News - 2026

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 13:1-27 | ഭാഗം 28

ഫാ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍ 25-07-2026 - Saturday

വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷം പതിമൂന്നാം അധ്യായത്തിലെ മനുഷ്യപുത്രന്റെ ആഗമനം, വിനാശത്തിന്റെ ലക്ഷണങ്ങള്‍ എന്നീ സുവിശേഷ ഭാഗങ്ങളെ കുറിച്ച് ഒരിജന്‍, ജെറുസലെമിലെ വിശുദ്ധ സിറിള്‍, വിശുദ്ധ ആഗസ്തീനോസ്, പോയിറ്റേഴ്‌സിലെ ഹിലരി, ഹിപ്പോളിറ്റസ്, വിശുദ്ധ അപ്രേം, മഹാനായ ഗ്രിഗറി, വിശുദ്ധ സിപ്രിയാന്‍ എന്നീ സഭാപിതാക്കന്മാര്‍ വിവരിക്കുന്ന സുവിശേഷ ഭാഷ്യമാണ് ഇവിടെ പങ്കുവെയ്ക്കുന്നത്.

♦️ വചനഭാഗം: മനുഷ്യപുത്രന്റെ ആഗമനം- വിശുദ്ധ മര്‍ക്കോസ് 13: 1-8 (മത്താ 24,1-14) (ലൂക്കാ 21,5-19)

1 ഈശോ ദൈവാലയത്തില്‍നിന്നു പുറത്തുവന്നപ്പോള്‍, ശിഷ്യന്‍മാരില്‍ ഒരുവന്‍ പറഞ്ഞു: ഗുരോ, നോക്കൂ, എത്ര വലിയ കല്ലുകള്‍! എത്ര വിസ്മയകരമായ സൗധങ്ങള്‍! 2 അവന്‍ പറഞ്ഞു: ഈ മഹാസൗധങ്ങള്‍ നിങ്ങള്‍ കാണുന്നില്ലേ? എന്നാല്‍ ഇവയെല്ലാം കല്ലിന്‍മേല്‍ കല്ലു ശേഷിക്കാതെ തകര്‍ക്കപ്പെടും. 3 അനന്തരം, അവന്‍ ഒലിവുമലയില്‍ ദേവാലയത്തിനഭിമുഖമായി ഇരിക്കുമ്പോള്‍, പത്രോസും യാക്കോബും യോഹന്നാനും അന്ത്രയോസും അവനോടു സ്വകാര്യമായി ചോദിച്ചു: 4 ഇത് എന്നു സംഭവിക്കുമെന്നും ഇവയെല്ലാം പൂര്‍ത്തിയാകാന്‍ തുടങ്ങുമ്പോള്‍ അടയാളം എന്തായിരിക്കുമെന്നും ഞങ്ങളോടു പറയുക.

5 ഈശോ അവരോടു പറഞ്ഞു: ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍. 6 ഞാനാണ് എന്നു പറഞ്ഞ് പലരും എന്റെ നാമത്തില്‍ വരും. അവര്‍ അനേകരെ വഴിതെറ്റിക്കും. 7 നിങ്ങള്‍ യുദ്ധങ്ങളെപ്പറ്റി കേള്‍ക്കും. അവയെപ്പറ്റി കിംവദന്തികളും. അപ്പോള്‍ നിങ്ങള്‍ അസ്വസ്ഥരാകരുത്. ഇതെല്ലാം സംഭവിക്കേണ്ടതാണ്. എന്നാല്‍, അപ്പോഴും അവസാനമായിട്ടില്ല. 8 ജനം ജനത്തിനെ തിരായും രാജ്യം രാജ്യത്തിനെ തിരായും തലയുയര്‍ത്തും. പല സ്ഥലങ്ങളില്‍ ഭൂകമ്പങ്ങളും ക്ഷാമങ്ങളും ഉണ്ടാകും. ഇതെല്ലാം ഈറ്റുനോവിന്റെ ആരംഭം മാത്രം. നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍.

***************************************************************

ഒരിജന്‍:

ദൈവാലയം ഉടന്‍തന്നെയല്ല, കാലക്രമേണയാണ് നശിപ്പിക്കപ്പെട്ടത്. ദൈവ വചനത്തെ ഉള്ളില്‍ സ്വീകരിക്കുന്ന ഏതൊരുവനും ദൈവാലയത്തിനു തുല്യനാണ്. പാപം ചെയ്ത ശേഷം ദൈവത്തിന്റെ വചനത്തില്‍നിന്ന് അവന്‍ പൂര്‍ണമായും വീണുപോകാതെ വിശ്വാസത്തി ന്റെയും ദൈവപ്രമാണങ്ങളോടുള്ള പ്രതിബദ്ധ തയുടെയും അടയാളങ്ങള്‍ കുറച്ചെങ്കിലും അവ ശേഷിപ്പിക്കുന്നുവെങ്കില്‍ അവന്‍ ഭാഗികമായി തകര്‍ക്കപ്പെട്ടതും ഭാഗികമായി നിലനില്‍ക്കുന്ന തുമായ ആലയമാണ്. എന്നാല്‍, പാപം ചെയ്ത ശേഷവും ജാഗ്രതയില്ലാതെ ജീവിക്കുകയും വിശ്വാസത്തില്‍നിന്നും സുവിശേഷാനുസൃത ജീവിതത്തില്‍നിന്നും വീണ്ടുമകന്ന്, ദൈവത്തില്‍ നിന്ന് എന്നേയ്ക്കുമായി വേര്‍പെടുകയുമാണെ ങ്കില്‍, തകര്‍ക്കപ്പെട്ട ആലയമായി അവന്‍ തീരും (Commentary on Matthew 29).

ആള്‍മാറാട്ട വിദഗ്ദ്ധര്‍

മിശിഹാ സത്യമാണ്. എതിര്‍ മിശിഹാ സത്യത്തെ വളച്ചൊടിക്കുന്നു. മിശിഹാജ്ഞാനമാണ്. എതിര്‍മിശിഹാ കപടജ്ഞാനമാണ്. യഥാര്‍ത്ഥ നന്മകളെല്ലാം മിശിഹായോട് ബന്ധപ്പെട്ടിരിക്കുന്നു. കപടപുണ്യങ്ങളെല്ലാം എതിര്‍മിശിഹായ്ക്ക് ചേര്‍ന്നവയാണ്. വിശ്വാസിയെ പടുത്തുയര്‍ത്തുന്നതിനുവേണ്ടി മിശിഹായില്‍ പ്രകടമായ എല്ലാ നന്മകള്‍ക്കും ബദലായി വിശ്വാസികളെ വഞ്ചിക്കുന്ന കപടനാട്യങ്ങള്‍ ദുഷ്ടാരൂപി ചമയ്ക്കുന്നു (മത്താ 24,24; മര്‍ക്കോ 13,22) (Commentary on Matthew 32).

പ്രകൃതിയുടെ ജീര്‍ണത

സ്വാഭാവിക മരണത്തോടടുക്കുമ്പോള്‍ ശരീരങ്ങള്‍ രോഗാതുരമാകുന്നു. ആത്മാവിന്റെയും ശരീരത്തിന്റെയും: സ്വാഭാവിക വേര്‍പാടുകളെല്ലാം ബലക്ഷയത്തില്‍ നിന്നുണ്ടാകുന്നുവെന്ന് കാണാവുന്നതാണ്. ഇതുപോലെതന്നെയാണ് സൃഷ്ടപ്രപഞ്ചവും. സൃഷ്ടിക്ക് ആരംഭവും അവസാനവും ഉള്ളതിനാല്‍ വിഘടിക്കുന്നതിനുമുമ്പ് അതു ക്ഷയിക്കാനും ജീര്‍ണിക്കാനും ആരംഭിക്കുന്നു. ഭൂമി തുടര്‍ച്ചയായ പ്രകമ്പനങ്ങള്‍ക്കിരയാകും. വായു അസ്വസ്ഥമാകാനും ക്ഷോഭിക്കാനുമാരംഭിക്കും (ലൂക്കാ 21,10-11). ഭൂമിയുടെ ജീവശക്തികളെല്ലാം നിലയ്ക്കുകയും ഫലരഹിതമാകുകയും ചെയ്യും. വിനാശകരമായ ശക്തികള്‍ വൃക്ഷങ്ങളുടെ പുനരുജ്ജീവനശക്തിയെ നിര്‍വീര്യമാക്കും (Commentary on Matthew 34).

ജെറുസലെമിലെ വിശുദ്ധ സിറിള്‍:

രക്ഷകന്റെ വചന പ്രകാരം യഹൂദന്മാരുടെ ദൈവാലയം കല്ലിന്മേല്‍ കല്ലു ശേഷിക്കാതെ തകര്‍ക്കപ്പെടുന്ന കാലത്ത് എതിര്‍ മിശിഹാ വരും (1 യോഹ 2,18-22;4,3; 2 യോഹ 7; മര്‍ക്കോ 13,2) കാലപ്പഴക്കംകൊണ്ടു ജീര്‍ണ്ണിക്കുകയോ പൊളിച്ചെടുക്കപ്പെടുകയോ മറ്റെന്തെങ്കിലും കാരണംകൊണ്ടു തര്‍ക്കപ്പെടുകയോ ചെയ്യുന്നതുവരെ ഇതു സംഭവിക്കുകയില്ല.

പുറത്തെ മതിലുകള്‍ തകര്‍ക്കപ്പെടുന്നതുവരെ എന്നല്ല ഞാന്‍ ഉദ്ദേശിക്കുന്നത്. മറിച്ച് കെരൂബുകള്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്ന അകത്തെ തളത്തിലെ കല്ലുകള്‍ തകര്‍ക്കപ്പെടുന്ന കാലത്ത് (1 രാജാ 6,27; 8,6) എതിര്‍മിശിഹാ 'വ്യാജമായ അടയാളങ്ങ ളോടും അത്ഭുതങ്ങളോടുംകൂടെ' (2 തെസ 2,9; മത്തായി 24,24; മര്‍ക്കോ 13,22) വരുകയും എല്ലാ വിഗ്രഹങ്ങളെയും തകര്‍ക്കുകയും ചെയ്യും. (Catechetical Lectures 15.15).

വിശുദ്ധ ആഗസ്തീനോസ്:

അന്ത്യകാലത്തെക്കുറിച്ചുള്ള സുവിശേഷവിവരണങ്ങളില്‍ പൊരുത്തക്കേടുകളില്ല. എങ്കിലും ഒരാള്‍ വിവരിക്കാതെ വിട്ടുകളഞ്ഞവ മറ്റൊരാള്‍ വിവരിക്കുകയോ വ്യത്യസ്തമായി വിവരിക്കുകയോ ചെയ്തിട്ടുണ്ടാകാം. എന്നാല്‍ താരതമ്യം ചെയ്യുമ്പോള്‍ അവ പരസ്പരപൂരകങ്ങളാണെന്നു കാണാവുന്നതാണ്. അത് വായനക്കാരന്റെ മനസിന് ദിശാബോധം പ്രദാനം ചെയ്യുന്നു (മത്താ 24,3-8; മര്‍ക്കോ 13,3-8; ലൂക്കാ 21,7-11) (Letter 199, to Hesychius 25).

വ്യത്യസ്ത രാജ്യങ്ങള്‍

യുദ്ധങ്ങള്‍ എക്കാലത്തും എല്ലായിടങ്ങളിലും ഉണ്ടാകാറുണ്ട്. വിദൂരചരിത്രത്തിലേക്കു തിരിഞ്ഞുനോക്കിയാല്‍ ഗാള്ളിനേയൂസിന്റെ ഭരണകാലത്ത് (260-268 ഏ.ഡി.) അപരിഷ്‌കൃതജനത റോമന്‍ പ്രവിശ്യകള്‍ക്കുമേല്‍ ആഞ്ഞടിച്ചുകൊണ്ടിരുന്നപ്പോള്‍ അന്ത്യം ആഗതമായെന്ന് ചിന്തിച്ച നമ്മുടെ സഹോദരര്‍ എത്രയോ പേര്‍ അന്നുണ്ടായിരുന്നിരിക്കണം.

എന്തെന്നാല്‍ കര്‍ത്താവിന്റെ സ്വര്‍ഗാരോഹണത്തിനുശേഷം അപ്പോഴേക്കും നിരവധി വര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നു. ഇക്കാര്യങ്ങള്‍ മുന്‍കൂട്ടി പറയപ്പെട്ടില്ലായിരുന്നെങ്കില്‍ അന്ത്യകാലത്തിന്റെ അടയാളങ്ങളെപ്പറ്റി നമുക്ക് ഒന്നുംതന്നെ അറിയാന്‍ കഴിയുമായിരുന്നില്ല. ഇപ്പോഴാകട്ടെ സഭയ്ക്കുള്ളിലുള്ളവര്‍ക്കെങ്കിലും അല്‍പമായി അവയെ അറിയാന്‍ കഴിയുന്നു. മിശിഹായുടെ രാജ്യവും പിശാചിന്റെ രാജ്യവും എന്നിങ്ങനെ രണ്ടു ജനപദങ്ങളുണ്ട് (Letter 199, To Hesychius 35).

♦️ വചനഭാഗം: വിനാശത്തിന്റെ ലക്ഷണങ്ങള്‍ - വിശുദ്ധ മര്‍ക്കോസ് 13:9-23 (മത്താ 24,15-28) (ലൂക്കാ 21,20-24)

9 അവര്‍ നിങ്ങളെ ന്യായാധിപസംഘങ്ങള്‍ക്ക് ഏല്പിച്ചുകൊടുക്കും; സിനഗോഗു കളില്‍വച്ചു നിങ്ങളെ പ്രഹരിക്കും. ദേശാധിപതികളുടെയും രാജാക്കന്‍മാരുടെയും മുമ്പാകെ എനിക്കു സാക്ഷ്യം നല്‍കാന്‍ നിങ്ങള്‍ നില്‍ക്കും. 10 എന്നാല്‍, ആദ്യം എല്ലാ ജനതകളോടും സുവിശേഷം പ്രസംഗിക്കപ്പെ ടേണ്ടിയിരിക്കുന്നു.

11 അവര്‍ നിങ്ങളെ ഏല്‍പിച്ചുകൊടുക്കാന്‍ കൊണ്ടുപോകുമ്പോള്‍ എന്തു പറയണം എന്നു വിചാരിച്ച് ഉത്കണ്ഠാകുലരാകേണ്ടാ. ആ സമയത്തു നിങ്ങള്‍ക്കു ലഭിക്കുന്നതെന്തോ അതു സംസാരിക്കുവിന്‍. നിങ്ങളല്ല, പരിശുദ്ധാത്മാവായിരിക്കും സംസാരിക്കുക. 12 സഹോദരന്‍ സഹോദരനെയും പിതാവു പുത്രനെയും മരണത്തിന് ഏല്‍പിച്ചു കൊടുക്കും. മക്കള്‍ മാതാപിതാക്കന്‍മാരെ എതിര്‍ക്കുകയും അവരെ വധിക്കുകയും ചെയ്യും. 13 എന്റെ നാമത്തെപ്രതി നിങ്ങളെ എല്ലാവരും ദ്വേഷിക്കും. അവസാനം വരെ സഹിച്ചുനില്‍ക്കുന്നവന്‍ രക്ഷപ്രാപിക്കും.

14 വിനാശത്തിന്റെ അശുദ്ധലക്ഷണം നില്‍ക്കരുതാത്തിടത്തു നില്‍ക്കുന്നതു നിങ്ങള്‍ കാണുമ്പോള്‍ - വായിക്കുന്നവന്‍ ഗ്രഹിച്ചുകൊള്ളട്ടെ - യൂദയായിലുള്ളവര്‍ പര്‍വതങ്ങളിലേക്കു പലായനം ചെയ്യട്ടെ. 15 പുരമുകളിലായിരിക്കുന്നവന്‍ താഴെ ഇറങ്ങുകയോ വീട്ടില്‍നിന്ന് എന്തെങ്കിലും എടുക്കാന്‍ അകത്തു പ്രവേശിക്കുകയോ അരുത്. 16 വയലിലായിരിക്കുന്നവന്‍ മേലങ്കി എടുക്കാന്‍ പിന്തിരിയരുത്. 17 ആ ദിവസങ്ങളില്‍ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്നവര്‍ക്കും ദുരിതം. 18 ഇതു ശീതകാലത്തു സംവിക്കാതിരിക്കാന്‍ പ്രാര്‍ത്ഥിക്കുവിന്‍. 19 ദൈവത്തിന്റെ സൃഷ്ടികര്‍മത്തിന്റെ ആരംഭം മുതല്‍ ഇന്നുവരെ ഉണ്ടായിട്ടില്ലാത്തതും ഇനിയൊരിക്കലും ഉണ്ടാകാ ത്തതുമായ കഷ്ടതകള്‍ ആ ദിവസങ്ങളില്‍ ഉണ്ടാകും.

20 കര്‍ത്താവ് ആ ദിവസങ്ങള്‍ ചുരുക്കിയില്ലായിരുന്നെങ്കില്‍ ഒരുവനും രക്ഷപെടുകയില്ലായിരുന്നു. എന്നാല്‍, തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുവേണ്ടി അവിടുന്ന് ആ ദിവസങ്ങള്‍ ചുരുക്കി. 21 ഇതാ, മിശിഹാ ഇവിടെ; അതാ, അവിടെ എന്ന് ആരെങ്കിലും പറഞ്ഞാല്‍, നിങ്ങള്‍ വിശ്വസിക്കരുത്. 22 കാരണം, കള്ളമിശിഹാമാരും വ്യാജപ്രവാചകന്‍മാരും പ്രത്യക്ഷപ്പെടും. സാധ്യമെങ്കില്‍, തെരഞ്ഞെടുക്കപ്പെട്ടവരെ വഴിതെറ്റിക്കുന്നതിന് അടയാളങ്ങളും അത്ഭുതങ്ങളും അവര്‍ പ്രവര്‍ത്തിക്കും. 23 നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍. എല്ലാം ഞാന്‍ മുന്‍കൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു.

***************************************************************

ഒരിജന്‍:

രാജ്യത്തിന്റെ സുവിശേഷം ലോകംമുഴുവന്‍ ഇതുവരെയും പ്രഘോഷിക്കപ്പെട്ടിട്ടില്ലെന്നത് നിസ്തര്‍ക്കമാണ്. മുഴുവന്‍ എത്യോപ്യാക്കാരുടെയിടയിലും പ്രത്യേകിച്ച് നൈല്‍നദിക്കപ്പുറമുള്ളവരുടെയിടയിലും സേറ(ചേരര്‍)രുടെയിടയിലും കിഴക്കന്‍പ്രദേശങ്ങളിലും പ്രഘോഷിക്കപ്പെട്ടതായി വാര്‍ത്തകളില്ല. ബ്രിട്ടന്‍കാരുടെയും ഡാസിയന്‍കാരുടെയും സമറിയാക്കാരുടെയും സിഥിയരുടെയും വലിയൊരു ഭാഗം ഇപ്പോഴും സുവിശേഷം ശ്രവിക്കാത്തവരായിരിക്കെ അന്ത്യം ആഗതമായെന്ന് എങ്ങനെ പറയാനാകും? ജനതകള്‍ക്കു സാക്ഷ്യത്തിനായി ലോകമെങ്ങും സുവിശേഷം പ്രഘോഷിക്കപ്പെട്ടുകഴിഞ്ഞുവെന്ന് ആരെങ്കിലും വീണ്ടുവിചാരമില്ലാതെ പ്രസ്താവിച്ചാല്‍ അന്ത്യകാലം വന്നുകഴിഞ്ഞുവെന്നല്ലേ പറഞ്ഞുവയ്ക്കുന്നത്? അത് അങ്ങേയറ്റം വീണ്ടുവിചാരമില്ലാത്ത ഒരു പ്രസ്താവനയായിരിക്കും (Commentary on Matthew 39).

വിനാശത്തിന്റെ അശുദ്ധ ലക്ഷണം

വിശുദ്ധ സ്ഥലമെന്നതുകൊണ്ടുദ്ദേശിക്കുന്നത് മോശ തുടങ്ങി എല്ലാ പ്രവാചകന്മാരും സുവിശേഷകന്മാരും ശ്ലീഹന്മാരും സംസാരിച്ച ദൈവവചനം മുഴുവനെയുമാണ്. തിരുലിഖിതങ്ങളാകുന്ന ഈ വിശുദ്ധസ്ഥലത്ത് കപടവചനമാകുന്ന എതിര്‍മിശിഹാ പലപ്പോഴും കയറിനിന്നിട്ടുണ്ട്. ഇതാണ് വിനാശത്തിന്റെ അശുദ്ധലക്ഷണം (Commentary on Matthew 42).

പലായനത്തിന്റെ ഇടവും സമയവും

പലായനം ചെയ്യുന്നവന്‍ താന്‍ എവിടേക്കാണ് പോകേണ്ടതെന്നറിഞ്ഞിരിക്കണം. കൂടാതെ അതു പലായനത്തിനു പ്രതികൂലമായ സമയത്താകാതിരിക്കാന്‍ പ്രാര്‍ത്ഥിക്കുകയും വേണം (Commentary on Matthew 41).

പുരമുകളില്‍ എന്നതിന്റെ അര്‍ത്ഥം

ഇവിടെ പുരമുകളില്‍ എന്നതുകൊണ്ടുദ്ദേശിക്കുന്നത് ഉന്നതനില കൈവരിച്ച മനസിനെയാണ്. അവിടെ നിന്നു താഴേക്കു പോകരുതെന്ന കല്‍പന നമുക്കു നല്‍കപ്പെട്ടിരിക്കുന്നു. പീഡകളില്‍പ്പെട്ടു പലായനം ചെയ്യുന്നവന്‍ ഈ പുരമുകളിലേറാന്‍ പരാജയപ്പെടാതിരിക്കട്ടെ. അവിടെനിന്നു താഴെ വീട്ടിലുള്ള സാധനങ്ങള്‍ പെറുക്കിക്കൂട്ടാന്‍ ഇറങ്ങാതിരിക്കുകയും ചെയ്യട്ടെ (Homilies on Jeremiah 12.13 (18).

കപടസത്യം

എതിര്‍മിശിഹായുടെ ജനുസ്സ് ഒന്നാണെങ്കിലും അവന്റെ വര്‍ഗത്തില്‍പ്പെട്ടവര്‍ പലരുണ്ടാകാം. അസത്യമെന്നതില്‍ത്തന്നെ പല സിദ്ധാന്തങ്ങളുമുണ്ടാകാമല്ലോ. ''സാധ്യമെങ്കില്‍'' എന്നത് അബദ്ധപ്രബോധകരുടെ പഠനങ്ങളുടെ ശക്തിയെ സൂചിപ്പിക്കുന്ന അതിശയോക്തിയാണ്. തിരഞ്ഞെടുക്കപ്പെട്ടവര്‍ വഴിതെറ്റുമെന്നോ തെറ്റണമെന്നോ ഈശോ ഉദ്ദേശിക്കുന്നില്ല. മറിച്ച് വിവേകപൂര്‍വ്വം ശ്രവിക്കുന്നവരെപ്പോലും വീഴ്ത്തത്തക്കവിധത്തില്‍ അബദ്ധപ്രബോധനങ്ങളുടെ ശക്തി വലുതാണെന്ന് സൂചിപ്പിക്കുകയാണ്. സത്യമല്ലാതിരിക്കെ സത്യമായി അവതരിപ്പിക്കപ്പെടുന്ന ഓരോ വാക്കും ''ഞാനാണ് സത്യം'' എന്നരുളിച്ചെയ്തവനില്‍ നിന്നു നമ്മെ അകറ്റുന്നു (യോഹ 14,6) (Commentary on Matthew 46).

പോയിറ്റേഴ്‌സിലെ ഹിലരി:

ക്ഷമാപൂര്‍വം കാത്തിരിക്കാനും അവസാനംവരെ വിശ്വാസത്തെ വിലമതിക്കാനും കര്‍ത്താവ് നമ്മെ ഉദ്‌ബോധിപ്പിക്കുന്നു; ''അവസാനംവരെ പിടിച്ചു നില്‍ക്കുന്നവന്‍ രക്ഷപ്രാപിക്കും'' (മത്താ 10,22; 24,13; മര്‍ക്കോ 13,13; ലൂക്കാ 21,9). നമ്മെ കാത്തിരിക്കുന്നത് അനുഗൃഹീതമായ ശൂന്യതയല്ല; വിശ്വാസത്തിനു വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന പ്രതിഫലം ഇല്ലായ്മയല്ല. വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന സൗഭാഗ്യം പ്രാപിക്കുന്നതാണ് അതിന്റെ അന്ത്യം.

പരിപൂര്‍ണ സന്തോഷമെന്ന ലക്ഷ്യം നേടുന്നതുവരെ പിടിച്ചുനില്‍ക്കുന്നവര്‍ ഭാഗ്യവാന്മാര്‍. വിശ്വാസത്തിന്റെ പ്രതീക്ഷ പൂര്‍ണമായി നിറവേറുന്നത് അതിലാണ്. അവിരാമം വിശ്രാന്തിയില്‍ വസിക്കുക എന്ന അവസ്ഥ അവര്‍ കൈവരിക്കും. ഇപ്പോഴേ അതിനായി നമ്മള്‍ അഭിലഷിച്ചു ഞെരുങ്ങുകയാണല്ലോ (2 തെസ 1,5-7).

വിശുദ്ധ ആഗസ്തീനോസ്:

ഇവിടെ ഗര്‍ഭിണികളെയും മുലയൂട്ടുന്നവരെയും എന്നത് ആലങ്കാരികമായി ഉപയോഗിച്ചിരിക്കുന്നു. ഗര്‍ഭിണികള്‍ എന്നത് ലോകത്തില്‍ പ്രത്യാശ വച്ചിരിക്കുന്ന ആത്മാക്കളെ സൂചിപ്പിക്കുന്നു. ഈ ലോകത്തില്‍ തങ്ങള്‍ ആഗ്രഹിച്ചവ നേടിയവരെയാണ് മുലയൂട്ടുന്നവര്‍ എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ഒരു കൃഷിസ്ഥലം വാങ്ങാന്‍ ഒരാള്‍ തീവ്രമായി ആഗ്രഹിക്കുന്നുവെന്നിരിക്കട്ടെ. അവളെ 'ഗര്‍ഭിണി' എന്ന പദംകൊണ്ടു വിശേഷിപ്പിക്കാം. എന്തെന്നാല്‍ താനാഗ്രഹിക്കുന്ന ലക്ഷ്യം അവള്‍ ഇതുവരെ നേടിയിട്ടില്ല. ഉദരം ആഗ്രഹത്താല്‍ വികസിച്ചുവരുന്നു. അവള്‍ ആ വസ്തു വാങ്ങിയെന്നിരിക്കട്ടെ. താന്‍ സ്വന്തമാക്കിയതിനെ അവളിപ്പോള്‍ പോഷിപ്പിക്കാനാരംഭിക്കുന്നു. സ്വന്തമാക്കാനാഗ്രഹിച്ച് ലോകവസ്തുക്കളില്‍ പ്രത്യാശ വച്ചിരിക്കുന്നവര്‍ക്കു ദുരിതം! അങ്ങനെ വാങ്ങിക്കൂട്ടിയ വസ്തുക്കളില്‍ പ്രത്യാശ വച്ചിരിക്കുന്നവര്‍ക്കും ദുരിതം! (On the Psalms 96.14).

ഹിപ്പോളിറ്റസ്:

തങ്ങളുടെ പലായനം സാബത്തിലോ ശീതകാലത്തോ ആകാതിരിക്കുവാന്‍ പ്രാര്‍ത്ഥിക്കുവിന്‍ എന്ന് തിരഞ്ഞെടുക്കപ്പെട്ടവരോട് പറയപ്പെട്ടിരിക്കുന്നു. ധര്‍മ്മനിഷ്ഠയില്‍ മന്ദത പുലര്‍ത്തുമ്പോള്‍ അപ്രതീക്ഷിത സംഭവങ്ങള്‍ നേരിട്ടാല്‍ അതില്‍ അതിശയിക്കാനില്ലെന്ന് കര്‍ത്താവ് ഓര്‍മ്മപ്പെടുത്തുന്നു (Against Gaius 5).

വിശുദ്ധ അപ്രേം:

ശീതകാലം ഫലരഹിതമാണ്: സാബത്ത് വേലയില്‍നിന്നു വിമുക്തവുമാണ് (മത്താ 24,20). നിങ്ങളില്‍ ഫലങ്ങളോ പ്രവൃത്തികളോ ഇല്ലാതിരിക്കുമ്പോള്‍ അടിമകളാക്കപ്പെടാതിരിക്കുവാന്‍ ശ്രദ്ധിക്കുവിന്‍. ബാഹ്യസാഹചര്യങ്ങള്‍കൊണ്ടോ (ഉദാ. ശീതകാലം) ആന്തരികമായ ജാഗ്രതക്കുറവുകൊണ്ടോ (സാബത്ത്) നിങ്ങള്‍ അടിമകളാക്കപ്പെടാതിരിക്കട്ടെ. മറ്റുള്ളവരുടെ ഞെരുക്കമോ നിന്റെ തന്നെ ആലസ്യമോ നിന്റെ ദൈവത്തിന്റെ പ്രവൃത്തികളില്‍നിന്ന് നിന്നെ പിന്തിരിപ്പിക്കാതിരിക്കട്ടെ.

യാതനകള്‍ ഉടലെടുക്കുകയും നീ പലായനം ചെയ്യേണ്ടി വരികയും ചെയ്യുമെന്നത് വാസ്തവമാണ്. എന്നാല്‍ നിനക്ക് ഇത് ശീതകാലത്തോ സാബത്തുവിശ്രമത്തിലോ ഭവിക്കാതിരിക്കാന്‍ നിരന്തരം പ്രാര്‍ത്ഥിക്കുക. ശീതകാലം വേനല്‍ക്കാലത്തിന്റെ ജോലികളില്‍നിന്നു വിരമിക്കുന്ന കാലമാണ്. സാബത്ത് വേലയില്‍ നിന്നു വിട്ടുനില്‍ക്കുന്ന ദിവസവുമാണ് (Commentary on Tatian's Diatessaron).

മഹാനായ ഗ്രിഗറി:

ന്യായാധിപന് മുമ്പേ വരുന്ന ദൂതന്‍ ന്യായാധിപനെക്കാള്‍ താഴെയായിരിക്കുന്നതുപോലെ ഇപ്പോഴത്തെ കഷ്ടതകള്‍ അവസാനകാലത്തെ ദുരിതങ്ങളോട് തുലനം ചെയ്യുമ്പോള്‍ ലഘുവാണ്. പ്രിയപ്പെട്ടവരേ, ആ ദിനത്തെക്കുറിച്ചുതന്നെ ചിന്തിക്കൂ. ഇപ്പോഴത്തെ നിങ്ങളുടെ ജീവിതത്തിലെ ന്യൂനതകള്‍ പരിഹരിക്കൂ.

നിങ്ങളുടെ ജീവിതവഴികളെ നവീകരിക്കൂ. പ്രലോഭനങ്ങള്‍ക്കെതിരെ ഉറച്ചു നിന്നുകൊണ്ട് അവയെ മറികടക്കുക. ചെയ്തുപോയ പാപങ്ങളെക്കുറിച്ച് കണ്ണീരോടെ അനുതപിക്കുക. നിത്യനായ വിധിയാളന്റെ മുമ്പില്‍ ഭയത്തോടെ ശുശ്രൂഷചെയ്തുകൊണ്ട് ഒരുങ്ങിയിരുന്നാല്‍ അവന്റെ വിധിയുടെ കാഠിന്യത്തെ നേരിടാനും അവന്റെ ആഗമനം ശാന്തതയില്‍ ദര്‍ശിക്കാനും നിനക്കു സാധിക്കും. അവന്‍ ജീവിക്കുകയും ഭരിക്കുകയും ചെയ്യുന്നു. ആമ്മേന്‍ (On the Gospel, Homily 1).

വിശുദ്ധ സിപ്രിയാന്‍:

പ്രതിയോഗി കൂടുതല്‍ പ്രകോപിതനാകുമ്പോള്‍ അസത്യം വഞ്ചനകളെ സൃഷ്ടിക്കും. ഭോഷത്വം നടമാടുകയും അസൂയ ജ്വലിക്കുകയും അത്യാഗ്രഹം അന്ധത പരത്തുകയും ഭക്തിരാഹിത്യം വഴിതെറ്റിക്കുകയും അഹന്ത കുരുക്കില്‍പ്പെടുത്തുകയും അനൈക്യം അലോസരങ്ങള്‍ സൃഷ്ടിക്കുകയും കോപം നിലംപതിപ്പിക്കുകയും ചെയ്യും. സഹോദരര്‍ ഇക്കാര്യങ്ങളെക്കുറിച്ച് കരുതലോടെയിരിക്കട്ടെ. എന്തെന്നാല്‍ ''എല്ലാം ഞാന്‍ നിങ്ങളോട് മുന്‍കൂട്ടിപ്പറഞ്ഞിരിക്കുന്നു'' (മത്താ 24,25; മര്‍ക്കോ 13,22).

അങ്ങനെയുളളവരില്‍നിന്നു വിട്ടുനില്‍ക്കുക. അവരുടെ ദുര്‍ഭാഷണങ്ങള്‍ മരണത്തിന്റെ ദംശനമെന്നു കണക്കാക്കി നിങ്ങളുടെയിടയില്‍നിന്ന് അവരെ ഒഴിവാക്കുക. അവന്‍ വിശുദ്ധസ്ഥലത്തിന്റെ ശത്രുവും മിശിഹായുടെ ബലിയോട് മറുതലിക്കുന്നവനും തികഞ്ഞ അവിശ്വാസത്തെ ബലിയായര്‍പ്പിക്കുന്നവനുമാണ്. അവന്‍ അനുസരണമില്ലാത്ത ദാസനും ആദരവില്ലാത്ത പുത്രനും ശത്രുത പുലര്‍ത്തുന്ന സഹോദരനും മെത്രാന്മാരെ തള്ളിപ്പറയുന്നവനും പുരോഹിതരെ പരിത്യജിക്കുന്നവനുമാണ്. അവന്‍ നിരോധിക്കപ്പെട്ട വാക്കുകളുപയോഗിച്ച് ബലിയര്‍പ്പിക്കുന്നതിന് മറ്റൊരു പീഠം പണിതീര്‍ക്കുന്നവനും കര്‍ത്താവിന്റെ ബലിയുടെ സത്യത്തെ അശുദ്ധമാക്കുന്നവനുമാണ് (Treatises, On the Unity of the Church 16-17).

--------********* (....തുടരും).

▛ ** സുവിശേഷ ഭാഗങ്ങളെ കുറിച്ചുള്ള സഭാപിതാക്കന്മാരുടെ വിശദീകരണം 'പ്രവാചകശബ്ദ'ത്തിൽ | ലേഖനപരമ്പര മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്‌ചകളിൽ.

(കടപ്പാട്. ഫാ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍).

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | സ്നാപകന്റെ പ്രഭാഷണം | വിശുദ്ധ മര്‍ക്കോസ് | ഭാഗം 01 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് | ഭാഗം 02 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 12-20 | ഭാഗം 03 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 21-34 | ഭാഗം 04 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 35-45 | ഭാഗം 05 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 1-12 | ഭാഗം 06 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 13-22 | ഭാഗം 07 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 23-28, 3;1-6 | ഭാഗം 08 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 3: 7-30 | ഭാഗം 09 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 3: 31-35; 4:1-20 | ഭാഗം 10 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 4: 21-34 | ഭാഗം 11 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 4: 35-41 | ഭാഗം 12 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 5: 1-43 | ഭാഗം 13 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 6: 1-13 | ഭാഗം 14 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 6: 14-44 | ഭാഗം 15 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 6: 45-56, 7:1-13 | ഭാഗം 16 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 7:13-37 | ഭാഗം 17 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 8:1-26 | ഭാഗം 18 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 8:27-38 | ഭാഗം 19 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 9:1-32 | ഭാഗം 20 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 9:33-50 | ഭാഗം 21

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 10:1-31 | ഭാഗം 22

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 10:32-52 | ഭാഗം 23

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 11:1-14 | ഭാഗം 24

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 11:15-29 | ഭാഗം 25

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 12:1-27 | ഭാഗം 26

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 12:28-44 | ഭാഗം 27

⧪⧪⧪⧪⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍ ⧪⧪⧪⧪⧪




Related Articles »