പറയപ്പെടുന്നതിന് വലിയ സാംഗത്യമുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ''ഈശോയുടെ ശിഷ്യന്മാരെ മാത്രം വിശ്വാസത്തിലെടുക്കുക, മറ്റാരെയും വേണ്ട''. അവരെ നമ്മള് അവിശ്വസിക്കുന്നെങ്കില് അതേ ന്യായത്താല്ത്തന്നെ ഗ്രീസിലും മറ്റും വിശിഷ്ട വ്യക്തികളെക്കുറിച്ച് ഗ്രന്ഥങ്ങളും ജീവചരിത്രങ്ങളും അവരുടെ ഉത്കൃഷ്ട നേട്ടങ്ങളെക്കുറിച്ചുള്ള പുസ്തകങ്ങളും രചിച്ചവരെയും അവിശ്വസിക്കണം. മറ്റുള്ളവരെ വിശ്വസിക്കുകയും സുവിശേഷകന്മാരെ അവിശ്വസിക്കുകയും ചെയ്യുന്നത് യുക്തിസഹമല്ല. അവന്റെ മരണത്തെക്കുറിച്ചുള്ള വിവരണത്തില്‍ തെറ്റായി എന്താണവര്‍ ചേര്‍ത്തിട്ടുള്ളത്? അവന് ഒരിക്കലും ചെയ്തിട്ടില്ലാത്ത കാര്യങ്ങള്‍ എഴുതിവയ്ക്കുന്നതില്‍ നിന്ന് എന്തു പ്രയോജനമാണവര്ക്കു കിട്ടുക? അവര്‍ ശിഷ്യന്മാരിലൊരുവന് ഒറ്റിക്കൊടുത്തതിനെക്കുറിച്ച് വ്യക്തമായി സൂചിപ്പിച്ചിരിക്കുന്നു (മര്‍ക്കോ 14,44-45).
സംശയാസ്പദമായ സാക്ഷികള്‍ ഉന്നയിച്ച ആരോപണ ങ്ങള് അല്പംപോലും ചോര്‍ന്നുപോകാതെ നല്കിയിരിക്കുന്നു (മത്താ 26,59-60; മര്‍ക്കോ 14,55-56). അവന്റെ മുഖത്തേറ്റ നിന്ദനങ്ങളും പ്രഹരങ്ങളും (മത്താ 26,67; മര്‍ക്കോ 14,65) അവനേല്ക്കേണ്ടിവന്ന ചമ്മട്ടിയടികളും അവന്റെ തലയില്‍ മുള്‍മുടി പരിഹാസപൂര്‍വ്വം വച്ചതും (മത്താ 27,26-31; മര്‍ക്കോ 15,15-19) കാല്‍വരിയിലേക്കു കുരിശും ചുമന്നുപോയതും അവസാനം അതിന്മേല് തറയ്ക്കപ്പെട്ടതും (മത്താ 27,31-35; മര്‍ക്കോ 15,20-24; ലൂക്കാ 23,26-33; യോഹ 19,17-18) വ്യക്തമായി വിവരിക്കപ്പെട്ടിരിക്കുന്നു. അവന്റെ കൈകളും കാലുകളും തുളയ്ക്കപ്പെട്ടതും (യോഹ 20,25-27) വിനാഗിരി കുടിക്കാന്‍ നല്കിയതും ഞാങ്ങണകൊണ്ട് കവിളത്തടിച്ചതും അവനെ കണ്ടവരെല്ലാം നിന്ദിച്ചു പരിഹസിച്ചതും (മത്താ 27,48; മര്‍ക്കോ 15,36; ലൂക്കാ 23,36; യോഹ 19,29) സുവിശേഷങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
ഇതു മുഴുവനും സുവിശേഷകന്മാര് മെനഞ്ഞെടുത്ത കഥകളെന്നോ! ഒരിക്കലും സാധ്യതയില്ല. സുവിശേഷത്തിലെ മഹത്ത്വപൂര്‍ണ്ണമായ ഭാഗങ്ങള്‍ മാത്രം കഥകളെന്നും ഈ ഭാഗങ്ങള്‍ സത്യമെന്നും കരുതാമോ? അതും സാധ്യമല്ല. ദൃക്സാക്ഷികള്‍ സത്യവും കള്ളവും ഒരേസമയം പറയുന്നതെങ്ങനെ? തങ്ങളുടെ ഗുരുവിനുമേല്‍ അവാസ്തവമായ കാര്യങ്ങള്‍ ചാര്‍ത്തി നല്‍കുകയായിരുന്നു അവരുടെ ഉദ്ദേശ്യമെങ്കില്‍ ഒരിക്കലും അവന്റെ വേദനയെക്കുറിച്ചോ, അവന്റെ ആത്മാവ് അസ്വസ്ഥമായതിനെക്കുറിച്ചോ ശ്ലീഹ ന്മാര്‍പോലും ഓടിയൊളിച്ചതിനെക്കുറിച്ചോ പത്രോസ് മൂന്നു പ്രാവശ്യം തള്ളിപ്പറഞ്ഞതിനെക്കുറിച്ചോ എഴുതുകയില്ലായിരുന്നു. ഇപ്പോഴാകട്ടെ അവര്‍ അസാമാന്യമാംവിധം സത്യത്തോട് പ്രതിബദ്ധത പുലര്‍ത്തിയെന്നു തെളിയുന്നു (Proof of the Gospel 3.5).
➤ വിശുദ്ധ ക്രിസോസ്തോം:
മര്‍ക്കോസിനെക്കുറിച്ച് നമുക്കു വിസ്മയം തോന്നുന്നു. എന്തെന്നാല്‍ അദ്ദേഹം പത്രോസിന്റെ വീഴ്ചകള്‍ മറച്ചുവയ്ക്കാന്‍ ശ്രമിച്ചില്ലെന്നു മാത്രമല്ല, മറ്റുള്ളവരേക്കാള്‍ വിശദമായി അവ പ്രതിപാദിച്ചിട്ടുമുണ്ട്. ഇക്കാരണത്താലാണ് മര്‍ക്കോസ് പത്രോസിന്റെ ശിഷ്യനെന്ന് വിളിക്കപ്പെടുന്നത് (മര്‍ക്കോ 14,66-72) (The Gospel of St. Matthew 85.1).
➤ വിശുദ്ധ ആഗസ്തീനോസ്:
വിശുദ്ധനായ ദാവീദ് തന്റെ മാരകമായ കുറ്റങ്ങളോര്‍ത്ത് വിലപിക്കുകയും എന്നാല്‍ രാജത്വം തുടരുകയും ചെയ്തതുപോലെ (2 സാമു 12,1-20; 24,17), അനുഗൃഹീതനായ പത്രോസ് കര്‍ത്താവിനെ തള്ളിപ്പറഞ്ഞതോര്‍ത്ത് ആത്മാര്‍ത്ഥമായി അനുതപിക്കുകയും അത്യധികം കണ്ണീരൊഴുക്കുകയും ശ്ലീഹായായി തുടരുകയും ചെയ്തു (മത്താ 26,69-75; മര്‍ക്കോ 14,66-72; ലൂക്കാ 22,55-62) (Letter 185, To Boniface).
➤ മഹാനായ ഗ്രിഗറി:
താന്‍ സഭ മുഴുവന്റെയുംമേല്‍ നിയമിച്ചവന്‍ ഒരു വേലക്കാരി സ്ത്രീയുടെ ചോദ്യത്തിനു മുമ്പില്‍ പതറാനും മിശിഹായെപ്പോലും തള്ളിപ്പറയാനും സര്‍വശക്തനായ ദൈവം അനുവദിച്ചതെന്തുകൊണ്ട്? (മര്‍ക്കോ 14,66-72). ഇതും ദൈവകരുണയുടെ പദ്ധതിപ്രകാരമായിരുന്നു. സഭയുടെ ഇടയനാകേണ്ടവന് തന്റെതന്നെ വീഴ്ചയിലൂടെ, മറ്റുള്ളവരോട് സഹാനുഭൂതിയോടെ പെരുമാറാന്‍ പഠിക്കാനായിരുന്നു. പത്രോസ് എന്താണെന്നുതന്നെ ദൈവം ആദ്യം അവനു വെളിപ്പെടുത്തുന്നു; തുടര്‍ന്ന് അവനെ മറ്റുള്ളവരുടെമേല്‍ നിയമിച്ചാക്കുന്നു. മറ്റുള്ളവരുടെ ദൗര്‍ബല്യങ്ങളോട് എങ്ങനെ കരുണാപൂര്‍വ്വം പെരുമാറണമെന്ന് സ്വന്തം ദൗര്‍ബല്യത്തിലൂടെ അവന് പഠിക്കേണ്ടിയിരുന്നു (Homilies on the Gospels 21).
--------********* (....തുടരും).
▛ ** സുവിശേഷ ഭാഗങ്ങളെ കുറിച്ചുള്ള സഭാപിതാക്കന്മാരുടെ വിശദീകരണം 'പ്രവാചകശബ്ദ'ത്തിൽ | ലേഖനപരമ്പര മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിൽ.
(കടപ്പാട്. ഫാ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍).
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | സ്നാപകന്റെ പ്രഭാഷണം | വിശുദ്ധ മര്‍ക്കോസ് | ഭാഗം 01
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് | ഭാഗം 02
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 12-20 | ഭാഗം 03
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 21-34 | ഭാഗം 04
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 35-45 | ഭാഗം 05
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 1-12 | ഭാഗം 06
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 13-22 | ഭാഗം 07
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 23-28, 3;1-6 | ഭാഗം 08
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 3: 7-30 | ഭാഗം 09
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 3: 31-35; 4:1-20 | ഭാഗം 10
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 4: 21-34 | ഭാഗം 11
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 4: 35-41 | ഭാഗം 12
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 5: 1-43 | ഭാഗം 13
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 6: 1-13 | ഭാഗം 14
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 6: 14-44 | ഭാഗം 15
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 6: 45-56, 7:1-13 | ഭാഗം 16
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 7:13-37 | ഭാഗം 17
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 8:1-26 | ഭാഗം 18
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 8:27-38 | ഭാഗം 19
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 9:1-32 | ഭാഗം 20
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 9:33-50 | ഭാഗം 21
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 10:1-31 | ഭാഗം 22
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 10:32-52 | ഭാഗം 23
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 11:1-14 | ഭാഗം 24
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 11:15-29 | ഭാഗം 25
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 12:1-27 | ഭാഗം 26
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 12:28-44 | ഭാഗം 27
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 13:1-27 | ഭാഗം 28
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 13:24-37 | ഭാഗം 29
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 14:1-11 | ഭാഗം 30
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 14:12-25 | ഭാഗം 31
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 14:26-42 | ഭാഗം 32
'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?
നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.
സംഭാവന നൽകുക / Donate




















