Editor's Pick

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 6: 45-56, 7:1-13 | ഭാഗം 16

ഫാ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍/ പ്രവാചകശബ്ദം 11-10-2025 - Saturday

വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷം 6, 7 അദ്ധ്യായങ്ങളിലെ വെള്ളത്തിനുമീതേ നടക്കുന്നു, രോഗികളെ സുഖപ്പെടുത്തുന്ന ഈശോ, പൂര്‍വികരുടെ പാരമ്പര്യം, എന്നീ സുവിശേഷ ഭാഗങ്ങളെ കുറിച്ചു ഒരിജന്‍, വിശുദ്ധ ആഗസ്തീനോസ്, പ്രൂഡന്‍ഷ്യസ്, അംബ്രോസ്, ഡമാസ്‌ക്കസിലെ , അലക്‌സാണ്ഡ്രിയായിലെ ക്ലെമന്റ്, യോഹന്നാന്‍, റോമിലെ ക്ലെമന്റ്, ഇരണേവൂസ്, ജറോം, ബേസില്‍, ക്രിസോസ്‌തോം, തെര്‍ത്തുല്യന്‍ എന്നീ സഭാപിതാക്കന്മാര്‍ വിവരിക്കുന്ന സുവിശേഷ ഭാഷ്യമാണ് ഇവിടെ പങ്കുവെയ്ക്കുന്നത്.

♦️ വചനഭാഗം: വെള്ളത്തിനുമീതേ നടക്കുന്നു- വിശുദ്ധ മര്‍ക്കോസ് 6:45-52 (മത്താ 14,22-33) (യോഹ 6,15-21)

45 താന്‍ ജനക്കൂട്ടത്തെ പിരിച്ചുവിടുമ്പോഴേക്കും വഞ്ചിയില്‍ കയറി തനിക്കുമുമ്പേ മറുകരയിലുള്ള ബേത്‌സയ്ദായിലേക്കു പോകാന്‍ അവന്‍ ശിഷ്യന്‍മാരെ നിര്‍ബന്ധിച്ചു. 46 ആളുകളോടു യാത്രപറഞ്ഞശേഷം അവന്‍ പ്രാര്‍ഥിക്കാന്‍ മലയിലേക്കു പോയി. 47 വൈകുന്നേരമായപ്പോള്‍ വഞ്ചി നടുക്കടലിലായിരുന്നു; അവന്‍ തനിച്ചു കരയിലും. 48 അവര്‍ വഞ്ചി തുഴഞ്ഞ് അവശരായി എന്ന് അവന്‍ മനസ്‌സിലാക്കി. കാരണം, കാറ്റു പ്രതികൂലമായിരുന്നു. രാത്രിയുടെ നാലാം യാമത്തില്‍ അവന്‍ കടലിനുമീതേ നടന്ന് അവരുടെ അടുത്തെത്തി, അവരെ കടന്നുപോകാന്‍ ഭാവിച്ചു. 49 അവന്‍ കടലിനു മീതേ നടക്കുന്നതുകണ്ട്, അത് ഒരു ഭൂതമായിരിക്കുമെന്നു കരുതി അവര്‍ നിലവിളിച്ചു. 50 അവരെല്ലാവരും അവനെ കണ്ടു പരിഭ്രമിച്ചുപോയി. ഉടനെ അവന്‍ അവരോടു സംസാരിച്ചു: ധൈര്യമായിരിക്കുവിന്‍, ഞാനാണ്; ഭയപ്പെടേണ്ടാ. 51 അവന്‍ വഞ്ചിയില്‍ കയറി. അപ്പോള്‍ കാറ്റു ശമിച്ചു. അവര്‍ ആശ്ചര്യഭരിതരായി. 52 കാരണം, അപ്പത്തെക്കുറിച്ച് അവര്‍ ഗ്രഹിച്ചിരുന്നില്ല. അവരുടെ ഹൃദയം മന്ദീഭവിച്ചിരുന്നു.

***************************************************************

ഒരിജന്‍:

പരീക്ഷണത്തിന്റെ വഞ്ചിയില്‍ കയറി മറുകരയ്ക്കു പോകാന്‍ ഈശോ ശിഷ്യരോടാവശ്യപ്പെട്ടു. വിഷമതകളെ വിജയകരമായി തരണം ചെയ്യാന്‍ അവര്‍ പരിശീലിക്കുന്നതിനായിരുന്നു ഇത്. എന്നാല്‍ പ്രലോഭനങ്ങളാകുന്ന തിരമാലകളുടെയും പ്രതികൂലമായ കാറ്റിന്റെയും സാന്നിദ്ധ്യത്താല്‍ ഈശോയെ കൂടാതെ മറുകര കടക്കാന്‍ കഴിയാതെ ശിഷ്യന്മാര്‍ കുഴങ്ങി. തീരമണയാന്‍ ശിഷ്യരാല്‍ സാധ്യമായതെല്ലാം അവര്‍ ചെയ്‌തെന്നു മനസ്സിലാക്കിയ വചനമായ ദൈവം അവരോട് അനുകമ്പ തോന്നി കടലിനുമീതേ നടന്ന് അവരുടെയടുത്തെത്തി. തിരമാലകളോ കാറ്റോ അവിടുത്തേക്ക് ബാധകമായിരുന്നില്ല (Commentary on Matthew 11.5).

അനുഭവത്തിലൂടെ പരിശീലനം

ശിഷ്യന്മാര്‍ സഞ്ചരിക്കാന്‍ ഈശോ നിര്‍ബന്ധിച്ച തോണി എന്താണ്? പ്രലോഭനങ്ങളുടെയും വിഷമതകളുടെയും സംഘര്‍ഷമായിരിക്കാം അത്. തിരമാലകളാലും പ്രതികൂലമായ കാറ്റിനാലും ഉലയ്ക്കപ്പെടുന്ന ആ വഞ്ചിയില്‍ യാത്ര ചെയ്ത് തന്റെ ശിഷ്യര്‍ പ്രായോഗിക പരിശീലനം നേടണമെന്ന് ഈശോ ആഗ്രഹിച്ചു (Commentary on Matthew 11.15).

വിശുദ്ധ ആഗസ്തീനോസ്:

ഈശോ ശിഷ്യന്മാരെ കടന്നുപോകാന്‍ ഭാവിച്ചു. ശിഷ്യന്മാര്‍ ആയിരുന്നതില്‍നിന്നു വ്യത്യസ്തമായ ഒരു ദിശയിലേക്ക് ഈശോ നീങ്ങുകയും അവരെ അപരിചിതരെയെന്നപോലെ ഗൗനിക്കാതെ പോവുകയും ചെയ്തപ്പോഴാണ് അവര്‍ക്ക് ഇത് മനസ്സിലായത്. അവരാകട്ടെ അവനെ ഒരു ഭൂതമായി തെറ്റിദ്ധരിച്ചു. ഈശോയാകട്ടെ അവരുടെ നിലവിളിയുടെയും ബഹളത്തിന്റെയും മദ്ധ്യേ ''ധൈര്യമായിരിക്കുവിന്‍, ഭയപ്പെടേണ്ട, ഞാനാണ്'' (മത്താ 14,27; മര്‍ക്കോ 6,50; യോഹ 6,20) എന്നുപറഞ്ഞ് അവരെ ആശ്വസിപ്പിച്ചു. അതായത്, അവരെ ധൈര്യപ്പെടുത്താനാണുദ്ദേശിച്ചിരുന്നതെങ്കിലും അവന്‍ അവരെ കടന്നുപോകുന്നതായി ഭാവിച്ചു. സഹായത്തിനായി അവര്‍ അപേക്ഷിക്കുമ്പോള്‍ അതിന് പ്രത്യുത്തരം നല്‍കിക്കൊണ്ട് എത്താനായിരുന്നു ഇത് (Harmony of the Gospels 2.47).

കടലില്‍ തെളിഞ്ഞ മാര്‍ഗം

ഈശോ എന്തിനാണ് ക്രൂശിക്കപ്പെട്ടത്? എന്തെന്നാല്‍ താഴ്‌വരയുടെ മരം നിനക്കാവശ്യമായിരുന്നു. നീ അഹന്തയാല്‍ തടിച്ചു ചീര്‍ക്കുകയും സ്വന്തം ദേശത്തുനിന്നു പുറത്താക്കപ്പെടുകയും ചെയ്തിരുന്നു. തിരികെപ്പോകാനുള്ള വഴി ഈ ലോകത്തിന്റെ തിരമാലകളാല്‍ തകര്‍ക്കപ്പെട്ടുപോയിരുന്നു. മരക്കഷണത്തില്‍ സംവഹിക്കപ്പെട്ടല്ലാതെ നിനക്കു സ്വന്തം ദേശത്തേക്കു തിരികെയെത്താനാവില്ലായിരുന്നു. നന്ദിഹീനനായ മനുഷ്യാ, നിന്നെ തിരികെയെത്തിക്കാന്‍ നിന്റെ പക്കലേക്കു വന്നവനെ നീ പരിഹസിക്കുന്നുവോ? അവന്‍തന്നെ മാര്‍ഗമായിത്തീര്‍ന്നു; അതും കടലില്‍. അവന്‍ കടലിനുമീതേ നടന്നത് (മത്താ 14,22-33; മര്‍ക്കോ 6,45-51; യോഹ 6,61-21), കടലില്‍ വഴിയുണ്ടെന്ന് നിനക്കു വ്യക്തമാക്കിത്തരാനാണ്. പക്ഷേ, നിനക്കു സ്വയം ആ വഴി നടക്കാനാവില്ല. തോണി നിന്നെ സംവഹിക്കട്ടെ; മരം നിന്നെ വഹിക്കട്ടെ (Tractates on John 2.4.3).

പ്രൂഡന്‍ഷ്യസ്:

പത്രോസെന്ന് രണ്ടാം പേരുള്ള ശിമയോന്‍ (മത്താ 10,2; നടപടി 10,5);

മിശിഹാ കര്‍ത്താവിന്‍ ശിഷ്യരില്‍ മുഖ്യന്‍.

ചെമ്മാനം തെളിഞ്ഞൊരു സന്ധ്യയില്‍

യാനപാത്രത്തിന്റെ നങ്കൂരമുയര്‍ത്തി

കാറ്റിന്റെ ഗതിയേ,

സാഗരം കുറുകെ യാത്രയായി.

നിശയുടെ യാമങ്ങള്‍ കൊഴിഞ്ഞു വീഴവേ,

നിനയ്ക്കാത്ത മട്ടിലൊരു കാറ്റുവീശി,

അത്യഗാധങ്ങളില്‍നിന്നും തിരകളുയര്‍ന്നു;

അങ്ങുമിങ്ങുമുലഞ്ഞ് മുങ്ങാറായി തോണി;

ചക്രവാളങ്ങളിലേക്കുയര്‍ന്നൂ നിലവിളി,

മുക്കുവര്‍ നിരാശയില്‍ നിപതിച്ചുകേഴുന്നു;

തോണി തകരും, മുങ്ങി നശിക്കുമീഞങ്ങള്‍

പ്രത്യാശയ്ക്കിടമൊന്നും കാണാതെ

തുഴക്കാരെല്ലാം ഭയാധീനരായി നില്‍ക്കേ

മിശിഹാ വരുന്നു!

ദൂരെനിന്നുമതാ തിരകള്‍ക്കു മീതേ.

തീരത്തുകൂടിത്തന്നെയെന്ന പോല്‍ (Against Symmachus 2).

വഞ്ചി തകരാനുള്ള സാധ്യത

നിശബ്ദതയുടെ സ്വര്‍ഗത്തില്‍നിന്നും

നാവിന്റെ കുത്തഴിഞ്ഞോരുപയോഗത്താല്‍

നാശത്തിന്റെയും ഇരുളിന്റെയും

പടുകുഴിയില്‍ നിപതിച്ചോനാണീ ഞാന്‍.

വിശ്വാസപുണ്യങ്ങള്‍ നിറഞ്ഞോനാം

പത്രോസ് തന്‍ തോണി,

ആര്‍ത്തലയ്ക്കുന്ന കടലില്‍

തകരാന്‍ തുടങ്ങിയെങ്കില്‍,

എണ്ണമറ്റ പാപങ്ങള്‍ക്കുടയവനാം

എന്‍ തോണി തകര്‍ന്നടിയാന്‍ നിമിഷംമതിയല്ലോ.

കടല്‍യാത്രയില്‍ സാമര്‍ത്ഥ്യമെനിക്കില്ല;

കര്‍ത്താവേ, നിന്‍കരം നീട്ടിതാങ്ങില്ലെങ്കില്‍

കപ്പല്‍ഛേദമെനിക്കിന്നു നേരിടും നിശ്ചയം (മത്താ 14,31) (Against Symmachus 2).

കാറ്റിനോടും കടലിനോടും കല്‍പിക്കുന്നവന്‍

സര്‍വ്വവും സൃഷ്ടിച്ചു പാലിക്കും

ദൈവത്തിന്‍ശക്തി എത്രയോ വലുത്!

കടലിനുമീതെ നടന്നോനാം മിശിഹാ

തിരകളെയേതും ശാന്തമാക്കി നിതരാം.

ആഴത്തിനു മീതേയവന്‍ നടന്നപ്പോള്‍

പാദുകങ്ങള്‍ തെല്ലും നനഞ്ഞില്ല.

തിരകള്‍ക്കു മീതെയവന്‍ നീങ്ങിയപ്പോള്‍

പാദത്തില്‍ ജലമൊട്ടും പറ്റിയില്ല (Hymn 5).

♦️ വചനഭാഗം: രോഗികളെ സുഖപ്പെടുത്തുന്ന ഈശോ- വിശുദ്ധ മര്‍ക്കോസ് 6:53-56 (മത്താ 14,34-36)

53 അവര്‍ കടല്‍ കടന്ന്, ഗനേസറത്തില്‍ എത്തി, വഞ്ചി കരയ്ക്കടുപ്പിച്ചു. 54 കരയ്ക്കിറങ്ങിയപ്പോള്‍ത്തന്നെ ആളുകള്‍ അവനെ തിരിച്ചറിഞ്ഞു. 55 അവര്‍ സമീപപ്രദേശങ്ങളിലെല്ലാം ഓടിനടന്ന്, രോഗികളെ കിടക്കയിലെടുത്ത്, അവന്‍ ഉണ്ടെന്നു കേട്ട സ്ഥലത്തേക്കു കൊണ്ടുവരാന്‍ തുടങ്ങി. 56 ഗ്രാമങ്ങളിലോ, നഗരങ്ങളിലോ, നാട്ടിന്‍പുറങ്ങളിലോ അവന്‍ ചെന്നിടത്തൊക്കെ, ആളുകള്‍ രോഗികളെ കൊണ്ടുവന്ന് പൊതുസ്ഥലങ്ങളില്‍ കിടത്തിയിരുന്നു. അവന്റെ വസ്ത്രത്തിന്റെ വിളുമ്പിലെങ്കിലും സ്പര്‍ശിക്കാന്‍ അനുവദിക്കണമെന്ന് അവര്‍ അപേക്ഷിച്ചു. സ്പര്‍ശിച്ചവരെല്ലാം സുഖം പ്രാപിക്കയും ചെയ്തു.

***************************************************************

അംബ്രോസ്:

അന്ധനു കാഴ്ച നല്കിയപ്പോഴും കൂനിപ്പോയവളെ സുഖപ്പെടുത്തിയപ്പോഴും മരിച്ചവരെ ഉയിര്‍പ്പിച്ചപ്പോഴും (മത്താ 11,5) തന്നെ തേടിവന്ന രോഗികളെ സുഖപ്പെടുത്തിയപ്പോഴും ദൗര്‍ബല്യമല്ല, ശക്തിയാണ് മിശിഹാ പ്രകടിപ്പിച്ചത്. അവന്റെ വസ്ത്രത്തിന്റെ വിളുമ്പില്‍ സ്പര്‍ശിച്ചപ്പോള്‍ പോലും സുഖമാക്കപ്പെട്ടു (മര്‍ക്കോ 6,56). അവന് മുറിവേറ്റപ്പോള്‍ അത് ദൗര്‍ബല്യത്തിന്റെ പ്രകടനമായി നിങ്ങള്‍ കരുതരുത്. അവന്റെ ശരീരത്തില്‍ മുറിവേറ്റുവെന്നത് സത്യമാണ് (മത്താ 27,35; മര്‍ക്കോ 15,24; ലൂക്കാ 23,33; യോഹ 19,18; 31-37). എന്നാല്‍ അത് ദൗര്‍ബല്യത്തിന്റെയല്ല, ശക്തിയുടെ അടയാളമാണ്. എന്തെന്നാല്‍ ഈ മുറിവുകളില്‍ നിന്നാണ് എല്ലാവരിലേക്കും ജീവന്‍ ഒഴുകിയത് (On the Christian Faith 4.5.54-5)

♦️ വചനഭാഗം: പൂര്‍വികരുടെ പാരമ്പര്യം- വിശുദ്ധ മര്‍ക്കോസ് 7:1-13 (മത്താ 15,1-9)

1 ഫരിസേയരും ജറുസലെമില്‍നിന്നു വന്ന ചില നിയമജ്ഞരും ഈശോയ്ക്കുചുറ്റും കൂടി. 2 അവന്റെ ശിഷ്യന്‍മാരില്‍ ചിലര്‍ കൈ കഴുകി ശുദ്ധിവരുത്താതെ ഭക്ഷണം കഴിക്കുന്നത് അവര്‍ കണ്ടു. 3 പൂര്‍വികരുടെ പാരമ്പര്യമനുസരിച്ച് ഫരിസേയരും യഹൂദരും കൈ കഴുകാതെ ഭക്ഷണം കഴിക്കാറില്ല. 4 പൊതുസ്ഥലത്തുനിന്നു വരുമ്പോഴും ദേഹശുദ്ധി വരുത്താതെ അവര്‍ ഭക്ഷണം കഴിക്കുകയില്ല. കോപ്പകളുടെയും കലങ്ങളുടെയും ഓട്ടുപാത്രങ്ങളുടെയും ക്ഷാളനം തുടങ്ങി മറ്റുപല പാരമ്പര്യങ്ങളും അവര്‍ അനുഷ്ഠിച്ചുപോന്നു. 5 ഫരിസേയരും നിയമജ്ഞരും അവനോടു ചോദിച്ചു: നിന്റെ ശിഷ്യന്‍മാര്‍ പൂര്‍വികരുടെ പാരമ്പര്യത്തിനു വിപരീതമായി അശുദ്ധമായ കൈകൊണ്ടു ഭക്ഷിക്കുന്നത് എന്ത്? 6 അവന്‍ പറഞ്ഞു: കപടനാട്യക്കാരായ നിങ്ങളെക്കുറിച്ച് ഏശയ്യാ ശരിയായിത്തന്നെ പ്രവചിച്ചു. അവന്‍ എഴുതിയിരിക്കുന്നു: ഈ ജനം അധരങ്ങള്‍കൊണ്ട് എന്നെ ബഹുമാനിക്കുന്നു. എന്നാല്‍, അവരുടെ ഹൃദയം എന്നില്‍നിന്നു വളരെ ദൂരെയാണ്. 7 വ്യര്‍ഥമായി അവര്‍ എന്നെ ആരാധിക്കുന്നു; മനുഷ്യരുടെ കല്‍പനകള്‍ പ്രമാണങ്ങളായി പഠിപ്പിക്കുകയും ചെയ്യുന്നു. 8 ദൈവത്തിന്റെ കല്‍പന ഉപേക്ഷിച്ച്, മനുഷ്യരുടെ പാരമ്പര്യം നിങ്ങള്‍ മുറുകെപ്പിടിക്കുന്നു. 9 അവന്‍ തുടര്‍ന്നു: നിങ്ങളുടെ പാരമ്പര്യം പാലിക്കാന്‍ വേണ്ടി നിങ്ങള്‍ കൗശലപൂര്‍വം ദൈവകല്‍പന അവഗണിക്കുന്നു. 10 എന്തെന്നാല്‍, നിന്റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക. പിതാവിനെയോ മാതാവിനെയോ ദുഷിച്ചു പറയുന്നവന്‍ മരിക്കട്ടെ എന്നു മോശ പറഞ്ഞിട്ടുണ്ട്. 11 എന്നാല്‍, ഒരുവന്‍ തന്റെ പിതാവിനോടോ മാതാവിനോടോ നിങ്ങള്‍ക്ക് എന്നില്‍നിന്നു ലഭിക്കേണ്ടത് കൊര്‍ബ്ബാന്‍ - അതായത് വഴിപാട് - ആണ് എന്നു പറഞ്ഞാല്‍ മതി എന്നു നിങ്ങള്‍ പറയുന്നു. 12 പിന്നെ പിതാവിനോ മാതാവിനോ വേണ്ടി യാതൊന്നും ചെയ്യാന്‍ നിങ്ങള്‍ അവനെ ഒരിക്കലും അനുവദിക്കുന്നുമില്ല. 13 അങ്ങനെ, നിങ്ങള്‍ക്കു ലഭിച്ച പാരമ്പര്യംവഴി ദൈവവചനം നിങ്ങള്‍ നിരര്‍ത്ഥകമാക്കുന്നു. ഇതുപോലെ പലതും നിങ്ങള്‍ ചെയ്യുന്നു.

***************************************************************

ഡമാസ്‌ക്കസിലെ യോഹന്നാന്‍:

'ഫരിസേയന്‍' എന്ന നാമത്തിന്റെ അര്‍ത്ഥം മാറ്റിവയ്ക്കപ്പെട്ടവന്‍ അല്ലെങ്കില്‍ വേര്‍തിരിക്കപ്പെട്ടവന്‍ എന്നൊക്കെയാണ്. പരിപൂര്‍ണ്ണതയുള്ള ജീവിതശൈലി പിന്തുടരുന്നവര്‍ തങ്ങളാണെന്ന് അവന്‍ ധരിച്ചിരുന്നു. ഇക്കാരണത്താല്‍ മറ്റുള്ളവരെക്കാള്‍ ഉന്നതരായി തങ്ങളെത്തന്നെ അവര്‍ കരുതിപ്പോന്നു. മരിച്ചവരുടെ പുനരുത്ഥാനം, മാലാഖമാരുടെ അസ്തിത്വം, ജീവിതത്തിന്റെ വിശുദ്ധി എന്നീ വിശ്വാസങ്ങളും നിഷ്ഠകളും അവര്‍ മുറുകെപ്പിടിച്ചിരുന്നു (നടപടി 23,8). നിരവധി തപശ്ചര്യകളും നിശ്ചിത കാലത്തേക്കു ശാരീരിക വേഴ്ചകളില്‍നിന്ന് വിട്ടുനില്‍ക്കലും ആഴ്ചയില്‍ രണ്ടു പ്രാവശ്യത്തെ ഉപവാസവുമുള്‍പ്പെടെ കഠിനമായ ജീവിതശൈലി അവര്‍ അനുവര്‍ത്തിച്ചിരുന്നു (ലൂക്കാ 18,12). നിയമജ്ഞരെപ്പോലെതന്നെ അവരും കലങ്ങള്‍, പാത്രങ്ങള്‍, കോപ്പകള്‍ തുടങ്ങിയവ അനുഷ്ഠാനങ്ങളുടെ ഭാഗമായി കഴുകിയിരുന്നു (മര്‍ക്കോ 7,4). അവര്‍ ദശാംശം നല്‍കുകയും ആദ്യഫലങ്ങള്‍ (മത്താ 23,23; ലൂക്കാ 11,42) കാഴ്ചയര്‍പ്പിക്കുകയും ചെയ്തുപോന്നു. ദീര്‍ഘനേരത്തെ പ്രാര്‍ത്ഥനകള്‍ അവര്‍ക്കുണ്ടായിരുന്നു (ലൂക്കാ 5,33) (On Heresies 15).

റോമിലെ ക്ലെമന്റ്:

കപടനാട്യത്തിലൂടെ സമാധാനം തേടുന്നവരുടെ കൂടെയല്ല, ദൈവഭക്തിയിലൂടെ സമാധാനം ലക്ഷ്യം വയ്ക്കുന്നവരുടെ കൂടെ നമുക്ക് ചേരാം. എന്തെന്നാല്‍ ഈശോ ഇങ്ങനെ ഒരിടത്ത് പറഞ്ഞിരിക്കുന്നു: ''ഈ ജനം അധരങ്ങള്‍കൊണ്ട് എന്നെ ബഹുമാനിക്കുന്നു. എന്നാല്‍ അവരുടെ ഹൃദയം എന്നില്‍നിന്നും ദൂരെയാണ്'' (ഏശ 29,13; മര്‍ക്കോ 7,6). കൂടാതെ, ''അവര്‍ അധരംകൊണ്ടനുഗ്രഹിക്കുകയും ഹൃദയംകൊണ്ട് ശപിക്കുകയും ചെയ്യുന്നു'' (സങ്കീ 62,4) എന്നും എഴുതപ്പെട്ടിരിക്കുന്നു. വീണ്ടും, ''അവര്‍ അധരംകൊണ്ട് അവിടുത്തെ പുകഴ്ത്തുകയും നാവുകൊണ്ട് വ്യാജമായി സ്തുതിക്കുകയും ചെയ്യുന്നു. എന്നാല്‍ അവരുടെ ഹൃദയം അവിടുത്തോട് വിശ്വസ്തത പുലര്‍ത്തുകയോ അവിടുത്തെ ഉടമ്പടിയോട് ആത്മാര്‍ത്ഥത കാട്ടുകയോ ചെയ്യുന്നില്ല'' (സങ്കീ 78,36-37) എന്നും എഴുതപ്പെട്ടിരിക്കുന്നു (1 Clement 15.1-4).

അലക്‌സാണ്ഡ്രിയായിലെ ക്ലെമന്റ്: ദൈവം നമ്മുടെ ഉള്‍വിചാരങ്ങളറിയുന്നു. ലോത്തിന്റെ ഭാര്യയ്ക്ക് സംഭവിച്ചതോര്‍ക്കാം. ലോകത്തിന്റെ ജീര്‍ണ്ണതകളിലേക്കു മടങ്ങാനാഗ്രഹിച്ചുകൊണ്ട് അവള്‍ തിരിഞ്ഞൊന്നു നോക്കിയതേയുള്ളൂ; സംവേദനശക്തിയില്ലാത്ത പിണ്ഡമായി, ഉപ്പുതൂണായി അവള്‍ മാറി (ഉത്പ 19,26) (Stromateis 2.13).

ഇരണേവൂസ്: തങ്ങളുടെ പാരമ്പര്യങ്ങള്‍ മോശയുടെ നിയമത്തിന്റെ സംരക്ഷണകവചമാണെന്ന് ഫരിസേയര്‍ അവകാശപ്പെട്ടിരുന്നെങ്കിലും വാസ്തവത്തില്‍ അവ മോശയുടെ നിയമത്തിന് എതിരായി ഭവിച്ചിരുന്നു. നിങ്ങളുടെ വ്യാപാരികള്‍ വീഞ്ഞിനോട് വെള്ളം കലര്‍ത്തുന്നു എന്ന് പറഞ്ഞതിലൂടെ പ്രഖ്യാപിച്ചത് ഈ പ്രമാണികള്‍ തങ്ങളുടെ അവ്യക്തത നിറഞ്ഞ പാരമ്പര്യങ്ങള്‍ വ്യക്തമായ ദൈവകല്‍പ്പനകളോട് കൂട്ടിക്കലര്‍ത്തുന്നുവെന്നാണ്. ദൈവികനിയമത്തിനു വിരുദ്ധ ലക്ഷ്യത്തോടുകൂടിയ മായംകലര്‍ന്ന നിയമങ്ങള്‍ അവര്‍ ചുമത്തി. ഇക്കാര്യം കര്‍ത്താവ് ഇങ്ങനെ വ്യക്തമാക്കി: ''നിങ്ങളുടെ പാരമ്പര്യത്തിന്റെ പേരില്‍ നിങ്ങള്‍ ദൈവികനിയമങ്ങളെ ലംഘിക്കുന്നതെന്തുകൊണ്ട്?'' അവര്‍ ദൈവികനിയമങ്ങളില്‍ മായം കലര്‍ത്തുക മാത്രമല്ല, അതിനെതിരായി സ്വന്തം നിയമങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. അവ ഇന്നും ഫരിസേയരുടെ നിയമങ്ങള്‍ എന്നറിയപ്പെടുന്നു. ഇതില്‍ അവരുടെ ഗുരുക്കന്മാര്‍ ചില പ്രമാണങ്ങളെ ഇല്ലാതാക്കുകയോ ചിലതിനെ പുതുതായി കൂട്ടിച്ചേര്‍ക്കുകയോ ഇനിയും ചിലതിന് സ്വന്തമായ വ്യാഖ്യാനങ്ങള്‍ ചമയ്ക്കുകയോ ചെയ്തിരിക്കുന്നു. ഇപ്രകാരം നിയമത്തെ സ്വന്തം ഉദ്ദേശ്യങ്ങള്‍ക്കുവേണ്ടി അവര്‍ വളച്ചൊടിക്കുന്നു (Against Heresies 4.12.1-2).

ജറോം:

''നിന്റെ മാതാപിതാക്കന്മാരെ ബഹുമാനിക്കുക'' എന്ന പ്രമാണത്തെക്കുറിച്ച് കര്‍ത്താവുതന്നെ വിശദീകരിക്കുന്നുണ്ട് (പുറ 20,12; നിയമ 5,16; മത്താ 15,4; 19,19; മര്‍ക്കോ 7,10; 10,19; ലൂക്കാ 18,20). മാതാപിതാക്കളെ ബഹുമാനിക്കുന്നതായി പ്രത്യക്ഷത്തില്‍ കാണുമ്പോഴും അവരുടെ ജീവിതാവശ്യങ്ങള്‍ നിറവേറ്റാത്ത അവസ്ഥ തുടരുന്ന തരത്തില്‍ മനസ്സില്ലാമനസ്സോടെ ഈ കല്പനയെ അനുസരിക്കുന്നവരാകരുത് എന്നവിടുന്ന് വ്യക്തമാക്കി. മാതാപിതാക്കളോടുള്ള ബഹുമാനം അവരുടെ ജീവിതാവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ പ്രകടമാകണം. ചെറുപ്പത്തില്‍ മാതാപിതാക്കള്‍വഴി നല്‍കപ്പെട്ട ഉപകാരസഹായങ്ങള്‍ക്ക് അവരുടെ വാര്‍ദ്ധക്യത്തില്‍ മക്കള്‍ പ്രത്യുപകാരം ചെയ്യണമെന്ന് ദൈവം കല്പിച്ചു. എന്നാല്‍ ഫരിസേയരും നിയമജ്ഞരും ഇങ്ങനെ പറയാനാണ് മക്കളെ പഠിപ്പിച്ചത്: ''ഇത് വഴിപാട് അഥവാ ബലിപീഠത്തിനുള്ള നേര്‍ച്ചയാണ്. ഇത് ദൈവാലയത്തില്‍ കാഴ്ചവച്ചാല്‍ അതുവഴി നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. ഇവ ഞാന്‍ നിങ്ങള്‍ക്കു ഭക്ഷണത്തിനുവേണ്ടി നേരിട്ടു ചെലവാക്കുമ്പോള്‍ ലഭിക്കുന്ന ആശ്വാസംതന്നെ നിങ്ങള്‍ക്കു ലഭിക്കും'' (മര്‍ക്കോ 7,11). ഇപ്രകാരം മാതാപിതാക്കള്‍ അഗതികളായിക്കഴിഞ്ഞിരുന്നപ്പോഴും മക്കള്‍ പുരോഹിതര്‍ക്കും നിയമജ്ഞര്‍ക്കും ഉപയോഗിക്കത്തക്ക വിധത്തില്‍ കാഴ്ചകളര്‍പ്പിച്ചുപോന്നു (Letter 123, To Ageruchia).

വിശുദ്ധ ബേസില്‍:

അറിവുണ്ടായിട്ടും അത് ജീവിതത്തില്‍ പ്രയോഗത്തിലാക്കാത്തവര്‍ക്കുള്ള ശിക്ഷാവധി കൂടുതല്‍ കഠിനമായിരിക്കും. എന്തെന്നാല്‍ അജ്ഞതയില്‍ ചെയ്യപ്പെട്ട പാപങ്ങള്‍ പോലും ശിക്ഷാവിധിക്കപ്പുറമല്ല (The Morals 4)..

വിശുദ്ധ ക്രിസോസ്‌തോം: മിശിഹാ പറയുന്നു: ''ദരിദ്രരെ സംരക്ഷിക്കുക'' (മത്താ 19,21; മര്‍ക്കോ 10,21; ലൂക്കാ 14,13). എന്നാല്‍ മാമ്മോന്‍ പറയുന്നു: ''ദരിദ്രരില്‍നിന്നു ഉള്ളതുകൂടി കൈക്കലാക്കുക'' മിശിഹായുടെ വാക്കുകള്‍ ''നിങ്ങള്‍ക്കുള്ളവ ദാനം ചെയ്യുക'' എന്നാണ് (മത്താ 16,24; മര്‍ക്കോ 8,34; ലൂക്കാ 9,23). എന്നാല്‍ മാമ്മോന്റെ വാക്കുകള്‍ ''മറ്റുള്ളവരുടേതുകൂടി കൈവശപ്പെടുത്തുക'' എന്നത്രെ. ഇവ എപ്രകാരം വിരുദ്ധ ധ്രുവങ്ങളിലാണെന്നു കാണുക. ഇവ തമ്മിലുള്ള സംഘര്‍ഷവും കാണുക. ഒരുവന് ഇവ രണ്ടും ഒരുമിച്ചു പാലിക്കാനാവില്ല.

അവന്‍ ഒരാളെ തള്ളിക്കളഞ്ഞേ മതിയാവൂ. മിശിഹാ പറയുന്നു: ''നിങ്ങള്‍ക്ക് സ്വന്തമായിട്ടുള്ളതെല്ലാം ഉപേക്ഷിക്കാതെ നിങ്ങള്‍ക്ക് എന്റെ ശിഷ്യനാവുക സാധ്യമല്ല'' (ലൂക്കാ 14,33). മാമ്മോന്‍ പറയുന്നു: ''വിശക്കുന്നവനില്‍നിന്ന് അപ്പം തട്ടിയെടുക്കുക''. മിശിഹായുടെ ഉദ്‌ബോധനം, ''നഗ്നനെ ഉടുപ്പിക്കുക'' എന്നാണ് (മത്താ 25, 34-40; ഏശ 58,7). മാമ്മോന്‍ ഉദ്‌ബോധിപ്പിക്കുന്നത് ''വസ്ത്രം ഉരിഞ്ഞെടുക്കുക'' എന്നാണ്. ''സ്വന്തജനത്തില്‍ നിന്നും മുഖം തിരിക്കരുത്'' എന്നും (ഏശ 58,7) ''സ്വന്തം കുടുംബത്തിന് പുറംതിരിയരുത് എന്നും (1 തിമോ 5,8; ഗലാ 6,10), മിശിഹാ പറയുമ്പോള്‍ മാമ്മോന്‍ പറയുന്നത്: ''സ്വന്തം കുടുംബാംഗങ്ങളോട് കരുണ കാണിക്കരുത്, മാതാപിതാക്കളെ സഹായമര്‍ഹിക്കുന്നവരായി കണ്ടാ ലും അവഗണിക്കുക'' എന്നാണ് (മര്‍ക്കോ 7,11) (Homilies on Philippians 6).

തെര്‍ത്തുല്യന്‍:

കര്‍ത്താവിന്റെ ദാസരായ നമുക്ക് അവഹേളനങ്ങള്‍ ക്ഷമാപൂര്‍വ്വം സഹിച്ചുകൊണ്ട് അനുഗൃഹീതരാകാം. ആരെങ്കിലും എന്നോട് പകയും തിന്മയും നിറഞ്ഞ വാക്കുകള്‍ ഉപയോഗിച്ചെന്നിരിക്കട്ടെ. ഞാനതുപോലെ തിരിച്ചുപറയുകയാണെങ്കില്‍ ഞാനും വിദ്വേഷം നിറഞ്ഞവനായിത്തീരും. അല്ലെങ്കില്‍ ചിലര്‍ ചെയ്യുന്നതുപോലെ ഉള്ളില്‍ രോഷം കടിച്ചമര്‍ത്തി വയ്ക്കുകയും തുടര്‍ന്ന് അതിന്റെ ദോഷങ്ങള്‍ അനുഭവിക്കുകയും ചെയ്യുന്നു. ശപിക്കപ്പെടുമ്പോള്‍ പ്രതികാരം ചെയ്യുകയാണെങ്കില്‍ ഞാനെങ്ങനെ കര്‍ത്താവിന്റെ പ്രബോധനങ്ങളെ പിന്തുടരുന്നവനാകും? മലിനമായ ഭക്ഷണംകൊണ്ടല്ല, ദുഷിച്ച സംസാരംകൊണ്ടാണ് ഒരുവന്‍ അശുദ്ധനായിത്തീരുന്നതെന്നാണ് അവിടുന്ന് പഠിപ്പിച്ചിരിക്കുന്നത് (മര്‍ക്കോ 7,15) (On Patience 8).

---------********* (....തുടരും).

▛ ** സുവിശേഷ ഭാഗങ്ങളെ കുറിച്ചുള്ള സഭാപിതാക്കന്മാരുടെ വിശദീകരണം 'പ്രവാചകശബ്ദ'ത്തിൽ | ലേഖനപരമ്പര മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്‌ചകളിൽ.

(കടപ്പാട്. ഫാ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍).

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | സ്നാപകന്റെ പ്രഭാഷണം | വിശുദ്ധ മര്‍ക്കോസ് | ഭാഗം 01 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് | ഭാഗം 02 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 12-20 | ഭാഗം 03 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 21-34 | ഭാഗം 04 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 35-45 | ഭാഗം 05 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 1-12 | ഭാഗം 06 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 13-22 | ഭാഗം 07 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 23-28, 3;1-6 | ഭാഗം 08 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 3: 7-30 | ഭാഗം 09 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 3: 31-35; 4:1-20 | ഭാഗം 10 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 4: 21-34 | ഭാഗം 11 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 4: 35-41 | ഭാഗം 12 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 5: 1-43 | ഭാഗം 13 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 6: 1-13 | ഭാഗം 14 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 6: 14-44 | ഭാഗം 15 ‍

-- പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍


Related Articles »