News - 2026
മേഘപാളികൾക്ക് മുകളിലായി 'ക്രൈസ്റ്റ് ദി റെഡീമർ'; ചിത്രങ്ങള്‍ വൈറല്‍
പ്രവാചകശബ്ദം 26-11-2026 - Thursday
റിയോ ഡി ജനീറോ: ബ്രസീലിലെ പ്രശസ്തമായ 'ക്രൈസ്റ്റ് ദി റെഡീമർ' രൂപം, കട്ടിയുള്ള മേഘപാളികൾക്ക് മുകളിലായി ഉയർന്നുനിൽക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. റിയോ ഡി ജനീറോയിലെ കോർക്കോവാഡോ പർവതത്തിൽ സ്ഥിതി ചെയ്യുന്ന 30 മീറ്ററിലധികം ഉയരമുള്ള ലോക പ്രശസ്തമായ ക്രിസ്തു രൂപം, താഴെയുള്ള മലഞ്ചെരിവുകളെ മൂടിക്കിടക്കുന്ന വെളുത്ത മേഘപടലങ്ങൾക്ക് മുകളിലായി നിൽക്കുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്.
ഫോട്ടോഗ്രാഫറായ മാർസിയോ അമാറോ പുറത്തുവിട്ട ചില ദൃശ്യങ്ങളിൽ മേഘങ്ങളുടെ ഒരു കടലിനാൽ ചുറ്റപ്പെട്ടതുപോലെ ക്രിസ്തു രൂപം കാണപ്പെടുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. മേഘങ്ങൾക്കിടയിലൂടെ രൂപം ഉയർന്നുനിൽക്കുമ്പോൾ അതിന് മുൻപിലായി നഗരത്തിന്റെ ചില ഭാഗങ്ങളും ദൃശ്യമാകുന്നുണ്ട്. ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള നവമാധ്യമങ്ങളിലെല്ലാം ചിത്രങ്ങള്‍ വൈറലായിട്ടുണ്ട്.
1921 ൽ റിയോ ഡി ജനീറോയിലെ കത്തോലിക്ക അതിരൂപതയാണ് യേശുക്രിസ്തുവിന്റെ രൂപം മലമുകളിലെ 704 മീറ്റർ ഉയരമുള്ള കൊടുമുടിയിൽ സ്ഥാപിക്കാൻ തീരുമാനിച്ചത്. റിയോയിൽ എവിടെ നിന്നാലും കാണാവുന്നത്ര ഉയരത്തിൽ വേണം രൂപം സ്ഥാപിക്കാൻ എന്ന ഉദ്ദേശത്തിലാണ് ഈ കൊടുമുടി തിരഞ്ഞെടുത്തത്. 1926 ൽ പണിതുടങ്ങി അഞ്ച് വർഷം കൊണ്ട് ക്രൈസ്റ്റ് ദ് റെഡീമർ പൂർത്തിയായി. കൈകൾ വിരിച്ച് നിൽക്കുന്ന യേശുക്രിസ്തുവിന്റെ രൂപം ബ്രസീലിന്റെ തന്നെ അടയാളമായി മാറിയ രൂപമാണ്.
'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?
നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.
സംഭാവന നൽകുക / Donate

















