News
സമാധാനത്തിനും അനുരഞ്ജനത്തിനുമായി കെനിയയില്‍ ദേശീയ പ്രാർത്ഥനാദിനം
പ്രവാചകശബ്ദം 07-10-2026 - Wednesday
നകൂരു: കെനിയയില്‍ വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്തും സമൂഹത്തിലും സമാധാനവും ഐക്യവും നിലനിൽക്കുന്നതിനായി ദൈവീക ഇടപെടല്‍ യാചിച്ച് പതിനായിരക്കണക്കിന് വിശ്വാസികൾ ദേശീയ പ്രാർത്ഥനാദിനത്തിനായി ഒത്തുചേർന്നു. നകൂരു രൂപതയിലെ പ്രശസ്തമായ സുബൂക്കിയ നാഷണൽ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ നടന്ന 2026-ലെ ദേശീയ പ്രാർത്ഥനാദിനത്തിലാണ് കെനിയയിലെ വിവിധ രൂപതകളിൽ നിന്നുള്ള കത്തോലിക്ക വിശ്വാസികൾ സംഗമിച്ചത്. കെനിയ കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്പ്സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വാർഷിക പ്രാർത്ഥനാ സംഗമം "സമാധാനം സ്ഥാപിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ദൈവപുത്രന്‍മാരെന്നു വിളിക്കപ്പെടും" (മത്തായി 5:9) എന്ന ബൈബിൾ വാക്യത്തെ ആസ്പദമാക്കിയാണ് നടന്നത്.
കുടുംബങ്ങളിലും സമൂഹത്തിലും രാജ്യത്താകമാനവും സമാധാനത്തിന്റെ സന്ദേശവാഹകരാകാൻ സഭാനേതൃത്വം വിശ്വാസികളോട് ആഹ്വാനം ചെയ്തു. കിസുമു അതിരൂപതയുടെ നേതൃത്വത്തിൽ നടന്ന ശുശ്രൂഷകളിൽ ദിവ്യകാരുണ്യ ആരാധനയും പ്രത്യേക പ്രാർത്ഥനകളും നടന്നു. രാഷ്ട്രീയ-സാമൂഹിക വ്യത്യാസങ്ങൾ മറന്ന് പരസ്പരം സ്നേഹത്തോടും സാഹോദര്യത്തോടും ജീവിക്കാനും, പൊതുനന്മയ്ക്കായി പ്രവർത്തിക്കുന്ന ഭരണാധികാരികളെ രാജ്യത്തിന് ലഭിക്കാനും മെത്രാന്മാരും വിശ്വാസികളും പ്രത്യേകമായി പ്രാർത്ഥിച്ചു. തീർത്ഥാടകരെ സ്വാഗതം ചെയ്തുകൊണ്ട് നകൂരു രൂപതാ ബിഷപ്പ് ക്ലിയോഫാസ് ഒസെസോ റ്റൂക്ക സംസാരിച്ചു.
രാജ്യത്തിനും കുടുംബങ്ങൾക്കും വേണ്ടിയുള്ള നന്ദിപ്രകാശനത്തിന്റെയും പ്രാർത്ഥനയുടെയും വലിയൊരു അവസരമാണിതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ക്രൈസ്തവരുടെ പരമപ്രധാനമായ ദൗത്യം എവിടെയായിരുന്നാലും സമാധാനം സ്ഥാപിക്കുക എന്നതാണെന്ന് ബംഗോമ രൂപതാ ബിഷപ്പ് മാർക്ക് കദിമ തന്റെ വചനസന്ദേശത്തിൽ പറഞ്ഞു. കെനിയൻ ജനതയെയും ഭരണാധികാരികളെയും ദൈവമാതാവിന്റെ പ്രത്യേക മാധ്യസ്ഥ്യത്തിന് സമർപ്പിക്കുകയാണെന്നും ദൈവപരിപാലനയിൽ ആശ്രയിച്ച് മുന്നോട്ടുപോകണമെന്നും കെനിയന്‍ മെത്രാന്‍ സമിതിയുടെ ചെയർമാനും കിസുമു ആർച്ച് ബിഷപ്പുമായ മോറിസ് മുഹാതിയ മകുംബ പറഞ്ഞു. കെനിയയില്‍ ഒരു കോടിയോളം ക്രൈസ്തവരാണുള്ളത്.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️



















