News

പത്താമത് ലോക ദരിദ്ര ദിനം: 1500 ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്ത് വത്തിക്കാന്‍

പ്രവാചകശബ്ദം 16-11-2026 - Monday

വത്തിക്കാൻ സിറ്റി: ലെയോ പാപ്പ പെറുവില്‍ അപ്പസ്തോലിക സന്ദര്‍ശനം തുടരുന്ന പശ്ചാത്തലത്തിലും പാവങ്ങള്‍ക്കായുള്ള പത്താമത് ആഗോള ദിനാചരണം വത്തിക്കാനില്‍ നടത്തി. സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ലെയോ പാപ്പയുടെ പ്രത്യേക പ്രതിനിധിയായി ജീവകാരുണ്യ വിഭാഗം പ്രിഫെക്റ്റ് ആർച്ച് ബിഷപ്പ് ലൂയിസ് മാരിൻ ഡി സാൻ മാർട്ടിൻ ദിവ്യബലി അർപ്പിച്ചു. ക്രിസ്തുവിനെ പാവപ്പെട്ടവരിൽ ദർശിക്കാനും, ദരിദ്രരായ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും അവർക്ക് കൃത്യമായ സഹായങ്ങൾ നൽകാനും ആര്‍ച്ച് ബിഷപ്പ് ആഹ്വാനം ചെയ്തു.

ദിവ്യബലിക്ക് ശേഷം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള ഡിക്കാസ്റ്ററി ഇറ്റാലിയൻ റെഡ് ക്രോസ്, അത്‌ലെറ്റിക്ക വത്തിക്കാന എന്നിവയുടെ സഹകരണത്തോടെ പാവങ്ങളായ 1,500 പേർക്ക് ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്തു. ലാറ്റിൻ അമേരിക്കൻ അപ്പസ്തോലിക സന്ദർശനം പൂർത്തിയാക്കി മടങ്ങിയെത്തുന്ന ലെയോ പാപ്പ, ഈ വരുന്ന നവംബർ 22 ഞായറാഴ്ച പോൾ ആറാമന്‍ ഹാളിൽ 1,300 പാവപ്പെട്ട അതിഥികൾക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുന്ന രീതി തുടരുമെന്നു വത്തിക്കാന്‍ അറിയിച്ചു.

2016-ലാണ് ദരിദ്രരോടുള്ള തന്റെ അനുകമ്പയുടെ പ്രതീകമായി ആഗോള ദരിദ്രര്‍ക്കായുള്ള ദിനം ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ചത്. എല്ലാ വർഷവും ക്രിസ്തുവിന്റെ രാജത്വ തിരുനാളിന് ഒരാഴ്ച മുന്‍പാണ് ആചരണം നടക്കുന്നത്. റോമിലെ ദരിദ്രരെ വത്തിക്കാനിലേക്ക് തന്നോടൊപ്പം ഭക്ഷണം കഴിക്കാനും അവരുമായി സമയം ചെലവിടുവാനും പാപ്പ ഈ ദിവസം മാറ്റിവെക്കാറുണ്ട്. ചികിത്സ സഹായവും മറ്റും നല്‍കുന്നതും ആചരണത്തിന്റെ ഭാഗമാണ്. കഴിഞ്ഞ വര്‍ഷം വത്തിക്കാനിലെ പോൾ ആറാമൻ ഹാളില്‍ ലെയോ പാപ്പ ആയിരത്തിമുന്നൂറിലധികം പാവപ്പെട്ടവരുടെ ഒപ്പം ഉച്ചഭക്ഷണം കഴിച്ചിരിന്നു. "കർത്താവാണ് ദരിദ്രന്റെ സങ്കേതം" എന്നതാണ് ഈ വർഷത്തെ ദിനാചരണ പ്രമേയം.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »