News - 2026
വിശുദ്ധ നാട്ടിലെ ക്രിസ്ത്യാനികൾ മടുത്തു, അവർക്ക് വേണ്ടത് സമാധാനം: ജെറുസലേം പാത്രിയാര്‍ക്കീസ്
പ്രവാചകശബ്ദം 07-08-2026 - Friday
അസ്സീസി: സംഘര്‍ഷഭരിതമായ വിശുദ്ധ നാട്ടിലെ ക്രിസ്ത്യാനികൾ തളര്‍ന്നു കഴിഞ്ഞുവെന്നും അവർക്ക് സമാധാനമാണ് ഇപ്പോള്‍ വേണ്ടതെന്നു ജെറുസലേം പാത്രിയാര്‍ക്കീസ് കര്‍ദ്ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബല്ല. ജെറുസലേം ആസ്ഥാനമായുള്ള 'എലിയാഹ് ഇന്റർഫെയ്ത്ത് ഇൻസ്റ്റിറ്റ്യൂട്ട്' മുൻകൈയെടുത്ത് നടപ്പിലാക്കുന്ന 'ഗ്ലോബൽ ഹൗസ് ഓഫ് ഫ്രണ്ട്ഷിപ്പ് ആൻഡ് ഹോപ്പ്' എന്ന പുതിയ അന്താരാഷ്ട്ര പദ്ധതിയുടെ ഉദ്ഘാടനത്തിനായി അസ്സീസി നഗരത്തിലെത്തിയപ്പോള്‍ വത്തിക്കാൻ മീഡിയയോട് സംസാരിക്കുകയായിരിന്നു അദ്ദേഹം. വിശുദ്ധ നാടിനെക്കുറിച്ചും, സമാധാനവുമില്ലാത്ത അവസ്ഥയെക്കുറിച്ചുള്ള തന്റെ ദുഃഖങ്ങളും അദ്ദേഹം പങ്കുവെച്ചു.
വാസ്തവത്തിൽ, മധ്യപൂര്‍വ്വേഷ്യയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ വളരെയധികം സമയം ആവശ്യമാണ്. നമുക്ക് പുതിയ മുഖങ്ങളും പുതിയ നേതാക്കളും ആവശ്യമാണ്. ആഗതമാകുന്ന വോട്ടെടുപ്പില്‍ വോട്ടർമാരാണ് അത് തീരുമാനിക്കേണ്ടത്. ജെറുസലേമിലെ സാഹചര്യം അതീവ സംഘർഷഭരിതമാണ്. വിവേചനരഹിതമായ ബോംബാക്രമണങ്ങൾ നടക്കുന്ന യുദ്ധസാഹചര്യം നിലവിലില്ലെങ്കിലും, ഗാസ, വെസ്റ്റ് ബാങ്ക്, ഇസ്രായേൽ, പലസ്തീൻ എന്നിവിടങ്ങളിലെ പരസ്പര ബന്ധങ്ങളെ നിർവചിക്കുന്ന പൊതുവായ മാനദണ്ഡമായി അക്രമം മാറിയിരിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
തുടർച്ചയായി വരുന്ന പ്രഖ്യാപനങ്ങളും പിന്നീട് അതിനെത്തന്നെ തിരുത്തിക്കുറിക്കുന്ന അവസ്ഥയും ക്രിസ്ത്യാനികളിലും വലിയ മടുപ്പുണ്ടാക്കിയിട്ടുണ്ട്. പ്രഖ്യാപനങ്ങളും അതിനു വിരുദ്ധമായ കാര്യങ്ങളും ജനങ്ങൾക്കിടയിൽ വർദ്ധിച്ചുവരുന്ന അവിശ്വാസത്തിന് വഴിവെച്ചിരിക്കുകയാണ്. ഒടുവിൽ, സത്യമായ കാര്യങ്ങൾ പോലും വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് അത് എത്തിനിൽക്കുന്നു. യഥാർത്ഥത്തിൽ നല്ലതു എന്തെങ്കിലും സംഭവിക്കുമ്പോൾ പോലും അത് വിശ്വസിക്കാൻ പോലും ആളുകൾ പ്രയാസപ്പെടുകയാണെന്നും കര്‍ദ്ദിനാള്‍ പിസബല്ല പറഞ്ഞു. അടുത്തിടെ ഫ്രാൻസിന്റെ പരമോന്നത ബഹുമതികളിലൊന്നായ "ലീജിയൺ ഓഫ് ഓണർ" ഓഫീസർ പദവി സ്വീകരിച്ചപ്പോഴും കര്‍ദ്ദിനാള്‍ പിസബല്ല വിശുദ്ധ നാട്ടിലെ ക്രൈസ്തവരുടെ കാര്യത്തില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചിരിന്നു.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️

















