India - 2026

ആധുനിക കാലത്ത് മനുഷ്യജീവനു വലിയ വെല്ലുവിളികള്‍ നേരിടുന്നതായി മാർ ജോസഫ് പെരുന്തോട്ടം

പ്രവാചകശബ്ദം 16-11-2026 - Monday

ചങ്ങനാശേരി: മനുഷ്യജീവൻ മുമ്പൊരിക്കലും നേരിട്ടിട്ടില്ലാത്ത വിധത്തിലുള്ള ആധുനിക വെല്ലുവിളികളും ഭീഷണികളും നേരിടുന്നതായും ഈ കാലഘട്ടത്തിൽ പ്രോലൈഫ് ശുശ്രൂഷയ്ക്ക് ഏറെ പ്രസക്തിയും പ്രാധാന്യവുമുണ്ടെന്നും ആർച്ച് ബിഷപ്പ് എമരിറ്റസ് മാർ ജോസഫ് പെരുന്തോട്ടം. ചങ്ങനാശേരി കൃപ പ്രോലൈഫേഴ്‌സിൻ്റെ മുപ്പതാം പ്രവർത്തനവർഷ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു ആർച്ച് ബിഷപ്പ്. സ്വന്തം കുടുംബാംഗങ്ങളെപ്പോലും വധിക്കാൻ കുട്ടികൾ ക്വട്ടേഷൻ നൽകുന്ന പ്രവണത സമൂഹത്തെ ഏറെ ആശങ്കപ്പെടുത്തുന്നതാണെന്ന് ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു.

സെന്റ് മേരീസ് മെത്രാപ്പോലീത്തൻ കബറിടപള്ളിയിൽ നടന്ന സമ്മേളനത്തിൽ നൂറോളം പ്രവർത്തകർ പങ്കെടുത്തു. രാവിലെ ഒൻപതിന് ജപമാ ലയോടെയാണ് ശുശ്രൂഷകൾ ആരംഭിച്ചത്. സമ്മേളനത്തിൽ കത്തീഡ്രൽ വികാരി ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ അധ്യക്ഷത വഹിച്ചു. 29 വർഷമായി കൃപ പ്രോലൈഫേഴ്‌സിൻ്റെ ആത്മീയ ഡയറക്‌ടറായി സേവനം ചെയ്യുന്ന ഫാ. ളൂയിസ് വെള്ളാനിക്കലിനെ ആദരിച്ചു. ഏബ്രഹാം പുത്തൻകളം രചിച്ച വിശുദ്ധ ഷർബേൽ മഖ്‌ലൂഫ് ജീവിതവും അസാധാരണ അദ്ഭുതങ്ങളും ഏകാന്ത പ്രാർത്ഥനയുടെ പ്രസക്തിയും എന്ന ഗ്രന്ഥത്തിൻ്റെ പ്രകാശനവും മാർ പെരുന്തോട്ടം നിർവഹിച്ചു.

ഗ്രന്ഥരചനയുമായി ബന്ധപ്പെട്ട് സഹകരിച്ച സിസ്റ്റർ ആനി തോമസ് സിഎം സി, വിൻസെന്റ് തോമസ്, മേഴ്‌സി ഏബ്രഹാം എന്നിവർക്കും ഉപഹാരങ്ങൾ സമ്മാനിച്ചു. പാമ്പാടി ഗുഡ് ന്യൂസ് ധ്യാനകേന്ദ്രത്തിലെ ഫാ. നോബിൾ തോട്ടത്തിൽ വചനപ്രഘോഷണം നടത്തി. ദിവ്യകാരുണ്യ ആരാധനയ്ക്കും അദ്ദേഹം നേതൃത്വം നൽകി. ഡയറക്ട‌ർ ജോൺ മാർട്ടിൻ, സെക്രട്ടറി ജെസി ജേക്കബ്, ബ്രദർ സെബാസ്റ്റ്യൻ മറിയം, ലില്ലിക്കുട്ടി തോമസ്, ജോസ് ഓലിക്കൻ, പ്രിൻസ് ചക്കാ ല, ജോസ് കരിങ്ങട, സിബിച്ചൻ ഉപ്പുകുന്നേൽ, ഏബ്രഹാം പുത്തൻകളം എന്നിവർ പ്രസംഗിച്ചു.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »