News

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 7:13-37 | ഭാഗം 17

ഫാ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍/ പ്രവാചകശബ്ദം 08-11-2025 - Saturday

വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷം ഏഴാം അദ്ധ്യായത്തിലെ ഉള്ളില്‍നിന്നു വരുന്നവ അശുദ്ധനാക്കുന്നു, സീറോ-ഫിനിഷ്യന്‍ സ്ത്രീയുടെ വിശ്വാസം, മൂകബാധിതനെ സുഖപ്പെടുത്തുന്നു എന്നീ സുവിശേഷ ഭാഗങ്ങളെ കുറിച്ചു ഒരിജന്‍, ബീഡ്, ഡമാസ്‌ക്കസിലെ യോഹന്നാന്‍, തെര്‍ത്തുല്യന്‍, ക്രിസോസ്‌തോം, അംബ്രോസ്, അലക്‌സാണ്ഡ്രിയായിലെ ക്ലെമന്റ്, ആഗസ്തീനോസ്, അപ്രേം, മഹാനായ ഗ്രിഗറി, ലാക്റ്റാന്‍സിയൂസ്, പ്രൂഡന്‍ഷ്യസ് എന്നീ സഭാപിതാക്കന്മാര്‍ വിവരിക്കുന്ന സുവിശേഷ ഭാഷ്യമാണ് ഇവിടെ പങ്കുവെയ്ക്കുന്നത്.

♦️ വചനഭാഗം: ഉള്ളില്‍ നിന്നു വരുന്നവ അശുദ്ധനാക്കുന്നു- വിശുദ്ധ മര്‍ക്കോസ് 7:14-23 (മത്താ 15,10-20)

14 ജനങ്ങളെ വീണ്ടും അടുത്തേക്കു വിളിച്ച് അവന്‍ പറഞ്ഞു: നിങ്ങളെല്ലാവരും എന്റെ വാക്കു കേട്ടു മനസ്‌സിലാക്കുവിന്‍. 15 പുറമേനിന്ന് ഉള്ളിലേക്കു കടന്ന്, ഒരുവനെ അശുദ്ധനാക്കാന്‍ ഒന്നിനും കഴിയുകയില്ല. എന്നാല്‍, ഉള്ളില്‍നിന്നു പുറപ്പെടുന്നവയാണ് അവനെ അശുദ്ധനാക്കുന്നത്. 16 കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. 17 അവന്‍ ജനങ്ങളെ വിട്ട് ഭവനത്തിലെത്തിയപ്പോള്‍ ഈ ഉപമയെക്കുറിച്ച് ശിഷ്യന്‍മാര്‍ ചോദിച്ചു. 18 അവന്‍ പറഞ്ഞു: നിങ്ങളും വിവേചനാശക്തിയില്ലാത്ത വരാണോ? പുറമേനിന്നു മനുഷ്യന്റെ ഉള്ളില്‍ പ്രവേശിക്കുന്ന ഒന്നിനും അവനെ അശുദ്ധനാക്കാന്‍ സാധിക്കയില്ലെന്നു നിങ്ങള്‍ മനസ്‌സിലാക്കുന്നില്ലേ? 19 കാരണം, അവ മനുഷ്യന്റെ ഹൃദയത്തില്‍ പ്രവേശിക്കുന്നില്ല. പിന്നെയോ ഉദരത്തിലേക്കു കടക്കുകയും വിസര്‍ജിക്കപ്പെടുകയും ചെയ്യുന്നു. എല്ലാ ഭക്ഷണപദാര്‍ഥങ്ങളും ശുദ്ധമാണെന്ന് അങ്ങനെ അവന്‍ പ്രഖ്യാപിച്ചു. 20 അവന്‍ തുടര്‍ന്നു: ഒരുവന്റെ ഉള്ളില്‍നിന്നു പുറപ്പെടുന്ന കാര്യങ്ങളാണ് അവനെ അശുദ്ധനാക്കുന്നത്. 21 എന്തെന്നാല്‍, ഉള്ളില്‍നിന്നാണ്, മനുഷ്യന്റെ ഹൃദയത്തില്‍നിന്നാണ് ദുശ്ചിന്ത, പരസംഗം, മോഷണം, കൊലപാതകം, 22 വ്യഭിചാരം, ദുരാഗ്രഹം, ദുഷ്ടത, വഞ്ചന, ഭോഗാസക്തി, അസൂയ, ദൂഷണം, അഹങ്കാരം, മൂഢത എന്നിവ പുറപ്പെടുന്നത്. 23 ഈ തിന്‍മകളെല്ലാം ഉള്ളില്‍നിന്നുവരുന്നു. അവ മനുഷ്യനെ അശുദ്ധനാക്കുകയും ചെയ്യുന്നു.

***************************************************************

ഒരിജന്‍:

ലേവ്യരുടെ പുസ്തകത്തിലും (ലേവ്യ 11) നിയമാവര്‍ത്തനപുസ്തകത്തിലും (നിയമ 14) ശുദ്ധവും അശുദ്ധവുമായ ഭക്ഷണപദാര്‍ത്ഥങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ നല്‍കിയിട്ടുണ്ടല്ലോ (അവ പാലിക്കുന്നില്ലെന്ന് നിയമവാദികളും എബിയോണൈറ്റുകാരും നമ്മെ കുറ്റപ്പെടുത്താറുണ്ട്; കാരണം അവര്‍ ഈ നിയമങ്ങളെ ഏതാണ്ടു പൂര്‍ണ്ണമായും പിന്തുണയ്ക്കുന്നവരാണ്). അവയെ ഉപരിപ്ലവമായി മാത്രം സമീപിക്കാനല്ല തിരുലിഖിതം നമ്മോടാവശ്യപ്പെടുന്നത്. ''പുറമേനിന്നും ഉള്ളിലേക്കു പ്രവേശിക്കുന്ന ഒന്നിനും മനുഷ്യനെ അശുദ്ധനാക്കാനാവില്ല. എന്തെന്നാല്‍ അത് ഹൃദയത്തില്‍ പ്രവേശിക്കുന്നില്ല: മറിച്ച് ഉദരത്തിലേക്കു പ്രവേശിക്കുകയും കടന്നുപോവുകയും ചെയ്യുന്നു'' (മത്താ 15,11-17). മര്‍ക്കോസിന്റെ സുവിശേഷപ്രകാരം ''എല്ലാ ഭക്ഷണപദാര്‍ത്ഥങ്ങളും ശുദ്ധമാണെന്ന്'' രക്ഷകന്‍ പഠിപ്പിച്ചു (മര്‍ക്കോ 7,19). നിയമത്തിന്റെ അക്ഷരത്താല്‍ ബന്ധിതരായിക്കഴിയാനാഗ്രഹിക്കുന്നവര്‍ ഭക്ഷണത്തിന്റെ പേരില്‍ ഇപ്പോഴും നമ്മെ കുറ്റപ്പെടുത്തുന്നെങ്കിലും നിയമം അശുദ്ധമെന്നു പ്രഖ്യാപിച്ചവ ഭക്ഷിക്കുന്നതുകൊണ്ട് നമ്മള്‍ അശുദ്ധരാകുന്നില്ല. എന്നാല്‍ അളന്നു തൂക്കി ന്യായത്തോടെ സംസാരിക്കേണ്ട നന്മകളുടെ അധരങ്ങള്‍ അന്യായമായും അനുചിതമായും സംസാരിക്കുമ്പോള്‍ നമ്മള്‍ അശുദ്ധരാകുന്നു (Commentary on Matthew 11.12).

ബീഡ്:

ദുഷിച്ച ചിന്തകള്‍ ഇച്ഛയില്‍നിന്നല്ല വരുന്നത്: മറിച്ച് സാത്താന്‍ നേരിട്ടു കുത്തിവയ്ക്കുകയാണു ചെയ്യുന്നത് എന്നു വിചാരിക്കുന്നവര്‍ക്ക് ഇവിടെ മറുപടിയുണ്ട്. അവന്‍ നമ്മിലെ ദുഷിച്ച ചിന്തകള്‍ക്ക് ആഴംകൂട്ടുകയും അവയെ ഉജ്ജ്വലിപ്പിക്കുകയും ചെയ്‌തേക്കാം. എന്നാല്‍ അവയുടെ ഉറവിടമാകാന്‍ സാത്താനു കഴിയില്ല (Exposition on the Gospel of Mark 2.7.20-21).

♦️ വചനഭാഗം: സീറോ-ഫിനിഷ്യന്‍ സ്ത്രീയുടെ വിശ്വാസം- വിശുദ്ധ മര്‍ക്കോസ് 7,24-30 (മത്താ 15,21-28)

24 അവന്‍ അവിടെനിന്ന് എഴുന്നേറ്റ് ടയിറിലേക്കു പോയി. അവിടെ ഒരു വീട്ടില്‍ പ്രവേശിച്ചു. തന്നെ ആരും തിരിച്ചറിയാതിരിക്കണമെന്ന് അവന്‍ ആഗ്രഹിച്ചു. എങ്കിലും, അവനു മറഞ്ഞിരിക്കാന്‍ കഴിഞ്ഞില്ല. 25 ഒരു സ്ത്രീ അവനെക്കുറിച്ചു കേട്ട് അവിടെയെത്തി. അവള്‍ക്ക് അശുദ്ധാത്മാവു ബാധിച്ച ഒരു കൊച്ചുമകള്‍ ഉണ്ടായിരുന്നു. ആ സ്ത്രീ വന്ന് അവന്റെ കാല്‍ക്കല്‍ വീണു. 26 അവള്‍ സീറോ-ഫിനിഷ്യന്‍ വംശത്തില്‍പ്പെട്ട ഒരു ഗ്രീക്കുകാരിയായിരുന്നു. തന്റെ മകളില്‍നിന്നു പിശാചിനെ ബഹിഷ്‌കരിക്കണമെന്ന് അവള്‍ അവനോട് അപേക്ഷിച്ചു. 27 അവന്‍ പ്രതിവചിച്ചു. ആദ്യം മക്കള്‍ ഭക്ഷിച്ചു തൃപ്തരാകട്ടെ. മക്കളുടെ അപ്പം എടുത്തു നായ്ക്കള്‍ക്ക് എറിഞ്ഞുകൊടുക്കുന്നതു നന്നല്ല. 28 അവള്‍ മറുപടി പറഞ്ഞു: കര്‍ത്താവേ, അതു ശരിയാണ്. എങ്കിലും, മേശയ്ക്കു കീഴെ നിന്ന് നായ്ക്കളും മക്കള്‍ക്കുള്ള അപ്പക്കഷണങ്ങളുടെ ബാക്കി തിന്നുന്നുണ്ടല്ലോ. 29 അവന്‍ അവളോടു പറഞ്ഞു: ഈ വാക്കുമൂലം, നീ പൊയ്‌ക്കൊള്ളുക; പിശാചു നിന്റെ മകളെ വിട്ടുപോയിരിക്കുന്നു. 30 അവള്‍ വീട്ടിലേക്കു പോയി. കുട്ടി കട്ടിലില്‍ കിടക്കുന്നത് അവള്‍ കണ്ടു. പിശാച് അവളെ വിട്ടുപോയിരുന്നു.

ഒരിജന്‍:

''വായില്‍നിന്നു പുറപ്പെടുന്നത്, ഹൃദയത്തില്‍നിന്നു വരുന്നു. അതു മനുഷ്യനെ മലിനപ്പെടുത്തുന്നു'' (മത്താ 15,18) എന്ന വാക്കുകള്‍ ഫരിസേയര്‍ക്ക് അനിഷ്ടമുണ്ടാക്കിയെന്നതിനാലാവാം ഈശോ അവിടെനിന്നു പിന്‍വാങ്ങിയത്. തന്റെ സഹനത്തിന്റെ സമയം സമാഗതമാകാത്തതിനാലായിരിക്കണം അവിടുന്ന് ഫരിസേയരെ വിട്ടുമാറിയത് (Commentary on Matthew 11.16).

ആത്മീയാര്‍ത്ഥം

അതിര്‍ത്തിപ്രദേശങ്ങളില്‍ വസിച്ചിരുന്ന വിജാതീയര്‍ക്ക് വിശ്വസിച്ചാല്‍ രക്ഷ ലഭിക്കും. പാപം ചെയ്യുമ്പോള്‍ നമ്മള്‍ ടയിറിന്റെയും സീദോന്റെയും അതിര്‍ത്തിയിലോ ഫറവോയുടെയും ഈജിപ്തിന്റെയും കീഴിലോ ആയേക്കാം. അതായത് ദൈവം നല്കിയ വാഗ്ദാനനാട്ടിനു പുറത്തായേക്കാം (Commentary on Matthew 11.16).

ഡമാസ്‌ക്കസിലെ യോഹന്നാന്‍:

അവിടുന്ന് ദൈവമെന്ന നിലയില്‍ സര്‍വ്വശക്തനാണ്. എന്നിട്ടും മറഞ്ഞിരിക്കാന്‍ അവന് കഴിഞ്ഞില്ല എന്നെഴുതപ്പെട്ടിരിക്കുന്നു. അവിടുത്തെ മാനുഷിക ഇച്ഛ മനുഷ്യശരീരത്തിന്റെ പരിമിതികള്‍ക്ക് വിധേയപ്പെട്ടിരുന്നു. മനുഷ്യനെന്ന നിലയില്‍ അവിടുന്ന് മാനുഷികഇച്ഛയില്‍ പങ്കുപറ്റി. അവിടുത്തെ സ്വാഭാവിക ഇച്ഛാശക്തിയെ നഷ്ടപ്പെടുത്തിക്കൊണ്ടല്ല, അതിനെ ദൈവികഇച്ഛയോട് യോജിപ്പിച്ചുകൊണ്ടാണ് ബലപ്പെടുത്തിയത്. ഇക്കാരണത്താല്‍ മറഞ്ഞിരിക്കാനാഗ്രഹിച്ചെങ്കിലും അവനതിനു കഴിഞ്ഞില്ല (മര്‍ക്കോ 7,24). മാനുഷിക ഇച്ഛയുടെ പരിമിതികളുള്ളവനായി വചനം വെളിപ്പെടണമെന്ന് ദൈവം തിരുമനസ്സായി (The Orthodox Faith 3.17).

തെര്‍ത്തുല്യന്‍:

പ്രതിഫലമായി സ്ത്രീ കളേ, നിങ്ങള്‍ക്കും മാലാഖമാര്‍ക്കു സദൃശമായ പ്രകൃതി വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു (മത്താ 22,30; മര്‍ക്കോ 12,25; ലൂക്കാ 20,35-36; ഗലാ 3,28). നിങ്ങള്‍ക്ക് പുരുഷന്മാര്‍ക്കു തുല്യമായ സ്ഥാനമുണ്ട്. ധാര്‍മ്മിക നിശ്ചയങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ നിങ്ങള്‍ പുരുഷന്മാര്‍ക്കു തുല്യരാണ്. ഇതാണ് കര്‍ത്താവ് സ്ത്രീകള്‍ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത് (On the Apparel of Women 1.2).

ക്രിസോസ്‌തോം: സീറോ-ഫിനിഷ്യന്‍ സ്ത്രീ സ്ഥൈര്യത്തോടെയുള്ള അപേക്ഷവഴി കര്‍ത്താവില്‍ അനുകമ്പയുണര്‍ത്തി (Homily 24, On Ephesians).

അംബ്രോസ്:

എല്ലാ യാചനകളോടും ദൈവം ഒരേ രീതിയില്‍ പ്രതികരിച്ചാല്‍ സ്വതന്ത്രമായ ഇച്ഛയാലെന്നതിനെക്കാള്‍ യാന്ത്രികതയാല്‍ ദൈവം പ്രവര്‍ത്തിക്കുന്നുവെന്ന് കരുതപ്പെട്ടേക്കാം (On the Mysteries 1.3).

അലക്‌സാണ്ഡ്രിയായിലെ ക്ലെമന്റ്:

പരിശുദ്ധാരൂപിയുള്ളവര്‍ ''ദൈവത്തിന്റെ ആഴങ്ങളെ അന്വേഷിച്ചു കണ്ടെത്തുന്നു'' (1 കോറി 2,9-10). അതായത് പ്രവചനത്തിന്റെ രഹസ്യങ്ങള്‍ അവര്‍ കണ്ടെത്തുന്നു. എന്നാല്‍ വിശുദ്ധ വസ്തുക്കള്‍ നായ്ക്കള്‍ക്ക്, അവ വന്യമായി തുടരുന്നിടത്തോളംകാലം, നിഷിദ്ധമാണ്. ദുഷ്ട താല്‍പര്യങ്ങള്‍ക്കു വേണ്ടിയോ വിശ്വാസരഹിതരായി ബഹളമുണ്ടാക്കുന്ന, ഭ്രാന്തമായി ജീവിക്കുന്നവര്‍ക്കുവേണ്ടിയോ ദൈവകൃപയുടെ നീര്‍ച്ചാലുകളില്‍, ജീവജലത്തില്‍ (യോഹ 4,10) മായം കലര്‍ത്തരുത് (Stromateis 2.2).

ആഗസ്തീനോസ്:

കടുത്ത ശിക്ഷണോപാധികളെ പിന്തുണയ്ക്കുന്ന ചിലരുണ്ട്. അസ്വസ്ഥതയുണ്ടാക്കുന്നവരെ ശാസിക്കണമെന്നും വിശുദ്ധമായതു നായ്ക്കള്‍ക്കു കൊടുക്കരുതെന്നും (മത്താ 7,6; 15,26; മര്‍ക്കോ 7,27) സഭയെ തള്ളിപ്പറഞ്ഞവനെ വിജാതീയനായി കണക്കാക്കണമെന്നും ഇടര്‍ച്ച സൃഷ്ടിക്കുന്നവനെ സഭാഗാത്രത്തില്‍ നിന്നും വിച്ഛേദിക്കണമെന്നും (മത്താ 5,30; 18,8-9; മര്‍ക്കോ 9,42-48) ആണ് ഇവരുടെ അഭിമതം. സമയത്തിനു മുമ്പേ പതിരു ധാന്യത്തില്‍നിന്നു വേര്‍തിരിക്കാന്‍ ശ്രമിക്കുന്നതുവഴി ഇവര്‍ സഭയുടെ സമാധാനത്തെ ഭഞ്ജിക്കുന്നു (മത്താ 13,29 -30). ഈ തെറ്റിനാല്‍ അന്ധരായിത്തീരുന്ന അവര്‍ തന്നെ മിശിഹായുമായുള്ള ഐക്യത്തില്‍ നിന്നു അകന്നുപോകുന്നു (Faith And Works 4.6).

അപ്രേം:

അവള്‍ അവന്റെ പിന്നാലെ നടന്ന് ''എന്നില്‍ കരുണയുണ്ടാകണമേ'' എന്നു യാചിച്ചു. എന്നാല്‍ അവന്‍ പ്രത്യുത്തരിച്ചില്ല (മത്താ 15,22-23). കര്‍ത്താവിന്റെ നിശബ്ദത കാനാന്‍കാരി സ്ത്രീയുടെ യാചന വര്‍ദ്ധിപ്പിച്ചതേയുള്ളൂ. ഇസ്രായേലിനാല്‍ തള്ളിക്കളയപ്പെട്ട അവന്‍ തന്റെ നിശബ്ദതയാല്‍ അവളെ അവഗണിച്ചു. എന്നാല്‍ അവള്‍ വിട്ടുകൊടുത്തില്ല. അവഗണിക്കപ്പെട്ടെങ്കിലും അവള്‍ പിന്‍മാറിയില്ല. മറിച്ച് അവള്‍ കൂടുതല്‍ വിനീതയാവുകയും ഇസ്രായേലിനെ ഈ വാക്കുകളാല്‍ വാഴ്ത്തുകയും ചെയ്തു.

''നായ്ക്കളും യജമാനന്റെ മേശയില്‍നിന്നു വീഴുന്നവ ഭക്ഷിക്കുന്നുണ്ടല്ലോ'' (മത്താ 15,27) യഹൂദര്‍ വിജാതീയരുടെ യജമാനന്‍മാരാണെന്ന ധ്വനി ഇതിലുണ്ടായിരുന്നു. അതുകൊണ്ട് ശിഷ്യന്‍മാര്‍ അടുത്തുവന്ന് അവളെ പറഞ്ഞയയ്ക്കാന്‍ അവനോടപേക്ഷിച്ചു (മത്താ 15,23). 'നായ്' എന്ന വിശേഷണത്തില്‍ അവള്‍ ലജ്ജിച്ചില്ല. അതിനാല്‍ ഈശോ അവളോടു പറഞ്ഞു: ''സ്ത്രീയേ, നിന്റെ വിശ്വാസം വലുതാണ്'' (മത്താ 15,28) (Commentary on Tatian's Diatessaron).

♦️ വചനഭാഗം: മൂകബാധിതനെ സുഖപ്പെടുത്തുന്നു- വിശുദ്ധ മര്‍ക്കോസ് 7:31-37 (മത്താ 15,21-28)

31 അവന്‍ ടയിര്‍പ്രദേശത്തുനിന്നു പുറപ്പെട്ട്, സീദോന്‍ കടന്ന്, ദെക്കാപ്പോളീസ് പ്രദേശത്തുകൂടെ ഗലീലിക്കടല്‍ത്തീരത്തേക്കു പോയി. 32 ബധിരനും സംസാരത്തിനു തടസ്‌സമുണ്ടായിരുന്നവനുമായ ഒരുവനെ അവര്‍ അവന്റെയടുത്തു കൊണ്ടുവന്നു. അവന്റെമേല്‍ കൈകള്‍വയ്ക്കണമെന്ന് അവര്‍ അവനോട് അപേക്ഷിച്ചു. 33 ഈശോ അവനെ ജനക്കൂട്ടത്തില്‍നിന്നു മാറ്റിനിര്‍ത്തി, അവന്റെ ചെവികളില്‍ വിരലുകളിട്ടു; തുപ്പലുകൊണ്ട് അവന്റെ നാവില്‍ സ്പര്‍ശിച്ചു. 34 സ്വര്‍ഗത്തിലേക്കു നോക്കി നെടുവീര്‍പ്പിട്ടുകൊണ്ട് അവനോടു പറഞ്ഞു: എഫ്ഫാത്ത - തുറക്കപ്പെടട്ടെ എന്നര്‍ഥം. 35 ഉടനെ അവന്റെ ചെവികള്‍ തുറന്നു. നാവിന്റെ കെട്ടഴിഞ്ഞു. അവന്‍ സ്ഫുടമായി സംസാരിച്ചു. 36 ഇക്കാര്യം ആരോടും പറയരുതെന്ന് അവന്‍ അവരെ വിലക്കി. എന്നാല്‍, എത്രയേറെ അവന്‍ വിലക്കിയോ അത്രയേറെ ശുഷ്‌കാന്തിയോടെ അവര്‍ അതു പ്രഘോഷിച്ചു. 37 അവര്‍ അളവറ്റ വിസ്മയത്തോടെ പറഞ്ഞു: അവന്‍ എല്ലാക്കാര്യങ്ങളും നന്നായിച്ചെയ്യുന്നു; ബധിരര്‍ക്കു ശ്രവണശക്തിയും ഊമര്‍ക്കു സംസാരശക്തിയും നല്കുന്നു.

അപ്രേം:

അസ്പര്‍ശ്യമായ ശക്തി താഴേക്കിറങ്ങിവരുകയും സ്പര്‍ശ്യമായ അവയവങ്ങളില്‍ കുടികൊള്ളുകയും ചെയ്തു. ആലംബഹീനര്‍ അവനെ സമീപിച്ച് അവന്റെ മനുഷ്യത്വത്തെ സ്പര്‍ശിക്കുന്നതിനും അതുവഴി അവന്റെ ദൈവത്വത്തെ ഗ്രഹിക്കുന്നതിനും വേണ്ടിയായിരുന്നു ഇത്. കര്‍ത്താവ് അവനെ സുഖപ്പെടുത്തിയത് തന്റെ വിരലുകളുടെ സ്പര്‍ശം വഴിയാണ്. അവന്‍ തന്റെ വിരലുകള്‍ അവന്റെ ചെവികളിലിടുകയും കരങ്ങളാല്‍ അവന്റെ നാവില്‍ തൊടുകയും ചെയ്തു. അസ്പൃശനായ ദൈവത്തിന്റെ സ്പര്‍ശം അങ്ങനെ അവന് ലഭിച്ചു. അതുവഴി അവന്റെ നാവിന്റെ കെട്ടഴിയുകയും (മര്‍ക്കോ 7,32-37) ചെവിയുടെ അടഞ്ഞ വാതായനങ്ങള്‍ തുറക്കുകയും ചെയ്തു.

ശരീരത്തെ രൂപകല്‍പന ചെയ്തവനും ജഡത്തെ നിര്‍മ്മിച്ചവനുമായവന്‍ വ്യക്തിപരമായിത്തന്നെ അവനെ സമീപിച്ച് തന്റെ മൃദുസ്വരത്താല്‍ അവന്റെ അടഞ്ഞ കാതുകളെ തുറന്നു. ഒരു വാക്കുപോലും ഇന്നോളം ഉച്ചരിക്കാന്‍ കഴിയാത്ത വിധം അടഞ്ഞുപോയ അവന്റെ വായ്, സംസാരശേഷി നല്‍കിയവനെ സ്തുതിക്കാനാരംഭിച്ചു. ആദത്തിന് പരിശീലനമൊന്നും കൂടാതെ സത്വരം സംസാരിക്കത്തക്കവിധം ശേഷി നല്‍കിയ വന്‍ ഇവിടെ ഇതാ മൂകനായ മനുഷ്യന് സാധാരണഗതിയില്‍ ബദ്ധപ്പെട്ട് സ്വായത്തമാക്കേണ്ട ഭാഷണശേഷി യത്‌നംകൂടാതെ കരസ്ഥമാക്കാന്‍ സഹായിക്കുന്നു (ഉത്പ 1,27-28; 2,20) (Homily on Our Lord 10).

മഹാനായ ഗ്രിഗറി:

പരിശുദ്ധാരൂപിയെ ദൈവത്തിന്റെ വിരല്‍ എന്നു വിളിക്കാറുണ്ട്. ബധിര -മൂകന്റെ ചെവികളില്‍ കര്‍ത്താവ് വിരലുകളിട്ടപ്പോള്‍ ആ മനുഷ്യന്റെ ആത്മാവിനെ പരിശുദ്ധാരൂപിയുടെ വരദാനങ്ങളാല്‍ വിശ്വാസത്തിലേക്കു തുറക്കുകയായിരുന്നു (Homilies on Ezekiel, Homily 10).

അംബ്രോസ്:

എല്ലാ സാബത്തിലും നമ്മള്‍ രഹസ്യത്തിന്റെ 'അനാവരണം' ദര്‍ശിക്കാറുണ്ടല്ലോ. കാര്‍മ്മികന്‍ ഒരിക്കല്‍ നിന്റെ കാതുകളെയും നാസാരന്ധ്രങ്ങളെയും സ്പര്‍ശിച്ചപ്പോള്‍ സംഭവിച്ച ആരാധനാക്രമത്തിലെ അനാവരണത്തിന്റെ (പ്രവേശക കൂദാശകളില്‍) മറ്റൊരു പതിപ്പാണത്. മൂകനും ബധിരനുമായവനെ ഈശോയുടെ പക്കല്‍ കൊണ്ടുവന്നപ്പോള്‍ അവിടുന്ന് അവന്റെ കാതുകളെയും അധരങ്ങളെയും സ്പര്‍ശിച്ചു; ബധിരനായതിനാല്‍ കാതുകളെയും മൂകനായതിനാല്‍ അധരങ്ങളെയും സ്പര്‍ശിച്ചു. തുടര്‍ന്ന് ''തുറക്കപ്പെടട്ടെ'' എന്നര്‍ത്ഥമുള്ള 'എഫ്ഫാത്ത' എന്ന ഹെബ്രായപദം അവിടുന്ന് ഉച്ചരിച്ചു. അതുപോലെ നിന്റെ ചെവികളെ കാര്‍മ്മികന്‍ സ്പര്‍ശിക്കുന്നത്. അവ ഈ പ്രഘോഷണത്തിനും പ്രബോധനത്തിനും നേര്‍ക്കു തുറക്കപ്പെടുന്നതിനുവേണ്ടിയാണ് (On the Mysteries 1.4).

മാര്‍ഗം തുറന്നുകിട്ടാനുള്ള യാചന:

നിന്റെ കാതുകള്‍ തുറന്ന് വിശുദ്ധ കൂദാശകള്‍വഴി നിന്റെമേല്‍ നിശ്വസിക്കപ്പെട്ട നിത്യജീവന്റെ (പരിമളത്തെ) ബഹുമതികളെ ആസ്വദിക്കുക (അനുഭവിച്ചറിയുക). പ്രവേശക രഹസ്യങ്ങളുടെ പരികര്‍മ്മത്തിനിടയില്‍ ഇതു സൂചിപ്പിച്ചുകൊണ്ട് ''എഫ്ഫാത്താ'' അഥവാ ''തുറക്കപ്പെടട്ടെ'' എന്നു പറയുന്നുണ്ടല്ലോ. ഇതുവഴി കൃപയുടെ പീഠത്തെ സമീപിക്കാനൊരുങ്ങുന്നവരെല്ലാം തങ്ങളില്‍നിന്ന് ആവശ്യപ്പെട്ടിരിക്കുന്നവ എന്തെന്നും തങ്ങള്‍ സ്വീകരിച്ചിരിക്കുന്ന 'വഴി' (മാര്‍ഗം) എന്തെന്നും ഓര്‍മ്മിക്കാനിടയാകും. മൂക-ബധിരനെ സുഖപ്പെടുത്തിയപ്പോള്‍ ഈശോ ഈ രഹസ്യമാണ് പരികര്‍മ്മം ചെയ്തത് (On the Mysteries 1.3-4).

ലാക്റ്റാന്‍സിയൂസ്:

ദൈവിക വെളിപാടിനെ സംബന്ധിച്ച് പരദേശികളായി കഴിയുന്നവരുടെ അവസ്ഥയ്ക്ക് ഉടന്‍തന്നെ മാറ്റം വരുമെന്നും അവര്‍ ദൈവത്തിന്റെ പ്രാഭവപൂര്‍ണ്ണമായ വചനങ്ങള്‍ വൈകാതെ കേള്‍ക്കുകയും ഗ്രഹിക്കുകയും ചെയ്യുമെന്നും അതുവഴി അവന്‍ വെളിവാക്കി. അതിനാല്‍ ഇതുവരെയും സ്വര്‍ഗീയകാര്യങ്ങള്‍ ശ്രവിച്ചിട്ടില്ലാത്തവരെ നിങ്ങള്‍ വിളിച്ചുകൂട്ടുവിന്‍. അത്ഭുതവൈഭവമായ സംസാരശേഷി മിശിഹാ ഊമനായ ഒരു മനുഷ്യനു നല്കിയല്ലോ (മത്താ 9,33; മര്‍ക്കോ 7,37). സ്വര്‍ഗീയ കാര്യങ്ങളെക്കുറിച്ച് ഇതുവരെയും അജ്ഞരായിത്തുടരുന്ന ജനത ദൈവത്തെക്കുറിച്ച് ഉടന്‍തന്നെ സംസാരിക്കാനാരംഭിക്കുമെന്ന് ഇതു സൂചിപ്പിക്കുന്നു (Divine Institutes 4.26).

7,36: നാവിന്റെ കെട്ടഴിയുന്നു

പ്രൂഡന്‍ഷ്യസ്:

എല്ലാ വഴികളുമടയപ്പെട്ട്,

സ്വരസംവേദനമറിഞ്ഞിടാതെ,

ബധിരമായിത്തീര്‍ന്ന കാതുകള്‍,

മിശിഹായുടെ വചനത്തോടു

പ്രതികരിക്കവേ,

എല്ലാ വഴികളും തുറക്കുകയായ്,

സുഹൃദ്‌സ്വരങ്ങളും ശാന്തനിമന്ത്രണങ്ങളും കേള്‍ക്കയായി (മര്‍ക്കോ 7:34-35).

രോഗങ്ങളടങ്ങുന്നു, അശാന്തികളകലുന്നു (ലൂക്കാ 6,18-19).

നിശബ്ദതയുടെ ചങ്ങലകളെ പൊട്ടി- ച്ചെറിഞ്ഞുടന്‍ മൂകമാം നാവുകളുരിയാടുന്നു (മര്‍ക്കോ 7,35).

തളര്‍വാതം തളര്‍ത്തിയോന്‍ ശയ്യയുമേന്തി തെരുവിലൂടെ നീങ്ങുന്നു (മത്താ 9,6-7; യോഹ 5,9) (Hymns 9).

---------********* (....തുടരും).

▛ ** സുവിശേഷ ഭാഗങ്ങളെ കുറിച്ചുള്ള സഭാപിതാക്കന്മാരുടെ വിശദീകരണം 'പ്രവാചകശബ്ദ'ത്തിൽ | ലേഖനപരമ്പര മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്‌ചകളിൽ.

(കടപ്പാട്. ഫാ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍).

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | സ്നാപകന്റെ പ്രഭാഷണം | വിശുദ്ധ മര്‍ക്കോസ് | ഭാഗം 01 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് | ഭാഗം 02 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 12-20 | ഭാഗം 03 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 21-34 | ഭാഗം 04 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 35-45 | ഭാഗം 05 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 1-12 | ഭാഗം 06 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 13-22 | ഭാഗം 07 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 23-28, 3;1-6 | ഭാഗം 08 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 3: 7-30 | ഭാഗം 09 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 3: 31-35; 4:1-20 | ഭാഗം 10 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 4: 21-34 | ഭാഗം 11 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 4: 35-41 | ഭാഗം 12 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 5: 1-43 | ഭാഗം 13 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 6: 1-13 | ഭാഗം 14 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 6: 14-44 | ഭാഗം 15 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 6: 45-56, 7:1-13 | ഭാഗം 16 ‍

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍




Related Articles »