News
വത്തിക്കാൻ - ചൈന കരാർ പ്രകാരം വീണ്ടും ചൈനയില്‍ മെത്രാഭിഷേകം
പ്രവാചകശബ്ദം 20-11-2026 - Friday
ബെയ്ജിംഗ്/ വത്തിക്കാൻ സിറ്റി: വത്തിക്കാൻ - ചൈന താൽക്കാലിക കരാറിന്റെ പശ്ചാത്തലത്തിൽ ചൈനയിൽ വീണ്ടും കത്തോലിക്കാ ബിഷപ്പിനെ നിയമിച്ചു. നവംബർ 18നു സിയാമെൻ രൂപതയുടെ അദ്ധ്യക്ഷനായി ഫാ. ജ്യൂസെപ്പെ ലിയു ഹെങ്പിങ്ങ് മെത്രാനായി അഭിഷിക്തനായതെന്നു വത്തിക്കാൻ ഇക്കഴിഞ്ഞ ദിവസം മാധ്യമങ്ങളെ അറിയിച്ചു. ലെയോ പതിനാലാമൻ പാപ്പയുടെ ഭരണകാലത്ത് ചൈനയിൽ നിയമിക്കപ്പെടുന്ന പത്താമത്തെ ബിഷപ്പാണിത്.
2010 മുതൽ 2025 വരെ സിയാമെൻ രൂപതയെ നയിച്ചിരുന്ന ബിഷപ്പ് ജോസഫ് കായ് ബിങ്‌റൂയിയെ ഫുഷൗ അതിരൂപതയുടെ ആർച്ച് ബിഷപ്പായി നിയമിച്ചതിനെത്തുടർന്ന് ഏകദേശം രണ്ട് വർഷത്തോളമായി ഈ രൂപതയ്ക്ക് സ്വന്തമായി ബിഷപ്പ് ഉണ്ടായിരുന്നില്ല. വത്തിക്കാനും ചൈനയും തമ്മിലുള്ള കരാർ പ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന ഇരുപതാമത്തെ ബിഷപ്പ് കൂടിയാണ് ഹെങ്പിങ്. 1999-ൽ പൗരോഹിത്യം സ്വീകരിച്ച ഹെങ്പിങ് തത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും പഠനം പൂർത്തിയാക്കിയ ശേഷം തെക്കുകിഴക്കൻ ചൈനയിലെ ഫുജിയാൻ പ്രവിശ്യയിലെ വിവിധ ഇടവകകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2018 സെപ്റ്റംബറില്‍ വത്തിക്കാനും ചൈനയും തമ്മില്‍ ഒപ്പുവെച്ച കരാര്‍ 2020 സെപ്റ്റംബറിലാണ് ആദ്യമായി പുതുക്കിയത്. ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള സഭയിലെയും സര്‍ക്കാരിനെ ഭയപ്പെട്ടു പ്രവര്‍ത്തിക്കുന്ന വത്തിക്കാന്റെ കീഴിലുള്ള ഔദ്യോഗിക സഭയിലെയും വിശ്വാസികളെ ഒരുമിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണു ഈ കരാറിനു വത്തിക്കാന്‍ തയാറായത്. 2018-ലെ വത്തിക്കാൻ-ചൈന കരാറിനെക്കുറിച്ച് വത്തിക്കാൻ ഉദ്യോഗസ്ഥർക്കിടയിൽ തന്നെ ഭിന്നാഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്. കരാറിലെ അപൂർണ്ണതകൾ വ്യക്തമാണെങ്കിലും ചർച്ചകളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് വത്തിക്കാൻ വിദേശകാര്യ സെക്രട്ടറി ആർച്ച് ബിഷപ്പ് പോൾ ഗല്ലഗർ ഇക്കഴിഞ്ഞ മാസം മാധ്യമപ്രവർത്തകരോട് പറഞ്ഞിരിന്നു.
'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?
നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.
സംഭാവന നൽകുക / Donate



















