News
സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 6: 1-13 | ഭാഗം 14
ഫാ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍/ പ്രവാചകശബ്ദം 13-09-2025 - Saturday
നസ്രത്തിലെ തിരസ്ക്കരണം, പന്ത്രണ്ടുപേരെ നിയോഗിച്ചയയ്ക്കുന്നു എന്നീ വിശുദ്ധ മര്‍ക്കോസിന്റെ ആറാം അദ്ധ്യായത്തിലെ സുവിശേഷ ഭാഗത്തെ കുറിച്ചു ഒരിജന്‍, വിശുദ്ധ പീറ്റര്‍ ക്രിസോലോഗസ്, രക്തസാക്ഷിയായ ജസ്റ്റിന്‍, വിശുദ്ധ അപ്രേം, നസിയാന്‍സിലെ വിശുദ്ധ ഗ്രിഗറി, വിശുദ്ധ ജോണ്‍ കാസിയാന്‍, വിശുദ്ധ ജറോം, പ്രൂഡന്‍ഷ്യസ്, വിശുദ്ധ ആഗസ്തീനോസ്, വിശുദ്ധ സിപ്രിയാന്‍ എന്നീ സഭാപിതാക്കന്മാര്‍ വിവരിക്കുന്ന സുവിശേഷഭാഷ്യമാണ് ഇവിടെ പങ്കുവെയ്ക്കുന്നത്.
♦️ വചനഭാഗം: നസ്രത്തിലെ തിരസ്ക്കരണം - വിശുദ്ധ മര്‍ക്കോസ് 6:1-6 (മത്താ 13,53-58) (ലൂക്കാ 4,16-30)
1 ഈശോ അവിടെനിന്നു പോയി, സ്വന്തം നാട്ടിലെത്തി. ശിഷ്യന്‍മാര്‍ അവനെ അനുഗമിച്ചു. 2 സാബത്തുദിവസം സിനഗോഗില്‍ അവന്‍ പഠിപ്പിക്കാനാരംഭിച്ചു. അവന്റെ വാക്കുകേട്ട പലരും ആശ്ചര്യപ്പെട്ടു പറഞ്ഞു: ഇവന് ഇതെല്ലാം എവിടെനിന്ന്? ഇവനു കിട്ടിയ ഈ ജ്ഞാനം എന്ത്? എത്ര വലിയ കാര്യങ്ങളാണ് ഇവന്റെ കരങ്ങള്‍വഴി സംഭവിക്കുന്നത്! 3 ഇവന്‍ മറിയത്തിന്റെ മകനും യാക്കോബ്, യോസെ, യൂദാസ്, ശിമയോന്‍ എന്നിവരുടെ സഹോദരനുമായ മരപ്പണിക്കാരനല്ലേ? ഇവന്റെ സഹോദരിമാരും ഇവിടെ നമ്മുടെ കൂടെയില്ലേ? ഇങ്ങനെ പറഞ്ഞ് അവര്‍ അവനില്‍ ഇടറി. 4 ഈശോ അവരോടു പറഞ്ഞു: സ്വദേശത്തും ബന്ധു ജനങ്ങളു ടെയിടയിലും സ്വഭവനത്തിലുമല്ലാതെ മറ്റെങ്ങും പ്രവാചകന്‍ അവമതിക്കപ്പെടുന്നില്ല. 5 ഏതാനും രോഗികളുടെമേല്‍ കൈകള്‍വച്ചു സുഖപ്പെടുത്തുവാനല്ലാതെ മറ്റ് അത്ഭുതമൊന്നും അവിടെ ചെയ്യാന്‍ അവനു സാധിച്ചില്ല. 6 അവരുടെ വിശ്വാസരാഹിത്യത്തെക്കുറിച്ച് അവന്‍ വിസ്മയിച്ചു.
***************************************************************
➤ ഒരിജന്‍:
''സ്വന്തം ദേശം'' എന്നതുകൊണ്ടുദ്ദേശിക്കുന്നത് നസ്രത്താണ്. കാരണം ''അവന്‍ നസറായന്‍ എന്നു വിളിക്കപ്പെടും''എന്ന് എഴുതപ്പെട്ടിരിക്കുന്നു (മത്താ 2,23). സ്വന്തം ദേശത്ത് ഈശോ ബഹുമാനിക്കപ്പെട്ടില്ല. എന്നാല്‍ ''ഉടമ്പടിക്ക് അപരിചിതരായിരുന്ന ജനങ്ങളുടെ'' (എഫേ 2,12) അഥവാ പുറജാതികളുടെ ഇടയില്‍ അവിടുന്ന് വിലമതിക്കപ്പെട്ടു. എന്നിരുന്നാലും അവിടുന്ന് സിനഗോഗില്‍ പഠിപ്പിച്ചിരുന്നു എന്നത് വിസ്മരിക്കരുത്. സിനഗോഗില്‍നിന്ന് അകന്നുനിന്നുകൊണ്ടോ അതിനെ അവഗണിച്ചുകൊണ്ടോ അല്ല ഈശോ പഠിപ്പിച്ചത് (മത്താ 13,54) (Commentary on Matthew 10.16).
ദൈവത്തിന്റെ ശക്തിയും നമ്മുടെ വിശ്വാസവും
ലോഹങ്ങള്‍ക്ക് കാന്തത്തിലേക്കും ധാതുഎണ്ണയ്ക്ക് തീയിലേക്കും പ്രകൃത്യാ ആകര്‍ഷണമുള്ളതുപോലെ ശരിയായ വിശ്വാസത്തിന് ദൈവശക്തിയുടെ നേര്‍ക്ക് ആകര്‍ഷണമുണ്ടാകുന്നു. അതുകൊണ്ടാണ് ഈശോ പറഞ്ഞത്: ''നിങ്ങള്‍ക്ക് കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ മലയോട് ഇവിടെ നിന്നു മാറി കടലില്‍ചെന്നു വീഴുക എന്നു പറഞ്ഞാല്‍ അത് സംഭവിക്കും'' (മത്താ 17,20). വിശ്വസിക്കാത്തവരില്‍പ്പോലും പ്രവര്‍ത്തിക്കുന്ന, സര്‍വ്വാതിശായിയായ, മൂല്യമുള്ള ഒന്നായി ദൈവത്തിന്റെ ശക്തിയെ അവതരിപ്പിക്കാനാണ് മത്തായിയും മര്‍ക്കോസും ശ്രമിക്കുന്നത്. എങ്കിലും വിശ്വാസമുള്ളവരില്‍ കൃപ കൂടുതല്‍ ശക്തിയായി പ്രവര്‍ത്തിക്കുന്നുവെന്നു സൂചിപ്പിക്കാനും അവര്‍ മറക്കുന്നില്ല. അതുകൊണ്ട്, ആളുകളുടെ അവിശ്വാസം നിമിത്തം ഈശോയ്ക്ക് ഒരത്ഭുതവും ചെയ്യാന്‍ കഴിഞ്ഞില്ലെന്നല്ല, ധാരാളം അത്ഭുതങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞില്ലെന്നാണവര്‍ രേഖപ്പെടുത്തുന്നത് (മര്‍ക്കോ 6,5). ''ഏതാനും രോഗികളുടെമേല്‍ കൈവച്ച് അവരെ സുഖപ്പെടുത്തി'' എന്ന് അവിടെ മര്‍ക്കോസ് വ്യക്തമാക്കുന്നുണ്ട്. അതായത് ഈശോയുടെ ശക്തി ആളുകളുടെ അവിശ്വാസത്തെയും മറികടക്കുന്നതായിരുന്നു (Commentary on Matthew 10.19).
➤ പീറ്റര്‍ ക്രിസോലോഗസ്:
സ്ഥലങ്ങള്‍ക്കോ ഇടങ്ങള്‍ക്കോ പരിമിതപ്പെടുത്താനാവാത്തവന്‍ ഒരിടത്തേക്കു 'വന്നു', ഒരിടത്തേക്കു 'പോയി' എന്നെല്ലാം പറയാന്‍ എങ്ങനെ കഴിയും? വാസ്തവത്തില്‍ മിശിഹാ വന്നത് നിങ്ങളിലേക്കും നിങ്ങള്‍ക്കു വേണ്ടിയുമാണ്. നിങ്ങള്‍ പ്രവാസത്തില്‍ നിന്നു മടങ്ങിവരുന്നതുവരെ, നിങ്ങളെ അടിമത്തത്തില്‍ നിന്നു തിരികെ വിളിക്കാന്‍ അവന്‍ വരുന്നു (ഉത്പ 3,8; സങ്കീ 24,1; മത്താ 9,13; 18,11; ലൂക്കാ 15,4) (Sermons 49).
➤ രക്തസാക്ഷിയായ ജസ്റ്റിന്‍:
ഈശോ മരപ്പണിക്കാരന്റെ മകനായി വന്നു (മത്താ 13,55). പ്രവാചകര്‍ അവനെക്കുറിച്ചു പറഞ്ഞിരുന്നതുപോലെ, അഴകോ ആകാരഭംഗിയോ അവനുണ്ടായിരുന്നില്ല (ഏശ 53,2). നുകങ്ങളും കലപ്പകളും നിര്‍മ്മിക്കുന്ന ഒരു സാധാരണ മരപ്പണിക്കാരനായിരുന്നു അവന്‍. നീതിയുടെ ഇത്തരം പ്രതീകങ്ങളിലൂടെ അലസജീവിതം ഒഴിവാക്കാന്‍ അവന്‍ നമ്മെ ഉദ്‌ബോധിപ്പിച്ചു (Dialogue with Trypho 7.9).
➤ വിശുദ്ധ അപ്രേം:
യൗസേപ്പിന്റെ മകന്റെ പക്കലേക്ക് ഈ ഗാനമാലപിച്ചുകൊണ്ട് സാധാരണക്കാരായ തൊഴിലാളികള്‍ വരും. എല്ലാ തൊഴിലാളികളുടെയും അധിനാഥനായവനേ, നിന്റെ ആഗമനം അനുഗൃഹീതമാകുന്നു (സങ്കീ 118,26). നിന്റെ കരവിരുതിന്റെ മുദ്ര പേടകത്തില്‍ ഞങ്ങള്‍ കാണുന്നു (പുറ 25,10-16). താല്‍ക്കാലികം മാത്രമായ സമാഗമകൂടാരത്തിന്റെ രൂപകല്‍പനയിലും അത് ഞങ്ങള്‍ ദര്‍ശിച്ചു (പുറ 26). ഞങ്ങളുടെ കരവേലകള്‍ ഞങ്ങളുടെ നിത്യമഹത്ത്വമായ അങ്ങയെ പ്രകീര്‍ത്തിക്കുന്നു. ഞങ്ങള്‍ക്കായി ഭാരം കുറഞ്ഞതും വഹിക്കാനെളുപ്പമുള്ളതുമായ നുകം അങ്ങു നിര്‍മ്മിച്ചാലും (മത്താ 11,30). ഒട്ടും തെറ്റാത്ത നുകം ഞങ്ങളുടെമേല്‍ വച്ചാലും (Hymns on the Nativity 6).
➤ നസിയാന്‍സിലെ വിശുദ്ധ ഗ്രിഗറി 'കഴിഞ്ഞില്ല' എന്ന പ്രയോഗം മിശിഹായെ സംബന്ധിച്ചിടത്തോളം അവിടുത്തെ മാനുഷിക ഇച്ഛയുടെ പരിധിയെ കാണിക്കുന്നതായിരിക്കാം. നസ്രത്തില്‍ വച്ച് ആളുകളുടെ അവിശ്വാസം നിമിത്തം ഈശോയ്ക്ക് അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല എന്ന വസ്തുത ഉദാഹരണമാണ് (മത്താ 13,58; മര്‍ക്കോ 6,5). സൗഖ്യം പ്രാപിക്കാന്‍ ഇരുഭാഗത്തുനിന്നും ചില കാര്യങ്ങള്‍ ആവശ്യമുണ്ട്: രോഗിക്ക് വിശ്വാസവും ഭിഷഗ്വരന് പ്രാപ്തിയും ഉണ്ടായിരിക്കണം. ഇതിലൊന്ന് ഇല്ലാതിരുന്നാല്‍ സൗഖ്യം ലഭിക്കാന്‍ ''കഴിയില്ല''.
ഇക്കാര്യം ചികിത്സയിലെന്നപോലെ ആത്മീയ നവീകരണത്തിലും ബാധകമാണ്. മാനുഷിക ഹിതത്തിന്റെ പരിമിതികള്‍ വ്യക്തമാക്കുന്ന മറ്റു ചില തിരുലിഖിതഭാഗങ്ങള്‍ ഇവയാണ്: ''ലോകത്തിന് നിങ്ങളെ വെറുക്കാതിരിക്കാനാവില്ല''. ''അണലി സന്തതികളേ, ദുഷ്ടരായിരിക്കെ നിങ്ങള്‍ക്കെങ്ങനെ നല്ല കാര്യങ്ങള്‍ സംസാരിക്കാന്‍ കഴിയും?''(മത്താ 12,34). ഇവിടെയെല്ലാം ഉള്‍ച്ചേര്‍ന്നിരിക്കുന്ന ''അസാധ്യം'' എന്ന ആശയം, ഇച്ഛ ബോധപൂര്‍വ്വം ഒരു കാര്യത്തെ തിരസ്‌കരിക്കുന്നതിനെ സൂചിപ്പിക്കുന്നു. മനുഷ്യര്‍ക്ക് അസാധ്യമായത് ദൈവത്തിന് സാധ്യമാണെന്നു പറയുന്നിടത്തും ഈ ആശയം കാണാം (മത്താ 19,26; മര്‍ക്കോ 10,27).
പ്രായമായ ഒരു മനുഷ്യന് രണ്ടാമതും ശാരീരികമായി ജനിക്കാന്‍ കഴിയില്ല (യോഹ 3,4). സൂചിക്കുഴയ്ക്ക് ഒട്ടകത്തെ കടത്തിവിടാനാവില്ല (മത്താ 19,24; മര്‍ക്കോ 10,25; ലൂക്കാ 18,25) എന്നിങ്ങനെ പറഞ്ഞിരിക്കുന്നിടത്തും ഇതേ ആശയം തന്നെയാണുള്ളത്. എന്നാല്‍ ദൈവം നേരിട്ടാഗ്രഹിച്ചാല്‍ (മനുഷ്യസ്വാതന്ത്ര്യം അനുവദിക്കാതെ) സാധിക്കാത്തതായി എന്തുണ്ട്? ഈശോയ്ക്ക് നസറത്തില്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല എന്ന വാക്യവും ഇത്തരത്തില്‍ മനസിലാക്കണം.
ദൈവമെന്ന നിലയില്‍ ഈശോയ്ക്ക് എന്തെങ്കിലും അസാധ്യമായിരുന്നു എന്നു ചിന്തിക്കുന്നതു യുക്തിസഹമല്ല. ദൈവം എന്നാല്‍ തിന്മയാണെന്നോ അവിടുന്ന് ഇല്ലെന്നോ ചിന്തിക്കാന്‍ നമുക്കാവില്ല. യാഥാര്‍ത്ഥ്യത്തിന് അസ്തിത്വമില്ലെന്നോ രണ്ടും രണ്ടും പതിനാലാണെന്നോ നമുക്ക് ചിന്തിക്കുവാനാവില്ല. അങ്ങനെതന്നെ ദൈവമെന്ന നിലയില്‍ പുത്രന് അസാധ്യമായ കാര്യങ്ങളുണ്ടായിരുന്നെന്ന വാദഗതിയും അചിന്തനീയമാണ് (Oration 30, On the Son 10-11).
➤ വിശുദ്ധ ജോണ്‍ കാസിയാന്‍:
''അവന്‍ എല്ലാ രോഗികളെയും സുഖപ്പെടുത്തി'' (മത്താ 8,16; ലൂക്കാ 4,40). സുവിശേഷകര്‍ വിസ്മയിക്കത്തക്കവിധം ചില സന്ദര്‍ഭങ്ങളില്‍ ഈശോ അത്ഭുതങ്ങള്‍ വഴി സൗഖ്യം സമൃദ്ധമായി വര്‍ഷിച്ചു. എന്നാല്‍ ചിലരുടെയിടയില്‍ മിശിഹായുടെ നന്മ ഒഴുകുന്നതിനു തടസം സൃഷ്ടിക്കപ്പെട്ടു. ''അവരുടെ അവിശ്വാസം നിമിത്തം ഈശോയ്ക്ക് അവരുടെയിടയില്‍ അത്ഭുതങ്ങളൊന്നും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല'' എന്നെഴുതപ്പെട്ടിരിക്കുന്നു (മത്താ 13,58; മര്‍ക്കോ 6,6). ദൈവമെന്ന നിലയില്‍ ഈശോയ്ക്ക് എന്തെങ്കിലും അസാധ്യമായിരുന്നു എന്നു ചിന്തിക്കുന്നതു യുക്തിസഹമല്ല.
നമ്മുടെ വിശ്വാസത്തിന്റെ തോതനുസരിച്ച് നല്‍കപ്പെടുന്ന ദാനങ്ങളില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകാം. അതുകൊണ്ടാണ്, ''നിന്റെ വിശ്വാസം പോലെ നിനക്കു ഭവിക്കട്ടെ'' എന്ന് ഒരുവനോടും (മത്താ 9,29) ''പോവുക, നീ വിശ്വസിച്ചതുപോലെ നിനക്കു വരട്ടെ'' (മത്താ 8,13) എന്ന് രണ്ടാമതൊരുവനോടും മറ്റൊരുവനോടു ''നീ ആഗ്രഹിക്കുന്നതുപോലെ നിനക്കു ഭവിക്കട്ടെ'' എന്നും (മത്താ 15,28) ഇനിയും ഒരുവനോട് ''നിന്റെ വിശ്വാസം നിനക്കു സൗഖ്യം നല്‍കിയിരിക്കുന്നു'' എന്നും പറയപ്പെട്ടത് (Third Conference of Abbot Chaermeon 15)..
അവരുടെ അവിശ്വാസത്തെപ്പറ്റി അവന്‍ വിസ്മയിച്ചു:
രോഗികള്‍ക്കോ അവരെ കൊണ്ടുവരുന്നവര്‍ക്കോ വേണ്ടത്ര വിശ്വാസമില്ലെങ്കില്‍ അത് രോഗശാന്തി നല്‍കുന്നതിന് രോഗശാന്തിയുടെ വരമുള്ളവര്‍ക്ക് തടസ്സം സൃഷ്ടിക്കുന്നു (Second Conference of Abbot Nesteros).
♦️ വചനഭാഗം: പന്ത്രണ്ടുപേരെ നിയോഗിച്ചയയ്ക്കുന്നു - വിശുദ്ധ മര്‍ക്കോസ് 6:7-13 (മത്താ 10,5-15) (ലൂക്കാ 9,1-6)
7 അവന്‍ ഗ്രാമപ്രദേശങ്ങളില്‍ ചുറ്റിസഞ്ചരിച്ച് പഠിപ്പിച്ചുകൊണ്ടിരുന്നു. അവന്‍ തന്റെ പന്ത്രണ്ടുപേരെ അടുത്തു വിളിച്ച് രണ്ടുപേരെ വീതം അയയ്ക്കാന്‍ തുടങ്ങി. അശുദ്ധാത്മാക്കളുടെമേല്‍ അവര്‍ക്ക് അധികാരവും കൊടുത്തു. അവന്‍ കല്പിച്ചു: 8 യാത്രയ്ക്കു വടിയല്ലാതെ മറ്റൊന്നും - അപ്പമോ സഞ്ചിയോ അരപ്പട്ടയില്‍ പണമോ - കരുതരുത്.
9 ചെരിപ്പു ധരിക്കാം, രണ്ട് ഉടുപ്പുകള്‍ ധരിക്കരുത്; 10 അവന്‍ തുടര്‍ന്നു: നിങ്ങള്‍ ഏതെങ്കിലും സ്ഥലത്ത് ഒരു വീട്ടില്‍ പ്രവേശിച്ചാല്‍, അവിടംവിട്ടു പോകുന്നതുവരെ ആ വീട്ടില്‍ താമസിക്കുവിന്‍. 11 എവിടെയെങ്കിലും ജനങ്ങള്‍ നിങ്ങളെ സ്വീകരിക്കാതിരിക്കുകയോ നിങ്ങളുടെ വാക്കുകള്‍ ശ്രവിക്കാതിരിക്കുകയോ ചെയ്താല്‍ അവിടെനിന്നു പുറപ്പെടുമ്പോള്‍ അവര്‍ക്കു സാക്ഷ്യത്തിനായി നിങ്ങളുടെ കാലിലെ പൊടി തട്ടിക്കളയുവിന്‍. 12 ശിഷ്യന്‍മാര്‍ പുറപ്പെട്ട്, ജനങ്ങളോട് അനുതപിക്കണമെന്നു പ്രസംഗിച്ചു. 13 അനേകം പിശാചുക്കളെ പുറത്താക്കി; അനേകം രോഗികളെ തൈലംപൂശി സുഖപ്പെടുത്തി.
***************************************************************
➤ വിശുദ്ധ ജറോം:
രണ്ടുടുപ്പോ, ഭക്ഷണമോ മടിശ്ശീലയില്‍ പണമോ കരുതരുതെന്നും എന്നാല്‍ യാത്രയ്ക്കുള്ള വടിയെടുക്കാമെന്നും രണ്ടു ചെരിപ്പുകള്‍ ധരിക്കാമെന്നുമുള്ള നിര്‍ദ്ദേശം (മത്താ 10,9; മര്‍ക്കോ 6,8) ആരെ ഉദ്ദേശിച്ചാണ്? തങ്ങള്‍ക്കുള്ളവ വിറ്റ് ദരിദ്രര്‍ക്കു കൊടുത്തശേഷം ഈശോയെ അനുഗമിക്കണമെന്ന ആഹ്വാനം എല്ലാവരെയും ഉദ്ദേശിച്ചാണോ? തീര്‍ച്ചയായും അല്ല. ഈ പ്രബോധനം കൃപയോട് അത്മാര്‍ത്ഥതയോടും തീക്ഷ്ണതയോടും കൂടി പ്രതികരിക്കാനാഗ്രഹിക്കുന്നവരോടാണ്.
താന്‍ നിയമം മുഴുവന്‍ പാലിക്കുന്നുണ്ടെന്ന് പൊങ്ങച്ചം പറഞ്ഞവനോട് ഈശോ പറഞ്ഞു: ''നീ പൂര്‍ണ്ണനാകാനാഗ്രഹിക്കുന്നെങ്കില്‍ നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്കു കൊടുക്കുക. പിന്നെ വന്ന് എന്നെ അനുഗമിക്കുക''(മത്താ 19,21). വിശ്വാസത്തില്‍ പരിപൂര്‍ണ്ണത പ്രാപിക്കാനാഗ്രഹിക്കുന്നവരോടാണ് ഈശോ ഇതു പറഞ്ഞത്. വിസമ്മതിക്കുന്നവരുടെ ചുമലില്‍ വന്‍ഭാരം വയ്ക്കാന്‍ അവിടുന്നാഗ്രഹിക്കുന്നില്ല (Against Jovinianus 2).
➤ പ്രൂഡന്‍ഷ്യസ്:
ആവശ്യത്തിലേറെ ആഗ്രഹിക്കാതിരിക്കുക
അതുതാന്‍ പരമപ്രശാന്തത.
ലളിതമാം ഭക്ഷണവസ്ത്രങ്ങളാല്‍ മാത്രമീ ഗാത്രത്തെ പോറ്റുകയത്രേ പ്രകൃതിയേകും സന്ദേശം.
യാത്രയില്‍ കരുതേണ്ട പണസഞ്ചി,
മറുവസ്ത്രം (മര്‍ക്കോ 6,8-9),
നാളയെക്കുറിച്ചുള്ളതാം ഭയാശങ്കയും വേണ്ട (മത്താ 6,34).
ഓരോദിനവും മടങ്ങിയെത്തും
സൂര്യനോടൊപ്പം വന്നെത്തീടും നമ്മള്‍ക്കായ് കരുതപ്പെട്ട അന്നന്നയപ്പവും. നാളെയെച്ചൊല്ലി
ആകുലപ്പെടാറുണ്ടോ
പറവകളേതെങ്കിലും?
പോറ്റുവാന്‍ ദൈവമുണ്ടെന്ന-
റിയുന്നവ നിശ്ചയം
(മത്താ 10,29) (The Spiritual Combat).
➤ വിശുദ്ധ ആഗസ്തീനോസ്:
രണ്ടുടുപ്പുകള്‍ കൊണ്ടുപോകുന്നതിനെയോ കൈവശം വയ്ക്കുന്നതിനെയോ കുറിച്ചല്ല, ഒരേ സമയം രണ്ടുടുപ്പുകള്‍ ധരിക്കുന്നതിനെപറ്റിയാണ് ഇവിടെ പരാമര്‍ശിക്കുന്നത്. ''രണ്ടുടുപ്പുകള്‍ ധരിക്കരുത്'' എന്നാണ് വാക്കുകള്‍. ഇരട്ടസ്വഭാവം (കപടത) പാടില്ല, നേരുള്ളവരായി ജീവിക്കണം എന്നാണിതിന്റെ സൂചന (Harmony of the Gospels 2.32.75)..
➤ വിശുദ്ധ സിപ്രിയാന്‍:
തൈലം സ്വീകരിക്കുന്നവര്‍ ദൈവത്തിന്റെ അഭിഷിക്തരും മിശിഹായുടെ കൃപയുള്ളവരുമാകാന്‍വേണ്ടി മാമ്മോദീസാ സ്വീകരിച്ചവരെ മാത്രമെ അഭിഷേചിക്കാവൂ. മാമ്മോദീസായും തൈലാഭിഷേകവും നടത്തേണ്ടത് ബലിപീഠത്തില്‍വച്ച് വിശുദ്ധീകരിക്കപ്പെട്ട തൈലത്താലാണ്. ബലിപീഠമോ പള്ളിയോ (കുര്‍ബാനയോ സഭകൂട്ടായ്മയോ?) ഇല്ലാത്തവര്‍ക്ക് തൈലം സാധുവായി വിശുദ്ധീകരിക്കാന്‍ കഴിയില്ല (Epistle 69, To Januanius 2).
---------********* (....തുടരും).
▛ ** സുവിശേഷ ഭാഗങ്ങളെ കുറിച്ചുള്ള സഭാപിതാക്കന്മാരുടെ വിശദീകരണം 'പ്രവാചകശബ്ദ'ത്തിൽ | ലേഖനപരമ്പര മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്‌ചകളിൽ.
(കടപ്പാട്. ഫാ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍).
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | സ്നാപകന്റെ പ്രഭാഷണം | വിശുദ്ധ മര്‍ക്കോസ് | ഭാഗം 01
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് | ഭാഗം 02
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 12-20 | ഭാഗം 03
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 21-34 | ഭാഗം 04
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 35-45 | ഭാഗം 05
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 1-12 | ഭാഗം 06
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 13-22 | ഭാഗം 07
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 23-28, 3;1-6 | ഭാഗം 08
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 3: 7-30 | ഭാഗം 09
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 3: 31-35; 4:1-20 | ഭാഗം 10
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 4: 21-34 | ഭാഗം 11
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 4: 35-41 | ഭാഗം 12
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 5: 1-43 | ഭാഗം 13
-- പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
