News

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 14:12-25 | ഭാഗം 31

ഫാ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍ 26-09-2026 - Saturday

വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷം പതിനാലാം അധ്യായത്തിലെ പെസഹായ്ക്കുള്ള ഒരുക്കം, ഒറ്റുകാരന്‍, അന്ത്യത്താഴം എന്നീ സുവിശേഷ ഭാഗങ്ങളെ കുറിച്ച് തെര്‍ത്തുല്യന്‍, വിശുദ്ധ സിപ്രിയന്‍, ഒരിജന്‍, ഡമാസ്‌ക്കസിലെ യോഹന്നാന്‍, രക്തസാക്ഷിയായ ജസ്റ്റിന്‍, വിശുദ്ധ ഇരണേവൂസ്, വിശുദ്ധ അംബ്രോസ്, അലക്‌സാണ്ഡ്രിയായിലെ ക്ലെമന്റ് എന്നീ സഭാപിതാക്കന്മാര്‍ വിവരിക്കുന്ന സുവിശേഷ ഭാഷ്യമാണ് ഇവിടെ പങ്കുവെയ്ക്കുന്നത്.

♦️ വചനഭാഗം: പെസഹായ്ക്കുള്ള ഒരുക്കം - വിശുദ്ധ മര്‍ക്കോസ് 14:12-16 (മത്താ 26,7-25) (ലൂക്കാ 22,7-23) (യോഹ 13,21-30)

12 പെസഹാബലി അര്‍പ്പിക്കുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം ദിവസം, ശിഷ്യന്‍മാര്‍ ഈശോയോടു ചോദിച്ചു: നിനക്കു ഞങ്ങള്‍ എവിടെ പെസഹാ ഒരുക്കണമെന്നാണ് നീ ആഗ്രഹിക്കുന്നത്? 13 അവന്‍ രണ്ടു ശിഷ്യന്‍മാരെ അയച്ചുകൊണ്ടു പറഞ്ഞു: നിങ്ങള്‍ നഗരത്തിലേക്കു ചെല്ലുക. ഒരുകുടം വെള്ളം ചുമന്നുകൊണ്ട് ഒരുവന്‍ നിങ്ങള്‍ക്കെതിരേ വരും. അവനെ അനുഗമിക്കുക. 14 അവന്‍ എവിടെ ചെന്നു കയറുന്നുവോ അവിടത്തെ ഗൃഹനാഥനോടു പറയുക: ഗുരു ചോദിക്കുന്നു, ഞാന്‍ എന്റെ ശിഷ്യന്‍മാരുമൊത്തു പെസഹാ ഭക്ഷിക്കുന്നതിന് എന്റെ വിരുന്നുശാല എവിടെയാണ്? 15 സജ്ജീകൃതമായ ഒരു വലിയ മാളികമുറി അവര്‍ കാണിച്ചുതരും. അവിടെ നമുക്കുവേണ്ടി ഒരുക്കുക. 16 ശിഷ്യന്‍മാര്‍ പുറപ്പെട്ട് നഗരത്തിലെത്തി, അവന്‍ പറഞ്ഞിരുന്നതുപോലെ കണ്ടു.

***************************************************************

➤ തെര്‍ത്തുല്യന്‍:

പെസഹാക്കാലത്താണ് സാധാരണമായി ആഘോഷപൂര്‍വം മാമ്മോദീസ നല്‍കപ്പെടുന്നത്. എന്തെന്നാല്‍ നമ്മള്‍ ജ്ഞാനസ്‌നാനപ്പെടുന്ന മിശിഹായുടെ പീഡാസഹനം പൂര്‍ത്തിയാക്കപ്പെട്ടത് ആ കാലത്താണ് (On Baptism 19).

ജലം എന്ന അടയാളം

നമ്മുടെ കര്‍ത്താവ് അവസാനത്തെ പെസഹാ ആചരിക്കുന്ന സമയത്ത് അതൊരുക്കാനായി അയയ്ക്കപ്പെട്ട ശിഷ്യന്മാര്‍ക്ക് അടയാളമായി നല്‍കിയത് വെള്ളം ചുമന്നുകൊണ്ടുപോകുന്ന ഒരു മനുഷ്യനെയാണ് എന്നത് പ്രസക്തമാണ് (മര്‍ക്കോ 14,13; ലൂക്കാ 22,10). പെസഹാ ആചരിക്കേണ്ട ഇടം അവിടുന്ന് ഇപ്രകാരം ജലംകൊണ്ട് അടയാളപ്പെടുത്തി (On Baptism 19).

________________________________________________________________

♦️ വചനഭാഗം: ഒറ്റുകാരന്‍ - വിശുദ്ധ മര്‍ക്കോസ് 14:17-21

17 അവര്‍ പെസഹാ ഒരുക്കി. സന്ധ്യയായപ്പോള്‍ അവന്‍ പന്ത്രണ്ടു പേരുമൊരുമിച്ചു വന്നു. 18 അവര്‍ ഭക്ഷണത്തിനിരിക്കുമ്പോള്‍ ഈശോ പറഞ്ഞു: ഞാന്‍ സത്യമായി നിങ്ങളോടു പറയുന്നു: എന്നോടൊപ്പം ഭക്ഷണം കഴിക്കുന്ന നിങ്ങളിലൊരുവന്‍ എന്നെ ഒറ്റിക്കൊടുക്കും. അവര്‍ ദുഃഖിതരായി. 19 അതു ഞാനല്ലല്ലോ എന്ന് ഓരോരുത്തരും അവനോടു ചോദിക്കാന്‍ തുടങ്ങി. 20 അവന്‍ പറഞ്ഞു: പന്ത്രണ്ടു പേരില്‍ എന്നോടൊപ്പം പാത്രത്തില്‍ കൈമുക്കുന്നവന്‍ തന്നെ. 21 മനുഷ്യപുത്രന്‍ തന്നെക്കുറിച്ച് എഴുതപ്പെട്ടിരിക്കുന്നതുപോലെ പോകുന്നു. എന്നാല്‍, മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്നവനു ദുരിതം! ജനിക്കാതിരുന്നെങ്കില്‍ അവനു നന്നായിരുന്നു.

***************************************************************

➤ വിശുദ്ധ സിപ്രിയന്‍:

ശിഷ്യരോടുള്ള ഈശോയുടെ പെരുമാറ്റത്തില്‍ അവിടുത്തെ അവിശ്വസനീയമായ ക്ഷമ കണ്ടെത്താനാകും. നിലനില്‍ക്കുന്ന ക്ഷമയോടെ അവസാനംവരെ അവിടുന്ന് യൂദാസിനോട് വര്‍ത്തിച്ചു. തന്റെ ഒറ്റുകാരനോടൊപ്പം ശാന്തമായി അവിടുന്ന് ഭക്ഷിച്ചു. സ്വന്തം മേശയിലെ ശത്രുവിന്റെ സാന്നിധ്യം മനസ്സിലാക്കിയെങ്കിലും അവനെ ഒഴിവാക്കിയില്ല. ഒറ്റുകാരന്റെ ചുംബനം നിഷേധിക്കാനും അവന്‍ മുതിര്‍ന്നില്ല (മത്താ 26,48-49; ലൂക്കാ 22,47-48) (The Good of Patience 6).

➤ ഒരിജന്‍:

ഒറ്റുകാരനെ അപ്പോള്‍ത്തന്നെ ചൂണ്ടിക്കാട്ടാന്‍ കഴിയുമായിരുന്നിട്ടും പൊതുവായി ''നിങ്ങളിലൊരാള്‍ എന്നെ ഒറ്റിക്കൊടുക്കും'' എന്നാണ് അവിടുന്നു പറഞ്ഞത് (മത്താ 26,21; മര്‍ക്കോ 14,18; യോഹ 13,21). ഓരോരുത്തനും വിസ്മയഭരിതമായ ഹൃദയത്തില്‍ അവനവന്റെ സ്വഭാവം പരിശോധിച്ചറിയാന്‍ വേണ്ടിയായിരുന്നു ഇത്. സ്വന്തം മനസ്സാക്ഷിയിലുപരി ഈശോയുടെ വാക്കുകളെ വിശ്വസിച്ച ശിഷ്യന്മാരുടെ നന്മയേയും തന്റെ പദ്ധതികളെ അറിഞ്ഞവനെ വിശ്വസിക്കാത്ത യൂദാസിന്റെ ദുഷ്ടതയേയും ഇതു വെളിച്ചത്തുകൊണ്ടുവന്നു. സ്വന്തം അധരങ്ങളിലൂടെ കള്ളം പറഞ്ഞ തിലൂടെ യൂദാസ് ഇല്ലായ്മയെ ആശ്ലേഷിച്ചു (Commentary on Matthew 50).

മനസ്സാക്ഷിയുടെ മൃദുത്വം

പതിനൊന്നു ശ്ലീഹന്മാരും ശുദ്ധ മനസ്സാക്ഷിയുള്ളവരും ഗുരുവിനെ ഒറ്റിക്കൊടുക്കാത്തവരുമായിരുന്നെങ്കില്‍ എന്തിനാണ് അവന്‍ തങ്ങളെപ്പറ്റിയാണോ പറഞ്ഞതെന്ന രീതിയില്‍ അവര്‍ ദുഃഖിച്ചത്. മനുഷ്യസ്വാതന്ത്ര്യം മാറിമറിയാമെന്നും എപ്പോള്‍ വേണമെങ്കിലും തിന്മയെ ആശ്ലേഷിക്കാമെന്നും ഈശോയുടെ പ്രബോധനങ്ങളില്‍ നിന്ന് അവരറിഞ്ഞിരുന്നു. ആധിപത്യങ്ങള്‍ക്കും ശക്തികള്‍ക്കും ഈ അന്ധകാരലോകത്തിന്റെ ഭരണകര്‍ത്താക്കള്‍ക്കുമെതിരെയുള്ള പോരാട്ടത്തില്‍ വഞ്ചിക്കപ്പെട്ടോ ദുഷ്ടാരൂപികളുടെ സ്വാധീനത്താലോ അപ്രതീക്ഷിതമായി തിന്മയില്‍ നിപതിച്ചേക്കാം. അതിനാല്‍ മുന്‍കൂട്ടി സൂചിപ്പിക്കപ്പെട്ട ഒറ്റുകാരന്‍ താനാകുമോയെന്ന് ഓരോ ശിഷ്യനും ഭയപ്പെട്ടു (Commentary on Matthew 50).

ഒറ്റുകാരനുള്ള വെല്ലുവിളി

ശിഷ്യന്മാര്‍ അസ്വസ്ഥരാണെന്നു കണ്ട ഈശോ ഒറ്റുകാരനെ സങ്കീര്‍ത്തകന്റെ വചനങ്ങള്‍ ഓര്‍മ്മിക്കത്തക്കവിധം വെളിച്ചത്തുവരാന്‍ നിര്‍ബന്ധിച്ചു ''എന്നോടൊപ്പം അപ്പം ഭക്ഷിച്ചവന്‍, ഞാന്‍ വിശ്വാസമര്‍പ്പിച്ച ഉറ്റസുഹൃത്ത്, എനിക്കെതിരെ കുതികാലുയര്‍ത്തി'' (സങ്കീ 41,9). സുവിശേഷകന്റെ വിവരണവുമായി ഇതു ചേര്‍ന്നുപോകുന്നു: ''പന്ത്രണ്ടുപേരിലൊരുവനും എന്നോടൊപ്പം പാത്രത്തില്‍ അപ്പം മുക്കുന്നവനുമാണ് അവന്‍'' (മര്‍ക്കോ 14,20). അവര്‍ പെസഹാഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ ഒറ്റുകാരനായ യൂദാസ് ഈശോയോടൊപ്പം പാനപാത്രത്തില്‍ കൈ മുക്കുകയായിരുന്നു.

യൂദാസിന്റെ ലജ്ജയില്ലായ്മയെ ഇതു വെളിവാക്കുന്നു. അതീവസ്‌നേഹത്തോടെ തന്നെ ആശ്ലേഷിക്കുകയും അത്യുദാരതയോടെ തന്നെ ഭക്ഷണമേശയില്‍ സ്വീകരിക്കുകയും ചെയ്ത ഈശോയെ അവന്‍ ഒറ്റിക്കൊടുത്തു. നല്ല ദാനങ്ങള്‍ വര്‍ഷിച്ചവനെ മുപ്പതുവെള്ളിനാണയങ്ങള്‍ക്കുവേണ്ടി അവന്‍ ഒറ്റിക്കൊടുത്തു (മത്താ 26,15). തങ്ങളെ ഒരുവിധത്തിലും ദ്രോഹിക്കാത്തവനെതിരെ, തങ്ങളോടൊപ്പം അപ്പവും ഉപ്പും ഭക്ഷിക്കുന്നവനെതിരെ, ഗൂഢാലോചന നടത്തുക - ഇത് ദുഷ്ടരില്‍ ദുഷ്ടര്‍ക്കല്ലേ സാധിക്കൂ? (Commentary on Matthew 50).

ഒറ്റിക്കൊടുക്കുന്നവര്‍ക്കു ദുരിതം

അവനെ ഒറ്റിക്കൊടുത്ത മറ്റൊരുവനുണ്ട് - സാത്താന്‍. യൂദാസ് അവന്റെ ഉപകരണമായി മാറി. ''ദുരിതം'' എന്നത് യൂദാസിനെ സംബന്ധിച്ചു മാത്രമല്ല. ഈശോയെ ഒറ്റിക്കൊടുക്കുന്ന എല്ലാവരെയും സംബന്ധിച്ച് വാസ്തവമാണ് (Commentary on Matthew 50)..

➤ ഡമാസ്‌ക്കസിലെ യോഹന്നാന്‍:

അറിവ് നിലവിലുള്ളതിനെക്കുറിച്ചുള്ളതാണ്. മുന്നറിവാകട്ടെ ഭാവിയില്‍ ഉണ്ടാകാനിരിക്കുന്നവയെക്കുറിച്ചുള്ളതാണ്. ആദ്യമുള്ളത് അസ്തിത്വമാണ്. പിന്നീട് നല്ലതോ ചീത്തതോ ആയ അസ്തിത്വമോ ജീവിയോ ഉണ്ടാകുന്നു. ഉണ്ടാകാനിരിക്കുന്നവ തിന്മ ചെയ്‌തേക്കാമെന്ന കാരണത്താല്‍ അവയെ സൃഷ്ടിക്കാതിരിക്കുക എന്നാല്‍ തിന്മയെ ഭയപ്പെട്ട് നന്മ പിന്‍മാറുന്നതിനു തുല്യമാകുമെന്നതിനാല്‍ ദൈവം സൃഷ്ടിക്കാതിരിക്കുന്നില്ല. എന്നാല്‍ ദൈവത്തിന്റെ നന്മയില്‍ സൃഷ്ടിക്കപ്പെട്ടതിനുശേഷം ഓരോരുത്തനും നന്മയോ തിന്മയോ തിരഞ്ഞെടുത്ത് അതായിത്തീരുന്നു. എങ്കിലും ദൈവം പറഞ്ഞു: ''ജനിക്കാതിരുന്നെങ്കില്‍ ആ മനുഷ്യന് നന്നായിരുന്നു'' (മത്താ 26,24; മര്‍ക്കോ 14,21). തന്റെ സൃഷ്ടിയെയല്ല ദൈവം ഇവിടെ തള്ളിപ്പറയുന്നത്: മറിച്ച്, ആ സൃഷ്ടി അശ്രദ്ധമൂലം തിരഞ്ഞെടുത്ത തിന്മയെയാണ് (Exposition of the Orthodox Faith 4.21).

♦️ വചനഭാഗം: അന്ത്യത്താഴം - വിശുദ്ധ മര്‍ക്കോസ് 14:22-25 (മത്താ 26,26-30) (ലൂക്കാ 22,15-20) (1 കോറി 11,23-25)

22 അവര്‍ ഭക്ഷിച്ചുകൊണ്ടിരുന്നപ്പോള്‍ ഈശോ അപ്പമെടുത്ത്, ആശീര്‍വദിച്ച്, മുറിച്ച്, അവര്‍ക്കു നല്‍കിക്കൊണ്ട് അരുളിച്ചെയ്തു: ഇതു സ്വീകരിക്കുവിന്‍; ഇത് എന്റെ ശരീരമാണ്. 23 അനന്തരം, പാനപാത്രം എടുത്ത്, കൃതജ്ഞതാസ്‌തോത്രം ചെയ്ത്, അവര്‍ക്കു നല്‍കി. എല്ലാവരും അതില്‍നിന്നു പാനംചെയ്തു. 24 അവന്‍ അവരോട് അരുളിച്ചെയ്തു: ഇത് അനേകര്‍ക്കുവേണ്ടി ചിന്തപ്പെടുന്നതും ഉടമ്പടിയുടേതുമായ എന്റെ രക്തമാണ്. 25 സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ദൈവരാജ്യത്തില്‍ ഞാന്‍ ഇതു നവമായി പാനം ചെയ്യുന്ന ദിവസംവരെ മുന്തിരിയുടെ ഫലത്തില്‍നിന്ന് ഇനി ഞാന്‍ കുടിക്കുകയില്ല.

***************************************************************

➤ ഡിഡാക്കെ:

ഞങ്ങളുടെ കര്‍ത്താവേ, നിന്റെ ദാസനായ ദാവീദിന്റെ വിശുദ്ധ മുന്തിരിവളളിയെക്കുറിച്ച് നിന്നെ ഞങ്ങള്‍ വാഴ്ത്തുന്നു (മത്താ 26,29; മര്‍ക്കോ 14,25; യോഹ 15,1). നിനക്ക് എന്നേക്കും മഹത്ത്വമുണ്ടായിരിക്കട്ടെ. മുറിക്കപ്പെട്ട അപ്പത്തെക്കുറിച്ച്: പിതാവായ ദൈവമേ അങ്ങയുടെ ദാസനായ ഈശോവഴി ഞങ്ങള്‍ക്കു നീ വെളിപ്പെടുത്തിത്തന്ന ജീവനെയും ജ്ഞാനത്തെയുംക്കുറിച്ച് നിന്നെ ഞങ്ങള്‍ സ്തുതിക്കുന്നു. അങ്ങേക്ക് എന്നുമെന്നും മഹത്ത്വമുണ്ടായിരിക്കട്ടെ. മലനിരകളില്‍ ചിതറപ്പെട്ടിരുന്ന ഈ അപ്പം ശേഖരിക്കപ്പെട്ട് ഒന്നായിത്തീര്‍ന്നതുപോലെ ലോകത്തിന്റെ അതിര്‍ത്തികളില്‍നിന്ന് അങ്ങേ സഭ അങ്ങയുടെ രാജ്യത്തിലേക്ക് ഒരുമിച്ചു ചേര്‍ക്കപ്പെടട്ടെ (Didache 9).

➤ രക്തസാക്ഷിയായ വിശുദ്ധ ജസ്റ്റിന്‍:

അധ്യക്ഷന്‍ കൃതജ്ഞതയര്‍പ്പിക്കുകയും സമൂഹം ആമ്മേന്‍ പറയുകയും ചെയ്തശേഷം ഡീക്കന്മാര്‍ എന്നു വിളിക്കപ്പെടുന്നവര്‍ സന്നിഹിതരായവര്‍ക്ക് ആശീര്‍ വദിക്കപ്പെട്ട അപ്പത്തിന്റെയും (കലര്‍ത്തപ്പെട്ട) വീഞ്ഞിന്റെയും വെള്ളത്തിന്റെയും പങ്ക് നല്‍കുന്നു. അവര്‍ അത് സന്നിഹിതരല്ലാത്തവര്‍ക്കുവേണ്ടി കൊണ്ടുപോകാറുമുണ്ട്. ഈ ഭക്ഷണത്തെ ഞങ്ങള്‍ കുര്‍ബാന (Eucharist) എന്നു വിളിക്കുന്നു. ഇതില്‍ പങ്കുപറ്റാന്‍ ഞങ്ങള്‍ വിശ്വസിക്കുന്ന പ്രബോധനം അംഗീകരിച്ച്, പാപമോചനത്തിനുള്ള വീണ്ടുംജനനത്തിന്റെ സ്‌നാനം സ്വീകരിച്ച്, മിശിഹാ ഞങ്ങള്‍ക്കു കൈമാറിത്തന്ന മാര്‍ഗത്തില്‍ ചരിക്കുന്നവര്‍ക്കു മാത്രമേ അനുവാദമുള്ളൂ (1 കോറി 11,27-29). സാധാരണ ഭക്ഷണപാനീയങ്ങളായല്ല ഇതു ഞങ്ങള്‍ സ്വീകരിക്കുന്നത്.

എന്തെന്നാല്‍ ഞങ്ങളുടെ കര്‍ത്താവായ ഈശോമിശിഹാ ഞങ്ങളുടെ രക്ഷയ്ക്കുവേണ്ടി ദൈവവചനത്താല്‍ മാംസരക്തങ്ങള്‍ സ്വീകരിച്ച് മനുഷ്യനായതുപോലെ പ്രാര്‍ത്ഥനയുടെ വചനങ്ങളാല്‍ ആശീര്‍ വദിക്കപ്പെട്ടതും അവനില്‍നിന്നു വരുന്നതുമായ ഈ ഭക്ഷണം മനുഷ്യാവതാരം ചെയ്ത ഈശോയുടെ ശരീരരക്തങ്ങളാണെന്ന് ഞങ്ങളെ പഠിപ്പിച്ചിരിക്കുന്നു. രൂപാന്തരീകരണംവഴി അതു ഞങ്ങളുടെ ശരീരങ്ങളെ പോഷിപ്പിക്കുന്നു.

ശ്ലീഹന്മാര്‍ സുവിശേഷമാകുന്ന തങ്ങളുടെ സ്മരണകള്‍വഴി തങ്ങളോടു കല്‍പിക്കപ്പെട്ടത് കൈമാറിത്തന്നിരിക്കുന്നു: അതായത്, ഈശോ അപ്പമെടുത്ത് കൃതജ്ഞതാസ്‌തോത്രം ചെയ്തശേഷം പറഞ്ഞു: ''എന്റെ ഓര്‍മ്മയ്ക്കായി ചെയ്യുവിന്‍. ഇതെന്റെ ശരീരമാണ്; അപ്രകാരംതന്നെ കാസയെടുത്ത് കൃതജ്ഞതയര്‍പ്പിച്ചുകൊണ്ട് പറഞ്ഞു: ഇതെന്റെ രക്തമാകുന്നു''. അത് അവര്‍ക്കുമാത്രം നല്‍കുകയും ചെയ്തു (മത്താ 26,26-28; മര്‍ക്കോ 14,22-24; ലൂക്കാ 22,19-20; 1 കോറി 11,23-25) (First Apology 65-66).

➤ വിശുദ്ധ ഇരണേവൂസ്:

സൃഷ്ടവസ്തുക്കളിലെ ആദ്യഫലങ്ങള്‍ ദൈവത്തിന് സമര്‍പ്പിക്കണമെന്നു കാണിച്ചുകൊണ്ട് - അവന് അവയെ ആവശ്യമുള്ളതുകൊണ്ടല്ല, മറിച്ച് അവ നിഷ്ഫലവും നന്ദിഹീനവും ആകാതിരിക്കാന്‍വേണ്ടി - അവന്‍ സൃഷ്ടവസ്തുവായ അപ്പമെടുത്ത് കൃതജ്ഞതയര്‍പ്പിച്ചുകൊണ്ടു പറഞ്ഞു: ''ഇത് എന്റെ ശരീരമാകുന്നു''. അപ്രകാരംതന്നെ, നമ്മളുള്‍പ്പെടുന്ന സൃഷ്ടിയുടെ ഭാഗമായ പാനപാത്രമെടുത്തുകൊണ്ട്, അതു രക്തമാണെന്ന് ഉറപ്പിച്ചു പറഞ്ഞു (മത്താ 26,26-28; മര്‍ക്കോ 14,22-24; ലൂക്കാ 22,19-20; 1 കോറി 11,23-25). ഇപ്രകാരം അവന്‍ പുതിയ ഉടമ്പടിയുടെ പുതിയ ബലിയര്‍പ്പണം പഠിപ്പിച്ചു. ശ്ലീഹന്മാരില്‍നിന്നു സഭ സ്വീകരിച്ചതും പുതിയ നിയമത്തിലെ ആദ്യഫലമെന്ന രീതിയില്‍ നമ്മെ പോഷിപ്പിക്കുന്ന ദൈവത്തിന് ലോകമെങ്ങും അര്‍പ്പിക്കുന്നതും ഈ ബലിയാണ് (Against Heresies 4.17.5).

➤ ഒരിജന്‍:

വചനമാകുന്ന ദൈവം തന്റെ ശരീരമായി ഏറ്റുപറയുന്ന അപ്പം ആത്മാക്കളെ പരിപോഷിപ്പിക്കുന്ന വചനം തന്നെയാണ്. അതു ദൈവത്തില്‍ നിന്നു പുറപ്പെടുന്ന വചനവും നമ്മുടെ മേശയില്‍ സജ്ജീകരിക്കപ്പെട്ടിരിക്കുന്ന ജീവിക്കുന്ന അപ്പത്തില്‍നിന്നുള്ള അപ്പവുമാണ്. ''എന്റെ ശത്രുക്കളുടെ മുമ്പില്‍ അങ്ങെനിക്ക് വിരുന്നുമേശയൊരുക്കി'' (സങ്കീ 23,5) എന്ന് ഇതിനെപ്പറ്റിയാണ് എഴുതപ്പെട്ടിരിക്കുന്നത്. തന്റെ രക്തമായി വചനമായ ദൈവം നല്‍കുന്ന പാനീയം പോഷണം നല്‍കുന്നതും ഹൃദയത്തെ ആനന്ദിപ്പിക്കുന്നതുമായ വചനം തന്നെയാണ്. ഇതു സാക്ഷാല്‍ മുന്തിരിവള്ളിയുടെ ഫലത്തില്‍നിന്നുള്ളതാണ് (മര്‍ക്കോ 14,25; യോഹ 15,1).

പീഡാനുഭവത്തിന്റെ ചക്കില്‍ നിക്ഷേപിക്കപ്പെട്ട മുന്തിരിപ്പഴത്തിന്റെ നീരാണ്. നല്ലനിലത്തു വീണ് വലിയ ഫലം പുറപ്പെടുവിച്ച ഗോതമ്പുമണിയായ ദൈവവചനമാണ് ഈ അപ്പം (മത്താ 13,8; മര്‍ക്കോ 4,8; ലൂക്കാ 8,8). താന്‍ കൈകളില്‍ എടുത്തുപിടിച്ചിരുന്ന ദൃശ്യമായ അപ്പത്തെ മാത്രമല്ല അവിടുന്ന് ഉദ്ദേശിച്ചത്. ആ അപ്പം മുറിക്കപ്പെടേണ്ടിയിരുന്നത് വചനത്തിന്റെ ദിവ്യരഹസ്യത്തിലായിരുന്നു. ആ വചനത്തെക്കൂടി അവിടുന്ന് ഉദ്ദേശിച്ചു. ദൃശ്യമായ പാനീയത്തെ മാത്രമല്ല, അത് ചിന്തപ്പെടേണ്ടത് ഏതു വചനത്തിന്റെ ദിവ്യരഹസ്യത്തിലാണോ ആ വചനത്തെയും അവിടുന്ന് രക്തമെന്ന് വിളിച്ചു.

ഹൃദയത്തെ പോഷിപ്പിക്കുകയും ആനന്ദിപ്പിക്കുകയും ചെയ്യുന്ന പരിഹാരാര്‍ത്ഥമുള്ള വചനമല്ലാതെ മറ്റെന്താണ് കര്‍ത്താവിന്റെ ശരീരവും രക്തവും. ''ഇതു പുതിയ ഉടമ്പടിയുടെ എന്റെ രക്തമാകുന്നു'' എന്നു പറഞ്ഞവന്‍ (മത്താ 26,28; മര്‍ക്കോ 14,24; ലൂക്കാ 22,20; 1 കോറി 11,25), അപ്പത്തെക്കുറിച്ച് ''പുതിയ ഉടമ്പടിയിലെ എന്റെ അപ്പമാകുന്നു'' എന്നു പറയാത്തത് എന്തുകൊണ്ട്? എന്തെന്നാല്‍ അപ്പം ധര്‍മ്മനിഷ്ഠയുടെ വചനമാണ്. അതുവഴി ആത്മാക്കള്‍ പോഷിപ്പിക്കപ്പെടുന്നു. പാനീയം മിശിഹായുടെ ജ്ഞാനത്തിന്റെ വചനമാണ് (Commentary on Matthew 85).

➤ വിശുദ്ധ അംബ്രോസ്:

സ്വര്‍ഗീയ വചസുകളാല്‍ എങ്ങനെയാണതു കൂദാശ ചെയ്യപ്പെടുന്നതെന്ന് നിങ്ങള്‍ക്കറിയണമോ? പുരോഹിതന്റെ വാക്കുകളെ സ്വീകരിക്കുക. അവന്‍ പറയുന്നു: ''എഴുതപ്പെട്ടിരിക്കുന്നതുപോലെ സ്വീകാര്യവും യുക്തിക്കനുസൃതവുമായ ഈ ബലി, കര്‍ത്താവീശോമിശിഹായുടെ ശരീരരക്തങ്ങളുടെ പ്രതിരൂപമായ ഈ ബലി നമുക്കര്‍പ്പിക്കാം''. തന്റെ പീഡാനുഭവത്തിന്റെ തലേന്ന് അവന്‍ തന്റെ പരിശുദ്ധമായ കരങ്ങളില്‍ അപ്പമെടുത്ത് സ്വര്‍ഗത്തിലേക്ക്, സര്‍വശക്തനും നിത്യദൈവവുമായ പരിശുദ്ധനായ പിതാവേ, അങ്ങയുടെ പക്കലേക്ക് കണ്ണുകളുയര്‍ത്തി, കൃതജ്ഞതാസ്‌തോത്രം ചെയ്ത്, വാഴ്ത്തി, വിഭജിച്ച് ശ്ലീഹന്മാരായ തന്റെ ശിഷ്യര്‍ക്ക് നല്‍കിക്കൊണ്ട് അരുളിച്ചെയ്തു: ''നിങ്ങളെല്ലാവരും ഇതില്‍നിന്ന് വാങ്ങി ഭക്ഷിക്കുവിന്‍: എന്തെന്നാല്‍ ഇത് അനേകര്‍ക്കുവേണ്ടി വിഭജിക്കപ്പെടുന്ന എന്റെ ശരീരമാകുന്നു'' (1 കോറി 11,24). ശ്രദ്ധിക്കുക, കൂദാശചെയ്യപ്പെടുന്നതിനുമുമ്പ് അത് അപ്പമായിരുന്നു. എന്നാല്‍ മിശിഹായുടെ വാക്കുകള്‍ ചേര്‍ക്കപ്പെടുമ്പോള്‍ അത് അവന്റെ ശരീരമാകുന്നു (The Sacraments 4.5).

വീണ്ടും വചനവും രക്തവും

മിശിഹായുടെ വചനങ്ങള്‍ക്കുമുമ്പ് കാസയില്‍ നിറഞ്ഞിരുന്നത് വീഞ്ഞും വെള്ളവുമായിരുന്നു. എന്നാല്‍ മിശിഹായുടെ വചനങ്ങള്‍ ചേര്‍ക്കപ്പെടുന്നതിന്റെ ഫലമായി രക്തം ജനങ്ങളെ രക്ഷിക്കുന്നു. മിശിഹായുടെ വചനങ്ങള്‍ക്ക് വസ്തുക്കളെ എത്രയധികം രൂപാന്തരപ്പെടുത്താന്‍ കഴിയും. നമ്മള്‍ മിശിഹായുടെ ശരീരവും രക്തവുമാണ് സ്വീകരിക്കുന്നതെന്ന് അവന്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. അവന്റെ സാക്ഷ്യത്തെ നമ്മള്‍ സംശയിക്കരുത് v (The Sacraments 4.23)

വീഞ്ഞിന്റെ കൂദാശ

മിശിഹാ തന്നെ തന്റെ രക്തത്തെപ്പറ്റി സംസാരിക്കുന്നു. കൂദാശയ്ക്കുമുമ്പ് അത് ഒന്നാണ്. കൂദാശയ്ക്കുശേഷം അത് മറ്റൊന്നാണ്. കൂദാശയ്ക്കുശേഷം അതു രക്തമെന്ന് വിളിക്കപ്പെടുന്നു. നിങ്ങള്‍ ''ആമ്മേന്‍'' എന്ന്, അതായത് ''അതു വാസ്തവമാകുന്നു'' എന്നു പറയുന്നു. അധരങ്ങള്‍ സംസാരിക്കുന്നതിനെ മനസ്സ് ഏറ്റുപറയട്ടെ. വാക്കുകള്‍ ഉച്ചരിക്കുന്നതിനെ ഹൃദയത്തിന് അനുഭവമാകട്ടെ (On the Mysteries 1).

➤ ഡമാസ്‌ക്കസിലെ ജോണ്‍:

മനുഷ്യന് അരൂപിയും ശരീരവും ചേര്‍ന്ന ഘടനയാണുള്ളത്. അതിനാല്‍ രണ്ടാമത്തെ ജനനത്തിനും (മാമ്മോദീസ) വിശ്വാസത്തിന്റെ ഭക്ഷണത്തിനും (കുര്‍ബാന) ഘടകങ്ങളുണ്ടായിരിക്കുക യുക്തമാണ്. വിശുദ്ധ മാമ്മോദീസായില്‍ ജലത്താലും അരൂപിയാലുമാണ് നമ്മള്‍ ജനിക്കുന്നത് (യോഹ 3,5). അതോടൊപ്പം ജീവന്റെ അപ്പമായ, സ്വര്‍ഗത്തില്‍ നിന്നിറങ്ങി വന്ന കര്‍ത്താവീശോമിശിഹായെത്തന്നെ ഭക്ഷണമായി സ്വീകരിക്കുകയും ചെയ്യുന്നു (യോഹ 6,35; 48,51).

നമ്മെപ്രതി ജീവനര്‍പ്പിക്കാന്‍ തയ്യാറായിക്കൊണ്ട് അവന്‍ തന്നെത്തന്നെ ഏല്‍പിച്ചു കൊടുത്ത രാത്രിയില്‍ തന്റെ വിശുദ്ധ ശ്ലീഹന്മാര്‍ക്ക് അവന്‍ പുതിയൊരു ഉടമ്പടി നല്‍കി (ലൂക്കാ 22,20). അവന്‍ വഴി തന്നില്‍ വിശ്വസിക്കാനിരുന്ന എല്ലാവര്‍ക്കും അവനതു നല്‍കി. മുകളിലത്തെ മുറിയില്‍, അതായത് വിശുദ്ധവും മഹനീയവുമായ സീയോനില്‍, തന്റെ ശിഷ്യരോടൊപ്പം പഴയ പെസഹാ ഭക്ഷിച്ചുകൊണ്ട്, പഴയ ഉടമ്പടി പൂര്‍ത്തിയാക്കിയശേഷം വിശുദ്ധ മാമ്മോദീസായുടെ മുന്നോടിയായി അവന്‍ ശിഷ്യരുടെ കാലുകള്‍ കഴുകി (യോഹ 13,4-12). പിന്നീട് അപ്പമെടുത്ത് വിഭജിച്ചുനല്‍കികൊണ്ട് പറഞ്ഞു: ''വാങ്ങി ഭക്ഷിക്കുവിന്‍, ഇതു പാപമോചനത്തിനായി നിങ്ങള്‍ക്കായി വിഭജിക്കപ്പെടുന്ന എന്റെ ശരീരമാകുന്നു (മത്താ 26,26) (Exposition of the Orthodox Faith 4.13).

➤ അലക്‌സാണ്ഡ്രിയായിലെ വിശുദ്ധ ക്ലെമന്റ്: അവന്‍ ഇപ്രകാരം പറഞ്ഞുകൊണ്ട് വീഞ്ഞ് ആശീര്‍വ്വദിച്ചു: ''വാങ്ങി പാനംചെയ്യുവിന്‍. ഇതെന്റെ രക്തമാണ്''. അവന്‍ മുന്തിരിയുടെ നീരിനെ (ഉത്പ 49,11; പ്രഭാ 50,15-16) ''നമുക്കുവേണ്ടിയും നമ്മുടെ പാപങ്ങളുടെ മോചനത്തിനുവേണ്ടിയും ചിന്തപ്പെട്ട'' (മത്താ 26,28) വചനത്തിന്റെ പ്രതിരൂപമാക്കി (Christ the Educator 2.32).

--------********* (....തുടരും).

▛ ** സുവിശേഷ ഭാഗങ്ങളെ കുറിച്ചുള്ള സഭാപിതാക്കന്മാരുടെ വിശദീകരണം 'പ്രവാചകശബ്ദ'ത്തിൽ | ലേഖനപരമ്പര മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്‌ചകളിൽ.

(കടപ്പാട്. ഫാ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍).

⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | സ്നാപകന്റെ പ്രഭാഷണം | വിശുദ്ധ മര്‍ക്കോസ് | ഭാഗം 01 ‍

⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് | ഭാഗം 02 ‍

⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 12-20 | ഭാഗം 03 ‍

⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 21-34 | ഭാഗം 04 ‍

⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 35-45 | ഭാഗം 05 ‍

⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 1-12 | ഭാഗം 06 ‍

⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 13-22 | ഭാഗം 07 ‍

⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 23-28, 3;1-6 | ഭാഗം 08 ‍

⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 3: 7-30 | ഭാഗം 09 ‍

⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 3: 31-35; 4:1-20 | ഭാഗം 10 ‍

⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 4: 21-34 | ഭാഗം 11 ‍

⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 4: 35-41 | ഭാഗം 12 ‍

⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 5: 1-43 | ഭാഗം 13 ‍

⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 6: 1-13 | ഭാഗം 14 ‍

⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 6: 14-44 | ഭാഗം 15 ‍

⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 6: 45-56, 7:1-13 | ഭാഗം 16 ‍

⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 7:13-37 | ഭാഗം 17 ‍

⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 8:1-26 | ഭാഗം 18 ‍

⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 8:27-38 | ഭാഗം 19 ‍

⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 9:1-32 | ഭാഗം 20 ‍

⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 9:33-50 | ഭാഗം 21

⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 10:1-31 | ഭാഗം 22

⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 10:32-52 | ഭാഗം 23

⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 11:1-14 | ഭാഗം 24

⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 11:15-29 | ഭാഗം 25

⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 12:1-27 | ഭാഗം 26

⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 12:28-44 | ഭാഗം 27

⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 13:1-27 | ഭാഗം 28

⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 13:24-37 | ഭാഗം 29

⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 14:1-11 | ഭാഗം 30

⧪⧪⧪⧪⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍ ⧪⧪⧪⧪⧪


Related Articles »