News - 2025

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 4: 35-41 | ഭാഗം 12

ഫാ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍/ പ്രവാചകശബ്ദം 09-08-2025 - Saturday

കൊടുങ്കാറ്റിനെ ശമിപ്പിക്കുന്നു എന്ന വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷ ഭാഗത്തെ കുറിച്ചു വിശുദ്ധ ആഗസ്തീനോസ്, ഒരിജന്‍, തെര്‍ത്തുല്യന്‍, അംബ്രോസ്, വിശുദ്ധ ബേസില്‍, വിശുദ്ധ അപ്രേം, നസിയാന്‍സിലെ ഗ്രിഗറി, പ്രൂഡന്‍ഷ്യസ് എന്നീ സഭാപിതാക്കന്മാര്‍ വിവരിക്കുന്ന സുവിശേഷഭാഷ്യമാണ് ഇവിടെ പങ്കുവെയ്ക്കുന്നത്.

♦️ വചനഭാഗം: കൊടുങ്കാറ്റിനെ ശമിപ്പിക്കുന്നു - വിശുദ്ധ മര്‍ക്കോസ് 4: 35-41 (മത്താ 8:23-8,27) (ലൂക്കാ 8: 22-25).

35 അന്നു സായാഹ്‌നമായപ്പോള്‍ അവന്‍ അവരോടു പറഞ്ഞു: 36 നമുക്ക് അക്കരയ്ക്കുപോകാം. അവര്‍ ജനക്കൂട്ടത്തെ വിട്ട്, അവന്‍ ഇരുന്ന വഞ്ചിയില്‍ത്തന്നെ അവനെ അക്കരയ്ക്കു കൊണ്ടുപോയി. വേറെ വള്ളങ്ങളും കൂടെയുണ്ടായിരുന്നു. 37 അപ്പോള്‍ ഒരു വലിയ കൊടുങ്കാറ്റുണ്ടായി. തിരമാലകള്‍ വഞ്ചിയിലേക്ക് ആഞ്ഞടിച്ചു കയറി. വഞ്ചിയില്‍ വെള്ളം നിറഞ്ഞുകൊണ്ടിരുന്നു. 38 ഈശോ അമരത്തു തലയണവച്ച് ഉറങ്ങുകയായിരുന്നു. അവര്‍ അവനെ വിളിച്ചുണര്‍ത്തി പറഞ്ഞു: ഗുരോ, ഞങ്ങള്‍ നശിക്കാന്‍ പോകുന്നു. നീ അതു ഗൗനിക്കുന്നില്ലേ? 39 അവന്‍ ഉണര്‍ന്ന് കാറ്റിനെ ശാസിച്ചുകൊണ്ട് കടലിനോടു പറഞ്ഞു: അടങ്ങുക; ശാന്തമാവുക. കാറ്റു ശമിച്ചു; പ്രശാന്തത ഉണ്ടായി. 40 അവന്‍ അവരോടു ചോദിച്ചു: നിങ്ങള്‍ ഭയപ്പെടുന്നതെന്ത്? നിങ്ങള്‍ക്കു വിശ്വാസമില്ലേ? 41 അവര്‍ അത്യധികം ഭയന്ന് പരസ്പരം പറഞ്ഞു: ഇവന്‍ ആരാണ്! കാറ്റും കടലും പോലും ഇവനെ അനുസരിക്കുന്നല്ലോ!

***************************************************************

അത്തനേഷ്യസ്:

തലയിണ വച്ച് ഉറങ്ങുമ്പോഴും ഈശോ ശിഷ്യന്മാരെ പരീക്ഷിക്കുകയായിരുന്നു (മര്‍ക്കോ 4,37-41). അവിടുന്ന് ചെയ്ത അത്ഭുതം ദുഷ്ടരെപ്പോലും മാനസാന്തരപ്പെടുത്താന്‍ ലക്ഷ്യം വച്ചുള്ളതായിരുന്നു. എന്തെന്നാല്‍ കൊടുങ്കാറ്റിനെ ശാന്തമാക്കിയപ്പോള്‍ അവിടുന്ന് രണ്ടു കാര്യങ്ങള്‍ തെളിയിച്ചു. ഒന്ന്, കടലിലെ കാറ്റ് വായുവിന്റെ ചലനംകൊണ്ട് മാത്രമല്ല, കടലിനുമീതെ നടന്ന കര്‍ത്താവിനോടുള്ള ഭയത്തില്‍നിന്നുകൂടിയാണ് ഉണ്ടായത് (മത്താ 14,26; മര്‍ക്കോ 6,48; യോഹ 6,19). രണ്ട്, അവയെ ശാസിച്ച കര്‍ത്താവ് സൃഷ്ടിയല്ല, സ്രഷ്ടാവാണ് (Letter 29).

* വചനം സഹയാത്രികന്‍

തങ്ങളോടൊപ്പം യാത്ര ചെയ്തിരുന്ന കര്‍ത്താവിനെ അവര്‍ ഉണര്‍ത്തി; അവന്റെ കല്‍പ്പനയാല്‍ കാറ്റു ശമിക്കുകയും ചെയ്തു. അവര്‍ പ്രഘോഷകരും അദ്ധ്യാപകരുമായിത്തീര്‍ന്ന് രക്ഷകന്റെ അത്ഭുതങ്ങള്‍ക്ക് സാക്ഷ്യം നല്‍കി. അവരുടെ മാതൃക പിന്‍ചെല്ലാന്‍ അവര്‍ നമ്മെ ഉദ്‌ബോധിപ്പിക്കുന്നു (Letter 19.6, Easter A.D. 347).

ഒരിജന്‍:

വിശ്വാസമാകുന്ന ചെറുനൗകയില്‍ കര്‍ത്താവിനോടൊപ്പം യാത്ര ചെയ്യുന്നവര്‍ നിരവധിയാണ്. തിരമാലയടിച്ചുയരുന്ന ഈ ജീവിതത്തില്‍ പരിശുദ്ധ സഭയാകുന്ന വഞ്ചിയില്‍ കര്‍ത്താവിനോടൊപ്പം മറുകരയ്ക്കു പോകുന്നവര്‍ ധാരാളം പേരുണ്ട്. പരിശുദ്ധമായ ശാന്തതയില്‍ അവിടുന്നുറക്കമാണെങ്കിലും നിങ്ങളുടെ ക്ഷമയും സഹനശീലവും അവിടുന്ന് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. തെറ്റിലകപ്പെട്ടവരുടെ അനുതാപവും മാനസാന്തരവും മിശിഹാ പ്രതീക്ഷിക്കുന്നു. പ്രാര്‍ത്ഥനാനിരതരായി ഉത്സാഹത്തോടെ അവന്റെ പക്കലേക്കു വരുവിന്‍ (Fragments on Matthew 3.3).

നസിയാന്‍സിലെ ഗ്രിഗറി:

അവിടുന്ന് പരിക്ഷീണനായിരുന്നു (യോഹ 4,6); എങ്കിലും പരിക്ഷീണരുടെയും ഭാരം വഹിക്കുന്നവരുടെയും ആശ്വാസമായിരുന്നു (മത്താ 11,28). അവിടുന്ന് നിദ്രാധീനനായിരുന്നു (മത്താ 8,24; മര്‍ക്കോ 4,38; ലൂക്കാ 8,23). എങ്കിലും കടലിനുമീതെ നടക്കുകയും കാറ്റിനെ ശാസിക്കുകയും മുങ്ങിത്താണുകൊണ്ടിരുന്ന പത്രോസിനെ രക്ഷിക്കുകയും ചെയ്തു (മത്താ 8,26; 14,25-32; മര്‍ക്കോ 4,39; 6,48-51; ലൂക്കാ 8,24; യോഹ 6,19-21) (Oration 29, On the Son 20).

അലക്‌സാണ്ഡ്രിയായിലെ സിറിള്‍:

ശിഷ്യരുടെ ഗ്രഹണശക്തി കൂര്‍മ്മയുള്ളതാകുന്നതിന്, അവരെ ഭയത്തിനു വിട്ടുകൊടുത്തുകൊണ്ട് അവിടുന്നുറങ്ങുന്നു. തുടര്‍ന്നു സംഭവിക്കാനിരിക്കുന്നതിന്റെ ആഴം അതുവഴി അവര്‍ക്കു വ്യക്തമാകും. എന്തെന്നാല്‍ മറ്റൊരാളുടെ ശരീരത്തില്‍ സംഭവിക്കുന്നതിനെക്കാള്‍ സ്വന്തം ശരീരത്തില്‍ അനുഭവിച്ചറിയുമ്പോള്‍ ഒരുവന് കൂടുതല്‍ ബോധ്യം ജനിക്കുന്നു (Commentary on the Gospel of Luke 8.5.22).

തെര്‍ത്തുല്യന്‍:

ഈശോ തിരമാലകളെ ശാന്തമാക്കുമ്പോള്‍ ഹബക്കുക്കിന്റെ പ്രവചനം പൂര്‍ത്തിയാകുന്നു: ''കര്‍ത്താവ് കടന്നുപോകുമ്പോള്‍ ജലം വഴിമാറുന്നു'' (ഹബ 3,10). അവിടുത്തെ ശാസനയാല്‍ കടല്‍ അടങ്ങുമ്പോള്‍ നാഹുമിന്റെ വാക്കുകള്‍ നിറവേറുന്നു: ''അവന്‍ കടലിനെ ശാസിക്കുകയും അത് വരണ്ടുപോവുകയും ചെയ്യുന്നു'' (നാഹും 1,4) (Against Marcion 4.20).

ബേസില്‍:

ഈശോയ്ക്ക് വ്യക്തിപരമായി തന്നില്‍ത്തന്നെയുണ്ടായിരുന്ന അധികാരവും ശക്തിയും വ്യക്തമാക്കുന്ന നിരവധി വചനങ്ങള്‍ അവിടുന്നു പറഞ്ഞിട്ടുണ്ട്. ''എനിക്കു മനസ്സുണ്ട്; നിനക്കു ശുദ്ധിയുണ്ടാകട്ടെ'' (മത്താ 8,3; മര്‍ക്കോ 1,41; ലൂക്കാ 5,13). ''അടങ്ങുക; ശാന്തമാവുക'' (മര്‍ക്കോ 4,39). ''എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു'' (മത്താ 5,22), ''ബധിരനും മൂകനുമായ ആത്മാവേ ഞാന്‍ നിന്നോടു കല്‍പിക്കുന്നു'' (മര്‍ക്കോ 9,25) തുടങ്ങിയ പ്രയോഗങ്ങള്‍ നാഥനും സ്രഷ്ടാവുമെന്ന നിലയില്‍ അവിടുത്തെ അധികാരം വ്യക്തമാക്കുന്നവയാണ്. ഇവിടെയെല്ലാം പിതാവ് എല്ലാം ആരിലൂടെ സൃഷ്ടിച്ചുവോ ആ പുത്രന്റെ അധികാരമാണ് നമ്മള്‍ കാണുന്നത്. പിതാവിന്റെ സൃഷ്ടികര്‍മ്മം അപൂര്‍ണ്ണമാണെന്നോ പുത്രന്റെ ശക്തി ദുര്‍ബലമാണെന്നോ ഇതിനര്‍ത്ഥമില്ല. ഇരുവരുടെയും ഏക ഇച്ഛാശക്തിയാണിവിടെ പ്രത്യക്ഷപ്പെടുന്നത് (On the Holy Spirit 8.21).

അപ്രേം:

വഞ്ചി അവിടുത്തെ മാനുഷികതയെ വഹിച്ചു. എന്നാല്‍ അവിടുത്തെ ദൈവികശക്തി വഞ്ചിയെയും അതിലുണ്ടായിരുന്നവരെയും വഹിച്ചു. മനുഷ്യനായ അവന് വഞ്ചി ആവശ്യമില്ലെന്ന് കാണിക്കാന്‍ തോണി നിര്‍മ്മാണക്കാര്‍ ഉപയോഗിക്കുന്ന പലകയോ മരക്കഷണമോ പോലും ഉപയോഗിക്കാതെ, സൃഷ്ടിയെ സംവിധാനം ചെയ്തവനായ അവിടുന്ന്, ജലപാളികളെ തന്റെ പാദത്തിന്‍കീഴ് യോജിപ്പിച്ചുറപ്പിച്ചു നിര്‍ത്തി. ദൈവാലയത്തില്‍വച്ച്, എല്ലാറ്റിനെയും താങ്ങുന്ന ശക്തിയെ സ്വന്തം കരങ്ങളില്‍ വഹിക്കാനുള്ള ശക്തി കര്‍ത്താവ് പുരോഹിതനായ ശിമയോന് നല്‍കിയതുപോലെ (ലൂക്കാ 2,25-35), ശ്ലീഹായായ ശിമയോന്റെ പാദങ്ങളെ വെള്ളത്തിനു മീതെ നില്‍ക്കാന്‍ തക്കവിധം ശക്തിപ്പെടുത്തി. ഏകജാതനെ ദൈവാലയത്തില്‍വച്ച് കരങ്ങളില്‍ വഹിച്ചവന്റെ പേരുകാരനെ ഏകജാതന്‍ കടലില്‍ സംരക്ഷിച്ചുയര്‍ത്തിനിര്‍ത്തി (Homily on Our Lord 50).

ആഗസ്തീനോസ്:

നിനക്കു ചുറ്റും ശാസനകളുയരുമ്പോള്‍ നീ കാറ്റില്‍പ്പെട്ടിരിക്കുന്നുവെന്നാണര്‍ത്ഥം. നിന്നില്‍ ദേഷ്യമുണരുമ്പോള്‍ നീ തിരമാലകളില്‍പ്പെട്ട് വട്ടം കറക്കപ്പെടുകയാണ്. കാറ്റടിക്കുകയും തിരമാലകളുയരുകയും ചെയ്യുമ്പോള്‍ തോണി അപകടത്തിലാണ്, നിന്റെ ഹൃദയം നാശത്തിന്റെ വക്കിലാണ്, അത് പ്രഹരങ്ങളേറ്റ് പിളരാന്‍ തുടങ്ങുകയാണ്. അവമാനിതനാകുമ്പോള്‍ നീ പകരം വീട്ടാനൊരുങ്ങുന്നു. എന്നാല്‍ പ്രതികാരത്തിന്റെ സന്തോഷത്തിനൊപ്പം കപ്പല്‍ഛേദമെന്ന ദൗര്‍ഭാഗ്യവുമുണ്ട്. ഇതിനെല്ലാം കാരണമെന്ത്? മിശിഹാ നിന്നില്‍ ഉറങ്ങുകയാണ്. അതായത് നീ അവിടുത്തെ സാന്നിധ്യം മറന്നുപോയിരിക്കുന്നു. അവനെ ഉണര്‍ത്തുക; അവനെ ഓര്‍മ്മിക്കുക. അവന്‍ നിന്റെ ഉള്ളില്‍ ഉണര്‍ന്നിരിക്കട്ടെ, നീ അവനെ ശ്രവിക്കുക. ഒരു പ്രലോഭനം വന്നുവോ? അതു കാറ്റിനു തുല്യമാണ്. അത് തിരമാലകള്‍ക്കു സമം നിന്നെ ഉലയ്ക്കും. മിശിഹായെ ഉണര്‍ത്താന്‍ സമയമായി. നിനക്കു ഉടന്‍തന്നെ പറയാനാകും. ''ഇവന്‍ ആര്? കാറ്റും കടലുംപോലും ഇവനെ അനുസരിക്കുന്നല്ലോ'' (Sermons 63.1.3).

പ്രൂഡന്‍ഷ്യസ്:

അവന്റെ അധികാരവും അടയാളങ്ങളും അവന്റെ ദൈവത്വം പ്രഘോഷിക്കുന്നു.

വന്യമാം കാറ്റുടനെ ശമിക്കുന്നു. മിശിഹായുടെ കല്‍പ്പനയിങ്കല്‍;

സാഗരത്തെയിളക്കി മറിച്ചൊരു കൊടിയ കാറ്റുടനെ മൃദുവായിത്തീരുന്നു;

പ്രശാന്തതയെങ്ങും കളിയാടുന്നു. തിരമാലകളാര്‍ത്തലച്ചുയരുന്നതും അവന്റെ പാദത്തിങ്കല്‍ തട്ടിക്കളിക്കുന്നതും ഞാന്‍ കണ്ടു. താമസംവിനാ നടക്കുകയായവനതിന്‍ മീതേ, പതിയുകയായ് തന്‍ പാദമുദ്രകളാ സാഗരവിതാനംമേലേ.

കാറ്റിനോട്, നിശ്ചലമാവുക, നിന്നില്‍ത്തന്നെയൊതുങ്ങുകയീ നീലക്കടലിന്‍

സീമകള്‍ക്കപ്പുറം പോയൊളിക്കുകയെന്നുരചെയ്‌വോന്‍

ഉലകിന്റെ നാഥനും പവനന്റെ സ്രഷ്ടാവുമല്ലാതാരുമാകാ...

ഉറച്ച കാല്‍പ്പാദങ്ങളുമായുറച്ച നിലത്തെന്നപോല്‍തന്നെ

ചഞ്ചലമാം കടല്‍ത്തിരകള്‍ക്കു മീതേ നടന്നേറിയോന്‍

പാദങ്ങള്‍ നനയാതെയാ ദൂരങ്ങള്‍ കടന്നെത്തിയോന്‍

മറ്റാരുമല്ല, ആഴത്തിന്നധിപന്‍, കൂടാതെ താതന്‍ തന്‍

അധരത്തില്‍ നിന്നൊഴുകിയിറങ്ങിയ അരൂപി താനവന്‍

ഇല്ലാകഴിഞ്ഞില്ലാറടി മണ്ണിന്നുറപ്പിനവനെ തടഞ്ഞുനിര്‍ത്തുവാന്‍ (A Hymn on the Trinity, Lines 649-79). ---------********* (....തുടരും).

▛ ** സുവിശേഷ ഭാഗങ്ങളെ കുറിച്ചുള്ള സഭാപിതാക്കന്മാരുടെ വിശദീകരണം 'പ്രവാചകശബ്ദ'ത്തിൽ | ലേഖനപരമ്പര മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്‌ചകളിൽ.

(കടപ്പാട്. ഫാ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍).

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | സ്നാപകന്റെ പ്രഭാഷണം | വിശുദ്ധ മര്‍ക്കോസ് | ഭാഗം 01 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് | ഭാഗം 02 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 12-20 | ഭാഗം 03 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 21-34 | ഭാഗം 04 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 35-45 | ഭാഗം 05 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 1-12 | ഭാഗം 06 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 13-22 | ഭാഗം 07 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 23-28, 3;1-6 | ഭാഗം 08 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 3: 7-30 | ഭാഗം 09 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 3: 31-35; 4:1-20 | ഭാഗം 10 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 4: 21-34 | ഭാഗം 11 ‍

-- പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍




Related Articles »