News

നൈജീരിയയിൽ ഈ വർഷം 4216 ക്രൈസ്തവര്‍ കൊല്ലപ്പെട്ടതായി യുഎസ് സന്നദ്ധ സംഘടനയുടെ റിപ്പോര്‍ട്ട്

പ്രവാചകശബ്ദം 07-10-2026 - Wednesday

അബൂജ: നൈജീരിയയിൽ ക്രൈസ്തവ ജനവിഭാഗങ്ങൾക്ക് നേരെയുള്ള അക്രമങ്ങളും പീഡനങ്ങളും അതിരൂക്ഷമായി തുടരുന്നതായി സ്ഥിരീകരിച്ച് റിപ്പോർട്ട്. ഈ വർഷം ജനുവരി 1 മുതൽ സെപ്റ്റംബർ 8 വരെയുള്ള കാലയളവിൽ മാത്രം രാജ്യത്ത് 4216 ക്രൈസ്തവർ കൊല്ലപ്പെട്ടതായി യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ 'ഇക്വിപ്പിംഗ് ദി പെർസിക്യൂട്ടഡ്' (ETP) പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 'ക്രൈസിസ് ഇൻ ദ മിഡിൽ ബെൽറ്റ്: റിലിജിയസ് പെർസിക്യൂഷൻ & സെക്യൂരിറ്റി ഫെയിലിയർ ഇൻ നൈജീരിയ' എന്ന പേരിൽ പുറത്തിറക്കിയ 16 പേജുള്ള റിപ്പോർട്ടിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങളുള്ളത്.

പ്രതിദിനം ശരാശരി 17 പേർ വീതം അല്ലെങ്കിൽ ഒന്നര മണിക്കൂറിൽ ഒരാൾ എന്ന തോതിൽ ക്രൈസ്തവർ കൊല്ലപ്പെടുന്നുവെന്നും സംഘടനയുടെ കണക്കുകളില്‍ പറയുന്നു. ദൃക്‌സാക്ഷി വിവരണങ്ങൾ, അതിജീവിച്ചവരുടെ മൊഴികൾ, മെഡിക്കൽ- മൃതസംസ്കാര രേഖകൾ, ക്രൈസ്തവ ആരാധനാലയങ്ങളുടെ രേഖകൾ എന്നിവ അടിസ്ഥാനമാക്കിയാണ് കണക്കുകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ലഭ്യമായ വസ്തുതകൾ പ്രകാരം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ കണക്കുകൾ മാത്രമാണിതെന്നും സംഘടന വ്യക്തമാക്കുന്നു.

അക്രമങ്ങളെ തുടർന്ന് മധ്യ നൈജീരിയയില്‍ അറുനൂറിലധികം ക്രൈസ്തവ സമൂഹങ്ങള്‍ ഛിന്നഭിന്നമായി. അഞ്ച് ദശലക്ഷത്തിലധികം ക്രൈസ്തവർ ഭവനരഹിതരായി പലായനം ചെയ്യാൻ നിർബന്ധിതരായി. ഗ്രാമങ്ങൾ ആക്രമിക്കുക, തീവെപ്പ്, തട്ടിക്കൊണ്ടുപോകൽ, തുടർച്ചയായ കുടിയൊഴിപ്പിക്കൽ തുടങ്ങിയവയാണ് ക്രൈസ്തവര്‍ക്ക് നേരെ സായുധ സംഘം നടത്തുന്ന പ്രധാന അക്രമ രീതികൾ. സെപ്റ്റംബറിലെ ഒരു ആഴ്ചയിൽ മാത്രം വിവിധ സംസ്ഥാനങ്ങളിലായി 35 പേർ കൊല്ലപ്പെടുകയും എഴുപതിലധികം പേർ തട്ടിക്കൊണ്ടുപോകലിന് ഇരയാകുകയും ചെയ്തതായി റിപ്പോർട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

നൈജീരിയയിലെ ഈ അക്രമങ്ങളെ പലപ്പോഴും കർഷകരും ഇടയന്മാരും തമ്മിലുള്ള സാധാരണ തർക്കങ്ങളായോ പ്രാദേശിക സംഘർഷങ്ങളായോ ലഘൂകരിച്ച് ചിത്രീകരിക്കാറുണ്ടെന്നും എന്നാൽ ഇത് യാഥാർത്ഥ്യത്തെ മറച്ചുവെക്കലാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഗ്രാമങ്ങൾ നശിപ്പിക്കുന്നതും ദേവാലയങ്ങള്‍ ചുട്ടെരിക്കുന്നതും ഭൂമി പിടിച്ചെടുക്കുന്നതുമെല്ലാം സംഘടിത തീവ്രവാദ ഗ്രൂപ്പുകൾ നടത്തുന്ന മതപരമായ അക്രമങ്ങളുടെ ഭാഗമാണ്. സംഘടിത ഫുലാനി ശൃംഖലകൾക്ക് പുറമെ ബൊക്കോ ഹറാം, ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രൊവിൻസ് (ISWAP), അൻസാരു, ലകുറാവ തുടങ്ങിയ ഭീകര സംഘടനകളും ഈ അക്രമങ്ങൾക്ക് പിന്നിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »