News

സക്രാരി തകര്‍ത്ത് തിരുവോസ്തി മോഷ്ടിച്ചു; ഉപവാസ പ്രാര്‍ത്ഥനയ്ക്കു ആഹ്വാനവുമായി നൈജീരിയന്‍ മെത്രാപ്പോലീത്ത

പ്രവാചകശബ്ദം 19-11-2026 - Thursday

കടുണ: ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്കൊണ്ട് കുപ്രസിദ്ധിയാര്‍ജ്ജിച്ച നൈജീരിയായിലെ കടുണ അതിരൂപതയില്‍ സക്രാരി തകര്‍ത്ത് തിരുവോസ്തി മോഷ്ടിച്ചു കൊണ്ടുപോയ സംഭവത്തില്‍ ഉപവാസ പ്രാര്‍ത്ഥനയ്ക്കു ആഹ്വാനവുമായി മെത്രാപ്പോലീത്ത. നവംബർ 14 ശനിയാഴ്ചയാണ് അതിരൂപതയ്ക്ക് കീഴിലുള്ള മലാലി ഫെഡറൽ ട്രെയിനിംഗ് സെന്ററിലെ (FTC) ക്രൈസ്റ്റ് ദി കിംഗ് ചാപ്പലിൽ ആക്രമണവും മോഷണവും അരങ്ങേറിയതെന്ന് ആർച്ച് ബിഷപ്പ് മാത്യു മാൻ-ഒസോ എൻഡാഗോസോ അറിയിച്ചു.

ചാപ്പലിൽ അതിക്രമിച്ചു കയറിയ മോഷ്ടാക്കൾ കാസ, കുസ്തോതി ഉള്‍പ്പെടെയുള്ള വിശുദ്ധ വസ്തുക്കൾ കവർന്നു. ഇതില്‍ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത് സക്രാരി തകർക്കപ്പെടുകയും അതിലുണ്ടായിരുന്ന തിരുവോസ്തികൾ മോഷ്ടിക്കപ്പെടുകയും ചെയ്ത സംഭവമാണെന്ന് നവംബർ 17-ന് ആര്‍ച്ച് ബിഷപ്പ് പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കി. ദൗർഭാഗ്യകരമായ സംഭവത്തിന് പ്രായശ്ചിത്തമായി അതിരൂപതയിലെ എല്ലാ വിശ്വാസികളും ഉപവസിക്കാനും പ്രാർത്ഥിക്കാനും ആർച്ച് ബിഷപ്പ് ആഹ്വാനം ചെയ്തു.

സൗകര്യപ്രദമായ ഒരു ദിവസം ചാപ്പലിൽ പ്രായശ്ചിത്ത ബലി അർപ്പിക്കുമെന്നും വൈദികർക്കും അയച്ച കത്തിൽ അദ്ദേഹം അറിയിച്ചു. 1982-ൽ സ്ഥാപിതമായ ഈ ചാപ്പൽ, സെന്ററിലെ വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും ആത്മീയ ആവശ്യങ്ങൾക്കായി ഓർഡർ ഓഫ് സെന്റ് അഗസ്റ്റിൻ (OSA) സന്യാസ സമൂഹത്തിലെ വൈദികരുടെ മേൽനോട്ടത്തിലാണ് പ്രവർത്തിക്കുന്നത്. ക്രൈസ്തവ സമൂഹങ്ങൾക്കും ആരാധനാലയങ്ങൾക്കും വൈദികര്‍ക്കും നേരെ അരങ്ങേറുന്ന ആക്രമണങ്ങളെ തുടര്‍ന്നു കുപ്രസിദ്ധിയാര്‍ജ്ജിച്ച മേഖലയാണ് നൈജീരിയയിലെ കടുണ സംസ്ഥാനം.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »