India - 2026

ലഹരിയില്‍ നിന്ന് പതിനായിരത്തിലധികം പേരെ മോചിപ്പിച്ച കന്യാസ്ത്രീകൾക്ക് ആഭ്യന്തര വകുപ്പിന്റെ ആദരം

പ്രവാചകശബ്ദം 14-11-2026 - Saturday

മാനന്തവാടി: നാല് പതിറ്റാണ്ടിലേറെയായി ലഹരിവിമുക്ത ചികിത്സാരംഗത്ത് പ്രവർത്തിച്ച് പതിനായിരത്തിലധികം പേരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന രണ്ട് കന്യാസ്ത്രീകൾക്ക് കേരള ആഭ്യന്തര വകുപ്പിന്റെ ആദരം. മാനന്തവാടി വിന്‍സന്‍റ് ഗിരി ആശുപത്രിയിലെ ഡി അഡീക്ഷൻ സെന്റർ ഡയറക്ടർമാരായ സിസ്റ്റർ മരിയ സെലിൻ പ്ലാമൂട്ടിലിനെയും സിസ്റ്റർ മേരി ആൻ നെല്ലിക്കയത്തിനെയുമാണ് 'തൂഫാൻ വാരിയർ' ബാഡ്‌ജ് നൽകി ആദരിച്ചത്. മാനന്തവാടി പോലീസ്, ഫയർ സ്‌റ്റേഷനുകളുടെ തറക്കല്ലിടൽ ചടങ്ങിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് ബാഡ്‌ജ്‌ അണിയിച്ചത്.

ലഹരിക്ക് അടിമകളായവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനായി ജീവിതം സമർപ്പിച്ച ഈ സിസ്റ്റർമാരാണ് യഥാർഥ തൂഫാൻ വാരിയർമാരെന്ന് മന്ത്രി പറഞ്ഞു. നാല് പതിറ്റാണ്ടായി ആയിരക്കണക്കിന് ആളുകൾക്ക് ലഹരിയിൽനിന്ന് മോചനം നൽകുന്ന ഇവർക്കും വിൻസൻ്റ് ഗിരി ആശുപത്രിയിലെ ഡിഅഡിക്ഷൻ സെന്ററിനും സർക്കാരിന്റെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ചടങ്ങിൽ സിസ്റ്റർമാരെ ആദരിക്കുന്നതിന് മുന്നോടിയായി ഇവരുടെ സേവനങ്ങളെക്കുറിച്ച് വേദിയിൽ അനൗൺസ്മെൻ്റ് നടത്തി.

1987ലാണ് വിൻസെന്‍റ് ഗിരി ആശുപത്രിയിൽ ലഹരിവിമുക്ത ചികിത്സ ആരംഭിച്ചത്. മദ്യത്തിനും മറ്റ് ലഹരിവസ്തുക്കൾക്കും അടിമപ്പെട്ട പതിനായിരത്തിലധികം പേർക്ക് ഇവിടെ ചികിത്സയിലൂടെ പുതുജീവിതം നൽകാൻ കഴിഞ്ഞിട്ടുണ്ട്. ഇന്ന് രാസലഹരിക്ക് അടിമപ്പെട്ട യുവാക്കൾ ഉൾപ്പെടെ ചികിത്സയ്ക്കായി ഇവിടെ എത്തുന്നുണ്ട്. ശാരീരിക പ്രയാസങ്ങൾക്കിടയിലും വിശ്രമജീവിതത്തിലേക്ക് മാറാതെ സേവനം തുടരുന്ന സിസ്റ്റർമാർ നിരവധി കുടുംബങ്ങൾക്കാണ് പ്രതീക്ഷയും ആശ്വാസവുമേകുന്നത്. ലഹരിമുക്ത കേരളം എന്ന ലക്ഷ്യത്തോടെ സംസ്ഥാന ആഭ്യന്തര വകുപ്പും കേരള പോലീസും നടപ്പാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ - ദ നാർക്കോ ഹണ്ട്' ദൗത്യത്തിന് പൂർണ പിന്തുണ തുടരുമെന്ന് സിസ്റ്റർമാർ അറിയിച്ചു.

മാനന്തവാടി പോലീസ് സ്‌റ്റേഷന് മുന്നിൽ നടന്ന ചടങ്ങിൽ മാനന്തവാടി എംഎൽഎ ഉഷ വിജയൻ അധ്യക്ഷത വഹിച്ചു. കൃഷിമന്ത്രി ടി. സിദ്ധിഖ് മുഖ്യപ്രഭാഷണം നടത്തി. ഐ.സി. ബാലകൃഷ്‌ണൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്‌ണൻ, വടക്കൻ മേഖല ഐജി പുട്ട വിമലാദിത്യ, കണ്ണൂർ റേഞ്ച് ഡിഐജി കെ. കാർത്തിക്, വയനാട് ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ, മാനന്തവാടി എഎസ്‌പി ബി. കാർത്തിക്, ജനപ്രതിനിധികള്‍ സംസാരിച്ചു.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »