News - 2026

രക്തസാക്ഷികളോടു ഐക്യദാർഢ്യം; ജോർദാനിൽ ക്രിസ്തുമസ് ആഘോഷങ്ങൾ ലളിതമായി നടത്തുവാന്‍ തീരുമാനം

പ്രവാചകശബ്ദം 16-11-2026 - Monday

അമ്മാൻ: ജോര്‍ദാനിലുണ്ടായ ഭീകരാക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ഓർമ്മ പുതുക്കിയും അവരുടെ കുടുംബങ്ങളോടുള്ള ഐക്യദാർഢ്യവും പ്രഖ്യാപിച്ച് ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷങ്ങൾ റദ്ദാക്കുന്നതായി ജോർദാൻ കൗൺസിൽ ഓഫ് പ്രസിഡന്റ്സ് ഓഫ് ചർച്ചസ് പ്രഖ്യാപിച്ചു. ഇക്കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ അരങ്ങേറിയ ഹീനമായ ഭീകരാക്രമണങ്ങളിൽ ഒന്‍പതോളം പേർ മരിച്ച പശ്ചാത്തലത്തിലാണ് നിർണ്ണായക തീരുമാനം.

ക്രിസ്തുമസിനോട് അനുബന്ധിച്ച് ആരാധനാക്രമങ്ങളും പ്രാര്‍ത്ഥനകളും സഭാ പാരമ്പര്യമനുസരിച്ച് ലളിതമായ രീതിയിൽ മാത്രമായിരിക്കുമെന്ന് സഭാനേതൃത്വം വ്യക്തമാക്കി. ആഘോഷങ്ങൾ ഒഴിവാക്കി, പ്രാർത്ഥനകൾക്കും കാരുണ്യ പ്രവർത്തനങ്ങൾക്കും സാമൂഹിക പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും മുൻഗണന നൽകാനും സഭാനേതൃത്വം വിശ്വാസികളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. പള്ളികളിലെ ക്രിസ്തുമസ് ട്രീകൾ പ്രത്യാശയുടെയും ഐക്യത്തിന്റെയും സമാധാനത്തിന്റെയും പ്രതീകങ്ങളായിരിക്കുമെന്ന് സഭാ കൗൺസിൽ അറിയിച്ചു.

രക്തസാക്ഷികളുടെ ആത്മാക്കളുടെ നിത്യശാന്തിക്കായി മെഴുകുതിരികൾ തെളിയിക്കുകയും ക്രിസ്മസ് ട്രീക്ക് സമീപം അവർക്കായി പ്രത്യേക സ്മാരക ഇടം ഒരുക്കുകയും ചെയ്യും. ജോർദാൻ ഭരണാധികാരിയായ അബ്ദുല്ല രണ്ടാമൻ രാജാവിനും രാജ്യത്തിന്റെ സുരക്ഷാ സേനകൾക്കും ഭരണകൂട സ്ഥാപനങ്ങൾക്കും സഭയുടെ പൂർണ്ണ പിന്തുണയും കൗൺസിൽ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും നിലനിർത്താൻ നടത്തുന്ന ശ്രമങ്ങളെ സഭ അഭിനന്ദിച്ചു.



'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »