News - 2026
വെസ്റ്റ് ബാങ്കിലെ പുരാതന ക്രൈസ്തവ സമൂഹത്തിന്റെ നിലനില്‍പ്പിന് ധനസമാഹരണവുമായി ഐറിഷ് സംഗീതജ്ഞര്‍
പ്രവാചകശബ്ദം 14-11-2026 - Saturday
ഡബ്ലിൻ: വെസ്റ്റ് ബാങ്കിലെ ചരിത്ര പ്രാധാന്യമുള്ള പുരാതന ക്രൈസ്തവ സമൂഹമായ തയ്ബെയിലെ ജനങ്ങള്‍ക്ക് വേണ്ടി ധനസമാഹരണവുമായി ഐറിഷ് സംഗീതജ്ഞര്‍. കഴിഞ്ഞ ദിവസം അയർലണ്ടിൽ നടന്ന സംഗീതക്കച്ചേരിയിലൂടെ 2,331 യൂറോ സമാഹരിച്ചു. 'ക്രിസ്ത്യൻസ് ഫോർ പലസ്തീൻ' (Christians4Palestine) കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ കൊളംബൻ മിഷ്ണറിമാരുടെ ഡാൽഗൻ നഴ്സിങ് ഹോമിലെ താമസക്കാർക്കായാണ് സംഗീത പരിപാടി സംഘടിപ്പിച്ചത്. നവൻ, ട്രിം, ഡൺഷൗഗ്ലിൻ കോംഹാൽറ്റസ് സെൽടോറി എറാൻ (Comhaltas Ceoltóirí Éireann) എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലായിരിന്നു പരിപാടി.
മിഷ്ണറിമാരായ ഫാ. ഒലിവർ മക്രൊസ്സൻ, 'പ്രിസ്റ്റ്സ് എഗെയ്ൻസ്റ്റ് ജെനോസൈഡ്' കൂട്ടായ്മയിലെ അംഗമായ ഫാ. പാറ്റ് കോൾഗൻ എന്നിവരും പരിപാടിയിൽ സംഗീതജ്ഞരായി പങ്കെടുത്തു. 'പലസ്തീൻ-അയർലൻഡ് എക്യുമെനിക്കൽ ട്വിന്നിംഗ് അലയൻസ്' (PIETA) എന്ന പുതിയ സംരംഭത്തിന്റെ പ്രവർത്തനങ്ങളെ എടുത്തുക്കാണിക്കുന്നതായിരിന്നു പരിപാടി. പലസ്തീനിലെ ക്രിസ്ത്യൻ സമൂഹങ്ങളുമായി സഹകരിച്ചു അയർലൻഡിലുടനീളമുള്ള സഭകളെയും വിശ്വാസി സമൂഹങ്ങളെയും ഗ്രൂപ്പുകളെയും ഒരു കുടക്കീഴില് ഒന്നിപ്പിക്കുകയാണ് ഈ കൂട്ടായ്മ ചെയ്യുന്നത്.
വെസ്റ്റ് ബാങ്കിലെ റമാല്ലയ്ക്ക് സമീപമുള്ള തയ്ബെ ഗ്രാമം ഇന്നു ഏറെ മാധ്യമ ശ്രദ്ധ നേടിയ സ്ഥലമാണ്. പൂർണ്ണമായും ക്രൈസ്തവര്‍ മാത്രം വസിക്കുന്ന ഒരേയൊരു പലസ്തീൻ ഗ്രാമമായാണ് തയ്ബെ കണക്കാക്കപ്പെടുന്നത്. വെസ്റ്റ് ബാങ്കിലെ അവസാനത്തെ പൂർണ്ണ ക്രിസ്ത്യൻ ഗ്രാമമായാണ് തയ്ബെയെ പൊതുവേ വിശേഷിപ്പിക്കാറുള്ളത്. കത്തോലിക്ക, ഗ്രീക്ക് ഓർത്തഡോക്സ്, മെൽക്കൈറ്റ് ക്രൈസ്തവര്‍ എന്നിവരുടെ സാന്നിധ്യം കൊണ്ടും അഞ്ചാം നൂറ്റാണ്ടിലെ സെന്റ് ജോർജ്ജ് ദേവാലയം ഉള്‍പ്പെടെയുള്ള പുരാതന സ്ഥലങ്ങൾ വഴിയും ആഴത്തിലുള്ള ക്രിസ്ത്യൻ പൈതൃകം നിറഞ്ഞു നില്ക്കുന്ന ഇടമാണിത്. ഇവരുടെ നിലനില്‍പ്പിന് സഹായം നല്‍കുക എന്ന ലക്ഷ്യത്തോടെയായിരിന്നു പരിപാടി.
'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?
നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.
സംഭാവന നൽകുക / Donate
















