News
കുടുംബസംഗമം പോലെ ഊഷ്മളം; മുൻ രൂപതയിലെ വൈദികർക്കൊപ്പം സ്നേഹം പങ്കിട്ട് ലെയോ പാപ്പ
പ്രവാചകശബ്ദം 15-11-2026 - Sunday
ചിക്ലായോ (പെറു): പെറു സന്ദർശനത്തിനിടെ താൻ മുൻപ് ബിഷപ്പായി സേവനമനുഷ്ഠിച്ച ചിക്ലായോ രൂപതയിലെ നൂറ്റിനാല്പ്പതോളം വൈദികർക്കൊപ്പം അത്താഴവിരുന്നിൽ പങ്കെടുത്ത് ലെയോ പതിനാലാമൻ പാപ്പ. സാന്റോ ടൊറിബിയോ ഡി മൊഗ്രോവെജോ സ്കൂളിൽവെച്ചായിരുന്നു സ്നേഹവിരുന്ന് നടന്നത്. വൈദികർക്കൊപ്പം അത്താഴം കഴിക്കാൻ മാർപാപ്പ തന്നെയാണ് ആഗ്രഹം പ്രകടിപ്പിച്ചത്. തങ്ങളുടെ മുൻ ഇടയനെ പാപ്പയായി വീണ്ടും കണ്ടതിന്റെ സന്തോഷത്തിലായിരുന്നു 140 വൈദികർ.
വളരെയധികം സന്തോഷവാനാണെന്നും തങ്ങളെ കാണാൻ പാപ്പ ആഗ്രഹിച്ചിരുന്നുവെന്നും എല്ലാവരോടുമൊപ്പം ആയിരിക്കാൻ സാധിച്ചതിൽ പാപ്പയ്ക്കും തങ്ങള്‍ക്കും അതിയായ സന്തോഷമുണ്ടെന്നു ലെയോ പാപ്പ ചിക്ലായോ ബിഷപ്പായിരുന്ന കാലത്ത് (അന്ന് ബിഷപ്പ് റോബര്‍ട്ട് പ്രിവോസ്റ്റ്) കത്തീഡ്രൽ വികാരിയായിരുന്ന ഫാ. ജോർജ് മില്ലൻ ഇഡബ്ല്യുടിഎന്‍ ന്യൂസിനോട് പറഞ്ഞു. വിരുന്നിനൊടുവിൽ മാർപാപ്പ കാണിച്ച വലിയ സ്നേഹപ്രകടനത്തെക്കുറിച്ചും ഫാ. മില്ലൻ പങ്കുവെച്ചു.
"ഞങ്ങൾ അദ്ദേഹത്തോട് ഒരു ഫോട്ടോയ്ക്കായി ആവശ്യപ്പെടുന്നതിന് മുൻപ് തന്നെ, "എനിക്ക് നിങ്ങളോരോരുത്തരോടുമൊപ്പം ചിത്രമെടുക്കാൻ ആഗ്രഹമുണ്ട്" എന്ന് ലെയോ പാപ്പ ഇങ്ങോട്ട് പറയുകയായിരിന്നു. ഞങ്ങൾ ഓരോരുത്തരായി അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്നു. വലിയ ക്ഷമയോടെയും വാത്സല്യത്തോടെയും സ്നേഹപൂർണ്ണമായ നോട്ടത്തോടെയുമാണ് അദ്ദേഹം ഞങ്ങളെ സ്വീകരിച്ചത്. ഞങ്ങളെ എല്ലാവരെയും അദ്ദേഹം പേരെടുത്ത് തിരിച്ചറിഞ്ഞു. അദ്ദേഹത്തിന്റെ ഓർമ്മശക്തിക്ക് ഒട്ടും കുറവ് സംഭവിച്ചിട്ടില്ല. വലിയ സന്തോഷത്തിന്റെ നിമിഷങ്ങളായിരിന്നു ഇതെന്നും ഫാ. മില്ലൻ വ്യക്തമാക്കി.
ഒരു കുടുംബസംഗമം പോലെ ഏറെ ഊഷ്മളവും സാഹോദര്യപൂർണ്ണവുമായിരുന്നു ഈ അത്താഴവിരുന്നെന്നും, തങ്ങളോടൊപ്പമുള്ളത് സാക്ഷാൽ മാർപാപ്പയാണെന്ന കാര്യം അത്ഭുതത്തോടെയാണ് ഓർത്തതെന്നും ഫാ. ജോർജ് മില്ലൻ കൂട്ടിച്ചേർത്തു. ഇടവകകളെ സജീവമായി നിലനിർത്താനും പരസ്പരം അഗാധമായി സ്നേഹിക്കാനും ഒരുമയോടെ നിൽക്കാനും സുവിശേഷവൽക്കരണത്തിനും ദൈവസ്നേഹത്തിനുമായി എപ്പോഴും പ്രവർത്തിക്കാനും ലെയോ പാപ്പ തന്റെ പഴയ ഇടവകയിലെ വൈദികരോട് ആഹ്വാനം ചെയ്തു.
'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?
നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.
സംഭാവന നൽകുക / Donate



















