News

മധ്യപൂർവേഷ്യയിൽ ക്രൈസ്തവര്‍ കുടിയിറക്കപ്പെടുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ലെയോ പാപ്പ

പ്രവാചകശബ്ദം 21-11-2026 - Saturday

വത്തിക്കാന്‍ സിറ്റി: ദാരിദ്ര്യം, സംഘർഷം, കുടിയൊഴിപ്പിക്കൽ തുടങ്ങിയവയെ തുടര്‍ന്നു മധ്യപൂർവേഷ്യയിൽ ക്രൈസ്തവര്‍ കുടിയിറക്കപ്പെടുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ലെയോ പാപ്പ. 100 വർഷങ്ങൾക്ക് മുന്‍പ്, 1926-ൽ, പതിനൊന്നാം പീയൂസ് പാപ്പ മധ്യപൂർവേഷ്യ, വടക്കുകിഴക്കൻ ആഫ്രിക്ക, കിഴക്കൻ യൂറോപ്പ് എന്നിവിടങ്ങളിലെ പൗരസ്ത്യ കത്തോലിക്ക സഭകൾക്കും ജനങ്ങൾക്കും മാനുഷികവും അജപാലനപരവുമായ പിന്തുണ നൽകുന്നതിനായി സ്ഥാപിച്ച, 'കാത്തലിക് നിയർ ഈസ്റ്റ് വെൽഫെയർ അസോസിയേഷൻ' (CNEWA) അംഗങ്ങൾക്ക് കൂടിക്കാഴ്ച അനുവദിച്ച് സംസാരിക്കുകയായിരിന്നു പാപ്പ.

മധ്യപൂർവ്വദേശത്തുടനീളവും മറ്റ് പ്രദേശങ്ങളിലും, പൗരസ്ത്യ ക്രൈസ്തവർ യുദ്ധം, പീഡനം, അസ്ഥിരത, ദാരിദ്ര്യം എന്നിവയുടെ പ്രത്യാഘാതങ്ങൾ നേരിടുകയാണെന്നും, തങ്ങളുടെ പൂർവ്വികർ വസിച്ചിരുന്നതും ക്രൈസ്തവ വിശ്വാസത്തിന്റെ ആദ്യ നൂറ്റാണ്ടുകൾ മുതൽ തങ്ങളുടെ സഭകൾ സുവിശേഷം പ്രഘോഷിച്ചിരുന്നതുമായ നാടുകൾ ഉപേക്ഷിക്കാൻ അനേകർ നിർബന്ധിതരായിട്ടുണ്ടെന്നും പാപ്പ ചൂണ്ടികാണിച്ചു. ഒരു ക്രൈസ്തവ കുടുംബം തങ്ങളുടെ നാട് വിട്ടുപോകാൻ നിർബന്ധിതരാകുമ്പോൾ, കേവലം ഒരു വാസസ്ഥലത്തേക്കാൾ വലിയ നഷ്ടമാണ് സംഭവിക്കുന്നതെന്നും, അത് ഒരു സമൂഹം ദുർബലമാകുന്നതിനും, ജീവസ്സുറ്റ ഒരു പാരമ്പര്യം അപകടത്തിലാകുന്നതിനും, സഭയുടെ സാന്നിധ്യം ഇല്ലാതാകുന്നതിനും കാരണമാകുന്നുവെന്നും പാപ്പ പറഞ്ഞു.

പൗരസ്ത്യ ക്രൈസ്തവരെ അവരുടെ ജന്മനാടുകളിൽ അനുഗമിക്കുക എന്നത് അത്യന്താപേക്ഷിതമായ ഒരു പ്രത്യാശയുടെ പ്രവൃത്തിയാണെന്നും, അവരിൽ പലരും നിരാശയ്ക്ക് കീഴടങ്ങാൻ പ്രേരിപ്പിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ, അവർ തനിച്ചല്ലെന്നും ദുരിതവും, അനിശ്ചിതത്വവുമല്ല അവസാന വാക്കെന്നു ഓർമ്മിപ്പിക്കാൻ അസോസിയേഷന്റെ സാന്നിധ്യം സഹായിക്കുന്നുവെന്നു പാപ്പ എടുത്തുപറഞ്ഞു. പ്രതിസന്ധികളിൽ കഴിയുന്നവരോട് ചേർന്നുനിൽക്കുകയും അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ പ്രാദേശിക സഭകളെ സഹായിക്കുകയും ചെയ്യുന്നതിലൂടെ, അനേകം കുടുംബങ്ങൾക്ക് തങ്ങളുടെ സമൂഹങ്ങളിൽത്തന്നെ വേരുറപ്പിച്ചു നിൽക്കാൻ അസോസിയേഷൻ അവസരമൊരുക്കുന്നുവെന്നതും പാപ്പ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ നൂറുവർഷങ്ങളായി അസോസിയേഷൻ നൽകിവരുന്ന ഉദാരമായ സേവനങ്ങൾക്ക് പാപ്പ നന്ദിയർപ്പിച്ചു. പൗരസ്ത്യസഭകൾക്കായുള്ള ഡിക്കസ്റ്ററിക്ക് നൽകുന്ന നിരന്തരമായ പിന്തുണയ്ക്കും പാപ്പ അഭിനന്ദനങ്ങളും, നന്ദിയും അറിയിച്ചു. സാർവത്രിക സഭയുമായുള്ള അസോസിയേഷന്റെ കൂട്ടായ്മ കൂടുതൽ ആഴത്തിലാക്കാൻ റോമിൽ ആയിരിക്കുന്ന ഈ ദിവസങ്ങൾ സഹായകരമാകട്ടെയെന്നും പാപ്പ ആശംസിച്ചു. ഇറാഖ്, ഇസ്രായേൽ, ജോർദാൻ, പലസ്തീൻ, ലെബനോൻ, സിറിയ, ഈജിപ്ത്, എറിത്രിയ, എത്യോപ്യ, ഇന്ത്യ, അർമേനിയ, ജോർജിയ, ഉക്രെയ്ൻ എന്നീ രാജ്യങ്ങളാണ് പ്രധാനമായും, ഈ സംഘടനയുടെ സഹായങ്ങൾ സ്വീകരിക്കുന്നത്.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »