News
വിശുദ്ധ നാട്ടില്‍ സന്ദര്‍ശനവുമായി പൗരസ്ത്യ സഭകൾക്കായുള്ള ഡിക്കാസ്റ്ററിയുടെ അധ്യക്ഷന്‍
പ്രവാചകശബ്ദം 21-11-2026 - Saturday
ബെത്ലഹേം: വിശുദ്ധ നാട്ടിലേക്കു അജപാലന സന്ദർശനവുമായി പൗരസ്ത്യ സഭകൾക്കായുള്ള ഡിക്കാസ്റ്ററിയുടെ അധ്യക്ഷന്‍ കർദ്ദിനാൾ ക്ലൗദിയോ ഗുജെറോത്തി. നവംബർ 18-നാണ് പൗരസ്ത്യ സഭകൾക്കായുള്ള ഡികാസ്റ്ററിയുടെ തലവന്‍ ബെത്ലഹേം സന്ദർശിച്ചത്. വിശുദ്ധ നാട്ടിലെ ക്രൈസ്തവരോടുള്ള ആഗോള സഭയുടെ സാമീപ്യം, യേശു ജനിച്ച ഇടങ്ങളിൽ അവരുടെ സാന്നിധ്യം സംരക്ഷിക്കാനുള്ള പ്രതിബദ്ധത, അക്രമത്തിന് ഇരയായ എല്ലാവർക്കും സമാധാനവും നീതിയും വേണമെന്ന അഭ്യർത്ഥന എന്നിങ്ങനെയുള്ള വിവിധ ലക്ഷ്യങ്ങളുമായാണ് വത്തിക്കാന്‍ പ്രതിനിധി അജപാലന സന്ദർശനം തുടരുന്നത്.
യുദ്ധം മൂലം സാമ്പത്തികവും സാമൂഹികവുമായ ബുദ്ധിമുട്ടുകൾ രൂക്ഷമായ പലസ്തീനിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കേൾവിപരിമിതിയുള്ള കുട്ടികളുടെ പരിചരണത്തിനും വിദ്യാഭ്യാസത്തിനുമായി പ്രവർത്തിക്കുന്ന പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് എഫേത്തായിൽ കർദ്ദിനാൾ അവിടുത്തെ കുട്ടികളുമായും അവരുടെ വളർച്ചയ്ക്കായി അനുദിനം പ്രവർത്തിക്കുന്നവരുമായും കൂടിക്കാഴ്ച നടത്തി. യുദ്ധം സാമ്പത്തികവും സാമൂഹികവുമായ ബുദ്ധിമുട്ടുകൾ കൂടുതൽ വഷളാക്കിയ ഒരു മേഖലയിലെ ഏറ്റവും ദുർബലരായവരോടുള്ള സഭയുടെ കരുതലിന്റെ അടയാളമായായിരിന്നു സന്ദര്‍ശനം.
ജെറുസലേം ലത്തീൻ പാത്രിയാർക്കീസ് കർദ്ദിനാൾ പിയർബറ്റിസ്റ്റ പിസബല്ല, വിശുദ്ധ നാടിൻറെ സൂക്ഷിപ്പുകാരൻ, അപ്പസ്തോലിക ന്യൂൺഷ്യോ എന്നിവർക്കൊപ്പമാണ് കർദ്ദിനാൾ ഗുജെറോത്തി തിരുപ്പിറവിയുടെ ബസിലിക്കയില്‍ സന്ദര്‍ശനം നടത്തിയത്. തീർത്ഥാടന കേന്ദ്രം സംരക്ഷിക്കുന്ന ഫ്രാൻസിസ്കൻ സന്യാസിമാർക്കും നഗരത്തിൽ തുടരുന്ന ക്രൈസ്തവർക്കും സഭയുടെ നന്ദി അദ്ദേഹം അറിയിച്ചു. ബെയ്റ്റ് ജാല സെമിനാരിയിൽ പലസ്തീനിലെ സെമിനാരി വിദ്യാർത്ഥികളുമായും ഇടവക വൈദികരുമായും കൂടിക്കാഴ്ച നടത്തി.
'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?
നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.
സംഭാവന നൽകുക / Donate



















