News - 2026
“നിങ്ങൾ ഒറ്റയ്ക്കല്ല”; നിക്കരാഗ്വേൻ വൈദികർക്ക് ഐക്യദാർഢ്യവുമായി മധ്യ അമേരിക്കൻ മെത്രാൻ സമിതി
പ്രവാചകശബ്ദം 28-11-2026 - Saturday
സാൻ ഹോസെ (കോസ്റ്റാറിക്ക): നിക്കരാഗ്വേ പ്രസിഡന്റ് ഡാനിയേൽ ഒർട്ടേഗ-റൊസാരിയോ മുറില്ലോ ഭരണകൂടത്തിന്റെ കടുത്ത മതപീഡനത്തെത്തുടർന്ന് നിക്കരാഗ്വേയിൽ നിന്ന് പുറത്താക്കപ്പെട്ട വൈദികർക്ക് ആശ്വാസവും ഐക്യദാർഢ്യവും അറിയിച്ച് മധ്യ അമേരിക്കൻ മെത്രാൻ സമിതി (SEDAC). “നിങ്ങൾ ഒറ്റയ്ക്കല്ല, നിങ്ങൾ ഞങ്ങളുടെ സഹോദരങ്ങളാണ്” എന്ന വാചകത്തെ കേന്ദ്രമാക്കിയാണ് മെത്രാന്മാർ ഐക്യദാർഢ്യ സന്ദേശം പങ്കുവെച്ചത്.
കഴിഞ്ഞ ദിവസങ്ങളിൽ കോസ്റ്റാറിക്കയിൽ നടന്ന സെഡാക് പൊതുസമ്മേളനത്തിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ബിഷപ്പ് ഹാവിയർ റൊമാനും സെക്രട്ടറി ബിഷപ്പ് ഡാനിയൽ ബ്ലാങ്കോയും ഒപ്പിട്ട സന്ദേശത്തില്‍ വൈദികരോടുള്ള സ്നേഹവും പിന്തുണയും വ്യക്തമാക്കി. ദൈവജനത്തോടുള്ള വൈദികരുടെ അർപ്പണബോധത്തിന് മെത്രാന്മാർ നന്ദി രേഖപ്പെടുത്തി.
ഓരോ പടിയിറക്കത്തിന് പിന്നിലും ആഴത്തിലുള്ള ബന്ധങ്ങളും, ഒരു ദൂരത്തിനും മായ്ച്ചുകളയാനാവാത്ത സ്നേഹത്തിന്റെ ചരിത്രവുമുണ്ട്. ഇത്രയും ആഴമേറിയ മുറിവുകൾക്ക് ലളിതമായ വാക്കുകൾ കൊണ്ട് മറുപടി നൽകാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല. എന്നാൽ ഒരുറപ്പ് നിങ്ങൾക്ക് നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു: നിങ്ങൾ ഒറ്റയ്ക്കല്ല. നിങ്ങൾ ഞങ്ങളുടെ സഹോദരീ സഹോദരന്മാരാണ്. നിങ്ങളുടെ വേദന ഞങ്ങളെയും വേദനിപ്പിക്കുന്നു, നിങ്ങളുടെ ജീവിതം ഞങ്ങൾക്ക് ഏറെ വിലപ്പെട്ടതാണ്” - കത്തിൽ മെത്രാന്മാർ കുറിച്ചു.
2018 മുതൽ നിക്കരാഗ്വേയിലെ ഏകാധിപത്യ ഭരണകൂടം കത്തോലിക്ക സഭയ്ക്കെതിരെ ആയിരത്തിലധികം ആക്രമണങ്ങളാണ് അഴിച്ചുവിട്ടതെന്ന് ഗവേഷകയായ മാർത്ത പട്രീഷ്യ മൊളീനയുടെ ‘നിക്കരാഗ്വേ: പീഡിപ്പിക്കപ്പെടുന്ന സഭ’ (Nicaragua: A Persecuted Church) എന്ന റിപ്പോർട്ടില്‍ പറയുന്നു. ഭരണകൂടത്തിന്റെ നടപടികളെത്തുടർന്ന് ഇതുവരെ മുന്നൂറിലധികം വൈദികരും സന്യസ്തരുമാണ് രാജ്യത്ത് നിന്ന് പുറത്താക്കപ്പെട്ടത്. നാടുകടത്തപ്പെട്ടവരിൽ മോൺ. സിൽവിയോ ബയേസ്, മോൺ. റൊളാൻഡോ അൽവാരസ്, മോൺ. ഇസിദോറോ മോറ, മോൺ. കാർലോസ് ഹെരേര എന്നീ നാല് മെത്രാന്മാരും ഉൾപ്പെടുന്നു.
'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?
നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.
സംഭാവന നൽകുക / Donate

















