News - 2026

വെസ്റ്റ് ബാങ്കിലെ അവസാന ക്രിസ്ത്യൻ ഗ്രാമത്തിന് പുതുജീവൻ; 1,500 വർഷം പഴക്കമുള്ള ദേവാലയത്തില്‍ പുനരുദ്ധാരണം

പ്രവാചകശബ്ദം 19-11-2026 - Thursday

തയ്ബെ (വെസ്റ്റ് ബാങ്ക്): വെസ്റ്റ് ബാങ്കിൽ അവശേഷിക്കുന്ന അവസാനത്തെ ക്രിസ്ത്യൻ ഗ്രാമമായ തയ്ബെയിലെ 1,500 വർഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ സെന്റ് ജോർജ്ജ് പള്ളിയില്‍ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നു. അഞ്ചാം നൂറ്റാണ്ടില്‍ സ്ഥാപിക്കപ്പെട്ട സെന്റ് ജോർജ്ജ് ദേവാലയത്തിനു നേരെയാണ് ഇസ്രായേലി കുടിയേറ്റക്കാര്‍ ആക്രമണം നടത്തിയത്. മേഖലയില്‍ നടത്തിയ ആക്രമണത്തില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ദേവാലയത്തിനും അതിനടുത്തുള്ള ക്രിസ്ത്യൻ സെമിത്തേരിക്കും കേടുപാടുകളും സംഭവിച്ചിരിന്നു.

നിലവില്‍ നടക്കുന്ന പുനരുദ്ധാരണ പദ്ധതിയുടെ ആദ്യഘട്ടത്തിന് ഇറ്റലിയാണ് സാമ്പത്തിക സഹായം നൽകിയിരിക്കുന്നത്. തുടർന്നുള്ള ഘട്ടങ്ങളിൽ ജെറുസലേമിലെ യു.എസ്. എംബസിയുടെ പിന്തുണയും പ്രതീക്ഷിക്കുന്നുണ്ട്. സമീപകാലത്തുണ്ടായ ആക്രമണങ്ങൾ ഗ്രാമത്തെ അന്താരാഷ്ട്ര ശ്രദ്ധയിലേക്ക് കൊണ്ടുവന്നിരുന്നെങ്കിലും, പുനരുദ്ധാരണത്തിലൂടെ തയ്ബെയുടെ പുണ്യസ്ഥലങ്ങളെയും പൈതൃകത്തെയും മുൻനിർത്തി ആഗോള ടൂറിസം ഭൂപടത്തിൽ ഇടംപിടിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് തയ്ബെ ഇടവക വികാരിയായ ഫാ. ബഷാർ ഫവാദ്‌ലെ പറഞ്ഞു.





കുരിശുമരണത്തിന് മുൻപ് യേശുക്രിസ്തു ഈ പ്രദേശത്ത് താമസിച്ചിരുന്നുവെന്ന ചരിത്രപരമായ പ്രാധാന്യവും സ്ഥലത്തിനുണ്ട്. പള്ളിയുടെ പുരാതനമായ കൽഭിത്തികളും മൊസൈക്കുകളും ശ്രദ്ധാപൂർവ്വം സംരക്ഷിക്കുന്നതിനൊപ്പം പ്രാദേശിക യുവാക്കൾക്ക് പൈതൃക സംരക്ഷണത്തിൽ പരിശീലനം നൽകാനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. പുനരുദ്ധാരണത്തിന് മുൻപും ശേഷവും കൃത്യമായ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്ന് പുരാവസ്തു സംരക്ഷണ വിദഗ്ധനായ റാഇദ് ഖലീൽ വ്യക്തമാക്കി.

പള്ളിയുടെ തനിമ നിലനിർത്തിക്കൊണ്ടുതന്നെ തീർത്ഥാടകർക്കും സന്ദർശകർക്കും ഇവിടേക്ക് എളുപ്പത്തിൽ എത്തിച്ചേരാനുള്ള സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. പൂർണ്ണമായും ക്രൈസ്തവര്‍ മാത്രം വസിക്കുന്ന ഒരേയൊരു പലസ്തീൻ ഗ്രാമമായാണ് തയ്ബെയെ വിശേഷിപ്പിക്കാറുള്ളത്. കത്തോലിക്ക, ഗ്രീക്ക് ഓർത്തഡോക്സ്, മെൽക്കൈറ്റ് ക്രൈസ്തവരാണ് മേഖലയില്‍ അധിവസിക്കുന്നത്.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »