News - 2026

നൈജീരിയയിൽ തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികനു മോചനം

പ്രവാചകശബ്ദം 20-10-2026 - Tuesday

അബൂജ: വടക്കൻ - മധ്യ നൈജീരിയയിലെ ബെന്യൂ സംസ്ഥാനത്തു നിന്ന് തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികൻ ഫാ. ജോൺ ഇനലെഗ്വു ഒട്ടാച്ചെയെ സുരക്ഷാസേന മോചിപ്പിച്ചു. അഞ്ചു ദിവസത്തെ തടങ്കലിന് ശേഷമാണ് ഇദ്ദേഹത്തിന് മോചനം ലഭിച്ചത്. ഫാ. ഒട്ടാച്ചെയ്ക്കൊപ്പം ബന്ദികളാക്കപ്പെട്ടിരുന്ന മറ്റ് അഞ്ച് പേരെയും സുരക്ഷാസേന മോചിപ്പിച്ചിട്ടുണ്ട്.

ഒക്ടോബർ 13-ന് ഒഹിമിനി പരിധിയിലെ ഒട്ടോബി അമേജോ–അജെഗ്ബെ റോഡിൽ വെച്ചാണ് സെന്റ് മാർഗരറ്റ് ഇടവക വികാരിയായ ഫാ. ജോൺ ഇനലെഗ്വുവിനെ സായുധ സംഘം തട്ടിക്കൊണ്ടുപോയത്. ഒക്ടോബർ 18 ഞായറാഴ്ച വൈകുന്നേരത്തോടെയാണ് സുരക്ഷാസേന ഇവരെ മോചിപ്പിച്ചതെന്ന് ബെന്യൂ സംസ്ഥാന പോലീസ് സ്ഥിരീകരിച്ചു. പ്രാദേശിക വിജിലൻസ് ഗ്രൂപ്പുകളുടെ സഹായത്തോടെ സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയതെന്ന് പോലീസ് വക്താവ് ഡെപ്യൂട്ടി സൂപ്രണ്ട് ആണ്ടോഗു ഒർച്ചിയ പറഞ്ഞു.

ഫാ. ഒട്ടാച്ചെയുടെ മോചനത്തിൽ ഒടുക്പോ രൂപതാ ബിഷപ്പ് മൈക്കിൾ എക്വോയി അപോച്ചി നന്ദി രേഖപ്പെടുത്തി. വൈദികന്റെ സുരക്ഷിതമായ തിരിച്ചുവരവിനായി പ്രാർത്ഥിക്കുകയും ഒപ്പം നിൽക്കുകയും ചെയ്ത എല്ലാ വിശ്വാസികൾക്കും സുമനസ്സുകൾക്കും രൂപത നന്ദി അറിയിച്ചു. മോചിപ്പിക്കപ്പെട്ടവരെ വൈദ്യപരിശോധനകൾക്കായി ഒടുക്പോ യൂണിവേഴ്സിറ്റി ടീച്ചിംഗ് ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️




Related Articles »