News
വെസ്റ്റ് ബാങ്കിലെ ക്രൈസ്തവരുടെ സുരക്ഷയ്ക്ക് തയ്ബെയിൽ സൈനിക നിയന്ത്രണവുമായി ഇസ്രായേൽ
പ്രവാചകശബ്ദം 10-08-2026 - Monday
ജെറുസലേം: വെസ്റ്റ് ബാങ്കിലെ ക്രൈസ്തവര്‍ തിങ്ങി പാര്‍ക്കുന്ന തയ്ബെ ഗ്രാമത്തിൽ താമസക്കാരല്ലാത്തവർക്ക് പ്രവേശനം നിരോധിച്ചുകൊണ്ടു ഇസ്രായേൽ സൈന്യത്തിന്റെ പ്രഖ്യാപനം. വെസ്റ്റ് ബാങ്കിൽ അവശേഷിക്കുന്ന ചുരുക്കം ചില ക്രിസ്ത്യൻ ഗ്രാമങ്ങളിലൊന്നായ തയ്ബെ, പ്രമുഖ ക്രൈസ്തവ നേതാക്കളുടെ സന്ദർശനങ്ങൾക്ക് വേദിയായ മേഖല കൂടിയാണ്. വെസ്റ്റ് ബാങ്കിലുടനീളം ഇസ്രായേലി കുടിയേറ്റക്കാർ ഫലസ്തീനികൾക്ക് നേരെ നടത്തുന്ന ആക്രമണങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെയാണ്, ഇന്നലെ ഞായറാഴ്ച തയ്ബെ ഗ്രാമത്തിൽ താമസക്കാരല്ലാത്തവരുടെ പ്രവേശനം ഇസ്രായേൽ സൈന്യം നിരോധിച്ചത്.
തായ്ബെയിലെ ക്രൈസ്തവ സാന്നിധ്യം ഗുരുതര ഭീഷണിയിലാണെന്ന മുന്നറിയിപ്പുമായി ഇടവക വികാരി ഫാ. ബഷാർ ഫവാഡ്ലെ നേരത്തെ രംഗത്ത് വന്നിരിന്നു. അനധികൃത കുടിയേറ്റക്കാരില്‍ നിന്നും ക്രൈസ്തവ സാന്നിധ്യം സംരക്ഷിക്കാൻ അന്താരാഷ്ട്ര സംഘടനകളും സുമനസ്സുകളും അടിയന്തരമായി ഇടപെടണമെന്നായിരിന്നു അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന. അതേസമയം പുതിയ നിയന്ത്രണം ഇസ്രായേലികൾക്ക് മാത്രമേ ബാധകമാകൂവെന്നും പാലസ്തീനികൾക്ക് ബാധകമല്ലെന്നും ഇസ്രായേലി സൈന്യം അറിയിച്ചിട്ടുണ്ട്. പ്രദേശത്ത് ഇസ്രായേലി കുടിയേറ്റക്കാര്‍ നടത്തിയ അക്രമസംഭവങ്ങളെത്തുടർന്നാണ് തയ്ബെ പ്രദേശം അടച്ചിട്ട സൈനിക മേഖലയാക്കി മാറ്റിയതെന്ന് സൈനിക വക്താവ് പറഞ്ഞു.
ഉത്തരവ് ലംഘിക്കപ്പെടുന്നതായി വിവരം ലഭിച്ചാൽ, പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ക്രമസമാധാനം നിലനിർത്തുന്നതിനുമായി ഐഡിഎഫ് സൈനികരെ അവിടേക്ക് അയക്കുകയും കസ്റ്റഡിയിലെടുക്കാനുമുള്ള നടപടികൾ സ്വീകരിക്കുമെന്നും സൈന്യം പ്രസ്താവനയിൽ വ്യക്തമാക്കി.റാമല്ലയ്ക്ക് സമീപം പലസ്തീൻ കുന്നിൻ മുകളില്‍ സ്ഥിതി ചെയ്യുന്ന ചരിത്രപരമായ ഗ്രാമമാണ് തയ്ബെ. വെസ്റ്റ് ബാങ്കിലെ അവസാനത്തെ പൂർണ്ണ ക്രിസ്ത്യൻ ഗ്രാമമായാണ് തയ്ബെയെ പൊതുവേ വിശേഷിപ്പിക്കാറുള്ളത്. കത്തോലിക്ക, ഗ്രീക്ക് ഓർത്തഡോക്സ്, മെൽക്കൈറ്റ് ക്രൈസ്തവര്‍ എന്നിവരുടെ സാന്നിധ്യം കൊണ്ടും അഞ്ചാം നൂറ്റാണ്ടിലെ സെന്റ് ജോർജ്ജ് ദേവാലയം ഉള്‍പ്പെടെയുള്ള പുരാതന സ്ഥലങ്ങൾ വഴിയും ആഴത്തിലുള്ള ക്രിസ്ത്യൻ പൈതൃകം നിറഞ്ഞു നില്ക്കുന്ന ഇടമാണിത്. തയ്ബെയിൽ ഏകദേശം 1,200 മുതൽ 1,300 വരെ ക്രൈസ്തവരുണ്ടെന്നാണ് കണക്ക്.
♦️ 'പ്രവാചകശബ്ദ'ത്തെ സഹായിക്കാമോ? ♦️



















