News

വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ 800-ാം ചരമവാർഷികം: ചരിത്രപരമായ ആഘോഷങ്ങൾക്കു അസ്സീസി ഒരുങ്ങി

പ്രവാചകശബ്ദം 21-09-2026 - Monday

അസ്സീസി: ഫ്രാൻസിസ്കൻ സന്യാസ സമൂഹത്തിന്റെ സ്ഥാപകനായ വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ 800-ാം ചരമവാർഷിക ആഘോഷങ്ങൾക്ക് ഇറ്റലിയിലെ അസ്സീസി നഗരം ഒരുങ്ങുന്നു. ഒക്ടോബർ 3, 4 തീയതികളിലായി നടക്കുന്ന ചരിത്രപരമായ തിരുനാൾ ആഘോഷങ്ങളിലും പ്രാർത്ഥനാ ശുശ്രൂഷകളിലും പങ്കെടുക്കാൻ ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് തീർത്ഥാടകർ അസ്സീസിയിലേക്ക് ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തിരുനാൾ ദിനമായ ഒക്ടോബർ 4-ന്, ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മത്തറെല്ലയും നഗരത്തിലെത്തും. അസ്സീസിയിലെ ബസിലിക്കകൾക്കായുള്ള മാർപാപ്പയുടെ പ്രതിനിധിയായ കർദ്ദിനാൾ ഏഞ്ചൽ ഫെർണാണ്ടസ് ആർട്ടിമിന്റെ സാന്നിധ്യത്തിൽ, ബൊളോഗ്ന ആർച്ച് ബിഷപ്പും ഇറ്റാലിയൻ മെത്രാന്‍ സമിതി പ്രസിഡന്റുമായ കർദ്ദിനാൾ മത്തെയോ മരിയ സുപ്പി വിശുദ്ധ കുർബാനയ്ക്ക് മുഖ്യകാർമ്മികത്വം വഹിക്കും.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള സഭാ നേതാക്കളും വിശ്വാസികളും പങ്കെടുക്കുന്ന തിരുക്കർമ്മങ്ങളും പ്രാർത്ഥനാ സംഗമങ്ങളും വരും ദിവസങ്ങളിൽ അസ്സീസിയിൽ നടക്കും. സമാധാനവും സാഹോദര്യവും മുഖ്യപ്രമേയമാക്കിയാണ് ഇത്തവണത്തെ അനുസ്മരണ ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്. സെപ്റ്റംബർ 24-ന് ആരംഭിക്കുന്ന പരിപാടികൾ ഒക്ടോബർ 5 വരെ നീണ്ടുനിൽക്കും. ആരാധനാപരമായ ചടങ്ങുകൾക്ക് പുറമേ, സാംസ്കാരിക പരിപാടികളും വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളും ഈ നാളുകളില്‍ നടത്തപ്പെടും. 1226 ഒക്ടോബർ 3-നാണ് വിശുദ്ധ ഫ്രാൻസിസ് അസ്സീസി നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »