News - 2026
കെനിയയിൽ അൽ-ഷബാബ് ഭീകരാക്രമണം: അഞ്ച് ക്രൈസ്തവര്‍ ഉള്‍പ്പെടെ എട്ട് പേർക്കു ദാരുണാന്ത്യം
പ്രവാചകശബ്ദം 13-11-2026 - Friday
നെയ്റോബി / മന്ദേര: ആഫ്രിക്കന്‍ രാജ്യമായ കെനിയയിലെ മന്ദേര കൗണ്ടിയില്‍ ഇസ്ലാമിക ഭീകര സംഘടനയായ അൽ-ഷബാബ് നടത്തിയ ഭീകരാക്രമണത്തിൽ അഞ്ച് ക്രൈസ്തവ തൊഴിലാളികള്‍ അടക്കം എട്ട് പേർ കൊല്ലപ്പെട്ടു. നവംബർ 10-ന് രാവിലെ മന്ദേര-അറേബ്യ റോഡിലെ ഹഗർസു പ്രദേശത്താണ് സംഭവം. റോഡ് നിർമ്മാണ പദ്ധതി പരിശോധിക്കുകയായിരുന്ന തൊഴിലാളികൾക്ക് നേരെ സൊമാലിയ ആസ്ഥാനമായുള്ള അൽ-ഷബാബ് ഭീകരർ പതിയിരുന്ന് ആക്രമണം നടത്തുകയായിരുന്നു. തൊഴിലാളികള്‍ പിന്തുടരുന്ന വിശ്വാസം കണക്കിലെടുത്തായിരിന്നു ആക്രമണമെന്നു ക്രൈസ്തവര്‍ക്ക് നേരെയുള്ള പീഡനങ്ങള്‍ നിരീക്ഷിക്കുന്ന 'ഇന്റര്‍നാഷ്ണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍' റിപ്പോര്‍ട്ട് ചെയ്യുന്നു.
ക്രൈസ്തവര്‍ക്ക് പുറമെ ഒരു ഡ്രൈവറും, തൊഴിലാളികൾക്ക് സുരക്ഷയൊരുക്കിയിരുന്ന രണ്ട് പോലീസ് സേനാംഗങ്ങളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ആക്രമണം പെട്ടെന്നുള്ളതായിരിന്നുവെന്ന് സംഭവത്തിന് സാക്ഷിയായ ഒരാൾ പറഞ്ഞു. "പലരും കടുത്ത ആഘാതത്തിലാണ്. എങ്കിലും മരണത്തിന്റെ നിഴൽ വീണ താഴ്വരയിലൂടെ നടന്നാലും ഞങ്ങൾ ഭയപ്പെടുകയില്ല, കാരണം യേശു ഞങ്ങളോടൊപ്പമുണ്ട്. നിലവിലെ സാഹചര്യങ്ങൾ എന്തുതന്നെയായാലും ദൈവത്തിലാണ് ഞങ്ങളുടെ പ്രത്യാശ" - ദൃക്സാക്ഷി വ്യക്തമാക്കി. അതേസമയം കെനിയയുടെ വടക്കുകിഴക്കൻ അതിർത്തി മേഖലകളിൽ അൽ-ഷബാബ് നടത്തിവരുന്ന ആക്രമണങ്ങളുടെ തുടർച്ചയായാണ് സംഭവത്തെ വിലയിരുത്തുന്നത്.
സൊമാലിയയുമായി അതിർത്തി പങ്കിടുന്ന മന്ദേര കൗണ്ടിയിൽ താമസിക്കുന്ന ക്രൈസ്തവര്‍ കടുത്ത സുരക്ഷാ ഭീഷണിയിലാണ് കഴിയുന്നത്. ജോലി ആവശ്യങ്ങൾക്കായി ഈ മേഖലയിലേക്ക് എത്തുന്നവർ തീവ്രവാദികളുടെ ഇരയാകുന്നതായി നേരത്തെ മുതല്‍ റിപ്പോര്‍ട്ടുണ്ട്. സുരക്ഷാ കാരണങ്ങളാൽ പ്രദേശത്തെ ക്രൈസ്തവ ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥന കൂട്ടായ്മ പരിമിതപ്പെടുത്തിയിരിക്കുകയാണ്. വിശ്വാസികൾ ആരാധനകളിൽ പങ്കെടുക്കുന്നതും ജോലിസ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നതും അതീവ ഭയത്തോടെയാണെന്നു 'ഇന്റര്‍നാഷ്ണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍' റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. അതേസമയം ഇസ്ലാമിക തീവ്രവാദികളുടെ ഭീഷണിക്ക് മുന്നിൽ പതറാതെ സുവിശേഷ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് പ്രാദേശിക ക്രൈസ്തവ നേതൃത്വം വ്യക്തമാക്കി.
'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?
നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.
സംഭാവന നൽകുക / Donate

















