News - 2026

ലോകകപ്പ് സെമിഫൈനൽ മത്സരത്തില്‍ കുരിശ് രൂപം ചേര്‍ത്തുള്ള റഫറിയുടെ വിസില്‍; ചിത്രങ്ങള്‍ വൈറല്‍

പ്രവാചകശബ്ദം 16-07-2026 - Thursday

ഡള്ളാസ്: സ്പെയിനും ഫ്രാൻസും തമ്മിലുള്ള ഫിഫ ലോകകപ്പ് സെമിഫൈനൽ മത്സരത്തിനിടെ, കുരിശ് രൂപം ചേര്‍ത്തുള്ള റഫറിയുടെ വിസില്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. ലോകകപ്പിലെ നിര്‍ണ്ണായക മത്സരത്തില്‍ എൽ സാൽവഡോറിൽ നിന്നുള്ള റഫറി ഇവാൻ ബാർട്ടന്‍ ഉപയോഗിച്ച വിസിലിൽ തൂക്കിയിരുന്ന ചെറിയ വെള്ളി കുരിശുരൂപത്തിന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ലോകം ഉറ്റുനോക്കിയ മത്സരത്തിന്റെ ഗതി നിയന്ത്രിച്ച റഫറിയുടെ വിസിലിന്റെ താഴ് ഭാഗത്തായാണ് കുരിശ് ഘടിപ്പിച്ചിരിന്നത്.



മത്സരത്തിനിടെ പല കാണികളും ഇക്കാര്യം ശ്രദ്ധിച്ചിരിന്നെങ്കിലും യുഎസ് ആസ്ഥാനമായ കേബിൾ, സാറ്റലൈറ്റ് സ്പോർട്സ് ചാനലായ 'ഇ‌എസ്‌പി‌എന്‍‌' ഇതിന്റെ ചിത്രം സഹിതം സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവെച്ചതോടെയാണ് ഇവാൻ ബാർട്ടനിന്റെ വിശ്വാസ സാക്ഷ്യം ഏറെ ചര്‍ച്ചയായി മാറിയത്. വിശ്വാസത്തിന്റെ സൂക്ഷ്മമായ സാക്ഷ്യമെന്നാണ് പല സ്പോര്‍ട്ട്സ് പ്രേമികളും ഇതിനെ ചൂണ്ടിക്കാട്ടിയത്.

ആരാധനക്രമപരമായ തിരുക്കര്‍മ്മങ്ങളില്‍ മാർപാപ്പമാർ ഉപയോഗിക്കുന്ന ഇടയദണ്ഡ് അഥവാ 'പേപ്പൽ ഫെറുല'യെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള കുരിശുരൂപമാണ് ബാർട്ടന്റെ വിസിലിനൊപ്പമുണ്ടായിരിന്നത്. വിസിലിനോട് ചേര്‍ത്തു പിടിപ്പിച്ച കുരിശുരൂപത്തിന്റെ സാക്ഷ്യത്തെക്കുറിച്ച് ഇവാൻ ബാർട്ടന്‍ പരസ്യമായി പ്രതികരിച്ചിട്ടില്ലെങ്കിലും ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് മുന്നില്‍ തന്റെ വിശ്വാസം പ്രഘോഷിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്നാണ് ക്രൈസ്തവര്‍ വിലയിരുത്തുന്നത്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️




Related Articles »