News

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 9:33-50 | ഭാഗം 21

ഫാ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍ 11-04-2026 - Saturday

വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷം ഒന്‍പതാം അദ്ധ്യായത്തിലെ വലിയവനാരെന്ന തര്‍ക്കം, നമുക്ക് എതിരല്ലാത്തവന്‍ നമ്മുടെ ഭാഗത്താണ്, ദുഷ്‌പ്രേരണകള്‍ നല്‍കാതിരിക്കുക, എന്നീ സുവിശേഷ ഭാഗങ്ങളെ കുറിച്ചു വിശുദ്ധ ആഗസ്തീനോസ്, നീസ്സായിലെ ഗ്രിഗറി, വിശുദ്ധ ക്രിസോസ്‌തോം, ഹെര്‍മാസിന്റെ ഇടയന്‍, തെര്‍ത്തുല്യന്‍, പുരോഹിതനായ സാല്‍വിയന്‍, ആള്‍സിലെ ചെസാരിയൂസ്, മെത്തോഡിയസ്, വിശുദ്ധ അപ്രേം, മഹാനായ ഗ്രിഗറി എന്നീ സഭാപിതാക്കന്മാര്‍ വിവരിക്കുന്ന സുവിശേഷ ഭാഷ്യമാണ് ഇവിടെ പങ്കുവെയ്ക്കുന്നത്.

♦️ വചനഭാഗം: വലിയവനാരെന്ന തര്‍ക്കം: വിശുദ്ധ മര്‍ക്കോസ് 9:33-37 (മത്താ 18:1-5) (ലൂക്കാ 9:46-48)

33 അവര്‍ പിന്നീട് കഫര്‍ണാമില്‍ എത്തി, അവന്‍ വീട്ടിലായിരിക്കുമ്പോള്‍ അവരോടു ചോദിച്ചു: വഴിയില്‍വച്ച് എന്തിനെക്കുറിച്ചാണു നിങ്ങള്‍ തമ്മില്‍ തര്‍ക്കിച്ചിരുന്നത്? 34 അവര്‍ നിശ്ശബ്ദരായിരുന്നതേയുള്ളു. കാരണം, തങ്ങളില്‍ ആരാണു വലിയവന്‍ എന്നതിനെക്കുറിച്ചാണ് വഴിയില്‍വച്ച് അവര്‍ തര്‍ക്കിച്ചത്. 35 അവന്‍ ഇരുന്നിട്ടു പന്ത്രണ്ടു പേരെയും വിളിച്ചു പറഞ്ഞു: ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ അവസാനത്തവനും എല്ലാവരുടെയും ശുശ്രൂഷകനുമാകണം. 36 അവന്‍ ഒരു ശിശുവിനെ എടുത്ത് അവരുടെ മധ്യേ നിറുത്തി. അവനെ കരങ്ങളില്‍ വഹിച്ചു കൊണ്ടു പറഞ്ഞു: 37 ഇതുപോലുള്ള ഒരു ശിശുവിനെ എന്റെ നാമത്തില്‍ സ്വീകരി ക്കുന്നവന്‍ എന്നെ സ്വീകരിക്കുന്നു. എന്നെ സ്വീകരിക്കുന്നവന്‍ എന്നെയല്ല, എന്നെ അയച്ചവനെയാണ് സ്വീകരിക്കുന്നത്.

***************************************************************

വിശുദ്ധ ആഗസ്തീനോസ്:

മരം ആദ്യം താഴേയ്ക്കു വളര്‍ന്നു വേരുറപ്പിക്കുന്നു. തുടര്‍ന്ന് തണ്ട് മുകളിലേക്കു വളരുന്നു. ആഴത്തില്‍ വേരുറപ്പിക്കുന്നതുവഴി ആകാശംമുട്ടെ അതു വളര്‍ന്നുയരുന്നു. താഴ്മയില്‍നിന്നല്ലേ അതുയരാന്‍ ശ്രമിക്കുന്നത്? താഴ്മയില്ലാതെ ഉന്നതമായ കാര്യങ്ങള്‍ നേടുകയില്ല (സുഭാ 18,12). വേരുകളില്ലാതെ ഉയര്‍ന്നുപൊങ്ങാനാണ് നിങ്ങളാഗ്രഹിക്കുന്നത്. അത് വളര്‍ച്ചയല്ല, പതനമത്രെ (The Gospel of John, Sermon 9.34).

നീസ്സായിലെ ഗ്രിഗറി:

നിങ്ങളുടെയിടയില്‍ പൊങ്ങച്ചത്തെപ്പറ്റി കേട്ടുകേള്‍വിപോലുമുണ്ടാകരുത്. ലാളിത്യവും നിഷ്‌ക്കപടതയും സ്വരച്ചേര്‍ച്ചയും സമൂഹത്തെ ഒന്നിപ്പിച്ചു നിര്‍ത്തട്ടെ. തന്റെ തൊട്ടടുത്തുനില്‍ക്കുന്നവനു മാത്രമല്ല, എല്ലാവര്‍ക്കും താന്‍ കീഴ്‌പ്പെട്ടവനാണെന്ന് ഓരോരുത്തനും സ്വയം ഓര്‍മ്മിക്കട്ടെ (ഗലാ 5,13-14). ഇതു ഗ്രഹിക്കുന്നവന്‍ മിശിഹായുടെ യഥാര്‍ത്ഥ ശിഷ്യനായിരിക്കും (On the Christian Mode of Life 8:1).

വിശുദ്ധ ക്രിസോസ്‌തോം: നിങ്ങള്‍ ബഹുമതിയും മുന്‍പന്തിയിലെ സ്ഥാനവും ആഗ്രഹിക്കുന്നെങ്കില്‍ അവസാനത്തെ സ്ഥലത്തെ കാര്യങ്ങള്‍ ലക്ഷ്യംവയ്ക്കുക. എല്ലാവരിലും താഴ്ന്നവനായും ഏറ്റവും മൂല്യംകുറഞ്ഞവനായും കണക്കാക്കപ്പെടാനാഗ്രഹിക്കുക. എല്ലാവരിലും ചെറിയവനായും ഏറ്റവും പിന്നിലുള്ളവനായും സ്വയം കണക്കാക്കുക (The Gospel of St. Matthew, Homily 58).

ഹെര്‍മാസിന്റെ ഇടയന്‍:

അവര്‍ ശരിക്കും ശിശുക്കളെപ്പോലെയാണ്. അവരുടെ ഹൃദയം തിന്മ നിരൂപിക്കുകയോ കളങ്കമെന്തെന്നറിയുകയോ ചെയ്യുന്നില്ല. ഇത്തരമുള്ള ആളുകള്‍ നിശ്ചയമായും ദൈവരാജ്യത്തില്‍ വസിക്കുന്നു. അവര്‍ ദൈവകല്പനകളെ ലംഘിക്കുന്നില്ല; ജീവിതകാലമത്രയും നിഷ്‌കളങ്കമാനസരായി കഴിയുന്നു (Shepherd of Hermas 3.9.29).

തെര്‍ത്തുല്യന്‍:

നിന്റെ ഭവനത്തില്‍ പ്രവേശിക്കുന്നവനെ, പ്രത്യേകിച്ച് അപരിചിതനെ, പ്രാര്‍ത്ഥന കൂടാതെ സ്വീകരിക്കരുത്. ഒരുപക്ഷേ, അവന്‍ ഒരു ദൈവദൂതനായിരിക്കാം (ഹെബ്രാ 13,12). സ്വര്‍ഗീയപോഷണം സ്വീകരിക്കുന്നതിനുമുമ്പ് ഭൗതിക സല്‍ക്കാരം നല്‍കരുത് (On Prayer 26).

♦️ വചനഭാഗം: ഈശോയുടെ നാമത്തില്‍ പിശാചുക്കളെ ബഹിഷ്‌ക്കരിച്ചവന്‍ - വിശുദ്ധ മര്‍ക്കോസ് 9: 38-41

38 യോഹന്നാന്‍ അവനോടു പറഞ്ഞു: ഗുരോ, നിന്റെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കുന്ന ഒരാളെ ഞങ്ങള്‍ കണ്ടു. ഞങ്ങള്‍ അവനെ തടഞ്ഞു. കാരണം, അവന്‍ നമ്മളെ അനുഗമിച്ചില്ല. 39 ഈശോ പറഞ്ഞു: അവനെ തടയേണ്ടാ, ഒരുവന് എന്റെ നാമത്തില്‍ അത്ഭുതപ്രവൃത്തി ചെയ്യാനും ഉടനെ എന്നെക്കുറിച്ചു ദൂഷണം പറയാനും സാധിക്കുകയില്ല. 40 നമുക്ക് എതിരല്ലാത്തവന്‍ നമ്മുടെ പക്ഷത്താണ്. 41 സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ മിശിഹായ്ക്കുള്ളവരാകയാല്‍ അവന്റെ നാമത്തില്‍ ആരെങ്കിലും നിങ്ങള്‍ക്ക് ഒരു പാത്രം വെള്ളം കുടിക്കാന്‍ തന്നാല്‍ അവനു പ്രതിഫലം ലഭിക്കാതിരിക്കുകയില്ല.

***************************************************************

വിശുദ്ധ ആഗസ്തീനോസ്:

ഈ മനുഷ്യന്‍, മിശിഹായുടെ കൂദാശകളെ ആശ്ലേഷിച്ചിട്ടില്ലെങ്കിലും അവന്റെ നാമത്തെ അത്യധികം വിലമതിക്കുകയും അവന്റെ അനുയായികളെ ക്രിസ്ത്യാനികളായതിന്റെ പേരില്‍ മാത്രം സ്വീകരിക്കുകയും സഹായിക്കുകയും ചെയ്യുന്ന ഒരുവനു സമനാണ്. ഇങ്ങനെയുള്ളവന് പ്രതിഫലം ലഭിക്കാതിരിക്കുകയില്ലെന്ന് മിശിഹാ അരുള്‍ചെയ്തിട്ടുണ്ട് (മത്താ 10,42; മര്‍ക്കോ 9,41). എന്നാല്‍ മാമ്മോദീസാവഴി ശുദ്ധീകരിക്കപ്പെടുകയോ അതുവഴി മിശിഹായുടെ ശരീരത്തിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടുകയോ ചെയ്യാതിരിക്കേ, ക്രിസ്ത്യാനികളുടെ നേര്‍ക്കു തങ്ങള്‍ പുലര്‍ത്തിവരുന്ന സഹാനുഭൂതിയുടെ പേരില്‍ മാത്രം തങ്ങള്‍ സുരക്ഷിതരും അപകടരഹിതരുമാണെന്ന മിഥ്യാധാരണ ഇത്തരക്കാര്‍ക്കുണ്ടാകാതിരിക്കട്ടെ.

അവര്‍ ഭാവിയില്‍ ഈ ഉന്നതദാനങ്ങള്‍ സ്വീകരിച്ച് ഈ ലോകത്തില്‍ നിന്നു സുരക്ഷിതരായി യാത്രയാകത്തക്കവിധത്തില്‍ ഇപ്പോള്‍ ദൈവകരുണയാല്‍ നയിക്കപ്പെടുന്നു. എന്നാല്‍ ഒരു കാര്യം വ്യക്തമാണ്. കൂദാശകളില്‍ പങ്കുചേരുകയും എന്നാല്‍ ജീവിതംവഴി മറ്റുള്ളവരെ നിത്യശിക്ഷയിലേക്ക് തങ്ങളോടൊപ്പം വഴിച്ചിഴക്കുകയും ചെയ്യുന്ന നാമമാത്ര ക്രിസ്ത്യാനികളെക്കാള്‍ ഇവര്‍ മെച്ചമാണ് (Harmony of the Gospels 4.6).

സഭയുടെ കാതോലികത

കത്തോലിക്കാസഭയ്ക്കു പുറമേ കാതോലികരായി ചിലതുണ്ടാകാം. മിശി ഹായുടെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കിയവന്റെ കാര്യത്തിലെന്നപോലെ മിശിഹായുടെ സഭയ്ക്കു പുറമേയും അവന്റെ നാമം നിലനില്‍ക്കാം. സഭയ്ക്കുള്ളില്‍ത്തന്നെ കപടതയുണ്ടാകാം. ലോകത്തെ പരിത്യജിക്കുന്നവര്‍ (റോമാ 12,2; 1 യോഹ 2,15; 5,4) എന്നറിയപ്പെടുകയും എന്നാല്‍ പ്രവൃത്തികളില്‍ അങ്ങനെയാകാതിരിക്കുകയും ചെയ്യുന്നവര്‍ കത്തോലിക്കരല്ല. കത്തോലിക്കാസഭയില്‍ കാതോലികമല്ലാത്തവയുണ്ടെങ്കില്‍ സഭയ്ക്കു പുറമേ കാതോലികമായവയുണ്ടാകാം (On Baptism, Against the Donatists 7.39 (76).

മിശിഹായുടെ നാമത്തിലുള്ള നല്ല പ്രവൃത്തികള്‍

ഈ ആലയത്തിനു പുറത്തുള്ള ഒരാള്‍ അഥവാ ദൈവം ഇതുവരെയും ഉള്ളില്‍ വാസമുറപ്പിക്കാത്ത ഒരാള്‍ ശക്തിയുടെ ചില പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്നെങ്കില്‍ അതിശയിക്കേണ്ട. മിശിഹായെ അനുഗാമിക്കാത്ത ഒരാള്‍ ഈശോയുടെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കിയപ്പോള്‍ അവനെ തടയേണ്ടതില്ലെന്ന് ഈശോ കല്പ്പിച്ചു. എന്തെന്നാല്‍ അത് ഈശോയുടെ നാമത്തിന് പലരുടെയും മുമ്പില്‍ അമൂല്യമായ സാക്ഷ്യം നല്കാനിടയാക്കും (മര്‍ക്കോ 9,38; ലൂക്കാ 9,49).

കൊര്‍ണേലിയൂസ് എന്ന ശതാധിപന്‍ വീണ്ടു ജനനംവഴി ദൈവഭവനത്തില്‍ അംഗമായിത്തീരുന്നതിനുമുമ്പുതന്നെ അവന്റെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കപ്പെടുകയും ദാനധര്‍മ്മങ്ങള്‍ സ്വീകാര്യമാവുകയും ചെയ്തിരിക്കുന്നതായി ഒരു മാലാഖ പ്രത്യക്ഷപ്പെട്ട്, അറിയിച്ചു (അപ്പ 10,3-4) (Letter 187, To Dardanus 36).

പരിധിവിടുന്ന കുറ്റംവിധിക്കല്‍

കടുത്ത ശിക്ഷണോപാധികളെ പിന്തുണയ്ക്കുന്ന ചിലരുണ്ട്. അസ്വസ്ഥതയുണ്ടാക്കുന്നവരെ ശാസിക്കണമെന്നും വിശുദ്ധമായതു നായ്ക്കള്‍ക്കു കൊടുക്കരുതെന്നും (മത്താ 7,6; 15,26; മര്‍ക്കോ 7,27) സഭയെ തള്ളിപ്പറഞ്ഞവനെ വിജാതീയനായി കണക്കാക്കണമെന്നും ഇടര്‍ച്ച സൃഷ്ടിക്കുന്നവനെ സഭാഗാത്രത്തില്‍ നിന്നും വിച്ഛേദിക്കണമെന്നും (മത്താ 5,30; 18,8-9; മര്‍ക്കോ 9,42-48) ആണ് ഇവരുടെ അഭിമതം. സമയത്തിനു മുമ്പേ പതിരു ധാന്യത്തില്‍നിന്നു വേര്‍തിരിക്കാന്‍ ശ്രമിക്കുന്നതുവഴി ഇവര്‍ സഭയുടെ സമാധാനത്തെ ഭഞ്ജിക്കുന്നു (മത്താ 13,29 -30). ഈ തെറ്റിനാല്‍ അന്ധരായിത്തീരുന്ന അവര്‍ തന്നെ മിശിഹായുമായുള്ള ഐക്യത്തില്‍നിന്നു അകന്നുപോകുന്നു (Faith and Works 4.6).

സഭയോടു ചേര്‍ന്നു നില്‍ക്കുക

താഴെ ചേര്‍ത്തിരിക്കുന്ന രണ്ടു പ്രസ്താവനകളും സത്യമാണ്: ''എന്നോടുകൂടെയല്ലാത്തവന്‍ എനിക്കെതിരാണ്; എന്നോടുകൂടെ ശേഖരിക്കാത്തവന്‍ ചിതറിച്ചു കളയുന്നു (മത്താ 12,30; ലൂക്കാ 11,23). ''അവനെ തടയേണ്ട: എന്തെന്നാല്‍ നിങ്ങള്‍ക്കെതിരല്ലാത്തവന്‍ നിങ്ങളോടു കൂടെയുണ്ട്'' (ലൂക്കാ 9,50; മര്‍ക്കോ 9,39-40). സാര്‍വ്വത്രികസഭയ്‌ക്കെതിരല്ലാതെ, അതിനോടു ചേര്‍ന്നു നില്‍ക്കുന്നതിന്റെ തോതനുസരിച്ച് ഒരുവന് ആരാധനാസമൂഹത്തില്‍ വേണ്ടവിധം പങ്കുചേരാന്‍ കഴിയും.

സഭാംഗങ്ങളുടെ ഒന്നിച്ചുചേരല്‍ ചിതറിക്കലിനു തുല്യമാകുന്നെങ്കില്‍ അവര്‍ തിരുത്തപ്പെടണം. സഭയോട് പുനരൈക്യപ്പെടാനാഗ്രഹിക്കുന്നവന് നിലവിലുള്ളത് (വി. ഗ്രന്ഥം, വിശ്വാസം, കൂദാശകള്‍) വീണ്ടും നല്‍കേണ്ടതില്ല; അവന്‍ വ്യതിചലിച്ചുപോയ കാര്യങ്ങള്‍ മാത്രം ക്രമപ്പെടു ത്തിയാല്‍ മതി (On Baptism, Against the Donatists 1.7 (9).

സമാധാനത്തിനെതിരായ വികാരങ്ങളെ പ്രതിരോധിക്കുക

സഭയ്ക്കു മുഴുവന്‍ പൊതുവായ തത്ത്വമിതാണ്: വിവിധ സഭകളില്‍ നിലനില്‍ക്കുന്ന പൊതുകൂദാശകളുടെ കാര്യത്തില്‍ ആ സഭകള്‍ നമുക്കെതിരല്ല; നമ്മുടെകൂടെയാണ്. അതുകൊണ്ട് അവയുടെ സാധുതയെ ചോദ്യം ചെയ്യേണ്ടതില്ല (മര്‍ക്കോ 9,39-40; ലൂക്കാ 9,50). എന്നാല്‍, അവര്‍ക്കിടയിലുള്ള വിഭജനം, വേര്‍തിരിവ്, സത്യത്തിനും സമാധാനത്തിനുമെതിരായ വികാരങ്ങള്‍ എന്നിവയെ സഭ എതിര്‍ക്കുന്നു. കാരണം, ഇക്കാര്യത്തില്‍ അവര്‍ നമുക്കെതിരാണ്: നമ്മുടെ കൂടെയല്ല. നമ്മോടുകൂടെ ശേഖരിക്കാത്തതിനാല്‍ അവര്‍ ചിതറിച്ചുകളയുകയും ചെയ്യുന്നു (മത്താ 12,30; ലൂക്കാ 11,23) (Harmony of the Gospels 4).

നീസായിലെ ഗ്രിഗറി:

അസാധ്യമായത് ചെയ്യാനല്ല ദൈവം തന്റെ ദാസരോട് ആവശ്യപ്പെടുന്നത്. അവിടുത്തെ സ്‌നേഹവും നന്മയും നമുക്ക് ധാരാളമായി സംലഭ്യമാണ്. എല്ലാവരുടെയുംമേല്‍ മഴപോലെ അത് വര്‍ഷിക്കപ്പെടുന്നു. ദൈവം തന്റെ അഭീഷ്ടമനുസരിച്ച് ഓരോരുത്തര്‍ക്കും നന്മ ചെയ്യാനുള്ള കഴിവു നല്‍കുന്നു. രക്ഷ പ്രാപിക്കാനാഗ്രഹിക്കുന്ന ഒരുവനും ഇക്കാര്യത്തില്‍ കുറവുണ്ടാവുകയില്ല. അവിടുന്ന് പറഞ്ഞിരിക്കുന്നു: ''നിങ്ങള്‍ മിശിഹായ്ക്കുള്ളവരാകയാല്‍, ആരെങ്കിലും നിങ്ങള്‍ക്ക് ഒരുപാത്രം പച്ചവെള്ളം കുടിക്കാന്‍ തന്നാല്‍ അവന് പ്രതിഫലം ലഭിക്കാതിരിക്കുകയില്ല (മത്താ 10,42; മര്‍ക്കോ 9,4) (On the Christian Mode of Life 8.1).

♦️ വചനഭാഗം: പ്രലോഭനത്തെക്കുറിച്ച് - വിശുദ്ധ മര്‍ക്കോസ് 9:42-50 (മത്താ 18,6-9) (ലൂക്കാ 17:1-2)

42 വിശ്വസിക്കുന്ന ഈ ചെറിയവരില്‍ ഒരുവന് ഇടര്‍ച്ച വരുത്തുന്നവന്‍ ആരായാലും, അവനു കൂടുതല്‍ നല്ലത്, ഒരു വലിയ തിരികല്ലു കഴുത്തില്‍ കെട്ടി കടലില്‍ എറിയപ്പെടുന്നതാണ്. 43 നിന്റെ കൈ നിനക്കു ദുഷ്‌പ്രേരണയ്ക്കു കാരണമാകു ന്നെങ്കില്‍, അതു വെട്ടിക്കളയുക. 44 ഇരു കൈകളും ഉള്ളവനായി നരകത്തിലെ കെടാത്ത അഗ്‌നിയില്‍ നിപതിക്കുന്നതിനെക്കാള്‍ നല്ലത് അംഗഹീനനായി ജീവനിലേക്കു പ്രവേശിക്കുന്നതാണ്. 45 നിന്റെ പാദം നിനക്കു ദുഷ്‌പ്രേരണയ്ക്കു കാരണമാകുന്നെങ്കില്‍, അതു മുറിച്ചുകളയുക. 46 രണ്ടു പാദങ്ങളും ഉള്ളവനായി നരകത്തില്‍ എറിയപ്പെടുന്നതിനെക്കാള്‍ നല്ലത്, മുടന്തനായി ജീവനിലേക്കു പ്രവേശിക്കുന്നതാണ്. 47 നിന്റെ കണ്ണുമൂലം നിനക്കു ദുഷ്‌പ്രേരണ ഉണ്ടാകുന്നെങ്കില്‍ അതു ചൂഴ്‌ന്നെടുത്ത് എറിഞ്ഞുകളയുക. ഇരുകണ്ണുകളും ഉള്ളവനായി, 48 പുഴു ചാകാത്തതും തീ കെടാത്തതുമായ നരകത്തിലേക്ക് എറിയപ്പെടുന്നതിനെക്കാള്‍ നല്ലത്, ഒരു കണ്ണോടുകൂടെ ദൈവരാജ്യത്തിലേക്കു പ്രവേശിക്കുന്നതാണ്. 49 കാരണം, എല്ലാവരും അഗ്‌നിയാല്‍ ഉറകൂട്ടപ്പെടും. 50 ഉപ്പ് നല്ലതാണ്. എന്നാല്‍, ഉറകെട്ടു പോയാല്‍ പിന്നെ എന്തുകൊണ്ട് അതിന് ഉറകൂട്ടും? നിങ്ങളില്‍ ഉപ്പ് ഉണ്ടായിരിക്കട്ടെ. പരസ്പരം സമാധാനത്തില്‍ വര്‍ത്തിക്കുകയും ചെയ്യുവിന്‍.

***************************************************************

വിശുദ്ധ ആഗസ്തീനോസ്:

ഒരിടത്തുതന്നെ മൂന്നു പ്രാവശ്യം ഇക്കാര്യം ആവര്‍ത്തിക്കുന്നതിന് അവിടുന്ന് മടിക്കുന്നില്ല. കര്‍ത്താവിന്റെ അധരങ്ങളില്‍ നിന്നുതന്നെ ആവര്‍ത്തിച്ചു പുറപ്പെട്ട ഈ മുന്നറിയിപ്പ് കേള്‍ക്കുമ്പോള്‍ ഭയചകിതനാവാത്തവനുണ്ടോ? (The City of God 21:9) അക്ഷരാര്‍ത്ഥ വ്യാഖ്യാനമല്ല.

ക്ലെമന്റിന്റെ പേരില്‍ അറിയപ്പെടുന്ന കൃതി: അവയവങ്ങള്‍ ഛേദിച്ചുകളയണമെന്നാണ് കര്‍ത്താവ് നിര്‍ദ്ദേശിക്കുന്നതെന്ന് ആരും കരുതരുത്. അവയവങ്ങളല്ല, പാപത്തിനുള്ള പ്രേരണയെ നീക്കം ചെയ്യണമെന്നാണ് അവിടുന്നുദ്ദേശിക്കുന്നത്. നമ്മുടെ മനസ്സ് (ഉള്‍) കാഴ്ചയുടെ രഥത്തിലേറി ശാരീരിക ഇന്ദ്രിയങ്ങളുടെ സഹായത്തോടെ ദൈവത്തിന്റെ സ്‌നേഹത്തിലേക്ക് സംവഹിക്കപ്പെടണമെങ്കില്‍ പ്രലോഭനകാരണങ്ങളെ വിച്ഛേദിക്കണം.

തോന്നുംപടി പായുന്ന കുതിരയുടേതെന്ന പോലെ നിങ്ങളുടെ കണ്ണുകളുടെ കടിഞ്ഞാണിനെ അയച്ചുവിട്ടാല്‍ അവ കല്‍പനകളില്‍നിന്ന് ഓടിയകലും. കണ്ണിന്റെ കാഴ്ചയെ മനസ്സിന്റെ വിലയിരുത്തലിന് വിധേയമാക്കുക. ദൈവത്തിന്റെ പ്രവൃത്തികള്‍ കണ്ട് അതിന് സാക്ഷ്യം വഹിക്കാനായി അവിടുന്നു നല്‍കിയിരിക്കുന്ന ഈ കണ്ണുകളെ ദുരാശകള്‍ക്കുള്ള ഉപകരണങ്ങളാക്കരുത്. (മത്താ 6,23) (Recognitions of Clement 7.1.37).

പുരോഹിതനായ സാല്‍വിയന്‍:

കണ്ണുകളില്‍ പതിക്കുന്ന പ്രകാശം ഹൃദയത്തിലേക്കു തുറക്കുന്ന ജാലകമാണെന്നും എല്ലാ ദുരാശകളും അവയിലൂടെ ഒരു വിടവിലൂടെയെന്നവണ്ണം നമ്മളില്‍ പ്രവേശിക്കുന്നുവെന്നും അറിഞ്ഞിരുന്ന കര്‍ത്താവ് കണ്ണുകളുടെ ചലനത്തിന് കടിഞ്ഞാണിടാന്‍ നമ്മോടാവശ്യപ്പെടുന്നു. അല്ലെങ്കില്‍ കണ്ണില്‍ മുളയെടുക്കുന്ന രോഗാതുരമായ മായക്കാഴ്ചകള്‍ ഹൃദയത്തിലേക്കിറങ്ങി വേരുറപ്പിക്കും (പ്രഭാ 14,9) (On the Governance of God 3.8).

വിശുദ്ധ ക്രിസോസ്‌തോം:

മിശിഹാ നിന്റെ ആദ്യ കാല പാപങ്ങളെ പുഴുക്കളെയെന്നോണം കൊന്നു കളഞ്ഞിരിക്കുന്നു. പിന്നെയെങ്ങനെയാണ് നീ മറ്റു പാപങ്ങള്‍ക്കു ജന്മം നല്‍കിയത്? ശരീരത്തെ ഉപദ്രവിക്കുന്ന പുഴുക്കളെക്കാള്‍ എത്രയോ മാരകമാണ് ആത്മാവിനു ഹാനി വരുത്തുന്ന പാപങ്ങള്‍! അവ കൂടുതല്‍ കടുത്ത ദുര്‍ഗന്ധം സൃഷ്ടിക്കുന്നു. എന്നിട്ടും നമ്മള്‍ അവയുടെ ദുഷിച്ച ഗന്ധം അറിയുന്നില്ല. അതിനാല്‍ അടിയന്തിരമായി അതിനെ തുടച്ചുനീക്കാന്‍ തയ്യാറാകുന്നുമില്ല. മദ്യലഹരിയിലാഴ്ന്നവന് വീഞ്ഞ് എത്ര അരുചികരമാണ്, പഴകിയതാണ് എന്ന് അറിയുന്നില്ല. എന്നാല്‍ സുബോധമുള്ളവന്‍ അത് ഗ്രഹിക്കുന്നു. പാപത്തെ സംബന്ധിച്ചും ഇതു ശരിയാണ്. സുബോധത്തോടെ ജീവിക്കുന്നവന്‍ ഓരോ കറയും കളങ്കവും വ്യക്തമായി കാണുന്നു.

എന്നാല്‍ ദുഷ്ടതയ്ക്കടിപ്പെട്ടവന്‍, ലഹരിയിലാഴ്ന്നവനെപ്പോലെതന്നെ, താന്‍ രോഗാവസ്ഥയിലാണെന്നു ഗ്രഹിക്കുന്നില്ല. തിന്മയെ സംബന്ധിച്ച ഏറ്റവും വലിയ ദുരന്തം, അതില്‍ വീഴുന്നവര്‍ തങ്ങളുടെ രോഗാവസ്ഥയുടെ ആഴം ഗ്രഹിക്കുന്നില്ലെന്നു മാത്രമല്ല, ചെളിയില്‍ കിടക്കുമ്പോഴും തങ്ങള്‍ പരിമളം നിറഞ്ഞവരാണെന്നു ധരിക്കുന്നുവെന്നതാണ്. അതിനാല്‍ ത്തന്നെ രക്ഷപെടണമെന്ന ആഗ്രഹത്തിന്റെ ലാഞ്ഛന പോലും അവര്‍ക്കില്ല. പുഴുക്കളാല്‍ നിറഞ്ഞിരിക്കുമ്പോഴും രത്‌നക്കല്ലുകളണിഞ്ഞിരിക്കുന്നവരെപ്പോലെ അവര്‍ തുള്ളിച്ചാടുന്നു. പുഴുക്കളെ കൊല്ലാന്‍ അവര്‍ക്കാഗ്രഹമില്ലെന്നു മാത്രമല്ല, അവയെ പോറ്റുകയും പെരുകാനനുവദിക്കുകയും ചെയ്യുന്നു. ഈ പുഴുക്കളാകട്ടെ, ഇവരെ വരാനുള്ള യുഗത്തിലെ പുഴുക്കള്‍ക്കു കൈമാറുകയും ചെയ്യുന്നു (The Epistle to the Romans, Homily 40).

നരകാഗ്നിയെ സംബന്ധിച്ചു:

നരകാഗ്നിക്ക് എന്തെങ്കിലും അവസാനമുണ്ടോയെന്ന് ചിന്തിക്കുന്നവര്‍ അനേകരുണ്ട്. ''അവിടെ തീ കെടുകയോ പുഴുക്കള്‍ ചാവുകയോ ചെയ്യുന്നില്ല'' എന്ന മിശിഹായുടെ വചനം നരകാഗ്നിക്ക് അവസാനമുണ്ടാവുകയില്ലെന്നതിന്റെ സൂചനയാണ് (ഏശ 66,24). ഇക്കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ നിങ്ങളുടെ ശരീരം തണുത്തുറയുന്നുണ്ടെന്നെനിക്കറിയാം. എന്നാല്‍ എനിക്കെന്തു ചെയ്യാന്‍ കഴിയും! ഇതു ദൈവകല്പനയാണ്. ദൈവവചനത്തിന്റെ ശുശ്രൂഷ ഭരമേല്‍പ്പിക്കപ്പെട്ടവരെന്ന നിലയില്‍ ആവശ്യമുള്ളപ്പോള്‍ കേള്‍വിക്കാരില്‍ അസ്വസ്ഥതയുളവാക്കുന്ന ചില വചനങ്ങള്‍ ഉപയോഗിക്കേണ്ടിവരും. സ്വന്തം ഇഷ്ടപ്രകാരമല്ല, കല്പ്പിക്കപ്പെട്ടതുകൊണ്ടാണ് ഇതു നമ്മള്‍ ചെയ്യുന്നത് (Homilies on First Corinthians 9.1).

നീസായിലെ ഗ്രിഗറി:

ഈ യുഗത്തില്‍ ഇന്ദ്രിയങ്ങള്‍ക്കനുഭവപ്പെടുന്ന ഏതൊരു വേദനയും വരാനിരിക്കുന്ന യുഗത്തില്‍ പാപികള്‍ക്കുണ്ടാകുന്ന പീഢകള്‍ക്കു തുല്യമല്ല. നമുക്കു പരിചിതമായ ചില പദങ്ങളുപയോഗിച്ച് ആ പീഢകളെ ചിത്രീകരിക്കാമെങ്കിലും അവ തമ്മിലുള്ള വ്യത്യാസം വലുതുതന്നെ. ഇവിടെ 'അഗ്നി' എന്ന വാക്ക് ഉപയോഗിക്കപ്പെടുമ്പോള്‍ സാധാരണ രീതിയില്‍നിന്നു വ്യത്യസ്തമായ ഒന്നിന്റെ ചിത്രം നിങ്ങള്‍ക്കുള്ളില്‍ രൂപപ്പെടുന്നു. എന്തെന്നാല്‍ ഇവിടെ പരാമര്‍ശിപ്പക്കപ്പെടുന്ന അഗ്നി കെടുന്നില്ല.

എന്നാല്‍ സാധാരണ അഗ്നിയെ കെടുത്താന്‍ നിരവധി വിദ്യകള്‍ പ്രായോഗികമായി മനുഷ്യന്‍ കണ്ടെത്തിയിട്ടുണ്ട്. കെടുത്താവുന്ന അഗ്നിയും കെടുത്താനാവാത്ത അഗ്നിയും തമ്മില്‍ വലിയ അന്തരമുണ്ട്. വരാനിരിക്കുന്ന യുഗത്തിലെ 'പുഴുക്കള്‍' എന്ന പ്രയോഗത്തെ നമുക്കു പരിചിതമായ പുഴുക്കളായി കണക്കാക്കരുത്. എന്തെന്നാല്‍ അതിനോടു ചേര്‍ത്ത് 'ചാകാത്ത' എന്ന വാക്കുപയോഗിച്ചിരിക്കുന്നതിനാല്‍ ഈ പ്രകൃതിയിലെ പുഴുക്കളായി അവയെ ഗണിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാണ് (Address on Religious Instruction 40).

ആള്‍സിലെ ചെസാരിയൂസ്:

ഇന്ന് ഏതെങ്കിലും ക്രമക്കേടിന്റെ പേരില്‍ ഒരംഗത്തെ സഭാസമൂഹത്തില്‍നിന്നു പുറത്തുനിര്‍ത്തിയാല്‍ അയാളുടെ ആത്മാവ് എത്രയോ വലിയ ദുഃഖത്തിലും യാതനയിലും നിപതിക്കും! ഇവിടെ അയാള്‍ക്ക് ഭക്ഷിക്കാനും പാനംചെയ്യാനും മറ്റുള്ളവരോട് സംസാരിക്കാനും സഭയിലേക്കു പുനഃപ്രവേശിക്കാനുള്ള പ്രത്യാശ വച്ചുപുലര്‍ത്താനും സാധിക്കും. എന്നിട്ടും അയാളനുഭവിക്കുന്ന വേദന വിവരണാതീതമാണ്. എന്നാല്‍ പാപംമൂലം സ്വര്‍ഗീയ സഭയില്‍നിന്നു പുറത്താക്കപ്പെടുന്നയാള്‍ എന്നെന്നേയ്ക്കുമായി മാലാഖമാരുടെയും വിശുദ്ധരുടെയും സഹവാസത്തില്‍നിന്നു പുറത്താക്കപ്പെടുകയാണ്.

അങ്ങനെയെങ്കില്‍ അയാള്‍ക്കുണ്ടാകുന്ന വേദന എത്ര തീവ്രമായിരിക്കും! അവിടെ അയാള്‍ പുറത്താക്കപ്പെടുക മാത്രമല്ല, അന്ധകാരത്തില്‍ അടയ്ക്കപ്പെടുകയും നിത്യാഗ്നിയാല്‍ പീഡിപ്പിക്കപ്പെടുകയും ചെയ്യും. പശ്ചാത്താപരഹിതനായി തുടരുന്നയാള്‍ സ്വര്‍ഗീയ ജറുസലേമില്‍നിന്നു പുറത്താക്കപ്പെടുകയും ദൈവിക സംസര്‍ഗത്തില്‍നിന്നു അകറ്റപ്പെടുകയും ചെയ്യുന്നുവെന്നു മാത്രമല്ല നരകാഗ്നി സഹിക്കേണ്ടിയുംവരും. ''അവിടെ കരച്ചിലും പല്ലുകടിയുമായിരിക്കും'' (മത്താ 22,13). അവിടെ വിലാപത്തിനു ശമനം ലഭിക്കുകയില്ല. അവിടെ പുഴുക്കള്‍ ചാകുകയോ തീ കെടുകയോ ചെയ്യുന്നില്ല (മര്‍ക്കോ 9,48). സഹികെട്ട് അവര്‍ മരണത്തെ തേടും; അതവര്‍ക്കു ലഭിക്കുകയുമില്ല (Sermons 227.4).

മെത്തോഡിയസ്: ലേവ്യരുടെ നിയമപ്ര കാരം (ലേവ്യ 2,13; മര്‍ക്കോ 9,49-50) ഉപ്പു കലര്‍ത്താത്ത കാഴ്ചവസ്തുക്കളൊന്നും ദൈവമായ കര്‍ത്താവിന് ബലിയായി അര്‍പ്പിക്കപ്പെടാന്‍ പാടില്ല. തിരുലിഖിതങ്ങളുടെ ആത്മീയ ഉള്‍ക്കാഴ്ച മുഴുവന്‍ ഉപ്പിനു സമാനം നമുക്കു നല്‍കപ്പെട്ടിരിക്കുന്നു. ഉപ്പിന്റെ ചവര്‍പ്പുരസം ഉപകാരമുള്ളതാണല്ലോ. ഈ അണുനാശിനി കൂടാതെ ആത്മാക്കള്‍ക്ക് ബുദ്ധിയുപയോഗിച്ച് സര്‍വശക്തനിലേക്കെത്താന്‍ കഴിയുകയില്ല (The Banquet of the Virgins 1.1).

ഉപ്പുരസത്തിന്റെ അനുയോജ്യത

വിശുദ്ധ അപ്രേം: തന്റെ ഉപ്പുരസം നമ്മുടെ മാനസങ്ങളിലും തന്റെ ദിവ്യമാം പുളിപ്പ് ആത്മാക്കളിലും അനുയോജ്യമാംവിധം കലര്‍ത്തിയ ദൈവത്തിന് ഉന്നതങ്ങളില്‍ മഹത്വമുണ്ടായിരിക്കട്ടെ. നമ്മള്‍ മര്‍ത്യതയ്ക്കുപ്പുറത്തേക്കു കടക്കാനായി അവന്റെ ശരീരം അപ്പമായിത്തീര്‍ന്നു (മത്താ 26,26; മര്‍ക്കോ 14,22; ലൂക്കാ 22,19) (Hymns on the Nativity 2).

മഹാനായ ഗ്രിഗറി: സംസാരിക്കാന്‍ ഒരുങ്ങുന്നവന്‍ അതീവശ്രദ്ധയോടെ അതു ചെയ്യട്ടെ. വളരെ തിടുക്കത്തില്‍ സംസാരിച്ചുപോയാല്‍ തെറ്റു കടന്നുകൂടാനും അതു ശ്രോതാക്കളുടെ ഹൃദയത്തെ മുറിപ്പെടുത്താനും ഇടയാകും. അറിവുള്ളവനായി കാണപ്പെടാനുള്ള തത്രപ്പാടില്‍ വിവേകശൂന്യമായ വാക്കുകളാല്‍ ഐക്യമില്ലാതാക്കാനും സാധ്യതയുണ്ട്. അതുകൊണ്ടാണ് സത്യം തന്നെയായവന്‍ പറഞ്ഞത്: ''നിങ്ങളില്‍ ഉപ്പ് ഉണ്ടായിരിക്കട്ടെ, പരസ്പരം സമാധാനത്തില്‍ വര്‍ത്തിക്കുകയും ചെയ്യുവിന്‍'' (മര്‍ക്കോ 9,50). ഇവിടെ ഉപ്പുകൊണ്ടുദ്ദേശിക്കുന്നത് ജ്ഞാനത്തിന്റെ വചസിനെയാണ്. ജ്ഞാനത്തോടെ സംസാരിക്കുവാനാഗ്രഹിക്കുന്നവന്‍ തന്റെ പ്രഭാഷണചാതുരിയാല്‍ ശ്രോതാക്കളുടെ സമഗ്രത ഉലയ്ക്കപ്പെടാതിരിക്കാന്‍ ഭയപ്പാടോടെ വര്‍ത്തിക്കട്ടെ (Pastoral Care 4.12).

---------********* (....തുടരും).

▛ ** സുവിശേഷ ഭാഗങ്ങളെ കുറിച്ചുള്ള സഭാപിതാക്കന്മാരുടെ വിശദീകരണം 'പ്രവാചകശബ്ദ'ത്തിൽ | ലേഖനപരമ്പര മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്‌ചകളിൽ.

(കടപ്പാട്. ഫാ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍).

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | സ്നാപകന്റെ പ്രഭാഷണം | വിശുദ്ധ മര്‍ക്കോസ് | ഭാഗം 01 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് | ഭാഗം 02 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 12-20 | ഭാഗം 03 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 21-34 | ഭാഗം 04 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 35-45 | ഭാഗം 05 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 1-12 | ഭാഗം 06 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 13-22 | ഭാഗം 07 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 23-28, 3;1-6 | ഭാഗം 08 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 3: 7-30 | ഭാഗം 09 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 3: 31-35; 4:1-20 | ഭാഗം 10 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 4: 21-34 | ഭാഗം 11 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 4: 35-41 | ഭാഗം 12 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 5: 1-43 | ഭാഗം 13 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 6: 1-13 | ഭാഗം 14 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 6: 14-44 | ഭാഗം 15 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 6: 45-56, 7:1-13 | ഭാഗം 16 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 7:13-37 | ഭാഗം 17 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 8:1-26 | ഭാഗം 18 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 8:27-38 | ഭാഗം 19 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 9:1-32 | ഭാഗം 20 ‍

⧪⧪⧪⧪⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍ ⧪⧪⧪⧪⧪


Related Articles »