News - 2026
ബ്രസീലില്‍ തോരാമഴയെ അവഗണിച്ച് പതിനായിരങ്ങളുടെ മരിയന്‍ പ്രദക്ഷിണം
പ്രവാചകശബ്ദം 17-11-2026 - Tuesday
പരണാഗുവ: ബ്രസീലിലെ പരണാഗുവയിൽ നടന്ന 'ഔവർ ലേഡി ഓഫ് എൽ റോസിയോ' 213-ാമത് പ്രദക്ഷിണത്തില്‍ മഴയെ അവഗണിച്ച് പങ്കെടുത്തത് പതിനായിരങ്ങള്‍. ഇക്കഴിഞ്ഞ ഞായറാഴ്ച നടന്ന പ്രദക്ഷിണത്തില്‍ ഏകദേശം തൊണ്ണൂറായിരത്തോളം ആളുകൾ പങ്കെടുത്തു. 'ഔവർ ലേഡി ഓഫ് എൽ റോസിയോ'യുടെ തീർത്ഥാടന കേന്ദ്രത്തിൽ നിന്ന് 'ഔവർ ലേഡി ഓഫ് ദ മോസ്റ്റ് ഹോളി റോസറി' കത്തീഡ്രൽ വരെ ഏകദേശം 3 കിലോമീറ്ററോളം നീളുന്നതായിരിന്നു പ്രദക്ഷിണം. വൈകുന്നേരം 4 മണിക്ക് ആരംഭിച്ച പ്രദക്ഷിണത്തിൽ, ആയിരക്കണക്കിന് വിശ്വാസികൾ പിങ്ക് നിറത്തിലുള്ള ബലൂണുകൾ കൈയിലേന്തി, ജപമാല ചൊല്ലിക്കൊണ്ടും ഭക്തിഗാനങ്ങൾ ആലപിച്ചുകൊണ്ടും പങ്കെടുത്തു.
പരണാഗുവയിലെ തെരുവുകളിലൂടെ, ദൈവമാതാവിനോടൊപ്പം നടക്കാൻ വിശ്വാസികൾക്ക് ലഭിക്കുന്ന അവസരമാണിതെന്നും മാതാവിന്റെ മധ്യസ്ഥതയിലൂടെ കര്‍ത്താവ് ചൊരിഞ്ഞ അനുഗ്രഹങ്ങൾക്ക് നന്ദി പറയുവാനും, തങ്ങളുടെ പ്രാർത്ഥനാ നിയോഗങ്ങൾ പുതുക്കുവാനും റോസിയോ തീർത്ഥാടന കേന്ദ്രത്തിന്റെ റെക്ടറായ ഫാ. ഡിർസൺ ഗോൺകാൽവസ് പറഞ്ഞു. യാത്രയിലുടനീളം, വിവിധ സ്ഥാപനങ്ങളും കുടുംബങ്ങളും വ്യക്തികളും വീടുകളുടെയും കെട്ടിടങ്ങളുടെയും ബാൽക്കണികളിൽ നിന്ന് ആദരം അർപ്പിച്ചു.
രാവിലെ മുതല്‍ തുടര്‍ച്ചയായ ബലിയര്‍പ്പണവും ഇവിടെ നടന്നിരിന്നു. ആദ്യത്തെ വിശുദ്ധ കുർബാന രാവിലെ 5:30-ന് അർപ്പിച്ചു. രാവിലെ 9:00-ന്, 'പ്ലാസ ഡി ലാ ഫെ'യിൽ (Plaza de la Fe) നടന്ന വിശുദ്ധ കുർബാനയ്ക്ക് മാരിംഗാ ആർച്ച് ബിഷപ്പ് മോൺസിഞ്ഞോർ സെവെറിനോ ക്ലാസൻ കാർമ്മികത്വം വഹിച്ചു. പരാനഗ്വാ ബിഷപ്പ് മോൺസിഞ്ഞോർ പൗലോ അൽവസ് റോമാവോ, റോസിയോ തീർത്ഥാടന കേന്ദ്രത്തിന്റെ റെക്ടർ ഫാ. ഡിർസൺ ഗോൺസാൽവസ്, കൂടാതെ റെഡംപ്റ്റോറിസ്റ്റ് സന്യാസ സമൂഹത്തിലെയും രൂപതയിലെയും വൈദികരും സഹകാര്‍മ്മികരായി.
'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?
നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.
സംഭാവന നൽകുക / Donate

















