India - 2026

മാർ ആൻഡ്രൂസ് താഴത്ത് സ്ഥാനമൊഴിയുന്നു

പ്രവാചകശബ്ദം 28-11-2026 - Saturday

തൃശൂർ: ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് തൃശൂർ അതിരൂപത അധ്യക്ഷസ്ഥാനം ഒഴിയുന്നു. കത്തോലിക്കാ സഭയിൽ മെത്രാൻമാർക്കും ആർച്ച്ബിഷപ്പുമാർക്കും സ്ഥാനമൊഴിയാനുള്ള പ്രായപരിധി 75 വയസാണ്. ഡിസംബർ 13ന് മാർ താഴത്തിന് 75 വയസ് പൂർത്തിയാകും. പൗരോഹിത്യ സുവർണജൂബിലി ആഘോഷിക്കുന്ന മാർ താഴത്ത്, അധ്യക്ഷ സ്ഥാനമൊഴിയാൻ സന്നദ്ധത അറിയിച്ച് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിനു കത്ത് നൽകി. സഭാ സിനഡായിരിക്കും രാജി ഔദ്യോഗികമായി അംഗീകരിക്കുക.

സിനഡിലെ അംഗമായ ഞാൻ ഉൾപ്പെട്ട സമിതിയാണു രാജി അംഗീകരിക്കേണ്ടത്. എന്റെ രാജി നിർബന്ധമായും സ്വീകരിക്കാൻ ആവശ്യപ്പെടും. അടുത്ത സിനഡിൽ പുതിയ മെത്രാപ്പോലീത്തയെ തെരഞ്ഞെടുക്കുമെന്ന വിശ്വാസത്തിലും പ്രതീക്ഷയിലും അഭിമാനത്തിലുമാണു മുന്നോട്ടു പോകുന്നതെന്നും മാർ താഴത്ത് പറഞ്ഞു. ജനുവരിയിൽ നടക്കുന്ന സിനഡിൽ പുതിയ ആർച്ച്ബിഷപ്പിനെ തീരുമാനിക്കുമെന്നാണു സൂചന. സിനഡ് തെരഞ്ഞെടുക്കുന്ന പുതിയ ആർച്ച് ബിഷപ്പിന് മാർപാപ്പയുടെ സ്ഥിരീകരണം ലഭിച്ചാലുടൻ ഔദ്യോഗിക പ്രഖ്യാപനവും തുടർന്ന് സ്ഥാനാരോഹണവും നടക്കും.

1951 ഡിസംബര്‍ 13-ന് ജനിച്ച ആര്‍ച്ചുബിഷപ്പ് ആഡ്രുസ് താഴത്ത് 1977 മാര്‍ച്ച് 14-നാണ് വൈദികനായി അഭിഷിക്തനായത്. സഭാനിയമത്തില്‍ ഡോക്ടറേറ്റ് ബിരുദം നേടിയശേഷം അതിരൂപതയിലും സഭാതലത്തിലും വിവിധ മേഖലകളില്‍ സേവനം അനുഷ്ഠിച്ചു. 2004 മെയ് 1-ാം തീയതി തൃശൂര്‍ അതിരൂപതയുടെ സഹായ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ട മാര്‍ താഴത്ത് 2007 മാര്‍ച്ച് 18-ന് അതിരൂപതയുടെ അധ്യക്ഷ സ്ഥാനത്തേയ്ക്ക് ഉയര്‍ത്തപ്പെട്ടു.

പെര്‍മനന്‍റ് സിനഡ് അംഗം, പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ ചെയര്‍മാന്‍, വിദ്യാഭ്യാസ കമ്മിറ്റി കണ്‍വീനര്‍, കെ.സി.ബി.സി. ജാഗ്രതാ കമ്മീഷന്‍ അംഗം, കെ.സി.ബി.സി വിദ്യാഭ്യാസ കമ്മീഷന്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായും ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ അദ്ധ്യക്ഷനായും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »